മാധവം. 19ഒരു സിനിമ ആ സിനിമയിലെ മുഴുവൻ പാട്ടുകളും ഹിറ്റുകളാകുക, ആ ചിത്രംപോലും പാട്ടുകളുടെ പേരിൽ അറിയപ്പെടുക അതൊരു ഭാഗ്യമാണ്, അപൂർവ്വം സംഭവിക്കുന്നത്.

കേവലം രണ്ടോ മൂന്നോ പാട്ടുകൾ മാത്രമുള്ള ചിത്രങ്ങളെ കുറിച്ചല്ല പറയുന്നത്. ആറിലധികം പാട്ടുകളുള്ള ചിത്രങ്ങൾ.

ഇതെഴുതുന്ന ഘട്ടത്തിൽ ഓർമ്മയിൽ ചില ഗാനങ്ങൾ ഓടിയെത്തുന്നുണ്ട്.

അതിലൊന്ന് ധ്വനി എന്ന സിനിമയാണ്.

മഴവില്ലുപോലെ മനോഹരങ്ങളായ ഏഴു സുന്ദര ഗാനങ്ങളായിരുന്നു ധ്വനിയിലേത്.

മറ്റൊന്ന് മഞ്ഞിൽ വിരിഞ്ഞ പൂക്കളാണ്.

ചിത്രവും ക്ഷണക്കത്തുമെല്ലാം ആ ഗണത്തിൽപെടുത്താം.

നിങ്ങളുടെ ഓർമ്മയിൽ അത്തരം ചിത്രങ്ങളുണ്ടെങ്കിൽ ഇതോടു ചേർത്തു വച്ചോളൂ..

നിറയെ പാട്ടുകളുണ്ടായിരുന്നത് പഴയകാല സിനിമകളിലായിരുന്നു.

പിന്നീടത് ഒന്നോ രണ്ടോ ഗാനങ്ങളിൽ ഒതുങ്ങുകയും ഒറ്റപാട്ടു പോലുമില്ലാത്ത ചിത്രങ്ങളിലെത്തി നിൽക്കുകയും ചെയ്തു.


ആമുഖമായി ഇത്രയും പറഞ്ഞുവച്ചത് നമ്മുടെ #മാധവം ത്തിന്റെ ഏറ്റവും പുതിയ എഴുത്തുമായി ബന്ധപ്പെട്ടാണ്.

1969 ലേക്ക് നമ്മൾ കടക്കുകയാണ്.

മധുസാറിന്റെ മനോഹരങ്ങളായ ചിത്രങ്ങൾകൊണ്ടു സമ്പുഷ്ടമായ വർഷമായിരുന്നു 1969.

എങ്കിലും ആദ്യ എഴുത്തിൽ ഞാൻ ചേർത്തു നിർത്തുന്നത് ഇന്നിലും എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നായ #നദി യാണ് ഒരുപക്ഷേ ഒരാലുവാക്കാരനെന്നതു കൊണ്ടോ, പെരിയാറുമായി അത്രമേൽ ആത്മബന്ധം കാത്തു സൂക്ഷിക്കുന്നതുകൊണ്ടോ ഒക്കെയാകാം വൈകാരികമായ ഒരടുപ്പം ഈ ചിത്രത്തോട് അന്നുമിന്നും തോന്നുന്നത്.


പെരിയാറിന്റെ തീരത്ത്, അല്ല പെരിയാറിൽ തന്നെയാണ് ഈ സിനിമ രൂപം കൊണ്ടത്.

ഇന്നിൽ ഉല്ലാസത്തിനായി ബോട്ടുകൾ താത്കാലിക വീടുകളായി ഉപയോഗിക്കാറുണ്ട്.

കേവലം മണിക്കൂറുകളിലേക്കോ ഒന്നോ രണ്ടോ ദിനങ്ങളിലേക്കോ ആയി മാത്രം. നമ്മളതിനെ ഹൗസ് ബോട്ടുകൾ എന്നുവിളിക്കുന്നു.

നദിയെന്ന ചിത്രം പറഞ്ഞുവച്ചത് ബോട്ടുകൾ വീടുകളാക്കിയ കുടുംബങ്ങളെ കുറിച്ചായിരുന്നു.

അതിൽ പ്രണയമുണ്ടായിരുന്നു, വിരഹമുണ്ടായിരുന്നു, ആത്മനൊമ്പരങ്ങളും..

ആലുവാപുഴയെ തഴുകിയെത്തുന്ന ഒരു പിടി മണ്ണിന്റെ മണമുള്ള മികച്ച ഗാനങ്ങളും ഉണ്ടായിരുന്നു.

ഒരുപക്ഷേ ഈ സിനിമയെക്കുറിച്ച് യാതൊരു പിടിപാടുമില്ലാത്ത പുതു തലമുറയ്ക്കുപോലും ഇതിലെ ഗാനങ്ങൾ സുപരിചിതങ്ങളായിരിക്കും..

അക്കാലഘട്ടത്തിലെ തലമുറയ്ക്ക് ഇതിലെ ഓരോ ഗാനവും ഗൃഹാതുരത്വം നിറഞ്ഞതു തന്നെയാകും..

ഒരുനിമിഷം ഈ വായനയിലൂടെയവർ കടന്നുപോകുമ്പോൾ ആലുവാപുഴയെ ഓർക്കാം.

അറിയാതെ അവരാ ബാല്യത്തിലൂടെ കടന്നുപോകാം.

മുൻ എഴുത്തുകളിൽ പലതിലും പലകുറി പരാമർശിക്കപ്പെട്ട വിൻസെന്റ് മാഷ് തന്നെയായിരുന്നു ഈ മനോഹര ചിത്രത്തിന്റെ സംവിധായകൻ.

സുപ്രിയാ പിക്ചേഴ്‌സിന്റെ ബാനറിൽ ഹരിപോത്തനായിരുന്നു നിർമ്മാതാവ്.

മേന്മയുള്ള ചിത്രങ്ങളുടെ നിർമ്മാതാവായ ഹരിപോത്തനെ കുറിച്ചും നമ്മൾ പറഞ്ഞുപോയിട്ടുണ്ട്.


പീ ജെ ആന്റണിയുടെ മനോഹരമായ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചത് സാക്ഷാൽ തോപ്പിൽ ഭാസി തന്നെ. പ്രേംനസീറും ശാരദയുമായിരുന്നു മറ്റു പ്രധാന രംഗങ്ങളിൽ.

ബേബി സുമതിയെയും എടുത്തു പറയേണ്ടത് തന്നെ.

വയലാറിന്റെ ഏറ്റവും മനോഹരങ്ങളായ വരികൾ..

അത്രമാത്രം കാവ്യാത്മകത നിറഞ്ഞയൊന്ന്..

മലയാളത്തിൽ ഇതിനോട് ചേർത്തുവയ്ക്കാൻ മറ്റൊന്നുണ്ടോ എന്നു സംശയം..

'ആയിരം പാദസരങ്ങൾ കിലുങ്ങി

ആലുവാപുഴ പിന്നെയുമൊഴുകി

ആരും കാണാതെ ഓളവും തീരവും

ആലിംഗങ്ങളിൽ മുഴുകി മുഴുകീ"


ഇത്രമേൽ പ്രണയാത്മകമായ വരികളെങ്ങിനെ നെഞ്ചോട് ചേർക്കാതിരിക്കാനാകും?


'കായാമ്പൂ കണ്ണിൽ വിടരും

കമലദളം കവിളിൽ വിടരും

അനുരാഗവതീ നിൻചൊടികളിൽ

നിന്നാലിപ്പഴം പൊഴിയും' മാന്ത്രിക വരികളല്ലേ..


' പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും

പുഴയുടെയേകാന്ത പുളിനത്തിൽ

നിനമൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു

നിത്യ വിസ്മയവുമായ് ഞാനിറങ്ങി

സഖീ ഞാനിറങ്ങി'


'പഞ്ചതന്ത്രം കഥയിലെ

പഞ്ചവർണ്ണ കുടിലിലെ

മാണിക്യപൈങ്കിളി

മാനം പറക്കുന്ന

വാനമ്പാടിയെ സ്നേഹിച്ചു

ഒരു വാനമ്പാടിയെ സ്നേഹിച്ചു'


'പുഴകൾ, മലകൾ, പൂവനങ്ങൾ

ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങൾ'


'നിത്യാവിശുദ്ധയാം കന്യാമറിയമേ

നിൻ നാമം വാഴ്ത്തപെടട്ടെ'


പാട്ടുകൾ തീരുന്നില്ല.

എട്ടു ഗാനങ്ങളായിരുന്നു ചിത്രത്തിൽ.

പാട്ടുകൾ കേട്ടാൽ തന്നെയറിയാം ആരായിരിക്കും ചിട്ടപ്പെടുത്തിയതെന്ന്.

ഒരു സംശയവും ഉണ്ടാകേണ്ടതില്ല, ദേവരാജൻ മാഷു തന്നെ..

ദാസേട്ടൻ അതിഗംഭീരമായി പാടിയ ഗാനങ്ങൾ കാലമെത്ര പിന്നിട്ടാലും അലയടിച്ചു കൊണ്ടേയിരിക്കും..

നദിയെന്ന സിനിമയെ മലയാളിക്കൊരിക്കലും മറക്കുവാൻ കഴിയില്ല.

ആലുവാപുഴയൊഴുകും കാലത്തോളം!


വര : പ്രദീപ് Pradeep Purushothaman

എഴുത്ത് : അനിൽ Anil Zain