മാധവം .24


മാധവം. 24

1970 ൽ മൊത്തം 11 ചിത്രങ്ങളാണു് മധുസാറിന്റേതായി ഇറങ്ങിയത്. അതിൽ രണ്ടു ചിത്രങ്ങളെപ്പറ്റി മാത്രമേ നമ്മളിതുവരെ പറഞ്ഞുള്ളൂ. അദ്ദേഹത്തിന്റെ ആദ്യസംവിധാനസംരംഭമായ ‘പ്രിയ’യെപ്പറ്റിയും മറ്റൊരു ചിത്രമായ പി എൻ മേനോന്റെ ‘ഓളവും തീരവും’ ആയിരുന്നു ആ രണ്ടു ചിത്രങ്ങൾ.

ബാക്കി 9 ചിത്രങ്ങളും പ്രഗത്ഭരായ സംവിധായകരുടേതായിരുന്നു. #സ്ത്രീ ‘സ്ത്രീ’ എന്ന ചിത്രത്തെപ്പറ്റി പ്രത്യേകം പരാമർശിക്കേണ്ടതായുണ്ട്. ശ്രീ പി. ഭാസ്കരൻ കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മലയാളസാഹിത്യരംഗത്തെ ഒരതികായനാണു് എഴുതിയിരിക്കുന്നത്. അത് മാവേലിക്കരയിലെ കുന്നം സ്വദേശിയായ ശ്രീ. കെ ഇ മത്തായിയാണെന്നുപറഞ്ഞാൽ ഒരുപക്ഷേ വായനക്കാരിൽ പലരും തിരിച്ചറിയില്ല! അത് ഓണാട്ടുകരയുടെ കഥാകാരനായ സാക്ഷാൽ പാറപ്പുറത്ത്! മലയാളത്തിലെ വിഖ്യാതമായ ഇരുപത് നോവലുകളുടെയും പന്ത്രണ്ട് കഥാസമാഹാരങ്ങളുടെയും രചയിതാവ്! യാദൃശ്ചികമെന്നുപറയട്ടെ, മധുസാറിന്റെ കന്നിച്ചിത്രമായ ‘നിണമണിഞ്ഞ കാല്പാടുകൾ’ എന്ന ചിത്രം പാറപ്പുറത്തിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു! അതിന്റെ തിരക്കഥയും അദ്ദേഹത്തിന്റേതുതന്നെ! പാറപ്പുറത്തിന്റെ അരനാഴികനേരം, ആകാശത്തിലെ പറവകള്‍, പണിതീരാത്ത വീട്, അന്വേഷിച്ചു കണ്ടെത്തിയില്ല എന്നീ നോവലുകള്‍ അദ്ദേഹത്തിന്റെ തിരക്കഥയിൽ ചലച്ചിത്രങ്ങളായി വെള്ളിത്തിരയിലെത്തി ഹിറ്റുകളാവുകയും ചെയ്തു. അഞ്ച് ചിത്രങ്ങൾ നിർമ്മിച്ച എം. അസം മൊഹമ്മദ് അസീം ആയിരുന്നു ഈ ചിത്രത്തിന്റെ നിർമ്മാതാവ്.

(1950 ൽ സ്ത്രീ എന്ന പേരിൽത്തന്നെ മറ്റൊരു ചിത്രം ഇറങ്ങിയിരുന്നു. തിക്കുറിശ്ശി സുകുമാരൻ നായർ കഥയും തിരക്കഥയുമെഴുതി നായകനായ ആ ചിത്രത്തിന്റെ സംവിധായകൻ ശ്രി. കെ വേലപ്പൻ നായർ ആയിരുന്നു.)

പി ഭാസ്കരൻ - ദക്ഷിണാമൂർത്തി ടീമിന്റെ നാലു ഗാനങ്ങൾ ഇതിലുണ്ടായിരുന്നു. ഇതിൽ അനശ്വരമായ ‘ഇന്നലെ നീയൊരു സുന്ദരരാഗമായെൻ പൊന്നോടക്കുഴലിൽവന്നൊളിച്ചിരുന്നു..” ആർക്ക് മറക്കാനാവും? യേശുദാസും, എസ് ജാനകിയും പ്രത്യേകംപ്രത്യേകം പാടിയ, ബേഗഡ രാഗത്തിൽ ചിട്ടപ്പെടുത്തിയ, ഈ ഗാനത്തിനു് അക്കൊല്ലത്തെ മികച്ച ഗായകനും ഗായികയ്ക്കുമുള്ള സംസ്ഥാന അവാർഡും ലഭിക്കുകയുണ്ടായി. ഒരുപക്ഷേ ഒരേഗാനത്തിന്റെ മെയിൽ, ഫീമെയിൽ വെർഷന് രണ്ടിനും പുരസ്കാരം ലഭിക്കുന്ന അപൂർവമായൊരു ബഹുമതി!

അതുപോലെ ഒരു പഴയചിത്രത്തിന്റെ അതേ പേരിൽ ഇറങ്ങുന്ന ആദ്യ മലയാളചിത്രവും ഇതായിരിക്കണം!

1970 ലെ മറ്റ് ചിത്രങ്ങൾ:

#പളുങ്കുപാത്രം കഥ :ടി എസ് മഹാദേവൻ തിരക്കഥ : കെ എസ് ഗോപാലകൃഷ്ണൻ സംഭാഷണം, സംവിധാനം, ഗാനരചന : തിക്കുറിശ്ശി. സംഗീതം : ദക്ഷിണാമൂർത്തി. പ്രേംനസീർ, മധു, തിക്കുറിശ്ശി, അടൂർഭാസി, ജയഭാരതി, വിജയശ്രീ, ഷീല, സുധീർ അങ്ങനെ വലിയൊരു താരനിര അഭിനയിച്ച സിനിമയാണിത്.

#അമ്പലപ്രാവ് എസ് എൽ പുരം തിരക്കഥയും സംഭാഷണവുമെഴുതി പി ഭാസ്കരൻ സംവിധാനം ചെയ്ത ഈ സിനിമയിൽ മധുസാറിനെക്കൂടാതെ പ്രേംനസീർ, ഷീല, ഉമ്മർ, പി ജെ ആന്റണി തുടങ്ങിയ അന്നത്തെ പ്രമുഖതാരങ്ങളെല്ലാം അഭിനയിച്ചിട്ടുണ്ട്.

ഈ ചിത്രത്തിന്റെ പ്രത്യേകത ഭാസ്കരൻ മാഷ്, ബാബുരാജ് ടീമിന്റെ മലയാളത്തിലെ എക്കാലത്തെയും മികച്ച അഞ്ച് മനോഹര ഗാനങ്ങളാണു്:

അതിൽ എടുത്തുപറയേണ്ടത് ഖമാജ് എന്ന ഹിന്ദുസ്ഥാനി രാഗത്തിൽ, ജാനകിയമ്മ പാടിയ,

“താനേ തിരിഞ്ഞും മറിഞ്ഞും തൻ താമരമെത്തയിലുരുണ്ടും..” രചനയും, സംഗീതവും, ആലാപനവും ഒരുപോലെ മനോഹരമായ ഒരു അനശ്വരഗാനം!

മറ്റൊന്നു് ആരഭി രാഗത്തിൽ ചിട്ടപ്പെടുത്തി പി ലീല പാടിയ

“പ്രമദവനത്തില്‍ വെച്ചെന്‍ ഹൃദയാധിനാഥനിന്നു പ്രണയകലഹത്തിന്നു വന്നൂ – സഖീ”

ആരു മറക്കും, എങ്ങനെ മറക്കും ഈ ഗാനം!

ബാക്കിയുള്ളവയെയും സൂചിപ്പിക്കാതെ വയ്യ.

“ദുഃഖങ്ങൾക്കിന്നുഞാൻ അവധികൊടുത്തു സ്വർഗ്ഗത്തിൽ ഞാനൊരു മുറിയെടുത്തു” (യേശുദാസ്) - ഫിലോസഫിക്കലായൊരു ഗാനം!

“കുപ്പായക്കീശമേൽ കുങ്കുമപ്പൊട്ടുകണ്ടു കൂട്ടുകാരിന്നെന്നെ കളിയാക്കി” (ജയചന്ദ്രൻ) - പ്രണയോർമ്മകൾ തുളൂമ്പുന്ന ഗാനം! “മാവു പൂത്തു, മാതളം പൂത്തു..” (ജാനകി)

#ഭീകരനിമിഷങ്ങൾ പേരു സൂചിപ്പിക്കുന്നതുപോലെ ഒരു ക്രൈം ത്രില്ലർ സിനിമ. മധുസാറിന്റെ പോലീസ് ഓഫീസർ വേഷങ്ങളിലൊന്ന്. ജോസഫ് ഹെയ്സ് ന്റെ കഥയിൽ പ്രതിഭാധനനായ ജഗതി എൻ കെ ആചാരി തിരക്കഥയും സംഭാഷണവുമെഴുതി എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ചിത്രം. കലാനിലയം നാടകവേദിയുടെ ഹിറ്റായ ആ ജഗതി-കൃഷ്ണൻ നായർ ജോടികളുടെ ചിത്രമാവുമ്പോൾ അന്നത്തെ മികച്ച ക്രൈംത്രില്ലർ പ്രതീക്ഷിക്കാമല്ലോ! വയലാർ - ബാബുരാജ് ടീമിന്റെ മികച്ച നാലു ഗാനങ്ങൾ. “തുളസീദേവീ, തുളസീദേവീ തപസ്സിൽനിന്നുണരൂ..” എന്നു തുടങ്ങുന്ന, പി സുശില പാടിയ മികച്ചഗാനം അതിലൊന്ന്.

#തുറക്കാത്ത വാതിൽ കെ ടി മുഹമ്മദിന്റെ കഥയും തിരക്കഥയും, പി ഭാസ്കരന്റെ സംവിധാനവും. മധു, പ്രേംനസീർ, രാഗിണി അങ്ങനെ നീണ്ട ഒരു താരനിര. 1970 ലെ ദേശീയചലച്ചിത്ര അവാർഡിൽ ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ് നേടിയ ചിത്രം.

പി ഭാസ്കരൻ കെ. രാഘവൻ കൂട്ടുകെട്ടിൽ പിറന്ന മികച്ച അഞ്ച് ഗാനങ്ങൾ. മലയാളികളുടെ എക്കാലത്തെയും ഗൃഹാതുരമായ ഗാനം : “നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്…”(യേശുദാസ്)

ദർബാരി കാനഡ രാഗത്തിൽ മനസ്സിനെ പിടിച്ചുലയ്ക്കുന്ന, ശോകമയമായ ഗാനം: “പാർവണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽ..” (യേശുദാസ്)

“മനസ്സിനുള്ളിൽ മയക്കംകൊള്ളും മണിപ്പിറാവേ എണീറ്റാട്ടേ..” ജാനകിയമ്മയുടെ മധുരശബ്ദത്തിലൊരു പ്രണയ-വിരഹഗാനം.

“നവയുഗപ്രകാശമേ” (യേശുദാസ്), “കടക്കണ്ണിൻ മുനകൊണ്ടു” (ജാനകി, രേണുക) ഇവ മറ്റു രണ്ടുഗാനങ്ങൾ.

#അഭയം മലയാളസിനിമയുടെ ചരിത്രത്തിൽ ഇത്രയധികം പ്രതിഭാധനർ ഒത്തുചേർന്ന ഒരു സിനിമ വേറെയുണ്ടോ എന്ന് സംശയം. ഈ സിനിമയുമായി ബന്ധപ്പെട്ടവരുടെ പേരുകൾ കേൾക്കുമ്പോൾ നമ്മൾ അമ്പരക്കും. അത്രയ്ക്ക് താരനിബിഡമാണീ സിനിമ. കണ്ടോളൂ: കഥ: പെരുമ്പടവം ശ്രീധരൻ തിരക്കഥ, സംഭാഷണം : എസ് എൽ പുരം സദാനന്ദൻ സംവിധാനം : രാമുകാര്യാട്ട് നിർമ്മാണം : ശോഭനാ പരമേശ്വരൻ നായർ മധു, ഷീല, രാഘവൻ, ജോസ് പ്രകാശ്.. താരനിര!

അകാലത്തിൽ പൊലിഞ്ഞുപോയ സാഹിത്യകാരി രാജലക്ഷ്മിയുടെ കഥയെ അടിസ്ഥാനമാക്കിയാണീ സിനിമ.

കുമാരനാശാൻ, വള്ളത്തോൾ, ബാലാമണിയമ്മ, ചങ്ങമ്പുഴ, ജി,ശങ്കരക്കുറുപ്പ്, സുഗതകുമാരി, പി ഭാസ്കരൻ, വയലാർ, ശ്രീകുമാരൻ തമ്പി എന്നിവരുടെ കവിതകളടക്കം പതിമൂന്ന് ഗാനങ്ങൾ!

മഹാകവി ജി യും, സുഗതകുമാരിടീച്ചറും ആദ്യമായി സിനിമയ്ക്ക് ഗാനങ്ങളെഴുതിയത് ഈ ചിത്രത്തിൽ!

സുശീലയുടെ എവർഗ്രീൻ ഹിറ്റുകളിലൊന്നായ കല്യാണിരാഗത്തിലുള്ള “പാവം മാനവഹൃദയം..” (സുഗതകുമാരി)

അത്ഭുതപ്പെടുത്തുന്ന വാങ്മയമായാജാലം, ചാരുകേശിയിലും മോഹനത്തിലും ചിട്ടപ്പെടുത്തിയ, “ശ്രാന്തമംബരം..”(ജി. ശങ്കരക്കുറുപ്പ്) ജി യുടെ “നീരദലതാഗൃഹം..”(ജാനകി). ഒന്നിനൊന്നു മനോഹരമായ പതിമൂന്നുഗാനങ്ങൾ! വിസ്താരഭയത്താൽ ചുരുക്കുന്നു.

#നിലയ്ക്കാത്ത ചലനങ്ങൾ പ്രശസ്ത നോവലിസ്റ്റായ ഇലവുങ്കൽ ജോസഫ് ഫിലിപ്പ് എന്ന കാനം ഇ ജെ തിരക്കഥയും സംഭാഷണവുമെഴുതി കെ. സുകുമാരൻ നായർ സംവിധാനം ചെയ്ത ചിത്രം. സത്യൻ, മധു, ജയഭാരതി എന്നിവരടങ്ങൂന്ന താരനിര..

വയലാർ ദേവരാജൻ കൂട്ടുകെട്ടിന്റെ അഞ്ച് മനോഹര ഗാനങ്ങൾ : “ശ്രീനഗരത്തിലെ ചിത്രവനത്തിലെ..” പി ജയചന്ദ്രൻ (രാഗം. ജോഗ്) “പ്രിയംവദയല്ലയോ, പറയുകയില്ലയോ..” യേശുദാസ് “മദ്ധ്യവേനലവധിയായി..”, “ദുഃഖവെള്ളിയാഴ്ചകളേ..” പി സുശീല എന്നിവ പ്രധാനഗാനങ്ങൾ. സ്വപ്നങ്ങൾ കഥ, തിരക്കഥ, സംഭാഷണം : എസ് എൽ പുരം സംവിധാനം : പി സുബ്രഹ്മണ്യം വയലാർ -ദേവരാജൻ ടീമിന്റെ എട്ടു ഗാനങ്ങൾ.

#കാക്കത്തമ്പുരാട്ടി കഥ,തിരക്കഥ, സംഭാഷണം : ശ്രീകുമാരൻ തമ്പി സംവിധാനം : പി. ഭാസ്കരൻ ഗാനങ്ങൾ : ശ്രീകുമാരൻ തമ്പി, പി. ഭാസ്കരൻ സംഗീതം: കെ. രാഘവൻ.

“കണ്ണുനീരിൻ പെരിയാറ്റിൽ..”, “അമ്പലപ്പുഴ വേലകണ്ടു..” – യേശുദാസ് പാടിയ ഈ രണ്ടു ഹിറ്റ് ഗാനങ്ങളൂൾപ്പടെ അഞ്ച് ഗാനങ്ങളാണു് ഈ ചിത്രത്തിൽ.

1970 മധുസാറിന്റെ ചലച്ചിത്രജീവിതത്തിലെ നാഴികക്കല്ലാണു്. ആദ്യമായി സംവിധാനം ചെയ്ത വർഷം. മികച്ച പ്രതിഭകളോടൊത്ത് മികച്ച സിനിമകൾ ചെയ്തവർഷം. എക്കാലത്തെയും മികച്ചഗാനങ്ങൾ പിറന്ന വർഷം..

മലയാളസിനിമയിലെ മഹാപ്രതിഭയെന്ന് ലോകം തിരിച്ചറിഞ്ഞ വർഷം. ഒട്ടും ഒതുക്കാനാവാത്തതിനാൽ നീണ്ടുപോയി ഈ കുറിപ്പ്..

1971 ഇതുപോലെതന്നെ മികച്ച സിനിമകളുടെ വർഷമാണ് മധുസാറിന്. ആ വിശേഷങ്ങളൂം ചിത്രങ്ങളുമായി തിരിച്ചുവരാം.. കാത്തിരിക്കുക!

വര : പ്രദീപ് Pradeep Purushothaman എഴുത്ത് : അനിൽ Anil Zain

#മാധവം #Madhavam