top of page

മാധവം .1 തിരനോട്ടം


മധു മധുവെന്നാൽ തേനെന്നർത്ഥം അതേ, മലയാള സിനിമയുടെ നറുതേൻ തന്നെയാണ് മാധവൻ നായരെന്ന ശ്രീ മധു മലയാള സിനിമയിലെ അത്ഭുതമാണ് ശ്രീ മധു സാർ

മധുസാറിനെ കുറിച്ചു പ്രദീപ് മാഷ് Pradeep Purushothaman വരച്ചു പോകുന്ന, മധുസാറിന്റെ അടർത്തി മാറ്റാൻ കഴിയാത്ത, ഏറ്റവും മികച്ച അൻപതു ചിത്രങ്ങൾക്ക് വരികളുണ്ടാക്കുകയെന്ന ശ്രമകരമായ ജോലിയാണ് എന്നിൽ നിക്ഷിപ്തമായിരിക്കുന്നത്. വളരെ കുറഞ്ഞ വാക്കുകളിലൂടെ കൂടുതൽ വ്യാപ്തമായി എഴുതി പ്രതിഫലിപ്പിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്വം. തുടക്കമെന്ന നിലയിൽ ഈ എഴുത്തു മാത്രം അൽപ്പം നീണ്ടു പോയേക്കാം. ഇത്രയെങ്കിലും ശ്രീ മധു സാറിനെ കുറിച്ചോർത്തു പോയില്ലായെങ്കിൽ അത് അദ്ദേഹത്തോടുള്ള അനാദരവാണ്. ഇനി തുടരാം... മധു സാർഅതേ, മാധവൻനായർ. ആ മാധവൻനായരെ മലയാളിക്ക് മധുവെന്നു പരിചയപ്പെടുത്തിയത് സാക്ഷാൽ തിക്കുറിശ്ശി സുകുമാരൻ നായരാണ് 1933 ലായിരുന്നു ജനനം. ഇപ്പോൾ 88 ന്റെ പടിവാതിൽക്കലേക്ക് കടന്നു പോകുന്ന മധു സാറിനെ കുറിച്ചോർക്കുമ്പോൾ ഒത്തിരി കാര്യങ്ങൾ മനസ്സിൽ നിറയും ചെറുപ്പം പോലും നാടകത്തോട്, അത്രമാത്രം ഹൃദയബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നു എല്ലാ താളുകളിലും തെളിഞ്ഞു നിൽക്കും. കലാലയ കാലഘട്ടത്തിൽ തന്നെ നാടക പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു, വിവിധ ആർട്‌സ് ക്ളബ്ബ്കളുമായി ചേർന്നു നാടകമേഖലകളിൽ ബന്ധം പുലർത്തിയിരുന്നു. കെ ടിയും, തിക്കോടിയനും, എസ് എൽ പുരവും, തോപ്പിൽ ഭാസിയും, പൊൻകുന്നം വർക്കിയും, സീ എൽ ജോസുമടക്കം പ്രഗത്ഭർ അദ്ദേഹത്തിന്റെ വായനയിലും, പ്രവർത്തനത്തിലും, പരിസരത്തിലും കൂടിയിരുന്നു..

സീ ഐ പരമേശ്വരൻ പിള്ള, ടീ എൻ ഗോപിനാഥൻ നായർ, ജഗതി എൻ കെ ആചാരി, കൈനിക്കര കുമാരപിള്ള, പീ കെ വിക്രമൻ നായർ, പീ കെ വേണുക്കുട്ടൻ നായർ, സീ എൻ ശ്രീകണ്ഠൻ നായർ തുടങ്ങിയ നാടക രംഗത്തെ പ്രഗത്ഭരോടൊത്തു പ്രവർത്തിക്കാൻ തക്ക പ്രാവീണ്യവും അദ്ദേഹത്തിൽ തെളിഞ്ഞു നിന്നിരുന്നു. ബിരുദ-ബിരുദാനന്തരങ്ങൾക്കു ശേഷം അധ്യാപകനായി ജോലി നോക്കെ, 1959 ലാണ് മറ്റൊരു വഴിത്തിരിവുണ്ടാകുന്നത്.. മുന്നേയുള്ള, നാടകാഭിരുചി മറ്റൊരു രൂപത്തിൽ പൊട്ടിപ്പുറപെടുന്നു. 1959 ലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേക്ക് അദ്ദേഹം അപേക്ഷ അയക്കുന്നു, അതും ആദ്യ മലയാളിയായി അധ്യാപനജോലി രാജിവച്ചു, നാടകം പഠിച്ചു തിരിച്ചെത്തിയ ശ്രീ മധുവിനായി മലയാള സിനിമ കാത്തുനിൽക്കുകയായിരുന്നു.. ആ കാലഘട്ടത്തിൽ ശ്രീ സത്യനും പ്രിയ പ്രേം നസീറിനും വട്ടമിട്ടുകൊണ്ടിരുന്ന മലയാള സിനിമയ്ക്ക് ത്രയ ഭാവങ്ങളായി, മധുവതിൽ ഭാഗഭാക്കായി, സിനിമ മറ്റൊരു ദിശയിലേക്കു തിരിഞ്ഞു നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പുറത്തുവന്ന അദ്ദേഹത്തെ കാത്തിരുന്നത് മലയാള സിനിമയിലെ മികച്ച രണ്ടു വേഷങ്ങളായിരുന്നുവെന്നതിനപ്പുറം അതു സൃഷ്ടിക്കപ്പെട്ടത് മലയാളിയുടെ പ്രിയ വായനയ്ക്കുള്ളിൽ നിന്നായിരുന്നുവന്നതാണ് യാഥാർത്ഥ്യം. അതും പ്രതിഭാധനരായ രണ്ടെഴുത്തുകാർ, ശ്രീ എസ്. കെ. പൊറ്റക്കാടും, സാക്ഷാൽ പാറപുറത്തും! ഇന്നുമെന്നും മലയാള സിനിമയിലെ ബുദ്ധിജീവി എന്ന വിശേഷണത്തിനർഹനാണ് ശ്രീ മധുവെന്നത്, അദ്ദേഹത്തിന്റെ ചിന്തയിൽ, പഠനത്തിൽ, അഭിനയത്തിൽ, സിനിമാ നിർമ്മാണത്തിൽ, സംവിധാനത്തിൽ എല്ലാം എല്ലാം വ്യക്തമാണ്. പക്ഷേ ഒരു വിശേഷണത്തിനും താല്പര്യമില്ലാത്ത, ഒന്നിലും പരാതിയില്ലാത്ത, പരിഭവമില്ലാത്ത വ്യക്തിയാണ് എന്നതു കൂടിയാണ് വൈകിയെത്തിയ ഓരോ പുരസ്കാരങ്ങളോടും അദ്ദേഹത്തിന്റെ പ്രതികരണങ്ങളും.. ഒന്നിലും അദ്ദേഹത്തിന് പരാതികൾ ഉണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം.. മികച്ച വായനക്കാരൻ കൂടിയായിരുന്നു എന്നതിന്റെ തെളിവായിരുന്നു, അദ്ദേഹം നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും പല ചിത്രങ്ങളും. അതിൽ ബഹുഭൂരിപക്ഷവും മലയാള സാഹിത്യത്തിൽ നിന്നും കടം കൊണ്ടവയായിരുന്നു എന്നതാണ് ശ്രദ്ധേയം.. മലയാള സിനിമയും സാഹിത്യവും ഒരേ ഫ്രെയിമിലൂടെ കടന്നുപോയാൽ മധുവെന്ന അതുല്യ നടൻ അതിലൂടെ ചേർന്നു നിൽക്കും എന്നതിന്റെ ഉദാഹരണമാണ് പ്രശസ്ത സഹിത്യകാരന്മാരായ തകഴി, ബഷീർ, എംടി, പാറപ്പുറം, എസ് കെ പൊറ്റക്കാട്‌, തോപ്പിൽ ഭാസി, ഉറൂബ്, കേശവദേവ്, മലയാറ്റൂർ തുടങ്ങിയവരുടെ രചനകളിൽ മധുവെന്ന നടന്റെ വ്യത്യസ്ത മുഖങ്ങൾ കടന്നു പോയത് 1962 ൽ കടന്നുവന്ന അദ്ദേഹത്തെ തേടി ഒരു പത്മാ പുരസ്‌കാരം പോലും എത്തിയത് 2013 ലായിരുന്നു എന്നതോർക്കുമ്പോൾ ഇത്തരം പുരസ്കാരങ്ങളുടെ മൂല്യം നമ്മിൽ സംശയം ഉയർത്തി കടന്നുപോകുന്നു എന്നത് വാസ്തവമാണ്. രാജ്യം നൽകുന്ന ഏതു പുരസ്കാരത്തിനും അപ്പുറമാണ് മലയാളി, അവന്റെ ഹൃദയത്തിൽ ശ്രീ മധു സാറിനോട് കാണിക്കുന്ന സ്നേഹവും ആദരവും.. അതിനെ കവച്ചു വയ്ക്കാൻ ഏതു പത്മ പുരസ്കാരത്തിനാണ് സാധിക്കുക! മധു സാറിനെ കൂടുതൽ അറിയേണ്ടത്, കൂടുതൽ എഴുതേണ്ടത് അദ്ദേഹത്തിന്റെ സിനിമകളിലൂടെ തന്നെയാണ്.. മികച്ച നടൻ മികച്ച നിർമാതാവ് മികച്ച സംവിധായകൻ എന്നതിനപ്പുറം നമുക്ക് സംവദിക്കേണ്ടത് അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചാണ്.. ഓരോ സിനിമയ്ക്കും, അതിനു മുന്നിലും പിന്നിലും രസകരമായ വിഷയങ്ങളുണ്ട് നമ്മൾ കടന്നുപോകുന്നത് അതിലേക്കാണ്, പ്രദീപ് മാഷ് വരയ്ക്കട്ടെ... അതിനോട് ചേർന്നു നിന്നു ഞാൻ എഴുതാൻ ശ്രമിക്കാം നിങ്ങൾ എല്ലാരും ഈ യാത്രയിൽ ഞങ്ങൾക്കൊപ്പം ഉണ്ടെങ്കിൽ നമുക്കിതൊരു അടിപൊളി യാത്രയാകാം.. കാണാപ്പുറങ്ങൾ തേടി, കാഴ്ച്ചയ്ക്കുള്ളിലെ മുത്തും പവിഴവും തേടി... #മാധവം വര : പ്രദീപ് പുരുഷോത്തമൻ Pradeep Purushothaman എഴുത്ത് : അനിൽ സെയിൻ Anil Zain

bottom of page