top of page

മാധവം .22


ഓളവും തീരവും


രാത്രിയുടെ ഏതോ യാമത്തിൽ ഇരുട്ടിനെ വകഞ്ഞു മാറ്റികടന്നു വരുന്ന ടാങ്കർ ലോറിയിൽ സിനിമ ആരംഭിക്കുകയും അതുപോലെതന്നെ മറ്റൊരു രാത്രിയിൽ ഇരുട്ടിനെ കീറിമുറിച്ചു മറയുന്ന ടാങ്കർ ലോറിയിലൂടെ അവസാനിക്കുകയും ചെയ്യുന്ന ചിത്രമാണ് നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ...

പോൾ പൈലോക്കാരന്റെ ദുഷ്ചിന്തയ്ക്കും ദുഷ്പ്രവർത്തിക്കും ഇരയാകേണ്ടി വന്ന സോഫിയ.. ദൈനംദിനേ ഇതുപോലിരകളാക്കപ്പെടുന്നവർ വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ ചിത്രത്തിനും, ഇതിന്റെ സന്ദേശത്തിനും പ്രസക്തിയേറുന്നു. സ്ത്രീശരീരം പങ്കിലമാകുന്നതോടെ അവളെ നിഷ്കാസിതയാക്കുന്ന സമൂഹം, അവളുടെ മനസിനപ്പുറം ശരീരത്തെ അളവുകോലാക്കി ഒറ്റപ്പെടുത്തി പടിയടച്ചു പിണ്ഡം വയ്ക്കുന്ന ബൃഹത് സമൂഹം, അവരെ പോലുള്ള പൈലോക്കാരൻമാർക്കുള്ള മറുപടിയാണീ ചിത്രം.

ഈ ചിത്രം വായിച്ചെടുക്കുന്നതും അതിന്റെ ശരിതെറ്റുകളെ കുറിച്ചു തന്നെയാണ്.. ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം ഇനി നീ ഇവളെ കൊണ്ടുപൊയ്ക്കോ എന്നു വിജയശ്രീലാളിതനെ പോലെ അട്ടഹസിക്കുന്ന പൈലോക്കാരന്റെ നേരെ, അതേ മനോഭാവമുള്ള കപടസദാചാരസമൂഹത്തിനു നേരെ കാർക്കിച്ചു തുപ്പികൊണ്ട്, പ്രണയത്തിന്റെ നൈർമ്മല്യം മനസ്സിൽ കാത്തു, തന്റെ പ്രണയിനിയെ കൈകളിൽ വാരിയെടുത്തു ടാങ്കർ ലോറിയിൽ കയറ്റി, ഇരുട്ടിനെ കീറിമുറിച്ചു ഒരു തെളിമായർന്ന പ്രഭാതത്തിലേക്ക്‌ അലിഞ്ഞമരുമ്പോൾ പ്രേക്ഷകനും ആ പ്രണയത്തിൽ അലിഞ്ഞ ലിഞ്ഞില്ലാതാകുന്നു..

അതായിരുന്നു ആ സിനിമ, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ.

മുകളിൽ കുറിച്ചത് കുറച്ചു നാൾമുൻപേ എഴുതിയ ആ ചിത്രത്തെ കുറിച്ചായിരുന്നു.

ആ എഴുത്തിന്റെ അവസാനഭാഗം ഇതിൽ ചേർത്തുവച്ചത് കഴിഞ്ഞ ദിനത്തിൽ കാണുകയും ആ കാഴ്ച്ച ഇന്നിലേക്ക് പകർത്തുകയും ചെയ്യേണ്ടി വന്നതിനാലാണ്.. ആ ചിത്രമാണ് #ഓളവുംതീരവും

മധുസാറിന്റെ സിനിമാ ജീവിതത്തിന്റെ ഏടായ #മാധവം 1970 ലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം ഓർമ്മയിൽ ഓടിയെത്തിയ ചിത്രമാണ് ഓളവും തീരവും.

വില്ലനാൽ പീഡിപ്പിക്കപെട്ട നായികയെ പുതു ജീവിതത്തിലേക്ക് ക്ഷണിക്കുന്ന നായകൻ, അതുതന്നെയായിരുന്നു ഈ ഇരുചിത്രങ്ങളുടേയും കാതൽ. പക്ഷേ 1970 ലെ മനസ്സായിരുന്നില്ല 1986 കളിൽ എന്നറിയേണ്ടതുണ്ട്. എങ്കിൽ മാത്രമേ അന്നിലെ ഓളവും തീരവും എന്ന ചിത്രത്തിന്റെ തീവ്രതയും പ്രസക്തിയും മനസ്സിലാകൂ.

നമ്മൾ മുൻ എഴുത്തുകളിൽ ഒരുപാട് പ്രതിഭകളെ പരിചയപ്പെടുത്തിയിരുന്നു. അവരെയെല്ലാം മനസ്സിൽ കുറിച്ചു വയ്ക്കാനും പറഞ്ഞിരുന്നു. അതിലെ ഒരാളായിരുന്നു പി എ ബക്കർ. കബനീനദി ചുവന്നപ്പോൾ, മണിമുഴക്കം തുടങ്ങി ശ്രദ്ധേയമായ ഒരുപിടി ചിത്രങ്ങളുടെ ശിൽപ്പി. അദ്ദേഹമാണ് ഈ ചിത്രം നിർമ്മിച്ചത്.

അതിലും കേമനായിരുന്നു സംവിധായകൻ. പി എൻ മേനോൻ.. മേനോനെ കുറിച്ചു എഴുതാൻ തുടങ്ങിയാൽ ഈ കുറിപ്പ് ഏറെ ദൈർഘ്യമേറും.. വിസ്താരഭയം മൂലം പിന്നീടാകാം ആ പരിചയപ്പെടുത്തൽ. ഒന്നുമാത്രം പറയാം സംവിധായകൻ ഭരതന്റെ ഇളയച്ഛനാണ് പി എൻ മേനോൻ.

ഇനി ഈ സിനിമയുടെ എഴുത്തിലേക്ക്.. കഥ തിരക്കഥ സംഭാഷണം സാക്ഷാൽ എം ടി അല്ലാതെ മറ്റാര്?

അതുപോലെ മങ്കടയെ കുറിച്ചും നമ്മൾ പറഞ്ഞുപോയിട്ടുണ്ട്. ഇതിൽ ക്യാമറകൊണ്ടൊരു കവിത തന്നെ രചിക്കുകയായിരുന്നു അദ്ദേഹം.

മധുസാറിന്റെ കരുത്തുറ്റ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഇതിലെ ബാപ്പൂട്ടി. വില്ലനായെത്തിയത് ജോസ് പ്രകാശ്.. നായികയായ നബീസയായി ഉഷാനന്ദിനിയും. മുൻപ് 'അവൾ' എന്ന ചിത്രത്തെ കുറിച്ചു പറഞ്ഞുപോയപ്പോൾ നമ്മൾ ഉഷാനന്ദിനിയെ പ്രതിപാദിച്ചിരുന്നു.

മികച്ച ഗാനങ്ങളുണ്ടായിയുന്ന ചിത്രമാണോ എന്ന ചോദ്യത്തിന് തെല്ലും പ്രസക്തിയില്ല. കാരണം സംഗീത വിഭാഗം കൈകാര്യം ചെയ്തത് ബാബുക്കയും ഭാസ്കരൻ മാഷും മൊയീൻകുട്ടി വൈദ്യരുമായിരുന്നു. ആറു പാട്ടുകളിൽ രണ്ടെണ്ണം ആലപിച്ചതും ബാബുക്ക തന്നെ.

ഈ കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് പുതു തലമുറ കേട്ട ഒരു ഗായികയായിരുന്നു മച്ചാട്ട് വാസന്തി. പഴമക്കാരോടും പഴയ സഖാക്കളോടും വാസന്തിയെ കുറിച്ചു പറയേണ്ടതില്ല.

വാസന്തിയും ദാസേട്ടനും പാടിയ ഒരു ഗാനമുണ്ട്. അതന്നിലും ഇന്നിലും സൂപ്പർ ഹിറ്റാണ്..

'മണിമാരൻ തന്നത് പണമല്ല പൊന്നല്ല മധുരക്കിനാവിന്റെ കരിമ്പിൻ തോട്ടം'

ഓർമ്മയില്ലേ ഈ ഗാനം..

സംസ്ഥാന പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമായിരുന്നു #ഓളവുംതീരവും..

മികച്ച ചിത്രം മികച്ച തിരക്കഥ മികച്ച ഛായാഗ്രഹണം മികച്ച രണ്ടാമത്തെ നടി അങ്ങിനെയങ്ങിനെ...

അന്നും ഇന്നും എന്നും ഈ ചിത്രത്തിന്റെ ഇതിവൃത്തത്തിനേറെ പ്രസക്തിയുണ്ട്. സ്ത്രീകൾ ദിനവും പീഡിപ്പിക്കപ്പെടുന്നുണ്ട്. വിവിധ രീതിയിൽ. ക്രൂരമായ പീഡനത്തിന് ഇരയാക്കപെടുന്നവർക്ക് മുൻപിൽ ജീവിതം പലപ്പോഴും ചോദ്യചിഹ്നമാകാറുമുണ്ട്. സമൂഹം പോലും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യും..

കാലങ്ങൾ കഴിയുമ്പോൾ അവരെവിടെയെന്നുപോലും ആരും തിരക്കാറില്ല. അവർക്കൊന്നും പേരുകൾ ഉണ്ടാകാറുമില്ല.. ഏതൊക്കെയോ സ്ഥലപ്പേരുകളിലൂടെ മാത്രം ഓർമ്മിക്കപ്പെടാൻ വിധിക്കപ്പെട്ടവർ. തീരങ്ങൾ സ്വന്തമല്ലാത്ത ഓളങ്ങൾ.. #ഓളവുംതീരവും

വര : പ്രദീപ് Pradeep Purushothaman എഴുത്ത് : അനിൽ Anil Zain

#മാധവം #Madhavam

bottom of page