മാധവം.2 നിണമണിഞ്ഞ കാല്പാടുകൾ


"മാമലകൾക്കപ്പുറത്ത് മരതകപട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട് കൊച്ചു മലയാളമെന്നൊരു നാടുണ്ട്" ഇത്രമേൽ മൊഞ്ചുള്ള, മലയാളത്തെ, കേരളത്തെ, മനസ്സിലേക്കാവാഹിക്കുന്ന മറ്റൊരു പാട്ടുണ്ടോ? സംശയമാണ്. അന്നുമിന്നുമെന്നും ഓരോ മലയാളിയുടേയും ചുണ്ടിൽ വിരിയുന്ന ഗാനമാണിത്. പ്രത്യേകിച്ചു പ്രവാസികളുടെ, ഒന്നൂടെ എടുത്തു പറഞ്ഞാൽ പട്ടാളക്കാരുടെ 1963 ലാണ് ഈ ഗാനം മലയാളി മനസ്സിലേക്ക് ലയിക്കുന്നത്. അറുപതു വർഷത്തോടടുക്കുമ്പോഴും മലയാളിയുടെ മൂളലിൽ ഈ ഗാനമുണ്ട്. ഇന്നുമൊരു പ്രവാസിയായ ഞാൻ കടന്നുവന്ന ഓരോ ഇടങ്ങളിലും ഈ ഗാനത്തെ നെഞ്ചോടു ചേർത്തു നിർത്തിയിരുന്നു. വിവിധരാജ്യങ്ങളിലെ ഓരോ സൗഹൃദ സന്ധ്യകളിലും ഈ പാട്ടു മൂളാതെ കടന്നുപോയിട്ടില്ലെന്നതാണ് വാസ്തവം ഒരുപക്ഷേ, നാട്ടിൽ ജീവിക്കുന്ന ഓരോ മലയാളിക്കുമപ്പുറം ഭാഷയേയും നാടിനെയും അത്രമേൽ ഇഷ്ടപ്പെടുന്നതും സ്നേഹിക്കുന്നതും ലോകത്തിന്റെ വിവിധ കോണിൽ ജീവിക്കാൻ വിധിക്കപ്പെട്ട പ്രവാസികളായിരിക്കും ഗൾഫിലേക്ക് പറിച്ചു നടപ്പെട്ടവരും പട്ടാളത്തിലേക്ക് രാജ്യം കാക്കാൻ പോയവരും ഒരേ മനോനിലയിലായിരുന്നു വെന്നതാണ് യാഥാർഥ്യം. അന്നൊക്കെ ഗൾഫിൽ നിന്നും തിരിച്ചൊരു വരവ് ഏതാണ്ട് രണ്ടു വർഷങ്ങൾക്ക് ശേഷമായിരുന്നു. പട്ടാളക്കാരന്റെ ജീവിതവും വ്യത്യസ്ഥമായിരുന്നില്ല. കുടുംബത്തെ മാറ്റി നിർത്തി, സ്‌നേഹിക്കുന്ന-വിവാഹം കഴിച്ച പെൺകുട്ടിയെ മാറ്റി നിർത്തി ജീവിത പ്രാരാബ്‌ധങ്ങൾക്കൊരറുതി തേടി കടന്നുപോകുന്ന ജീവിതങ്ങൾ. വർഷങ്ങളോളം ആ നൂലിഴകൾ പൊട്ടാതെ കാത്തു സൂക്ഷിക്കുന്ന കത്തിടപാടുകൾ. അതൊക്കെയായിരുന്നു അന്നുള്ള പല ജീവിതങ്ങളും. ഇത്രയും ആമുഖമായി പറയേണ്ടി വന്നത് തുടക്കത്തിലെ നാലുവരി പാട്ടിൽ നിന്നാണ്. പി.ഭാസ്‌കരൻ മാഷെഴുതിയ ആ ലളിത സുന്ദര ഗാനം 1963ൽ പുറത്തിറങ്ങിയ നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന ചിത്രത്തിലെയാണ്. ഗൃഹാതുരത്വം തുളുമ്പുന്ന മനസ്സോടെ പട്ടാളക്കാരൻ ആലപിക്കുന്നയൊന്ന് അതേ, നമ്മൾ പറഞ്ഞുവരുന്നത് മധു സാറിനെ കുറിച്ചു തന്നെയാണ്. അദ്ദേഹം അഭിനയിച്ചു പുറത്തിറങ്ങിയ ആദ്യ ചിത്രമായിരുന്നു നിണമണിഞ്ഞ കാൽപ്പാടുകൾ പ്രശസ്ത നോവലിസ്റ്റായ ശ്രീ പാറപ്പുറത്തിന്റെ രചനയിൽ ശ്രീ ശോഭനാ പരമേശ്വരൻ നായർ നിർമ്മിച്ചു കഥാകൃത്തുകൂടിയായ ശ്രീ എൻ എൻ പിഷാരടി സംവിധാനം ചെയ്ത ചിത്രമായിരുന്നു നിണമണിഞ്ഞ കാൽപ്പാടുകൾ. 1963 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ഈ ചിത്രം നേടുകയുണ്ടായി സത്യൻ മാഷ്-നസീർ സാർ, ഈ ദ്വയത്തിൽ നീണ്ടകാലം കറങ്ങി തിരിഞ്ഞ മലയാള സിനിമയിൽ ഒരു മൂന്നാമനെ യുവത പ്രതീക്ഷിച്ചിരുന്നു. അങ്ങിനെ കാത്തു കാത്തിരുന്ന കാലത്താണ് ശ്രീ മാധവൻ നായർ മലയാളത്തിലേക്ക് എത്തപ്പെടുന്നത്. സിനിമയിൽ എത്തുന്നതിനു മുൻപേ തന്നെ, മലയാള പ്രേക്ഷകർക്ക്, വായനക്കാർക്ക് മാധവൻ നായരെ അറിയാമായിരുന്നുവെന്നതാണ് പരമാർത്ഥം. അതിനു കാരണം ശ്രീ എൻ ശങ്കരൻ നായരായിരുന്നു. അദ്ദേഹത്തിന്റെ കാർമ്മികത്വത്തിൽ ഏതാണ്ട്‌ ഒരു നോട്ടുബുക്കിനേക്കാൾ ചെറുതായ, ഒത്തിരി പേജുകളുള്ള സിനിമാ വാർത്തകൾ മാത്രമടങ്ങിയ ഒരു മാഗസിൻ പുറത്തിറങ്ങിയിരുന്നു. "സിനിമാമാസിക" എന്നായിരുന്നു അതിന്റെ പേര് തിരനോട്ടത്തിൽ പറഞ്ഞപോലെ, നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പുറത്തുവന്ന മാധവൻ നായരെ കുറിച്ച് സചിത്ര ലേഖനം സിനിമാ മാസികയിൽ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി, ഒപ്പം അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന രണ്ടു ചിത്രങ്ങളെ കുറിച്ചും. രണ്ടും ഗംഭീരം. അതിലൊന്ന് പറപ്പുറത്തിന്റെ നിണമണിഞ്ഞ കാൽപ്പാടുകളെങ്കിൽ മറ്റൊന്ന് ശ്രീ എസ് കെ പൊറ്റക്കാടിന്റെ കഥയിൽ ശ്രീ രാമു കാര്യാട്ട് സംവിധാനം ചെയ്യുന്ന മൂടുപടമെന്ന ചിത്രമായിരുന്നു ഏതുചിത്രം ആദ്യമെത്തുമെന്ന പ്രേക്ഷക ജിജ്ഞാസക്കറുതി വരുത്തി നിണമണിഞ്ഞ കാൽപ്പാടുകൾ ആദ്യം തിരശ്ശീലയിലെത്തി. ഏതാണ്ട് രണ്ടു മാസങ്ങൾക്കു ശേഷം മൂടുപടവും ആ കഥ പിന്നീടാകം ശ്രീ സത്യൻ-നസീർ ദ്വയത്തിൽ കറങ്ങിയിരുന്ന ഈ സിനിമയിലും അവർക്ക് തന്നെയായിരുന്നു വേഷം. പക്ഷെ ചില അഭിപ്രായ വ്യത്യാസങ്ങളിൽ ശ്രീ സത്യൻ മാഷിനു വേണ്ടി കരുതിയ വേഷം മധു സാറിലേക്ക് എത്തപ്പെടുകയായിരുന്നുവെന്നു നിർമ്മാതാവായ ശ്രീ ശോഭനാ പരമേശ്വരൻ നായർ പറഞ്ഞു പോയിട്ടുണ്ട്. ചിത്രത്തിലെ നായകൻ പ്രേം നസീർ സാറായിരുന്നു. നായിക പഴയ കാല നടി അംബികയും. തങ്കച്ചനും തങ്കമ്മയുമായ അവരുടെ ഗാഢ പ്രണയവും ജീവിത പ്രതിസന്ധി മറികടക്കാൻ പട്ടാളത്തിൽ ചേരേണ്ടി വന്ന തങ്കച്ചന്റെ പട്ടാള ജീവിതവുമാണ് സിനിമ. പട്ടാള ക്യാമ്പിൽ തങ്കച്ചന്റെ ആത്മ സുഹൃത്തായി മാറുകയാണ് സ്റ്റീഫൻ. ശത്രുരാജ്യത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്റ്റീഫൻ തങ്കച്ചന്റെ മടിയിൽ കിടന്നാണ് അന്ത്യശ്വാസം വലിക്കുന്നത്. അതിനു തൊട്ടുമുൻപ് സ്റ്റീഫൻ തങ്കച്ചനോട് ഒരു സഹായം അഭ്യർത്ഥിച്ചു. എന്തായിരുന്നു ആ സഹായം? തങ്കച്ചൻ എന്തു മറുപടിയാണ് സ്റ്റീഫന് നൽകിയത്? തങ്കമ്മയോടുള്ള പ്രണയവഴികൾ എവിടെയെത്തി? ഇതൊക്കെ ചോദ്യങ്ങളായി തന്നെ നിൽക്കട്ടെ. ഇനി ഈ സീരീസിൽ എഴുതുന്ന ഒരു സിനിമയുടേയും ഗതി വിവരിക്കുന്നില്ല, സിനിമ കാണാൻ ആഗ്രഹിക്കുന്നവരുടെ രസച്ചരട് പൊട്ടിക്കരുതല്ലോ ഇനി നായകനായ തങ്കച്ചന്റെ ആത്മസുഹൃത്തായ പട്ടാളക്കാരൻ സ്റ്റീഫൻ ആരാണെന്നല്ലേ? അതേ, അതാണ് മാധവൻ നായർ എന്ന നമ്മുടെ മധു സാർ തുടക്കക്കാരന്റെ ഒരു പരിഭ്രമവുമില്ലാതെ അതി മനോഹരമായി, വളരെ അയത്ന ലളിതമായി ഇത്രമേൽ പ്രാധാന്യമുള്ള കഥാപാത്രമായി മധുസാർ തിളങ്ങി. ആ കന്നി ചിത്രത്തോടെ പ്രേക്ഷകൻ സത്യൻ-നസീർ ദ്വയം എന്നതു മാറ്റി, സത്യൻ മാഷ്-നസീർ സാർ-മധു സാർ എന്ന ത്രങ്ങളിലേക്ക് മാറിയിരുന്നു ഇന്നും നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന ചിത്രത്തിന്റെ ഒറ്റ പോസ്റ്ററിൽ പോലും മധുസാറിന്റെ മുഖം കണ്ടെത്താൻ കഴിയില്ല എന്നത് സങ്കടകരമാണ്. പക്ഷേ അതിനു പകരം പിന്നീടു വന്ന സകല ചിത്ര പോസ്റ്ററുകളും ആ മുഖമില്ലാതെ കടന്നു പോയിട്ടില്ലെന്നതാണ് സത്യം മനോഹരങ്ങളായ ഗാനങ്ങൾകൊണ്ടു സമ്പുഷ്ടമായ ചിത്രമായിരുന്നു നിണമണിഞ്ഞ കാൽപ്പാടുകൾ. അതിലെ മുഴുവൻ പാട്ടു പരാമർശിച്ചില്ലെങ്കിലും ഒരു പാട്ടു കൂടി ഓർക്കാതെ പോകുന്നത് നീതികേടാണ്. ഉദയഭാനു മാഷ് പാടിയ അനുരാഗ നാടകത്തിൽ എന്നു തുടങ്ങുന്ന ഗാനം. ഇത്രമേൽ വിരഹവും, ശോകവും നിറഞ്ഞ ഗാനം ഇന്നും കേൾക്കെ ഓരോ ആർദ്ര മനസ്സിനെയും കരയിപ്പിക്കും. മാഷിന്റെ അവസാന കാലം വരെ, അദ്ദേഹത്തിന്റെ ഓരോ സ്റ്റേജിലും ഈ പാട്ടില്ലാതെ കടന്നുപോയിട്ടില്ലെന്നത് ഓർക്കേണ്ടതുണ്ട് ഈ സിനിമാ എഴുത്തവസാനിക്കുമ്പോൾ ഒന്നുറപ്പാണ്, ഈ സിനിമ മറവിയിലേക്ക് മായില്ല. മധുസാറിന്റെ ആദ്യ ചിത്രമെന്ന നിലയിൽ ഒപ്പം പ്രവാസികൾ നിലനിൽക്കും കാലത്തോളവും. കാരണം അവരുടെ ചുണ്ടുകളിൽ തത്തികളിക്കാൻ എന്നും ആ ഗാനമുണ്ടാകും, നമ്മുടെ ഭാഷയുടെ നാടിന്റെയാ സുന്ദര ഗാനം..

"മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാള മെന്നൊരു നാടുണ്ട് കൊച്ചു മലയാളമെന്നൊരു നാടുണ്ട്"

വര : പ്രദീപ് Pradeep Purushothaman എഴുത്ത് : അനിൽ Anil Zain #Madhavam #മാധവം