മാധവം.15


1967 ലെ ചിത്രങ്ങൾ


അനുരാഗഗാനം പോലെ അഴകിന്റെ അല പോലെ ആരു നീ..ആരു നീ ദേവതേ

വൗ.. എന്തൊരു പാട്ടാണത്. എത്ര ഭാവസാന്ദ്രമായാണ് ജയേട്ടൻ (പി.ജയചന്ദ്രൻ) അതു പാടിയിരിക്കുന്നത്. വെറുതെയല്ല അദ്ദേഹം മലയാളിയുടെ ഭാവഗായകനായി മാറിയത്.

അരനൂറ്റാണ്ടിനു ശേഷം ഇന്നും എപ്പോൾ ഏതു വേദിയിൽ വന്നാലും ജയേട്ടൻ ഈ പാട്ടു പാടാറുണ്ട്. ഇന്നിലും എന്തു സുന്ദരമായാണ് ഈ ഗാനം ആലപിക്കുന്നത്. അതി മനോഹരം..

ഇനി നമുക്കീ പാട്ടു വഴിയിലേക്കൊന്നു കടന്നു പോയാലോ?

1967 ലെ മധു സാറിന്റെ പതിനൊന്നു ചിത്രങ്ങളിൽ ഒന്നായ #ഉദ്യോഗസ്ഥ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

മധുസാറാണ് പാട്ടു രംഗത്തിൽ. സത്യത്തിൽ ആ ഗാനരംഗം കാണുമ്പോൾ യഥാർത്ഥത്തിൽ മധുസാർ തന്നെയാണോ പാടിയതെന്നു തോന്നിപോകും. അത്രമേൽ സ്വാഭാവികതയോടെയാണ് ഓരോ ചലനങ്ങളും. ഏറെ പ്രേമ പരവശനായി, "മലരമ്പൻ വളർത്തുന്ന മന്ദാര വനികയിൽ, മധുമാസം വിരിയിച്ച മലരാണോ" എന്നെല്ലാം ചോദിക്കുമ്പോൾ നമ്മളും അറിയാതെ ആ പാട്ടിനോട് ലയിച്ചു പോകും.

ഇനി ഇതിലെ മറ്റൊരു ഗാനത്തിലേക്കൊന്നു പോയാലോ, അതതി മധുരം.. "എഴുതിയതാരാണ് സുജാത നിന്റെ കടമിഴി കോണിലെ കവിത നിന്റെ കടമിഴി കോണിലെ കവിത"

പ്രണയം വഴിഞ്ഞൊഴുകുകയാണ് വരികളിൽ. ആരായിരിക്കും ഈ കവി? ആരായിരിക്കും സംഗീതം?

തീർച്ചയായും സംഗീതം ബാബുക്ക തന്നെ. ആ ഗസൽ ചായ്വിൽ നമുക്കത് വ്യക്തമാകും. പക്ഷേ കവി?

മറ്റാര്, നമ്മുടെ യൂസഫലി കേച്ചേരി തന്നെ

നമ്മുടെ മിക്ക എഴുത്തിലും ഒരു പ്രതിഭയെ അടയാളപ്പെടുത്താറുണ്ട്. ഇന്നിലും പതിവു തെറ്റിക്കുന്നില്ല, അതാണ് യൂസഫലി കേച്ചേരി

പ്രതിഭ എന്നതിന്റെ പൂർണ്ണ രൂപമായിരുന്നു യൂസഫലി കേച്ചേരി. പ്രത്യേകിച്ചു സിനിമാ മേഖലയിൽ.. കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, നിർമ്മാണം, സംവിധാനം തുടങ്ങി കൈവയ്ക്കാത്ത മേഖലകളില്ല.

അതേ, അദ്ദേഹം അന്നത്തെ ബാലചന്ദ്രമേനോൻ ആയിരുന്നു. അല്ലാ അന്നത്തെ യൂസഫലികേച്ചേരി ആയിരുന്നു പിന്നത്തെ ബാലചന്ദ്രമേനോൻ

മൂന്നു സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. അതിലൊന്നായിരുന്നു നീലത്താമര

എം ടി യുടെ. അടുത്തകാലത്ത് ലാൽജോസ് ആ സിനിമ പുനർ നിർമ്മിച്ചിരുന്നു.

പഴയ നീലത്താമര കിടിലനായിരുന്നു. പുതിയതിലും മികച്ച ഒന്ന്. അതേ, അദ്ദേഹം മികച്ച സംവിധായകൻ കൂടിയായിരുന്നു.

ഇനി ഗാനരംഗത്തിലൂടെ ഒന്നു കടന്നുപോയലോ, അതി ഗംഭീരം.

പാട്ടുകളിലേക്ക് കടന്നാൽ എഴുത്തിന്റെ ദൈർഘ്യമേറും. എങ്കിലും ഒരു സിനിമയെ മാത്രം തലോടി പോകാം. "ധ്വനി" എന്ന ചിത്രം. ആ ഒരൊറ്റ ചിത്രത്തിലെ പാട്ടുകൾ മാത്രം മതി യൂസഫലി കേച്ചേരിയിലെ പ്രതിഭയെ വിലയിരുത്താൻ .. 'മാനസ നിളയിൽ..' 'ജാനകീ ജാനേ.." 'ഒരു രാഗമാല കോർത്തു..' 'രതിസുഖസാരമായി..' 'ആൺകുയീലേ....' മധുരം...മനോഹരം...

സംസ്‌കൃതവും നന്നായി വഴങ്ങിയിരുന്ന യൂസഫലി കേച്ചേരിയുടെ ഹൈന്ദവ ഭക്തി ഗാനങ്ങൾ കേട്ടാൽ അതിശയിയിച്ചുപോകും. പ്രത്യേകിച്ചു കൃഷ്ണ സ്തുതികൾ

മധുസാറും യൂസഫലി കേച്ചേരിയും തമ്മിൽ നല്ലൊരു രസതന്ത്രം ഉണ്ടായിരുന്നിരിക്കണം. എന്റെ അനുമാനമാണ്. അതിന് ഉപോത്പലകമായി പല കാരണങ്ങളുമുണ്ട്. ഇരുവരും ഒരേ കാലഘട്ടത്തിലാണ് സിനിമയിലേക്ക് എത്തപ്പെടുന്നത്. മധുസാറിന്റെ ആദ്യകാല ചിത്രങ്ങളിൽ ഒന്നായ മൂടുപടത്തിലൂടെ തന്നെയാണ് അദ്ദേഹവും ഈ ഇടത്തിൽ എത്തപ്പെടുന്നത്. അന്നുമുതലുള്ള ആത്മബന്ധമാകാം സിന്ദൂരചെപ്പ് എന്ന സിനിമ യൂസഫലി കേച്ചേരി നിർമ്മിച്ചപ്പോൾ അതിന്റെ സംവിധായകനായി തിരഞ്ഞെടുത്തത് മധു സാറിനെയായിരുന്നു. ആ ചിത്രത്തിന്റെ നിർമ്മാതാവ് മാത്രമായിരുന്നില്ല അദ്ദേഹം. കഥയും, തിരക്കഥയും സംഭാഷണവും ഗാനരചനയുമെല്ലാം അദ്ദേഹത്തിന്റേതായിരുന്നു.

ഓമലാളെ കണ്ടൂ ഞാൻ എന്ന പാട്ട് നമുക്ക് മറക്കുവാൻ കഴിയുമോ? അതുപോലെ, തബ്രാൻ തൊടുത്തത് മലരമ്പ് എന്നതും. അത് 1971 ലെ ചിത്രമാണ്. നമ്മൾ 1967 വരെയേ എത്തിയിട്ടുള്ളൂ.. ഇനി 71 ൽ എത്തുമ്പോൾ ഏറെ വിശദമായി എഴുതാമെന്നതിനാൽ തൽക്കാലം നമുക്കത് മാറ്റി നിർത്താം.

#ഉദ്യോഗസ്ഥയും ഒരു മൾട്ടിസ്റ്റാർ ചിത്രം തന്നെയായിരുന്നു. പ്രേം നസീറും സത്യനും ശാരദയുമായിരുന്നു മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നവർ.

കെ ജി സേതുനാഥിന്റെ കഥയ്ക്ക് അഭ്രാവിഷ്കാരം കൊടുത്തത് പി. വേണു വാണ്. വേണുവിന്റെ ആദ്യ ചിത്രമായിരുന്നു #ഉദ്യോഗസ്‌ഥ. പിന്നീട് സി ഐ ഡി നസീറും, പ്രേതങ്ങളുടെ താഴ്വരയുമടക്കം ഒരുപിടി സൂപ്പർ ഹിറ്റ്‌ ചിത്രങ്ങൾ ഇദ്ദേഹത്തിൽ നിന്നുമുണ്ടായി. ഇദ്ദേഹവും ഒരു സകലകലാവല്ലഭനായിരുന്നു. സംവിധായകൻ എന്നതിന് പുറമേ നിർമ്മാതാവായും, തിരക്കഥാകൃത്തായും ഗാനരചയിതാവുമൊക്കെയായി അദ്ദേഹം തിളങ്ങി.. ഒന്നോർത്താൽ സകലകലാവല്ലഭൻ മാരുടെ കൂട്ടികെട്ടായിരുന്നു #ഉദ്യോഗസ്ഥ യെന്ന സിനിമ.

ഈ എഴുത്തല്പം നീണ്ടു പോയതിനാൽ ഇവിടെ ചുരുക്കുകയാണ്. 1967 ൽ ഇനിയും എത്രയോ മികച്ച ചിത്രങ്ങൾ. അവയുമൊക്കെയായി താമസിയാതെ വരാം.

അതുവരെ വിട..

വര : പ്രദീപ് Pradeep Purushothaman എഴുത്ത് : അനിൽ Anil Zain #Madhavam #മാധവം