മാധവം.27മാധവം -27 കഴിഞ്ഞ ഭാഗം അവസാനിപ്പിക്കുമ്പോൾ 1971ൽ മലയാളസിനിമയിൽ സംഭവിച്ച ഒരു താരോദയത്തെപ്പറ്റി സൂചിപ്പിരുന്നു. അത് ഒരു നടനല്ല, മറിച്ച് പിന്നീട് മലയാളസിനിമയെ ലോകസിനിമയിലേക്കെത്തിച്ച ഒരു സംവിധായകൻ! അതാരെന്നറിയാൻ ഈ ഭാഗം മുഴുവൻ വായിക്കുക. 1971 ലെ ഏഴു സിനിമകളെപ്പറ്റിയേ നാം ഇതുവരെ പറഞ്ഞുള്ളൂ. മറ്റ് സിനിമകളിലേയ്ക്ക് കടക്കാം.


#വിത്തുകൾ എം.ടി വാസുദേവൻ നായരുടെ കഥ, തിരക്കഥ, സംഭാഷണത്തിൽ പി ഭാസ്കരൻ സംവിധാനംചെയ്ത ചിത്രം. എം ടി – ഭാസ്കരൻ മാഷ് കൂട്ടുകെട്ടാവുമ്പോൾ സിനിമയെപ്പറ്റി കൂടുതൽ പറയേണ്ടതില്ലല്ലോ. ഇതിലെ പ്രധാന കഥാപാത്രമായ ഉണ്ണിയെയാണു് മധുസാർ അനശ്വരമാക്കിയത്. ഷീലയും ഉമ്മറും ഗോവിന്ദൻ കുട്ടിയും അടൂർഭാസിയുമുൾപ്പടെ വലിയൊരു താരനിരയുള്ള ചിത്രമാണിത്. പി ഭാസ്കരൻ ചിത്രങ്ങളിലെ പ്രത്യേകതയായ അവിസ്മരണീയങ്ങളായ ഹിറ്റ്ഗാനങ്ങൾ ഈ ചിത്രത്തിലുമുണ്ട്. പി ഭാസ്കരനെഴുതി പുകഴേന്തി സംഗീതം നൽകിയ ഗാനങ്ങളിൽ മൂന്നെണ്ണം എക്കാലത്തെയും ഹിറ്റായവയാണ്.

1. ഹരികാംബോജി രാഗത്തിൽ ചിട്ടപ്പെടുത്തി എസ് ജാനകി അനശ്വരമാക്കിയ “ഗോപുരമുകളിൽ വാസന്ത ചന്ദ്രൻ ഗോരോചനക്കുറി വരച്ചു.. സഖീ”

നിങ്ങളറിയാതെ നിങ്ങളുടെ ചുണ്ടുകൾ ഇപ്പോഴാഗാനം മൂളിത്തുടങ്ങിയില്ലേ? അതാണാഗാനത്തിന്റെ വശ്യത!

2. അതുപോലെ അപാരസുന്ദരമായൊരു ഗാനം : “അപാരസുന്ദര നീലാകാശം അനന്തതേ നിൻ മഹാസമുദ്രം അപാര സുന്ദര നീലാകാശം ഊഴിയും സൂര്യനും വാ‍ർമതിയും - ഇതിൽ ഉയർന്നു നീന്തും ഹംസങ്ങൾ ആയിരമായിരം താരാഗണങ്ങൾ അലകളിലുലയും വെൺനുരകൾ അപാരസുന്ദര നീലാകാശം”

എന്തൊരു വരികളാണിത്! ശുദ്ധസാവേരിയുടെ ഭംഗിയിലൂടെ അനന്തയുടെ അപാരതയിലേയ്ക്ക് നമ്മെയുയർത്തും, യേശുദാസിന്റെ ആലാപനം!

3. “മരണദേവനൊരു വരം കൊടുത്താൽ മരിച്ചവരൊരുദിനം തിരിച്ചുവന്നാൽ..” (യേശുദാസ്) എത്ര ലളിതവും മനോഹരവുമായ, ദാർശനികമെന്നു പറയാവുന്ന, ഒരനശ്വര ഗാനം!

“ഇങ്ങു സൂക്ഷിക്കുന്നു ഞാനുടഞ്ഞുള്ളോരെൻ - തങ്കക്കിനാവിൻ തരിവളപ്പൊട്ടുകൾ ” (യേശുദാസ്) എന്ന ഗാനവും

“യാത്രയാക്കുന്നൂ സഖി നിന്നെ ഞാൻ മൌനത്തിന്റെ നേർത്ത പട്ടുനൂൽ പൊട്ടിച്ചിതറും പദങ്ങളാൽ വാക്കിനു വിലപിടിപ്പേറുമീ സന്ദർഭത്തിൽ ഓർക്കുക വല്ലപ്പോഴും എന്നല്ലാതെന്തോതും ഞാൻ” എന്നും

“എങ്ങുമനുഷ്യനു ചങ്ങലകൈകളി- ലങ്ങെൻ കയ്യുകൾ നൊന്തീടുകയാ- ണെങ്ങോ മർദ്ദനമവിടെ പ്രഹരം വീഴുവതെന്റെ പുറത്താകുന്നു” എന്നും യേശുദാസ് മനോഹരമായി ആലപിച്ച രണ്ടു കവിതാശകലങ്ങളുമാണു് മറ്റുള്ളവ.

മറ്റൊരു പ്രത്യേകത, ഈ ഗാനങ്ങളുടെയെല്ലാം രംഗങ്ങളിൽ മധുസാറിന്റെ സാന്നിദ്ധ്യമുണ്ട് എന്നതാണ്! മികച്ചൊരു ചിത്രവും മികച്ച കഥാപാത്രവും മികവുറ്റഗാനങ്ങളിലെ സാന്നിദ്ധ്യവും! വിത്തുകൾ വേറിട്ടുനിൽക്കുന്നു!

#ആഭിജാത്യം തോപ്പിൽഭാസി കഥയും തിരക്കഥയും സംഭാഷണവുമെഴുതി എ വിൻസെന്റ് സംവിധാനം ചെയ്ത്, മധു, ശാരദ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച അന്നത്തെ ഒരു ഹിറ്റ് ചിത്രം. ഈ ചിത്രത്തിന്റെ പരസ്യകലാവിഭാഗം കൈകാര്യം ചെയ്തത് അന്നത്തെ മികച്ചൊരു കലാകാരനായ ശ്രീ. എസ് എ നായരാണു്. എസ് എ എന്ന ആ നീട്ടിയുള്ള എഴുത്ത് ഒരു കാലത്ത് മികച്ച പോസ്റ്ററുകളിലെ കൈയൊപ്പായിരുന്നു! ചിത്രങ്ങളുടെ പേര് ഡിസൈൻ ചെയ്യുന്നതിൽ അസാമാന്യമായ കഴിവ് പ്രകടിപ്പിച്ച ഒരു വ്യക്തിയായിരുന്നു എസ് എ.

ഒട്ടും മറക്കാനാവാത്ത ആറു ഗാനങ്ങളും ഒരു നാടോടിഗാനവുമാണു് ഇതിലുള്ളത്. ഗാനരചന പി ഭാസ്കരൻ, സംഗീതം എ ടി ഉമ്മർ. ആ ആറു മനോഹരഗാനങ്ങൾ ഇവയാണു്: 1. “ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ..”(യേശുദാസ്) 2. “രാസലീലയ്ക്കു വൈകിയതെന്തു നീ..” (യേശുദാസ്, വസന്ത) 3. “കല്യാണക്കുരുവിക്കു പുല്ലാനിപ്പുരകെട്ടാൻ..” (പി ലീല) 4. “മഴമുകിലൊളിവർണ്ണൻ ഗോപാലകൃഷ്ണൻ..” (എസ് ജാനകി) 5. “വൃശ്ചികരാത്രിതൻ അരമന മുറ്റത്തൊരു..” (യേശുദാസ്, സുശീല) 6. “തള്ളു തള്ളു് തള്ളു തള്ള് പന്നാസുവണ്ടി..” (അടൂർഭാസി പാടിയ പ്രസിദ്ധമായ ഗാനങ്ങളിലൊന്ന്. ലതാ രാജു, അമ്പിളി എന്നിവർ കൂടെ പാടിയിരിക്കുന്നു.)

7.”ആറ്റിൻ മണപ്പുറത്തരയാലിൻ കൊമ്പത്ത്” (നാടോടിഗാനം. പാടിയത്: ലതാ രാജു, അമ്പിളി)


#കരകാണാക്കടൽ മുട്ടത്തുവർക്കിയുടെ പ്രശസ്തമായ നോവലിനെ അതേപേരിൽ സിനിമയാക്കിയപ്പോൾ കെ എസ് സേതുമാധവൻ സംവിധാനം ചെയ്തു. തിരക്കഥയും സംഭാഷണവും എസ് എൽ പുരം സദാനന്ദൻ. സത്യനോടൊപ്പം മധുസാറും അന്നത്തെ മറ്റ് പ്രമുഖതാരങ്ങളും അഭിനായിച്ചു. മധുസാർ കറിയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. തോമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സത്യന് 1971 ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡും, സേതുമാധവനു് മികച്ച സംവിധായകനുള്ള അവാർഡും ലഭിച്ചു. മികച്ച മൂന്നാമത്തെ ചിത്രമായി കരകാണാക്കടൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1972 ൽ മികച്ച പ്രാദേശികചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചു.

മെല്ലി ഇറാനി എന്ന അനുഗ്രഹീത ഛായാഗ്രാഹകന്റെ കൈയൊപ്പുവീണ ചിത്രം! വയലാർ -ദേവരാജൻ കൂട്ടുകെട്ടിലെ മൂന്നു ഗാനങ്ങളിൽ സുശിലയുടെ എക്കാലത്തെയും ഹിറ്റായ “കാറ്റുവന്നൂ, കള്ളനെപ്പോലെ..” എന്ന ഗാനവും ഉൾപ്പെടുന്നു.


#ഇങ്ക്വിലാബ് സിന്ദാബാദ് കഥ, തിരക്കഥ, സംഭാഷണം : എസ് എൽ പുരം സംവിധാനം : കെ എസ് സേതുമാധവൻ ശ്രീധരൻ എന്ന കഥാപാത്രത്തെയാണു് മധുസാർ അവതരിപ്പിച്ചത്. സത്യൻ, ഷീല, ജയഭാരതി തുടങ്ങിയ താരനിരയുള്ള സിനിമ. വയലാറിനോടൊപ്പം, ഒ വി വിജയന്റെ സഹോദരിയും പ്രശസ്ത കവിയുമായ ശ്രീമതി ഒ വി ഉഷയും ഗാനരചന നിർവഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം ജി ദേവരാജനാണ്. ഒ വി ഉഷ എഴുതി, പി ലീല പാടിയ “ആരുടെ മനസ്സിലെ ഗാനമായി..” എന്ന സുവർണ്ണഗാനം ഈ ചിത്രത്തിലേതാണ്.

(ഒ വി ഉഷ എഴുതിയ “ആരാദ്യം പറയും..” എന്ന ഗാനത്തിന് 2000 ൽ മികച്ച രചനയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.)

വയലാറെഴുതിയ മറ്റ് മൂന്നു ഗാനങ്ങളിൽ യേശുദാസ് പാടിയ “പുഷ്യരാഗ മോതിരമിട്ടൊരു പുലരിക്കതിർ പോലെ.. സ്വർഗ്ഗവാതിൽ തുറന്നുവരുന്നൊരു സ്വപ്നകല പോലെ... ഉറങ്ങുമെന്നിലെ എന്നെ ചുംബിച്ചുണർത്തി നിൻ ഗാനം.. മനസ്സിൽ മായാനിർവൃതി പാകിയ മയൂര സന്ദേശം..” എന്ന മനോഹരഗാനവും ഉൾപ്പെടുന്നു.


#ലൈൻബസ്സ് 1971 ൽ എസ് എൽ പുരവും സേതുമാധവനും ഒന്നിച്ച മൂന്നാമത്തെ ഹിറ്റ് ചിത്രമാണ് ലൈൻബസ്സ്. ഇതിന്റെ കഥ മുട്ടത്തുവർക്കിയുടേതാണു്. ബസിലെ ചെക്കർ ഗോപി എന്ന കഥാപാത്രത്തെയാണു് മധുസാർ അവതരിപ്പിച്ചത്. വയലാർ ദേവരാജൻ ടീമിന്റെ നാല് ഹിറ്റ് ഗാനങ്ങൾ.

“വില്ലുകെട്ടിയ കടുക്കനിട്ടൊരു വലിയമ്മാവൻ..” മാധുരിയും ലതാരാജുവും സംഘവും പാടിയ ഈ ഗാനം മോഹനരാഗത്തിലാണു് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പിന്നെ മാധുരി പാടിയ “തൃക്കാക്കരെ പൂ പോരാഞ്ഞ്..” എന്ന സൂപ്പർഹിറ്റ് ഗാനം. എക്കാലത്തെയും മികച്ച ദാർശനികഗാനങ്ങൾ സൃഷ്ടിച്ചിട്ടുള്ള വയലാറിന്റെ തൂലികയിനിന്ന് അനശ്വരമായൊരു ഗാനം : “അദ്വൈതം ജനിച്ച നാട്ടിൽ, ആദിശങ്കരൻ ജനിച്ച നാട്ടിൽ..”(യേശുദാസ്) കദനരസം തുളുമ്പുന്ന ചക്രവാകം രാഗത്തിൽ ചിട്ടപ്പെടുത്തിയത്. “മിന്നും പൊന്നിൻ കിരീടം” (പി ലീല). ഇവയാണാ നാലു ഗാനങ്ങൾ.


#ഉമ്മാച്ചു മലയാളത്തിന്റെ പ്രിയ കഥാകാരൻ ഉറൂബെന്ന പി സി കുട്ടികൃഷ്ണന്റെ, പ്രഥമ കേരള സാഹിത്യഅക്കാദമി പുരസ്കാരം നേടിയ, ഉമ്മാച്ചു എന്ന നോവൽ അദ്ദേഹംതന്നെ തിരക്കഥയും സംഭാഷണവുമെഴുതി പി ഭാസ്കരൻ സംവിധാനം ചെയ്ത ചിത്രം. ഉമ്മാച്ചു എന്ന കഥാപാത്രത്തെ ഷീലയും മായൻ എന്ന കഥാപാത്രത്തെ മധുസാറും വെള്ളിത്തിരയിൽ അനശ്വരമാക്കി. 1971 ലെ മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉറൂബിനും മികച്ച നടിക്കുള്ള പുരസ്കാരം ഷീലയ്ക്കും നേടിക്കൊടുത്ത സിനിമ.

പി ജയചന്ദ്രന്റെ എവർഗ്രീൻ ഹിറ്റുകളിലൊന്നായ “ഏകാന്തപഥികൻ ഞാൻ”, “കല്പകത്തോപ്പൊരുവനു പതിച്ചു നൽകി”(യേശുദാസ്), “വീണക്കമ്പി തകർന്നാലെന്തേ..”(ജാനകി), “ആറ്റിന്നക്കരെ,യക്കരെയാരാണോ..”(യേശുദാസ്) എന്നിവയുൾപ്പടെ അഞ്ചു ഗാനങ്ങളടങ്ങിയ, 1971 ലെ ഒരു മികച്ച ചിത്രം.


#വിലയ്ക്കുവാങ്ങിയ വീണ മലയാളസിനിമയുടെ സർവരംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രതിഭയാണു് ശ്രീ. ശ്രീകുമാരൻ തമ്പി. അദ്ദേഹം കഥയും തിരക്കഥയും സംഭാഷണവുമെഴുതി പി ഭാസ്കരൻ സംവിധാനം ചെയ്ത ചിത്രമാണു് വിലയ്ക്കുവാങ്ങിയ വീണ. ഗായകനായ വിജയൻ എന്ന പ്രധാന കഥാപാത്രത്തെ പ്രേംനസീറും മറ്റൊരു പ്രധാനകഥാപാത്രമായ വേണുവിനെ മധുവും അവതരിപ്പിക്കുന്നു.

ഇതിലെ ഒൻപതു മനോഹരഗാനങ്ങളിൽ അഞ്ചെണ്ണം സംവിധായകനും നാലെണ്ണം തിരക്കഥാകൃത്തും രചിച്ചിരിക്കുന്നു. സംഗീതം ദക്ഷിണാമൂർത്തി. എക്കാലത്തെയും മികച്ച രാഗമാലികയായ “കാട്ടിലെ പാഴ്മുളം തണ്ടിൽനിന്നും..”(യേശുദാസ്, രചന : പി ഭാസ്കരൻ) അതിലൊന്ന്. (രാഗങ്ങൾ : കാംബോജി, ഷണ്മുഖപ്രിയ, മനോലയം, സരസാംഗി) പി ഭാസ്കരന്റെ മറ്റു ഗാനങ്ങൾ :”ഇനിയുറങ്ങൂ..”(ജാനകി), “കളിയും ചിരിയും മാറി”(ജയചന്ദ്രൻ), “ഏകാന്തജീവനിൽ ചിറകുകൾ മുളച്ചു”(യേശുദാസ്), “ഇന്നത്തെ രാത്രി ശിവരാത്രി”(വസന്ത)

ശ്രീകുമാരൻ തമ്പി രചിച്ചവ : ശുദ്ധധന്യാസിയിൽ ചിട്ടപ്പെടുത്തിയ “സുഖമെവിടെ, ദുഃഖമെവിടെ”(യേശുദാസ്), അവൾ ചിരിച്ചാൽ മുത്തു ചിതറും (യേശുദാസ്), ഇഴനൊന്തു തകർന്നൊരു മണിവീണ ഞാൻ..”(യേശുദാസ്), ദേവഗായകനെ ദൈവം ശപിച്ചു..”(യേശുദാസ്).

ചിത്രത്തിൽ “സുഖമെവിടെ, ദുഃഖമെവിടെ” എന്ന ഗാനം റെക്കോർഡിങ്ങിനുമുമ്പ് ഗായകനെ പഠിപ്പിക്കുന്ന രംഗമുണ്ട്. അതിൽ പഠിപ്പിക്കുന്നത് ദക്ഷിണാമൂർത്തിയുടേയും പഠിക്കുന്നത് യേശുദാസിന്റേയും ശബ്ദത്തിലാണെന്നത് കൗതുകകരമാണു്. 1971ലെ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന അവാർഡ് ദക്ഷിണാമൂർത്തിയ്ക്ക് നേടിക്കൊടുത്തു, ഈ ചിത്രം.


#കൊച്ചനിയത്തി 1971 ൽ കഥ, തിരക്കഥ, സംഭാഷണം രംഗങ്ങളിൽ നിറഞ്ഞുനിന്ന എസ് എൽ പുരത്തിന്റെ മറ്റൊരു സിനിമകൂടി. സംവിധാനം : പി സുബ്രഹ്മണ്യം. മധുസാർ മുഖ്യകഥാപാത്രമായിവന്ന ഈ ചിത്രത്തിലെ നായിക ജയഭാരതിയാണു്. ആറ് ഗാനങ്ങൾ. ശ്രീകുമാരൻ തമ്പി രചിച്ച് പുകഴേന്തി ഈണം പകർന്നവ. വലചി രാഗത്തിൽ ചിട്ടപ്പെടുത്തിയ “സുന്ദര രാവിൽ ചന്ദനമുകിലിൽ” (ജാനകി), ജാനകിയും പി ലീലയും വെവ്വേറെ പാടിയ “തിങ്കളെപ്പോലെ ചിരിക്കുന്ന പൂക്കളേ”ഇവ പ്രധാന ഗാനങ്ങൾ.

നേരത്തേ പറഞ്ഞല്ലോ, 1971 മലയാള സിനിമയിലെ ഒരു താരോദയമുണ്ടായ കൊല്ലമാണെന്ന്. പ്രതിസന്ധി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സാക്ഷാൽ ശ്രീ. അടൂർ ഗോപാലകൃഷ്ണൻ മലയാള സിനിമയിലേക്ക് കടന്നുവന്ന കൊല്ലമാണിത്! സ്വാതിതിരുനാൾ ഉൾപ്പടെ കുറച്ച് വ്യത്യസ്തങ്ങളായ സിനിമകൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുള്ള ശ്രീ. ശ്രീവരാഹം ബാലകൃഷ്ണനാണു് അടൂരിനോടൊപ്പം ഈ സിനിമയ്ക്ക് തിരക്കഥ രചിച്ചത്. മധു, ജയഭാരതി, സുജാത, അടൂർഭാസി, ജനാർദ്ദനൻ, ബി കെ നായർ എന്നിങ്ങനെ വളരെക്കുറച്ച് അഭിനേതാക്കൾ മാത്രമുണ്ടായിരുന്ന സിനിമ. അടൂരിന്റെ ആദ്യ സിനിമയിലെയും അദ്ദേഹത്തിന് അന്താരാഷ്ട്രഖ്യാതി നേടിക്കൊടുത്ത സ്വയംവരത്തിലെയും നായകനാവാനുള്ള നിയോഗം മധുസാറിനായിരുന്നു!

വയലാർ-ദേവരാജൻ ടീമിന്റെ രണ്ട് ഗാനങ്ങൾ - ഒന്ന് യേശുദാസും മറ്റേത് ജാനകിയും പാടി. അടൂർ ഗോപാലകൃഷ്ണന്റെ, ഗാനങ്ങളുള്ള ഒരേയൊരു ചിത്രമാണു് പ്രതിസന്ധി. അതുകൊണ്ട് അടൂരിന്റെ സിനിമയ്ക്ക് ഗാനം രചിച്ചിട്ടുള്ള ഒരേയൊരു ഗാനരചയിതാവ് വയലാർ രാമവർമ്മയാണെന്ന് പറയാം!

കുറച്ച് നീണ്ടുപോയി. നിവൃത്തിയില്ല. അത്രയധികം മനോഹരഗാനങ്ങളും മനോഹരമായ സിനിമകളുടേയും വർഷം. ഇതിലും എങ്ങനെ ചുരുക്കാനാണു്! 1972 ലെ സിനിമകളും വിശേഷങ്ങളും നമ്മളെ കാത്തിരിക്കുന്നു.. അതിനായി തയ്യാറെടുക്കാം..

വര, എഴുത്ത് : പ്രദീപ് Pradeep Purushothaman #മാധവം #Madhavam