top of page

മാധവം .11ചെമ്മീൻ (ഭാഗം.4)


അതേ, നമ്മൾ പറഞ്ഞുവന്നത് സലിൽദായെ കുറിച്ചായിരുന്നു. ചുരുക്കം ചില വാക്കുകളിൽ മാത്രം സംഗീതാസ്വാദകനു മാറ്റിനിർത്താൻ പറ്റുന്ന പേരല്ല സലിൽദാ..

അന്നുമിന്നും നമ്മൾ മൂളുന്ന പല പാട്ടുകളും സലിൽദായുടേതാണ്.

എത്രയോ ഓണങ്ങൾ നമ്മെ കടന്നുപോയി. ഇന്നും ഓരോ ഓണത്തിനും നമ്മിലേക്ക്, ദൃശ്യമാധ്യമങ്ങളിലൂടെ ഒഴുകിയെത്തുന്ന പാട്ടാണ് ഓണപൂവേ.. പൂവേ.. പൂവേ എന്നതും പൂവിളി പൂവിളി പൊന്നോണമായി എന്ന ഗാനവും. അതിനെ മറികടക്കാൻ മറ്റേതെങ്കിലും ഒരോണപാട്ടിനു കഴിഞ്ഞിട്ടുണ്ടോ?

അതുപോലെ നമ്മിലേക്ക് പടർന്നു കയറിയ എത്രയോ ഗാനങ്ങൾ.. മലർകൊടി പോലെ... പദരേണു തേടിയലഞ്ഞു.. നീലപൊൻമാനെ.. കദളി കൺകദളി ചെങ്കദളി.. കേളീനളിനം വിടരുമോ..

സലിൽദായുടെ പാട്ടിലൂടെ കടന്നുപോയാൽ നമ്മുടെ എഴുത്തിന്റെ ദിശ തെറ്റും. നമുക്ക് ചെമ്മീനിലേക്കു തിരിച്ചുവരാം. ഓരോ വിഭാഗത്തിലും അതി പ്രഗത്ഭരെ ഉൾകൊള്ളിക്കുവാനുള്ള ശ്രമത്തിലാണ് സലിൽദായെ ചെമ്മീനിലേക്ക് ഉൾകൊള്ളിക്കാൻ തീരുമാനിക്കുന്നത്.

അതി മനോഹരങ്ങളായ ഗാനങ്ങളാണ് കവിതയുടെ തമ്പുരാൻ ശ്രീ വയലാർ ഒരുക്കി വച്ചിരുന്നത്. മാനസമൈനേ വരൂ എന്ന മന്നാഡെ പാടിയ ആ ഒരൊറ്റ ഗാനം മാത്രം മതി ഈ ചിത്രത്തിലെ സിനിമാ ഗാന വരികളും സംഗീതവും വേറിട്ട ഒന്നായിരുന്നുവെന്നു തെളിയിക്കാൻ. ആ ഗാനത്തെ കുറിച്ചു മുൻ എഴുത്തിൽ പരാമർശിക്കപെട്ടിട്ടുള്ളതിനാൽ ഈ എഴുത്തിൽ തൽക്കാലം ഒഴിവാക്കുന്നു.

സലിൽദായുടെ പ്രിയപ്പെട്ട പാട്ടുകാരിയായിരുന്നു ലതാ മങ്കേഷ്ക്കർ. ഒരിക്കൽ സലിൽദാ തന്നെ പറയുകയുണ്ടായി, എന്റെ ജീവിതത്തിൽ രണ്ടു സ്ത്രീകൾക്കാണ് മുഖ്യസ്ഥാനമെന്നും അതിലൊന്ന് ഭാര്യയും പാട്ടുകാരിയുമായ സബിതാചൗധരി ( സബിതയും നമുക്ക് പരിചിതയാണ്, ഒരുമുഖം മാത്രം കണ്ണിൽ എന്ന പാട്ടടക്കം നിരവധി ഗാനങ്ങളിലൂടെ മലയാളി മനസ്സ് കീഴടക്കിയ ആളാണ്) മറ്റൊന്ന് ലതാ മങ്കേഷ്ക്കർ എന്നും.

ലതാജിയുടെ പല മികച്ച ഗാനങ്ങളും സലിൽദായിൽ നിന്നു കൂടിയായിരുന്നു.

ആ ബന്ധം കൊണ്ടുകൂടിയാണ് ചെമ്മീനിലെ ആ പാട്ടു പാടാൻ, (കടലിനക്കരെ പോണോരെ) ലതാജിയെ നിർബന്ധിച്ചത്. സിനിമയിൽ കറുത്തമ്മയ്ക്കുള്ള ഗാനമായിരുന്നുവത്.

പക്ഷേ ലതാജി പാടിയില്ല, മലയാള സ്ഫുടത കൃത്യമല്ല എന്ന ബോധ്യത്താൽ മാറിനിൽക്കുകയായിരുന്നു. പകരം ദാസേട്ടൻ പാടി. (ചില വരികൾ കൂടി മാറ്റപ്പെട്ടുവെന്നു വായിച്ച ഒരോർമ്മയുണ്ട്. പോയ്‌വരുമ്പോൾ എന്തു കൊണ്ടുവരും കറുത്തമ്മയ്ക്ക് പോയ്‌വരുമ്പോൾ എന്ത് കൊണ്ടുവരും എന്നത് കൈനിറയെ എന്നു മാറ്റി പോലും. കൃത്യമായി അറിയില്ല. പക്ഷേ ചേർത്തു വയ്ക്കുമ്പോൾ ശരിയെന്നു തോന്നുന്നു)

ലതാജി വിട്ടു നിന്നുവെങ്കിലും ഗായകരെല്ലാം തന്നെ പ്രഗത്ഭരായിരുന്നു. എക്കാലത്തെയും ഹിറ്റുകളായി ചെമ്മീൻ ഗാനങ്ങൾ ഇന്നും മലയാളി മനസ്സുകളിൽ തത്തികളിക്കുന്നു

നമ്മൾ പാട്ടുവരെയേ എത്തിയിട്ടുള്ളൂ.. ഇനിയും ഏറെ പ്രഗത്ഭരെ തിരഞ്ഞെത്താനുണ്ട്.

രാമുകാര്യാട്ടും ബാബുസേട്ടും ആ തിരച്ചിലിലാണ്. നമുക്ക് സിനിമ തുടങ്ങേണ്ടേ.. അവർക്കൊപ്പം നമുക്കും തിരച്ചിലിൽ പങ്കെടുക്കാം. ആരെല്ലാമാണ് ഇനി എത്തപ്പെടുന്നതെന്നു കാത്തിരുന്നു കാണാം..

ബാക്കി വിശേഷങ്ങൾ അടുത്തതിൽ..


വര: പ്രദീപ് Pradeep Purushothaman എഴുത്ത്: അനിൽ Anil Zain

#മാധവം #Madhavam

bottom of page