top of page

മാധവം .12


ചെമ്മീൻ. 5

ഈ ചിത്രം നോക്കൂ.. എത്രമേൽ തീവ്രതയോടെയാണതു ചേർത്തു വച്ചിരിക്കുന്നത്.

ഈ ചെറു ചിത്രത്തിന് ഇത്രമേൽ ദൃശ്യമിഴിവുണ്ടെങ്കിൽ ഒരു തീയറ്റർ സ്ക്രീനിൽ ഇതിന്റെ ആഴം എന്തായിരിക്കും?

അതേ, ഈ സിനിമയുടെ മനോഹാരിതയുടെ മറ്റൊരു പ്രധാന കാരണം ഇതിന്റെ ഛായാഗ്രഹണം തന്നെയായിരുന്നു. ഇന്നും ഈ സിനിമയുടെ മുക്കും മൂലയും പ്രേക്ഷകമനസ്സിൽ മായാതെ നിൽക്കുന്നുവെങ്കിൽ അതദ്ദേഹത്തിന്റെ കഴിവായിരിക്കുന്നു, ഛായാഗ്രാഹകന്റെ, മാർക്കസ് ബർട്ലി എന്ന പ്രതിഭയുടെ. 1945 ൽ സ്വർഗ്ഗസീമ എന്ന തെലുങ്കു സിനിമയിലൂടെയാണ് ബർട്ലി സിനിമാ രംഗത്തേക്ക് എത്തപ്പെടുന്നത്. ഏറെക്കാലം ടൈംസ് ഓഫ് ഇന്ത്യയിലും പ്രവർത്തിച്ചിരുന്നു. ഈ പ്രതിഭയിലേക്കാണ് രാമുവും ബാബുവും എത്തപ്പെടുന്നത്. ചെമ്മീൻ സിനിമയിലേക്ക് കടന്നുപോയാൽ അതിൽ രണ്ടു ഛായാഗ്രാഹകൻമാരെ കണ്ടെത്താം. മറ്റേയാൾ യു. രാജഗോപാൽ ആയിരുന്നു. അദ്ദേഹവും ചെറിയ പുള്ളിയല്ല. ഒരു കാലത്ത് മലയാളത്തിലെ മികച്ച സിനിമകളുടെ സംവിധായകനായിരുന്നു മോഹൻ. വിടപറയും മുമ്പേ പോലുള്ള മോഹന്റെ മിക്ക സിനിമകളുടെയും ഛായാഗ്രഹണം നിർവ്വഹിച്ചത് രാജഗോപാൽ ആയിരുന്നു.

എന്തുകൊണ്ടായിരിക്കും രണ്ടു ഛായാഗ്രാഹകൻമാർ ഈ സിനിമയിൽ ഉണ്ടായിരുന്നത്? പെട്ടെന്ന് ക്ഷോഭിക്കുന്ന പ്രകൃതകാരനായിരുന്ന ബർട്ലി പൂർത്തീകരിക്കാത്ത പലതും പൂർത്തീകരിച്ചത് രാജഗോപാലത്രേ. വായനയിൽ നിന്നും അറിഞ്ഞതാണ്.

ഛായാഗ്രഹണം കഴിഞ്ഞാൽ തീർച്ചയായും നിശ്ചലഛായാഗ്രഹണം പറയേണ്ടതാണല്ലോ. ആ പുള്ളിയെയും നിങ്ങൾ അറിയും. ശിവൻ. ശിവൻ എന്നു മാത്രം പറഞ്ഞാൽ അറിയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ശിവൻസ് സ്റ്റുഡിയോ ഉടമ എന്നു പറയാം. സന്തോഷ് ശിവൻ, സംഗീത് ശിവൻ, സഞ്ജീവ് ശിവൻ എന്നിവരുടെ പിതാവ്. മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാൾ.

ഇനി എഡിറ്റിങ്ങിലേക്ക് വന്നാലോ. ദാ നിൽക്കുന്നു മറ്റൊരു അതികായൻ. ഋഷികേശ് മുഖർജി എന്ന ഋഷിദാ.. 1957 ൽ ഋതിക് ഘട്ടക്കിന്റെ രചനയിൽ മുസാഫിർ എന്ന ചിത്രത്തോടെ 42സിനിമകളാണ് ഋഷിദാ സംവിധാനം ചെയ്തിട്ടുള്ളത്. മധുസാറിന്റെ ആദ്യ സംവിധാനത്തിൽ ഇറങ്ങിയ 'പ്രിയ' എന്ന ചിത്രത്തിന്റെ എഡിറ്ററും ഋഷിദാ ആയിരുന്നു. ആ വർഷത്തിൽ ഈ ചിത്രത്തിന് ലഭിച്ച സംസ്ഥാന അവാർഡിൽ രണ്ടെണ്ണത്തിൽ ഒന്ന് ഋഷിദാക്ക് തന്നെയായിരുന്നുവെന്നറിയുമ്പോൾ തന്നെ ആ മികവ് ഊഹിക്കാമല്ലോ. പ്രിയ എന്ന സിനിമയെ കുറിച്ചു പരാമർശിച്ചുപോയതിനാൽ ഒന്നു കൂടെ പറയാം, മുൻപ് സൂചിപ്പിച്ച ഛായാഗ്രാഹകൻ യു. രാജഗോപാൽ തന്നെയായിരുന്നു പ്രിയ യിലും ക്യാമറ ചലിപ്പിച്ചത്.

ചെമ്മീനിൽ ഋഷിദാക്കൊപ്പവും മറ്റൊരാൾ ഉണ്ടായിരുന്നു, കെ .ഡി. ജോർജ്ജ്. ഇദ്ദേഹവും ചെറിയ പുള്ളിയല്ല. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ ബാലൻ ന്റെ എഡിറ്റർ. ന്യൂസ്പേപ്പർ ബോയ്, ഭക്തകുചേല തുടങ്ങി ഒരുപിടി ചിത്രങ്ങളുണ്ട് ആ ഗ്രാഫിൽ. അപ്പോൾ തന്നെ ആളുടെ പ്രാഗത്ഭ്യം ബോധ്യമാകുമല്ലോ..

ഇങ്ങിനെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ പ്രഗത്ഭരെ അണിനിരത്തിയാണ് ചെമ്മീൻ പ്രേക്ഷകനിലേക്ക് എത്തിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞെത്തിയ പ്രഗത്ഭരുടെ സമന്വയം. അതായിരുന്നു #ചെമ്മീൻ

ഇത്രയും വലിയ ക്യാൻവാസിൽ രൂപം കൊണ്ട സിനിമയിൽ അതി പ്രധാന കഥാപാത്രത്തെ സൂക്ഷ്മാംമ്ശങ്ങൾ ചോർന്നു പോകാതെ, പ്രക്ഷക ഹൃദയത്തിലേക്ക് ചേർത്തുവയ്ക്കാൻ മധു സാറിനായിരിക്കുന്നു. മധു സാറിന്റെ സിനിമാ ജീവിതത്തിൽ സുവർണ്ണ ലീപികളിൽ എഴുതപ്പെടേണ്ട സിനിമ തന്നെയാണ് #ചെമ്മീൻ.

ചരിത്രതാളുകളിലും ഇതിഹാസങ്ങളിലും പ്രണയവും പ്രണയഭംഗങ്ങളും പ്രണയത്തിനുവേണ്ടിയുള്ള ജീവൻ ഹോമിക്കലുമെല്ലാം അടയാളപ്പെടുത്തിയിട്ടുണ്ട്. ഓരോ ഇതിഹാസ പ്രണങ്ങൾക്കും ചരിത്ര പ്രണങ്ങൾക്കും ഒപ്പം ചേർത്തു വയ്‌ക്കേണ്ട ഒന്നു തന്നെയാണ് പരീകുട്ടി-കറുത്തമ്മ പ്രണയം

ഈ സിനിമ ഇറങ്ങി അര നൂറ്റാണ്ട് പിന്നിടുമ്പോഴും ഇന്നിലും പുതുമയോടെ പുതു തലമുറയ്ക്കുള്ളിൽ നിറയുന്നുവെന്നത് തന്നെയാണ് ഈ സിനിമയുടെ പ്രത്യേകതയും.

ഇനിയും നൂറ്റാണ്ടുകൾ പിന്നിട്ടാലും ഈ സിനിമ നിലനിൽക്കും. അന്നത്തെ തലമുറ ഇന്നിലെ പോലെ ഈ ചിത്രത്തെ കുറിച്ചു പരാമർശിക്കും. ഒരുപക്ഷേ ഈ സിനിമ ഇനിയും പുനർ നിർമ്മിക്കപെട്ടേക്കാം. പക്ഷേ മലയാളിക്കെന്നും ഒരൊറ്റ പരീകുട്ടി മാത്രമേ മനസ്സിൽ ഉണ്ടാകൂ.. വികാരവിവശനായി "കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനെ അടങ്ങുകില്ലാ" എന്നു കടാപുറം മുഴുക്കെ തൊണ്ടപൊട്ടി പാടി പാടി നടക്കുന്ന പരീകുട്ടിയെന്ന മധുസാർ

വാൽക്കഷണം: ഈ സിനിമ എഴുതി തീർക്കാൻ മനസ്സ് അനുവദിച്ചിരുന്നില്ല. അത്രമാത്രം ഈ സിനിമയോട് ചേർന്നു നിന്നിരുന്നു. ഈ സിനിമാ എഴുത്തവസാനിക്കുമ്പോൾ ഒരു വിങ്ങലാണ്. മനസ്സിലൊരു നൊമ്പരം. ഒരുപക്ഷേ അത്രമേൽ ഹൃദയത്തോട് ചേർത്തു നിർത്തി എഴുതി പോയതു കൊണ്ടാകാം. ഇതിൽ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഒരാളെപ്പോലും കണ്ടിട്ടില്ല എങ്കിൽ പോലും ഈ എഴുത്തിൽ അവരെല്ലാം എന്നോടൊപ്പം ഉണ്ടായപോലൊരു തോന്നൽ. രാമു കാര്യാട്ടും ബാബു സേട്ടും മധു സാറും പിന്നെ മേൽ വിവരിച്ച സകലരും. അവരോടെല്ലാം വിടപറയുന്നു.

ശുഭം

വര : പ്രദീപ് Pradeep Purushothaman എഴുത്ത് : അനിൽ Anil Zain

#മാധവം #Madhavam

bottom of page