മാധവം. 23മധു എന്ന സംവിധായകൻ


തീഷ്ണമായ രീതിയിൽ തപിപ്പിക്കുന്ന ഒരു നോവൽ എഴുതുവാനുള്ള ഊർജ്ജവും ജൈവചൈതന്യവും ഇല്ലാതാകുന്നുവെന്ന തോന്നലിൽ നോവലെഴുത്തു നിർത്തുകയാണെന്നു പറഞ്ഞു പിൻവാങ്ങിയത് എനിക്കുകൂടി പ്രിയപ്പെട്ട എഴുത്തുകാരനാണ്. പ്രിയപ്പെട്ട സീയാണ്. സി രാധാകൃഷ്ണൻ.

ഒരുപക്ഷേ എന്നെപോലെ, അല്ലെങ്കിൽ അതിൽ കൂടുതൽ, തങ്ങളുടെ കൗമാരവും യൗവ്വനവും ചിലവഴിച്ചത് അക്ഷരങ്ങളുടെ ലോകത്തായിരിക്കാം. ആ ലോകത്തിലെ അന്നത്തെ പ്രിയരിൽ ചേർത്തുവയ്ക്കാൻ പലരും ഉണ്ടായിരുന്നു. ആ ഇടനാഴിയിൽ വച്ചുതന്നെയാണ് സി യിലേക്ക് എത്തപ്പെടുന്നതും.

"നിങ്ങളെന്നാണ് കൂട്ടരേ, ഞങ്ങളുടെ കൂടെ വരിക? ഇനിയുമെത്ര ചോരപ്രളയ കാലങ്ങൾക്ക് ശേഷം?"

ഈ ചോദ്യമവശേഷിപ്പിച്ചു മനസ്സിൽ പതിഞ്ഞുപോയ മുൻപേ പറക്കുന്ന പക്ഷികളിലെ അനുരാധാ-അർജ്‌ജുൻമാരെ എങ്ങിനെ നമുക്ക് മറക്കുവാൻ കഴിയും? സ്പന്ദമാപിനികളെ നന്ദി യും, പുഴമുതൽ പുഴവരെയുമടക്കം എന്റെ രാവുകളെ പകലുകളാക്കിയ എത്രയോ എഴുത്തുകൾ.

അത്രമേൽ മനസ്സോടു ചേർത്തു വച്ച വരികൾ.. അതി സുന്ദര ആഖ്യാനങ്ങൾ.. സി, താങ്കൾ ഈ എഴുത്തു നിർത്തുന്നുവെന്ന അറിവ് മനസ്സിനെ അത്രമേൽ നോവിക്കുന്നു. എങ്കിലും നന്ദി, ആ കാലഘട്ടം അക്ഷരങ്ങൾ കൊണ്ടതിസുന്ദരമാക്കിയതിന്.. നന്ദി എഴുത്തുകാരാ!

#മാധവം ത്തിന്റെ ഏറ്റവും പുതിയ എഴുത്തിലേക്ക് കടന്നു പോകുന്ന ഈ അവസരത്തിൽ സി യെ ഓർക്കുവാൻ കാരണമുണ്ട്.

നമ്മൾ #മാധവം ത്തിൽ ഇതുവരെ പറഞ്ഞുപോയത് മധുസാറിന്റെ സിനിമാഭിനയ വർത്തമാനങ്ങൾ ആയിരുന്നുവെങ്കിൽ ഇന്നിൽ അതിനൊരു മാറ്റം സംഭവിക്കുകയാണ്. അല്ലെങ്കിലും പ്രതിഭകൾക്ക് ഇടയ്ക്കൊക്കെ വഴിമാറി സഞ്ചരിക്കേണ്ടിയും വരും. അവരിലുള്ള തീപ്പൊരി അങ്ങിനെ ജ്വലിച്ചുകൊണ്ടേയിരിക്കും. അതേ, അതാണ് 1970 ൽ സംഭവിച്ചത്.

മധുസാർ സംവിധായകനാകുന്നു!

ഇത്രയും പ്രഗത്ഭമതിയായ ഒരാൾ ചിത്ര സംവിധാനത്തിലേക്ക് കടക്കുന്നുവെന്നറിവിൽ സിനിമാലോകം ആശ്ചര്യപ്പെട്ടു. എവിടുന്നായിരിക്കും തുടക്കം? ആ ചോദ്യത്തിൽ സകലതും അടങ്ങിയിരുന്നു..

ഒരു വിമാനയാത്രയായിരുന്നു ചിത്ര സംവിധാനത്തിലേക്ക് മധുസാറിനെ വഴിതിരിച്ചു വിട്ടത്. ബിസിനസുകാരനായ എൻ പി അലിയുമൊത്തുള്ള യാത്രയിലാണ് ഈ ചിത്രം രൂപപ്പെടുന്നത്. എൻ പി അലിയും എൻ പി അബുവും നിർമ്മാതാകളാകുന്നു.. ബാക്കി സകലകാര്യങ്ങളും മധുസാറിലേക്ക്..

ആദ്യമായി കഥയിലേക്ക്..

രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. സി യുടെ നോവൽ തന്നെ തിരഞ്ഞെടുത്തു. 'തേവിടിശ്ശി' പേരുപോലെ തന്നെ അൽപ്പം തീവ്രവും അക്കാലത്തിൽ പലരുടെയും നെറ്റി ചുളിയുന്ന വിഷയം. ആർജ്ജവത്തോടെ ആ വിഷയം തന്നെ എടുക്കുകയും ചിത്രത്തിന് പേരിടുകയും ചെയ്തു. 'പ്രിയ' !!

കഥ-തിരക്കഥ-സംഭാഷണം സി തന്നെ.

ഏറ്റവും മികച്ച അണിയറപ്രവർത്തകർ.. യു രാജഗോപാൽ ഋഷികേശ് മുഖർജി യൂസഫലി കേച്ചേരി ബാബുക്ക

ഇനിയെന്തു വേണം..

ഇവരെക്കുറിച്ചെല്ലാം വളരെ വിശദമായി തന്നെ മുൻ എഴുത്തുകളിൽ പറഞ്ഞു പോയതുകൊണ്ട് ആവർത്തന വിരസത ഒഴിവാക്കാനായി മാറ്റി നിർത്തുന്നു..

ഇനി നായകൻ?

വേണ്ടാ, തന്റെ ചിത്രത്തിലെങ്കിലും നായകനാകണ്ടാ എന്നൊരു ചിന്ത. മാത്രവുമല്ല ചെമ്മീനടക്കം നിരാശാ കാമുകന്മാരെ കൊണ്ടു മനം മടുത്തു.. അല്ലെങ്കിലും ഒരു ചേഞ്ച്‌ ആരാണ് ആഗ്രഹിക്കാത്തത്!

നിരാശാ കാമുകന് പകരം തന്റെ ചിത്രത്തിൽ ക്രൂരനായ വില്ലനായി.. നായകൻ അടൂർഭാസിയും...

ഇനി നായിക? ചിത്രത്തിന്റെ സ്വഭാവമനുസരിച്ചു ആ റോൾ ചെയ്യാൻ ഏറ്റവും അനുയോജ്യ ശാരദതന്നെ.. ഉറപ്പിച്ചു. പക്ഷേ ശാരദയുടെ തിരക്കുകൾ മൂലം മറ്റൊരാളെ അന്വേഷിക്കേണ്ടി വന്നു.

സൗമിത്രചാറ്റർജിയാണ് തീയറ്റർ ആർട്ടിസ്റ്റായ ലില്ലി ചക്രവർത്തിയെ പരിചയപ്പെടുത്തിയത്. കണ്ടമാത്രയിൽ തന്നെ തന്റെ നായിക ഇതുതന്നെ എന്നുറപ്പിച്ചു..

ചിത്രത്തിന് 'A' സർട്ടിഫിക്കറ്റാണ് ലഭിച്ചതെങ്കിലും കാണികൾ പൂർണ്ണമായി സ്വീകരിച്ചു. സംസ്‌ഥാന പുരസ്‌കാരവും ലഭിച്ചു.

ഇത്രമേൽ തീവ്രമായ വിഷയം കൈകാര്യം ചെയ്യാനും, അതിലും ഭംഗിയായി സംവിധാനം നിർവ്വഹിക്കാനും കഴിഞ്ഞ ആ മിടുക്ക് പ്രശംസനീയം തന്നെ..

ഈ ചിത്രത്തിന്റെ വിജയത്തിലെ ആത്മവിശ്വാസമാകാം വീണ്ടും അദ്ദേഹം നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുവാൻ ഇടയാക്കിയതും..

ആ ചിത്രങ്ങളെകുറിച്ചും എഴുപതിലെ പ്രധാനപ്പെട്ട മറ്റു ചിത്രത്തെ കുറിച്ചും താമസിയാതെ എഴുതാം.

അതുവരെ തത്കാലം വിടപറയുന്നു.

വര : പ്രദീപ് Pradeep Purushothaman എഴുത്ത് : അനിൽ Anil Zain

#Madhavam #മാധവം