മാധവം. 131966 ലെ മറ്റു ചിത്രങ്ങൾ


ഒരു മഴപെയ്തു തോർന്നപോലെ ചെമ്മീൻ അവസാനിക്കുമ്പോൾ ആ വർഷത്തെ മറ്റു സിനിമകൾ നമ്മെ കാത്തിരിപ്പുണ്ട്.

ചെമ്മീനടക്കം ആറു സിനിമകളാണ് അറുപത്തിആറിൽ മധുസാറിന്റേതായി പുറത്തു വന്നത്.

കൊച്ചുകൊച്ചു വിശകലനങ്ങളിലൂടെ നമുക്കായിടത്തിലേക്ക് കണ്ണോടിക്കാം.

(1) #മാണിക്യകൊട്ടാരം

വയലാറടക്കം പല പ്രഗത്ഭരേയും നമ്മൾ മുൻ എഴുത്തുകളിൽ പരിചയപ്പെടുത്തിയിരുന്നു. അവരുടെ ആദ്യ പ്രവശേനവും മറ്റും. അതുപോലെ കഴിഞ്ഞ എഴുത്തിൽ പരിചയപ്പെടുത്തിയ വ്യക്തിയായിരുന്നു യു. രാജഗോപാൽ എന്ന ഛായാഗ്രാഹകൻ അദ്ദേഹമായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ.

ഇതിനിടയിൽ മറ്റൊരു വ്യക്തിയെ കൂടി പരിചയപ്പെടുത്തി സിനിമയിലേക്ക് സഞ്ചരിക്കാം. #കണിയാപുരം മെന്ന കണിയാപുരം രാമചന്ദ്രൻ.

കണിയാപുരത്തെ അങ്ങിനെ പ്രത്യകിച്ചു പരിചയപ്പെടുത്തേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. മികച്ച രാഷ്ട്രീയപ്രവർത്തകനും അതിനേക്കാൾ മികച്ച പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. കേരളശബ്ദം എന്ന വാരികയിൽ ഇരുപതു വര്ഷക്കാലമാണ് കണിയപുരത്തിന്റെ കോളം തുടർന്നുകൊണ്ടിരുന്നത്.

നിലവിലെ രാഷ്ട്രീയകാരിൽ നിന്നും വ്യത്യസ്തനായിരുന്നു അദ്ദേഹം. മികച്ച എഴുത്തുകാരനായിരുന്നു, നാടകകൃത്തായിരുന്നു, ഗാന രചയിതാവുകൂടിയായിരുന്നു.

KPAC യിലൂടെ തന്നെയായിരുന്നു കടന്നു വരവും. മാണിക്യകൊട്ടാരം എന്ന നാടകത്തെ സിനിമയാക്കാൻ തീരുമാനിക്കപെട്ടപ്പോൾ അതിന്റെ പിന്നണിയിലുള്ളവർക്ക് ഒരു നിർബന്ധമുണ്ടായിരുന്നു. ഈ നാടകത്തിനു ഗാനങ്ങൾ എഴുതിയയാൾ തന്നെ സിനിമയിലും ഗാനങ്ങൾ എഴുതണമെന്ന്. അങ്ങിനെ ആ ഗാനരചയിതാവ് സിനിമാ രംഗത്തേക്ക് കടന്നുവന്നു. മറ്റാരുമായിരുന്നില്ല അത്, കണിയാപുരം തന്നെ.

ബാബുക്കയായിരുന്നു സംഗീതം നിർവ്വഹിച്ചത്. ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രമായിരുന്നു മധുസാറിന്റെ വേണു. #ശാരദ യായിരുന്നു നായിക. മുൻ എഴുത്തിലെ മുറപ്പെണ്ണിൽ ചെറു പരാമർശം മാത്രമാണ് ശാരദയെ കുറിച്ചു നടത്തിയതെങ്കിൽ, ദാ ഇതു ശാരദയുടെ വർഷമാണ്. ഈ വർഷത്തിലെ #മധു സാറിന്റെ ആറു ചിത്രത്തിൽ നാലിലും ശാരദ യുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

(2) #പുത്രി

കാനത്തിന്റെ തിരക്കഥയിൽ പി.സുബ്രമണ്യം നിർമ്മിച്ചു സംവിധാനം ചെയ്ത ചിത്രമായിരുന്നു പുത്രി. മലയാള സിനിമയുടെ ഭീഷ്മാചാര്യർ എന്നറിയപ്പെടുന്ന സുബ്രമണ്യം മുതലാളിയുടെ മെറിലാൻഡ് സ്റ്റുഡിയോ അന്നത്തെ ഏറ്റവും പ്രശസ്തമായ ഒന്നായിരുന്നു. അവരുടെ 'നീല' എന്ന ബാനറിൽ നിരവധി ചിത്രങ്ങൾ ഇറങ്ങുകയുണ്ടായി. അതിലൊന്നായിരുന്നു പുത്രി. മെറിലാന്റിന്റെ സ്ഥിരം നടിയായിരുന്ന ശാന്തിയായിരുന്നു നായിക. മികച്ച എട്ടു ഗാനങ്ങൾ പുത്രിയിൽ ഉണ്ടായിരുന്നു. ഒഎൻവി-എം ബി ശ്രീനിവാസൻ ടീമിന്റെകൂടി ചിത്രമായിരുന്നു പുത്രിയെന്നു വിലയിരുത്തിയാൽ തെറ്റാവില്ല.

(3) #അർച്ചന

കഴിഞ്ഞകുറി കണിയാപുരത്തേകുറിച്ചാണ് പരാമരർശിച്ചതെങ്കിൽ ദാ മറ്റൊരു അതികായൻ, സി.എൻ സി എൻ ശ്രീകണ്ഠൻനായരെ കുറിച്ച് അൽപ്പവരികളിൽ മാത്രം എഴുതിപോകുന്നത് ആ പ്രതിഭയോട് കാണിക്കുന്ന നീതികേടാകും. പക്ഷേ ഈ ഇടത്തിൽ പരിമിതി ഉള്ളതിനാൽ അദ്ദേഹത്തെ അൽപ്പ വരികളിൽ ഒതുക്കി സുദീർഘമായ ഒരെഴുത്തു മറ്റൊരവസരത്തിലേക്കായി മാറ്റി വയ്ക്കാം.

രാഷ്ട്രീയക്കാരിൽ തലയെടുപ്പുള്ള വ്യക്തിയെന്നതിനപ്പുറം പത്രപ്രവർത്തകൻ, നാടകകൃത്ത്, അഭിനേതാവ്, മികച്ച വാഗ്മി, എഴുത്തുകാരൻ തുടങ്ങി സി എന്നിനെ കുറച്ചു പറഞ്ഞു തുടങ്ങിയാൽ തീരില്ല.

ഒരിക്കൽ അദ്ദേഹം നാടക രചനയെ കുറിച്ചു പറഞ്ഞുപോയത് മാത്രം മതി അദ്ദേഹത്തിന്റെ ഭാഷാ പാണ്ഡിത്വം മനസ്സിലാക്കുവാൻ. "വാക്കുകൾക്ക് വേണ്ടിയുള്ള വിങ്ങലും ശിൽപ്പം ഉരുത്തിരിയുന്നതുപോലുള്ള ഉത്കണ്ഠയും രചനയുടെ നാടക നിമിഷങ്ങൾ പോലും അടിവാരത്തിലെ ഇരുട്ടുപോലെ തങ്ങിനിൽക്കുന്ന അസംതൃപ്തിയും ഇടയ്ക്കിടെ ഓജസ്സുള്ള വാക്യങ്ങൾ ഓർക്കാപ്പുറത്ത് ഒഴുകി വീഴുമ്പോൾ ഉണ്ടാകുന്ന അത്ഭുതത്തേയും ആനന്ദവായ്പ്പിനേയും അതിശയിച്ചു നിന്നിരുന്നു. ഇരുളിൽ തപ്പി തടയുമ്പോഴുള്ള അനുഭവമാണ് എനിക്ക് നാടകം എഴുതുമ്പോൾ ഉണ്ടാകാറ്"

കാഞ്ചനസീതയിലേക്കും ലങ്കാലക്ഷ്മിയിലേക്കും, കടമ്മനിട്ട-കാവാലം-സി എൻ കൂട്ടുകെട്ടു സാകേതത്തിലേക്കൊക്കെ പോയാൽ തീരില്ല.

അങ്ങിനെയുള്ള സി എൻ കഥയും തിരക്കഥയും എഴുതിയ ചിത്രമായിരുന്നു അർച്ചന. സംവിധായകനും പ്രഗത്ഭൻ തന്നെ. കെ എസ് സേതുമാധവൻ സാർ.

രാജഗോപാൽ എന്ന മധുസാറിന്റെ കഥാപാത്രത്തിൽ നായികയായെത്തിയത് ശാരദ തന്നെ.

വയലാറിന്റെ വ്യത്യസ്തമാർന്ന, തമാശ കൂടി ഉൾകൊണ്ടതായിരുന്നു ഗാനങ്ങൾ. സംഗീതമാകട്ടെ കെ രാഘവൻ മാഷിന്റേതും.

(4) #തിലോത്തമ

സി എന്നും കണിയാപുരവും മാത്രമായിരുന്നില്ല അറുപത്തി ആറിൽ മധു സാറിന്റെ ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിച്ചവർ. അതി പ്രശസ്തനായ മറ്റൊരാൾ കൂടി ഈ പട്ടികയിലുണ്ട്. വൈക്കം ചന്ദ്രശേഖരൻ നായർ. മേൽ സൂചിപ്പിച്ചവരുടെ തത്തുല്യമായ കഴിവുകൾക്കപ്പുറം മികച്ച നോവലിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹമായിരുന്നു തിലോത്തമയ്ക്ക് വേണ്ടി തിരക്കഥാ-സംഭാഷണം രചിച്ചത്. അന്നത്തെ സൂപ്പർ സ്റ്റാറുകൾ ആയിരുന്ന സത്യനും നസീറും ഈ ചിത്രത്തിൽ മധു സാറിനൊപ്പം അണിനിരന്നു ഇതിലും ശാരദ തന്നെയായിരുന്നു.

ഒരു രാജ കഥയായിരുന്നു തിലോത്തമ. നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചത് കുഞ്ചാക്കോ യും.

വയലാർ-ദേവരാജൻ ടീമിന്റെ മികച്ച പാട്ടുകൾ മാറ്റുകൂട്ടിയ ചിത്രമായിരുന്നു തിലോത്തമ.

(5) #കരുണ

പ്രദീപ് മാഷ് വരച്ചിരിക്കുന്ന ചിത്രം കരുണയിലേതാണ്.

ചിത്രത്തിന്റെ പേരു സൂചിപ്പിക്കും പോലെ കുമാരനാശാന്റെ കരുണ തന്നെ. വാസവദത്തയുടേയും ഉപഗുപ്തന്റെയും കഥ പറഞ്ഞ കരുണ.

ഈ ചിത്രത്തിനും സംഭാഷണം നിർവ്വഹിച്ചത് വൈക്കം ചന്ദ്രശേഖരൻ നായർ തന്നെയായിരുന്നു.

നിർമ്മാണവും സംവിധാനവും മാത്രമല്ല നൃത്ത സംവിധാനം നിർവ്വഹിച്ചതും ഒരാൾ തന്നെ. കെ . തങ്കപ്പൻ.

ചിത്രത്തിന്റെ പ്രത്യേകത കൊണ്ടു തന്നെയാകാം ഇതിൽ പന്ത്രണ്ട് പാട്ടുകളാണ് ഉണ്ടായിരുന്നത്. അതിൽ കുമാരനാശാന്റെ വരികളും ചേർത്തിരുന്നു. ബാക്കി ഗാനങ്ങൾ എഴുതിയത് ബാലമുരളിയായിരുന്നു.

എന്തിനീ ചിലങ്കകൾ എന്തിനീകൈവളകൾ എൻ പ്രിയനെന്നരികിൽ വരില്ലയെങ്കിൽ

ഈ ഗാനം ആർക്കു മറക്കാൻ കഴിയും?

സമയമായില്ലാപോലും സമയമായില്ലാപോലും ക്ഷമയെന്റെ ഹൃദയത്തിൽ ഒഴിഞ്ഞു തോഴി

ഇത്രയും മനോഹരങ്ങളായ ഗാനങ്ങൾ ഈ ചിത്രത്തിൽ ചേർത്തുവച്ച ബാലമുരളി എന്ന കവി ആരെന്നു ചിലപ്പോൾ നിങ്ങൾ ചിന്തിച്ചേക്കാം. നമ്മുടെ ഒഎൻവി സാറിന്റെ വരികളുടെ കാവ്യഭംഗിയും ലാളിത്യവും ഇതിൽ മുഴച്ചു നിൽക്കുന്നതായും തോന്നാം. എങ്കിൽ നിങ്ങളുടെ ഊഹം തെറ്റിയില്ല, അന്നത്തെ ആ ബാലമുരളി തന്നെയാണ് ഇന്നിലും നമ്മൾ ആരാധനാപൂർവ്വം മനസ്സിൽ ചേർത്തു വച്ച ഒഎൻവി സാർ. ദേവരാജൻ മാഷായിരുന്നു സംഗീത സംവിധാനം നിർവ്വഹിച്ചത്.

പ്രദീപ് മാഷ് പറഞ്ഞപോലെ വാസവദത്ത യിൽ അനുരക്തനായ തൊഴിലാളി പ്രമുഖന്റെ വേഷത്തിലായിരുന്നു മധുസാർ നിറഞ്ഞുനിന്നത്. മുൻ എഴുത്തിൽ പറഞ്ഞു പോയ ദേവിക ( ഗോഡ്ഫാദർ ഫെയിം കനക യുടെ അമ്മ) യായിരുന്നു നായിക.

ഈ അറുപത്തി ആറിലെ എഴുത്തവസാനിക്കുമ്പോൾ ശ്രദ്ധേയമായ ചിലതുണ്ട്. തകഴിയിലൂടെ, കണിയാപുരത്തിലൂടെ, സി എന്നി ലൂടെ, വൈക്കം ചന്ദ്രശേഖരൻ നായരിലൂടെ എന്തിന് കുമാരനാശാനിലൂടെ പോലും കടന്നുപോകാൻ മധു സാറിന് കഴിഞ്ഞുവെന്നത് വെറുമൊരു ഭാഗ്യം എന്നതിനപ്പുറം ആ പ്രാഗത്ഭ്യം തന്നെയായിരുന്നു. അതാണ് മധു സാർ. നമ്മൾ വായിച്ച പല നോവലുകളിലെയും കഥാപാത്രമാകാൻ സാധിച്ചയാൾ. നമ്മൾ കണ്ട പല നാടകങ്ങളിലേയും കഥാപാത്രങ്ങൾക്ക് അഭ്രപാളിയിൽ ജീവൻ പകർന്നയാൾ. അതും അഭിനയമാരംഭിച്ചു അധിക കാലങ്ങൾ പിന്നീടും മുൻപേ...

ഈ യാത്ര തീരുന്നില്ല. അറുപത്തിആറിനെ വെല്ലുന്ന ചിത്രങ്ങളാണ് അറുപത്തി ഏഴിൽ കാത്തിരിക്കുന്നത്. ഒന്നും രണ്ടുമല്ല പതിനൊന്നു ചിത്രങ്ങളാണ് അറുപത്തി ഏഴിൽ നമ്മെ വരവേൽക്കാൻ തയാറാകുന്നത്.

ആ എഴുത്തിലേക്ക് എത്തും വരെ തത്കാലം വിടപറയുന്നു..


വര: പ്രദീപ് Pradeep Purushothaman എഴുത്ത് :അനിൽ Anil Zain

#മാധവം #Madhavam

About  us

Drawings :

Pradeep Purushothaman

Text:

Anil Zain

Posts Archive

Tags

No tags yet.