top of page

മാധവം.26


മാധവം -26


കഴിഞ്ഞ ഭാഗത്ത് 1971 ലെ ചിത്രങ്ങളിൽ മധുസാർ സംവിധായകനായും നടനായും തിളങ്ങിയ സിന്ദൂരച്ചെപ്പിനെപ്പറ്റി മാത്രമായിരുന്നു നമ്മൾ സംസാരിച്ചത്. ബാക്കിയുള്ള 15 ചിത്രങ്ങളിൽ ചിലതിനെപ്പറ്റി കൂടുതൽ പറയേണ്ടതുണ്ട്. അതിലൊന്നാണു് #ശരശയ്യ.

മലയാള നാടക-ചലച്ചിത്രരംഗത്തെ അതികായനായ തോപ്പിൽഭാസിയുടെ നാടകങ്ങളിൽ സാമൂഹ്യപ്രതിബദ്ധതകൊണ്ട് ഏറ്റവും ശ്രദ്ധേയമായ രണ്ട് നാടകങ്ങളായിരുന്നു അശ്വമേധവും അതിന്റെ തുടർച്ചയായിവന്ന ശരശയ്യയും. അക്കാലത്ത് കുഷ്ഠരോഗത്തിനെതിരെയും, ആ രോഗത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾക്കെതിരെയും കുഷ്ഠരോഗികളോടുള്ള സമീപനത്തിനെതിരെയും ഏറ്റവും ഫലപ്രദമായി പ്രചരണം നടത്തി ദേശീയ- അന്തർദ്ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ നാടകങ്ങളാണിവ. അശ്വമേധം സിനിമയായപ്പോൾ സംവിധാനം ചെയ്തത് എ ബി രാജ് ആയിരുന്നെങ്കിൽ ശരശയ്യ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനംചെയ്തത് തോപ്പിൽഭാസിതന്നെയായിരുന്നു. സിന്ദൂരച്ചെപ്പ് 1971 ലെ സംസ്ഥാന സിനിമാ അവാർഡിൽ രണ്ടാമത്തെ മികച്ച ചിത്രമായപ്പോൾ, അക്കൊല്ലത്തെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ശരശയ്യയായിരുന്നു. മികച്ച നടിയായി ഷീലയും തിരഞ്ഞെടുക്കപ്പെട്ടു.

വയലാറിന്റെ രചനയ്ക്ക് ദേവരാജൻമാഷ് സംഗീതം നൽകിയ മനോഹരമായ ആറു ഹിറ്റ്ഗാനങ്ങൾ. അതിൽ എം. ജി രാധാകൃഷ്ണനും മാധുരിയും ചേർന്നുപാടിയ, ലളിതമായ മോഹനരാഗത്തിൽ ചിട്ടപ്പെടുത്തിയ “ശാരികേ ശാരികേ സിന്ധുഗംഗാനദീതീരം വളർത്തിയ ഗന്ധർവ്വഗായികേ..” എന്ന ഗാനം ഓർക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ!

യേശുദാസ് പാടിയ “ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ മെയ്യില്‍ പാതി പകുത്തുതരൂ” മറക്കാനാവുമോ?

“നീലാംബരമേ, താരാപഥമേ ഭൂമിയിൽ ഞങ്ങൾക്കു ദുഃഖങ്ങൾ നൽകിയ ദൈവമിപ്പഴും അവിടെയുണ്ടോ..” (മാധുരി) രചനാഗാംഭീര്യംകൊണ്ടും സംഗീതഭംഗികൊണ്ടും അനശ്വരമായ ഗാനം!

“മുഖം മനസ്സിന്റെ കണ്ണാടി..” (യേശുദാസ്) മേൽസൂചിപ്പിച്ചവപോലെതന്നെ മനോഹരമായൊരു ഗാനം. മാധുരിപാടിയ “ചൂഡാരത്നം ശിരസ്സിൽ ചാർത്തി”, “മാഹേന്ദ്രനീല മണിമലയിൽ” എന്നിവയാണ് മറ്റു രണ്ടു ഗാനങ്ങൾ. സമൂഹത്തിലെ അബദ്ധധാരണകളും കുഷ്ഠരോഗികളോടുള്ള സമീപനത്തിലുള്ള അമാനവികതയും തുറന്നുകാട്ടിയ സിനിമയെന്ന നിലയിൽ ശരശയ്യയ്ക്ക് മലയാള സിനിമാചരിത്രത്തിൽ ഒരു പ്രത്യേകസ്ഥാനം നൽകേണ്ടതുണ്ട്. ഒരു സിനിമയുടെ തുടർച്ചയായി മലയാളത്തിലുണ്ടായ ആദ്യസിനിമ, ഒരുപക്ഷേ, ഇതായിരിക്കും.

#ബോബനും മോളിയും പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ. ടോംസിന്റെ പ്രസിദ്ധമായ ബോബനും മോളിയും അതേ പേരിൽ ഹിറ്റ്മേക്കർ ശശികുമാറിന്റെ സംവിധാനത്തിൽ പുറത്തുവന്നതാണു് മധുസാറിന്റെ 71 ലെ മറ്റൊരു ചിത്രം. ടോംസിന്റെ കഥയ്ക്ക് എസ് എൽ പുരമാണു് തിരക്കഥയും സംഭാഷണവുമെഴുതിയത്. മാസ്റ്റർ ശേഖറും ബേബി രജനിയുമാണ് ബോബനേയും മോളിയേയും അവതരിപ്പിച്ചത്. മധുസാർ അവതരിപ്പിച്ചത് ബാലൻ എന്ന കഥാപാത്രത്തെയാണു്. ജോസഫ് കൃഷ്ണ എന്ന സംഗീതസംവിധായകന്റെ ആദ്യചിത്രം. ഗാനങ്ങൾ വയലാർ. ഏഴുഗാനങ്ങളാണു് ഈ ചിത്രത്തിലുള്ളത്.

#മൂന്നുപൂക്കൾ എസ് എൽ പുരം സദാനന്ദൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി പി ഭാസ്കരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സത്യൻ ,പ്രേംനസീർ, മധു (വേണുഗോപാൽ എന്ന കഥാപാത്രം), ഷീല, ജയഭാരതി, അംബിക എന്നിങ്ങനെ അന്നത്തെ പ്രധാനതാരങ്ങളെല്ലാം അണിനിരന്നിരിക്കുന്നു. പി ഭാസ്കരൻ, പുകഴേന്തി കൂട്ടുകെട്ടിന്റെ അഞ്ചു പ്രശസ്ത ഗാനങ്ങൾ. പി. ജയചന്ദ്രന്റെ ഏറ്റവും പ്രശസ്തമായ “വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ മണ്ണിതിൽ ഇഴയുന്ന മനുഷ്യനോ..” ഈ ചിത്രത്തിലേതാണ്. മറ്റു ഗാനങ്ങൾ: “കണ്മുനയാലെ ചീട്ടുകൾ കശക്കി..” (യേശുദാസ്) “തിരിയോ തിരി പൂത്തിരി” (എസ് ജാനകിയും സംഘവും) “ഒന്നാനാം പൂമരത്തിൽ..” (എസ് ജാനകി) “സഖീ, കുങ്കുമമോ, നവയൗവനമോ..” (യേശുദാസ്, ജാനകി)

#ജലകന്യക കഥ, തിരക്കഥ, സംഭാഷണം : എസ് എൽ പുരം സദാനന്ദൻ സംവിധാനം : എം എസ് മണി പ്രധാനമായും സിനിമാസംയോജകനായ എം എസ് മണി ഏഴു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അതിൽ രണ്ടു ചിത്രങ്ങൾക്ക് (ഡോക്ടർ (1963), പുതിയാകാശം പുതിയഭൂമി(1962)) ദേശിയ ചലച്ചിത്രപുരസ്കാരം ലഭിച്ചു. അദ്ദേഹം അവസാനം സംവിധാനം നിർവഹിച്ച സിനിമയാണ് ജലകന്യക. വളരെക്കാലത്തിനുശേഷം 1993 ൽ ബാലചന്ദ്രമേനോന്റെ ‘അമ്മയാണെ സത്യം’ എന്ന ചിത്രത്തിന്റെ അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ചു. മധു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ പിന്നീട് സംവിധായകനായി മാറിയ ജേസി യും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഡോ.പവിത്രൻ, എ ടി ഉമ്മർ കൂട്ടുകെട്ടിൽപ്പിറന്ന അഞ്ചുഗാനങ്ങളിൽ “വരവായീ വെള്ളിമീൻ തോണി..”(യേശുദാസ്), “ഏഴുകടലോടി ഏലമല തേടി”(യേശുദാസ്, ജയചന്ദ്രൻ, പി ബി ശ്രീനിവാസ്) എന്നിവ ശ്രദ്ധേയം.

#മാപ്പുസാക്ഷി കഥ, തിരക്കഥ, സംഭാഷണം : എം ടി വാസുദേവൻ നായർ സംവിധാനം : പി എൻ മേനോൻ മധുവും ജയഭാരതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ ഗാനരചന ശ്രീകുമാരൻ തമ്പി, മങ്കൊമ്പ് എന്നിവരും സംഗീതം എം എസ് ബാബുരാജും നിർവഹിച്ചിരിക്കുന്നു. മൂന്നു ഗാനങ്ങളിൽ “വൃശ്ചികകാർത്തികപ്പൂവിരിഞ്ഞു..”(ജാനകി) ശ്രദ്ധേയം.

ഇനിയുമുണ്ട് ചിത്രങ്ങൾ. വേറെയുമുണ്ട് 1971 ലെ വിശേഷങ്ങൾ.. മലയാളസിനിമയിലെ ഒരു പ്രധാന താരോദയം കണ്ട വർഷമാണത് - മധുസാറിന്റെ സിനിമാജീവിതത്തെ ഏറെ സ്വാധീനിച്ച ഒരു സംവിധായകന്റെ ഉദയം! അതാരെന്നറിയാൻ കാത്തിരിക്കുക.. 1971 മറ്റ് ചിത്രങ്ങളും വിശേഷങ്ങളുമായി മടങ്ങിവരാം, നമുക്കീ യാത്ര തുടരാം..

വര, എഴുത്ത് : പ്രദീപ് Pradeep Purushothaman #മാധവം #Madhavam

bottom of page