top of page

മാധവം.20


മാധവം .20

ചില എഴുത്തുകാരെയൊക്കെ പേരിലൂടെ തേടിപ്പിടിച്ചു വായിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.

എം ടി

മുകുന്ദൻ

സി

കാക്കനാടൻ

തുടങ്ങിയെത്രയോ എത്രയോ പേർ..

അവരിലൊരാളായിരുന്നു

ജി വിവേകാനന്ദൻ.

ജിയെ ഇവിടെ സ്മരിക്കുവാൻ കാരണം ഇന്നിൽ വീണ്ടും കണ്ട ആ ചിത്രം തന്നെയാണ്.

#കള്ളിച്ചെല്ലമ്മ ❤️

കള്ളിച്ചെല്ലമ്മ കള്ളിയായിരുന്നില്ല.

കള്ളിയായി മുദ്രകുത്തിയത് ആ സമൂഹമാണ്.

സമൂഹത്താൽ ഇരകളാക്കപ്പെടുന്നവർ ഇന്നിലുമുണ്ട്.

അതവസാനിക്കുന്നില്ല.

കരുത്തുറ്റ സ്ത്രീയായിരുന്നു ചെല്ലമ്മ.

ഒറ്റയ്ക്ക് ജീവിക്കുന്ന

തൊഴിലെടുക്കുന്ന

തന്റേടിയായ സ്ത്രീ..

ഇത്തരം സ്ത്രീകൾ ഇന്നിലും നമുക്ക് ചുറ്റുമുണ്ട്.

അവരിലേക്ക് കഴുകൻ കണ്ണുകളോടെ പറന്നടുക്കുന്നവർക്കൊപ്പം അപവാദ പ്രചരണങ്ങൾ നടത്തുന്നവരും നമുക്കിടയിൽ തന്നെയുണ്ട്.

മണ്ണു ചവിട്ടി കുഴച്ചു വീടിനരഭിത്തി പണിയുന്ന, നട്ടു മുളപ്പിച്ച കായ് ഫലങ്ങളുമായി ചന്തയിലെത്തിയതു വിറ്റുപജീവനം നടത്തുന്ന ചെല്ലമ്മമാർ ഇന്നും നമുക്കിടയിലുണ്ട്.

അവരെല്ലാം നേരിടേണ്ടി വരുന്ന വിഷയങ്ങൾ തന്നെയാണ് ചെല്ലമ്മയേയും കാത്തിരുന്നത്.

എവിടെനിന്നോ എത്തി ചെല്ലമ്മയുടെ ചങ്കിലേക്ക് പടർന്നു കയറിയ കാമുകൻ.

അതായിരുന്നു കുഞ്ഞച്ചൻ.

കുഞ്ഞച്ചനും നമുക്കിടയിലുള്ള ആളു തന്നെ.

ദൂരെയെങ്ങോ ഭാര്യയും മക്കളുമൊക്കെ യായി ജീവിക്കുമ്പോഴും എത്തിപ്പെടുന്ന പുതു സ്ഥലങ്ങളിൽ ഇതെല്ലാം മറച്ചുവച്ചു മറ്റൊരു സംബന്ധകാരനാകുന്നവൻ.

അതാണയാൾ, കുഞ്ഞച്ചൻ.

ഇവർക്കിടയിൽ തീർച്ചയായും കരുതലോടെ, നന്മയുള്ള മനസ്സുമായി ഒരാൾ കൂടിയുണ്ടാകും..

ഇവിടെയും..

അതായിരുന്നു അത്രം കണ്ണ്..

അതേ, നമ്മുടെ മധുസാർ തന്നെ❤️

1956 ൽ കൗമുദിയിലാണ് കള്ളിച്ചെല്ലമ്മ

ഖണ്ഡശഃ യായി പ്രസിദ്ധീകരിച്ചത്.

ഇത്രമേൽ ഗ്രാമ്യരീതിയിൽ കടന്നുപോയ നോവലായതു കൊണ്ടുതന്നെയാകാം ഭാസ്കരൻ മാഷിന്റെ ശ്രദ്ധയിൽ പതിഞ്ഞതും.

സുഹൃത്തുകൂടിയായ ശോഭനാ പരമേശ്വരൻ നായർ നിർമ്മാണം കൂടി ഏറ്റെടുക്കാനുറച്ചതോടെ ഭാസ്‌കരൻ മാഷ് തന്നെയായി സംവിധായകൻ.

സിനിമയ്ക്കപ്പുറം പ്രേക്ഷകമനസ്സിനെ വിവിധ തലങ്ങളിൽ കൂടി സഞ്ചരിക്കുന്ന ഒന്നായിരുന്നു കള്ളിച്ചെല്ലമ്മ.

തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളായ വെള്ളായണിയും വെങ്ങാനൂരും പരിസര പ്രദേശങ്ങളുമൊക്കെയായിരുന്നു ലൊക്കേഷൻ. തീർത്തും ഗ്രാമാന്തരീക്ഷത്തിൽ കഥപറഞ്ഞതിനാൽ

തന്നെ തീർത്തും ഗ്രാമ്യ ഭാഷയിൽ തന്നെയാണ് ചിത്രം ചമയ്ക്കപ്പെട്ടതും.

വിവേകാനന്ദൻ തന്നെയായിരുന്നു ഇതിന്റെ പിറകിലും.

മനോഹരങ്ങളായ ദൃശ്യങ്ങൾ കൊണ്ടു സമ്പുഷ്ടമായ ചിത്രമാണ്.

കണ്ണുകുളിർപ്പിക്കും വിധത്തിൽ പച്ചപ്പ് നിറഞ്ഞ വയലിടങ്ങളും, ഓളങ്ങൾ താളം തല്ലുന്ന കായലും, തെങ്ങിൻ തോപ്പുകളൊക്കെതന്നെ കാണേണ്ട കാഴ്ചകളാണ്.

ഒരുപക്ഷേ ഇന്നിലൂടെ ആ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാൽ ഇതിന്റെ വിദൂര ഛായ പോലും അനുഭവിക്കുവാൻ കഴിഞ്ഞുവെന്ന് വരില്ല.

വളരെ സുന്ദരമായ കൊച്ചു കൊച്ചു വാക്കുകൾ ചേർത്തുവച്ചു പ്രാസമൊപ്പിച്ചു പാട്ടെഴുതുന്നതിൽ അഗ്രഗണ്യനാണ് ഭാസ്കരൻ മാഷ്.

ഇത്രയും ഗ്രാമഭംഗി ഒത്തിണങ്ങിയ ഈ ചിത്രത്തിൽ അതിന്റെ പൊലിമ ഒട്ടും തന്നെ ചോരാതെ ആ കൃത്യം അദ്ദേഹം അതി സുന്ദരമായി നിർവ്വഹിച്ചിട്ടുണ്ട്.

പോരാത്തതിന് കൂട്ടോ രാഘവൻ മാഷും.

പോരെ പൂരം😍

അതി സുന്ദരമായ ഗാനത്തിലൂടെ ഒരു മികച്ച ഗായകനെയും മലയാളത്തിന് ഈ ചിത്രത്തിലൂടെ ലഭിച്ചു.

ശ്രീ ബ്രഹ്മാനന്ദൻ❤️

'മാനത്തെ കായലിൽ

മണപ്പുറത്തിന്നൊരു

താമര കളിത്തോണി

വന്നടുത്തു

താമര കളിത്തോണി'

എനിക്കേറെ പ്രിയപ്പെട്ട പാട്ടാണിത്..

ഒരുപക്ഷേ നിങ്ങൾക്കും..

ആറു ഗാനങ്ങളുണ്ടായിരുന്ന ചിത്രത്തിൽ മറ്റൊരു ഗാനം കൂടി പരാമർശിക്കാതെ പോകുവാനെനിക്കാകില്ല.

ഭാവഗായകൻ ശ്രീ ജയച്ചന്ദ്രൻ പാടിയ ആ ഗാനത്തെ മാറ്റിനിർത്തി ഈ ചിത്രം പറയാൻ കഴിയില്ല..

'കരിമുകിൽ കാട്ടിലെ

രജനിതൻ വീട്ടിലെ

കനകാംബരങ്ങൾ വാടി

കടത്തുവള്ളം യാത്രയായി

യാത്രയായീ...

കരയിൽ നീ മാത്രമായീ...'

ജയേട്ടനെ കുറിച്ചും അദ്ദേഹത്തിന്റെ പാട്ടുകളെകുറിച്ചുമൊക്കെ സുദീർഘമായി

എഴുതിപോയത് കൊണ്ടിതിൽ കൂടുതൽ വിവരിക്കുന്നില്ല.

1969 ലെ ഏറ്റവും മനോഹരങ്ങളായ രണ്ടു സിനിമകൾ, നദിയും കള്ളിച്ചെല്ലമ്മയും നമ്മൾ പറഞ്ഞു കഴിഞ്ഞു.

കഥ ഇവിടെ തീരുന്നില്ല..

1969 ലെ മറ്റു സിനിമകളെ കുറിച്ചുള്ള സുന്ദര വിശേഷങ്ങളും അതിനേക്കാൾ സുന്ദര വരകളുമായി ഞങ്ങൾ ഇരുവരും താമസിയാതെ നിങ്ങൾക്ക് മുന്നിലെത്തും..

അതുവരെ ഇടവേള😍

വര : പ്രദീപ് Pradeep Purushothaman

എഴുത്ത് : അനിൽ Anil Zain

#മാധവം

#Madhavam

bottom of page