top of page

മാധവം.18ആകാശദൂതെന്ന സിനിമ ഇന്നും എന്നെ സങ്കടപ്പടുത്തുന്ന ഒന്നാണ്.

അത്തരത്തിലുള്ള വ്യസനം സൃഷ്ട്ടിച്ച സിനിമകൾ വളരെ കുറവാണ്.

ആകാശദൂതിനേക്കാൾ നൊമ്പരപ്പെടുത്തിയ ചിത്രമായിരുന്നു #തുലാഭാരം.

ഒന്നുകൂടെ കാണാൻ കരുത്തില്ലാത്ത ചിത്രമാണ് #തുലാഭാരം

അത്രമേൽ സങ്കടകരമായ സിനിമ.

മധുസാറിന്റെ 1968 കാലഘട്ട സിനിമകളെ കുറിച്ചാണ് മുന്നെഴുത്തിൽ ചേർത്തു വച്ചത്.

ഇക്കുറി അറുപത്തിയെട്ടിലെ ശേഷിക്കുന്ന ചിത്രങ്ങളെ കുറിച്ചാണ്.

അതിൽ ആദ്യം പരാമർശിക്കപ്പെടേണ്ട ചിത്രം തന്നെയാണ് തുലാഭാരം.


(1)#തുലാഭാരം

KPAC യുടെ തുലാഭാരം എന്ന പേരിൽ തന്നെയുള്ള നാടകത്തിന്റെ അഭ്രാവിഷ്ക്കാരമായിരുന്നുവിത്.

കഥയും തിരക്കഥയും സംഭാഷണവും തോപ്പിൽ ഭാസി തന്നെ. നമ്മൾ മുൻ എഴുത്തുകളിൽ പലകുറി പരാമർശിച്ച എ വിൻസെന്റായിരുന്നു ചിത്രത്തിന്റെ സംവിധായകൻ.

സുപ്രിയാ പിക്‌ചേഴ്‌സിന്റെ ബാനറിൽ പ്രതാപ് പോത്തന്റെ സഹോദരൻ ഹരിപോത്തനാണ് ചിത്രം നിർമ്മിച്ചത്.

കാലിക പ്രസക്തിയുള്ള കഥയായിരുന്നു തുലാഭാരത്തിന്റേത്.

ഇന്നും നമ്മുടെ നാട്ടിൽ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളുടെ പരിശ്ചേദം തന്നെ.

ശാരദയായിരുന്നു ദുഃഖാർത്തയായ അമ്മയായി രംഗത്തു വന്നത്. ദുഃഖപുത്രിയെന്ന പേരുപോലും ശാരദയിൽ ചേർക്കപെട്ടത് ഈ ചിത്രത്തിന് ശേഷമാണ്. ഈ ചിത്രത്തിന് ശേഷം തന്നെയാണ് ശാരദ ഉർവ്വശി ശാരദയായി മാറിയതും❤️

സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങൾ നിരവധി ഈ ചിത്രം നേടുകയുണ്ടായി. അതിലൊന്നായിരുന്നു ശാരദയ്ക്ക് മികച്ച നടിക്കുള്ള പുരസ്കാരവും.

ഹിന്ദിയിലും തെലുങ്കിലും തമിഴിലും ഈ ചിത്രം പുനർ നിർമ്മിക്കുകയുണ്ടായി.

സകല ഭാഷയിലും അമ്മയായി ശാരദയെ തന്നെ തിരഞ്ഞെടുത്തുവെന്നു പറയുമ്പോൾ ശാരദയുടെ ആ കഥാപാത്ര ദൃഢത ഊഹിക്കാമല്ലോ. മികച്ച ഗാനങ്ങൾകൊണ്ടു സമ്പന്നമായിരുന്നു സിനിമ.

അതങ്ങിനെയാകാതിരിക്കാൻ തരമില്ല. കാരണം ദേവരാജൻ മാഷും വയലാറും ഒരുമിച്ചാൽ ആ മാന്ത്രിക സംഗീതം ഉണ്ടാകുമല്ലോ.

'ഓമനതിങ്കളിനോണം പിറക്കുമ്പോൾ

താമര കുമ്പിളിൽ പനിനീര്'


'കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു

കായലിലെ വിളക്കുമരം കണ്ണടച്ചു'


'നഷ്ട്ടപ്പെടുവാൻ വിലങ്ങുകൾ

കിട്ടാനുള്ളത് പുതിയൊരു ലോകം'


'തൊട്ടു തൊട്ടില്ല തൊട്ടൂ തൊട്ടില്ല

മൊട്ടിട്ടുവല്ലോ മേലാകെ

മൊട്ടു വിരിയുമ്പോൾ മുത്തു കൊഴിയുമ്പോൾ

മുത്തായ മുത്തൊക്കെ ഞാനെടുക്കും'


'പ്രകാശഗോപുര വാതില്‍ തുറന്നു പണ്ടുമനുഷ്യന്‍ വന്നൂ,

വിശ്വപ്രകൃതി വെറുംകൈയോടെ വിരുന്നു നല്കാന്‍ നിന്നൂ..'


ഈ പാട്ടുകളടക്കം മൊത്തം ഏഴു പാട്ടുകളായിരുന്നു തുലാഭാരത്തിൽ.

ഈ ചിത്രത്തിൽ സംഗീത സംവിധാന സഹായിയായി വർത്തിച്ചത് ആർ.കെ.ശേഖറായിരുന്നു.

അതേ, പ്രശസ്ത സംഗീത സംവിധായകൻ റഹ്മാന്റെ പിതാവു തന്നെ..


(2) #വിപ്ലവകാരികൾ നീലാ പ്രൊഡക്ഷനസിനുവേണ്ടി പി. സുബ്രമണ്യം നിർമ്മിച്ചു മഹേഷ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വിപ്ലവകാരികൾ. ചിത്രത്തിനു വേണ്ടി കഥ-തിരക്കഥ-സംഭാഷണം നിർവ്വഹിച്ചത് കെടാമംഗലം സദാനന്ദനായിരുന്നു. മുൻപൊരിക്കൽ ശ്രീ സാംബശിവനെ കുറിച്ചെഴുതുകയുണ്ടായി. അന്ന് കരുതിയതാണ് ശ്രീ കെടാമംഗലത്തെ കുറിച്ചും എഴുതണമെന്ന്. എർണാകളും ജില്ലയിലെ വടക്കൻ പറവൂരിനടുത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് കെടാമംഗലം. ഗ്രാമപ്പേരിൽ അറിയപ്പെട്ട സദാനന്ദൻ ബഹുമുഖ പ്രതിഭയായിരുന്നു. പ്രധാനമായും കാഥികൻ എന്ന നിലയിലാണറിയപ്പെട്ടിരുന്നതെങ്കിലും അദ്ദേഹം മികച്ച ഗാന രചയിതാവായിരുന്നു, അഭിനേതാവായിരുന്നു, ഒപ്പം സിനിമകൾക്കായി കഥ-തിരക്കഥ-സംഭാഷണങ്ങളുമായും തിളങ്ങിയിരുന്നു. ദീർഘമായ ഒരെഴുത്തു ശ്രീ കെടാമംഗലത്തെ കുറിച്ചു മനസ്സിലുള്ളതിനാൽ ഇപ്പോൾ കൂടുതൽ കുറിക്കുന്നില്ല. മധുസാറിന്റെ ഇരട്ടവേഷമായിരുന്നുയീ ചിത്രത്തിൽ. വിജയലളിതയും മുന്നെഴുത്തിൽ പറഞ്ഞുപോയി കെ വി ശാന്തിയുമായിരുന്നു മുഖ്യ വേഷത്തിൽ. ജാതകം, ഉത്സവമേളം തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത ശ്രീ സുരേഷ് ഉണ്ണിത്താൻ ഈ ചിത്രത്തിൽ ബാല താരമായി അഭിനയിച്ചിട്ടുണ്ട്. ദേവരാജൻ മാഷും വയലാറും തന്നെയായിരുന്നു ഈ ചിത്രത്തിലെ സംഗീതം കൈകാര്യം ചെയ്തത്. മികച്ച അഞ്ചു പാട്ടുകളായിരുന്നു ചിത്രത്തിൽ.


(3)#മനസ്വിനി ശാരദയോടൊപ്പം വീണ്ടും ഈ ചിത്രത്തിൽ മധുസാർ ഒരുമിക്കുകയുണ്ടായി. ഗുജറാത്തി നാടകത്തെ ഇതിവൃത്തമാക്കി ശ്രീ പി ഭാസ്കരൻ മാഷാണ് ചിത്രം സംവിധാനം ചെയ്തത്. ഒപ്പം ഗാന രചനയും.

പാറപ്പുറത്തിന്റേതായിരുന്നു തിരക്കഥ യും സംഭാഷണവും.

ബാബുക്കയുടെ ഇമ്പമുള്ള സംഗീതം ചിത്രത്തിന് മാറ്റു കൂട്ടിയ ഒന്നായിരുന്നു.

'പതിരാവായില്ല പൗർണ്ണമി കന്യക്ക്

പതിനേഴോ പതിനെട്ടോ പ്രായം'

ഇതടക്കം അഞ്ചു പാട്ടുകളായിരുന്നു. ശ്രീ വാസു മേനോനായിരുന്നു ചിത്രം നിർമ്മിച്ചത്.


(4)#കറുത്തപൗർണ്ണമി മറ്റൊരു മധു-ശാരദ ചിത്രം കൂടി. എൻ ജി മേനോൻ നിർമ്മിച്ചു നാരായണൻ കുട്ടി സംവിധാനം നിർവ്വഹിച്ച ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് ശ്രീ സി പി ആന്റണിയായിരുന്നു. എം കെ അർജ്ജുനൻ മാഷും ഭാസ്കരൻ മാഷുമായിരുന്നു സംഗീതം കൈകാര്യം ചെയ്തിരുന്നവർ. മഴവില്ലുപോലെ മനോഹരങ്ങളായ ഏഴു സുന്ദരഗാനങ്ങൾ കൊണ്ടു സമ്പന്നമായിരുന്നു ചിത്രം.


(5)#രാഗിണി വൈക്കം ചന്ദ്രശേഖരൻ നായരുടെ കഥ-തിരക്കഥയിൽ പൂർത്തിയായ ചിത്രം സംവിധാനം ചെയ്തത് ശ്രീ പീ ബി ഉണ്ണി യായിരുന്നു. കെ എൻ മൂർത്തിയായിരുന്നു നിർമ്മാതാവ്. നായികയായെത്തിയത് കെ ആർ വിജയ യായിരുന്നു. എട്ടു ഗാനങ്ങളുണ്ടായിരുന്ന ചിത്രത്തിൽ ഗാനരചന നിർവ്വഹിച്ചത് ലത വൈക്കവും സംഗീത സംവിധാനം ശ്രീ ആലപ്പി ഉസ്മാനുമായിരുന്നു.


(6) #വഴിപിഴച്ചസന്തതി സത്യനും അംബികയുമായിരുന്നു മറ്റു പ്രധാന വേഷത്തിൽ. കഥ-തിരക്കഥ-സംഭാഷണം നിർവ്വഹിച്ചത് ശ്രീ പരമേശ്വരൻ നായരായിരുന്നു. ഓ രാമദാസ് സ്വയം നിർമ്മിച്ചു സംവിധാനം ചെയ്ത ചിത്രമാണ് വഴി പിഴച്ച സന്തതി. അഞ്ചു പാട്ടുകളുണ്ടായിരുന്ന ചിത്രത്തിൽ ഭാസ്കരൻ മാഷ്-ബി എ ചിദംബരനാഥ് തുടങ്ങിയവരായിരുന്നു സംഗീതം കൈകാര്യം ചെയ്തത്.


(7) #പ്രതിസന്ധി അടൂർ ഗോപാലകൃഷ്ണന്റെ ചിത്രമായിരുന്നു പ്രതിസന്ധി. ഇക്കുറി നായികയായെത്തിയത് ജയഭാരതിയായിരുന്നു. മനോഹര ഗാനങ്ങളുണ്ടായിരുന്നു ചിത്രത്തിൽ. 'കൗമാരം കഴിഞ്ഞു കൗതുകങ്ങൾ വിരിഞ്ഞു' വയലാർ -ദേവരാജൻ ടീമായിരുന്നു സംഗീത മേഖലയിൽ.. വിസ്താരഭയം മൂലമാണ് പല ചിത്രങ്ങളും ചെറു വാക്കുകളിൽ ഒതുക്കേണ്ടി വന്നത്. ഇനി അടുത്ത എഴുത്ത് 1969 ലേക്കാണ്. അതി സുന്ദര ചിത്രങ്ങൾ കൊണ്ടു നിറഞ്ഞതാണ് അറുപത്തി ഒൻപത്. ആ എഴുത്തിനായി കാത്തിരിക്കുമല്ലോ. അതുവരെ വരികൾക്കും വരകൾക്കും ഇടവേള.


വര : പ്രദീപ് Pradeep Purushothaman

എഴുത്ത് : അനിൽ Anil Zain

#മാധവം

#Madhavam

bottom of page