top of page

മാധവം.28


മാധവം – 28

പതിനാറു ചിത്രങ്ങളാണു് 1972ൽ മധുസാറിന്റേതായി നമ്മെ കാത്തിരിക്കുന്നത്. എല്ലാം പ്രഗത്ഭരുടെ ചിത്രങ്ങൾതന്നെ!

#സതി മധുസാറിന്റെ സംവിധാനത്തിൽ പിറന്ന സതി എന്ന ചിത്രത്തെപ്പറ്റി ആദ്യം പറയാം. അതിനൊരു കാരണമുണ്ട്. 1963 ൽ ‘നിണമണിഞ്ഞ കാല്പാടുക’ളിലൂടെ മലയാളസിനിമയിൽ അഭിനേതാവായി അരങ്ങേറിയ മധുസാർ, 1970 ൽ ‘പ്രിയ’ എന്ന ചിത്രത്തിലൂടെ സംവിധായകനുമാവുന്നു. തുടർന്ന് 1971 ൽ ‘സിന്ദൂരച്ചെപ്പ്’ എന്ന ഹിറ്റ് ചിത്രം നമ്മൾ കണ്ടുകഴിഞ്ഞു. 1972 മധു എന്ന അഭിനേതാവും സംവിധായകനും നിർമ്മാതാവുകൂടിയാവുന്ന വർഷമാണു്.സ്വന്തമായി, മകളുടെ പേരിൽ, ‘ഉമ ആർട്ട് സ്റ്റുഡിയോ’ എന്ന ബാനറിലാണു് സതി എന്ന ചിത്രം നിർമ്മിച്ചത്. ‘സതി’ എന്ന് ആദ്യചിത്രത്തിനു പേരിട്ടതിനെപ്പറ്റി മധുസാർ പറയുന്നതിങ്ങനെയാണു് : “ഇതിലെ നായിക പൂജാമുറിയിൽവച്ച് തീപിടിച്ചാണ് മരിക്കുന്നത്. ഭർത്താവ് അവരെ സംശയിച്ചതിനെത്തുടർന്നാണു് ഇത് സംഭവിക്കുന്ന. ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽച്ചാടി മരിക്കുന്നതിനാണല്ലോ സതി എന്നു പറയുന്നത്. ഭർത്താവ് അവളെ സംശയിച്ചപ്പോൾത്തന്നെ അവളുടെ മനസ്സിൽ അയാൾ മരിച്ചുകഴിഞ്ഞിരുന്നു.” ഈ ചിത്രം അത്ര സാമ്പത്തികവിജയം നേടിയില്ലെങ്കിലും ‘ഉമ ആർട്ട് സ്റ്റുഡിയോ’ തികച്ചും വ്യത്യസ്തങ്ങളായ പതിനാലു ചിത്രങ്ങൾ നിർമ്മിക്കുകയും ഭൂരിപക്ഷവും സാമ്പത്തികവിജയം നേടുകയും ചെയ്തു. ‘സതി’യിലേയ്ക്ക് മടങ്ങിവരാം. മലയാള നാടകരംഗത്തിന് പുത്തനുണർവും പുതിയൊരു ദിശാബോധവും നൽകിയ അതികായനായ പ്രൊഫ ജി ശങ്കരപ്പിള്ള കഥയെഴുതിയ ഏക ചിത്രമാണിതു്. അദ്ദേഹംതന്നെയാണ് സംഭാഷണവും എഴുതിയിരിക്കുന്നതു്. മധുസാറിനോടൊപ്പം ജയഭാരതിയായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചതു്. പി ഭാസ്കരനെഴുതി ദക്ഷിണാമൂർത്തി സംവിധാനം ചെയ്ത മൂന്നു നല്ല ഗാനങ്ങളാണു് ഈ ചിത്രത്തിലുള്ളത്. “പ്രത്യൂഷ പുഷ്പമേ പ്രത്യൂഷ പുഷ്പമേ മുഗ്ദ്ധ നൈര്‍മല്യമേ ചൊല്ലുമോ നീ” എന്നു തുടങ്ങുന്ന, ബാഗേശ്രീ രാഗത്തിൽ ചിട്ടപ്പെടുത്തി, യേശുദാസും സുശീലയും പാടിയ മനോഹരമായ ഒരു ഗാനം. “ഉലകമീരേഴും പ്രളയസാഗര തിരകളാൽ മൂടി വലയുമ്പോൾ അരയാലിൻ കൊച്ചു തളിരാം തോണിയിൽ അരവിന്ദാക്ഷൻ വന്നണയുന്നൂ” എന്ന ഗാനം, സുശീല മനോഹരമായി പാടി, വരികളും മനോഹരം. സുശീലതന്നെ പാടിയ “മദകരമംഗളനിദ്രയില്‍ നിന്നും മനസിജനുണരും മധുകാലം” ആണു് മൂന്നാമത്തെ ഗാനം. ഈ ചിത്രത്തിന്റെ കലാസംവിധാനം ഭരതൻ ആണു്. മികച്ച പ്രതിഭകളെ അണിനിരത്തി ചിത്രം നിർമ്മിക്കുകയും സംവിധാനം ചെയ്യുകയുമാണു് മധുസാറിന്റെ രീതിയെന്നതിന്റെ ഉത്തമോദാഹരണമാണ് ഈ ചിത്രം.

#ആറടിമണ്ണിന്റെ ജന്മി തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകനും, കഥ, തിരക്കഥ, സംഭാഷണം എന്നീ രംഗങ്ങളിൽ പ്രഗത്ഭനുമായ കെ. ബാലചന്ദറിന്റെ കഥയെ ആസ്പദമാക്കി മലയാളത്തിൽ ആദ്യത്തെ ചിത്രം. തമിഴ് സിനിമയുടെ കാരണവരായ അദ്ദേഹം ‘ഇയക്കുനർ ശിഖരം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. കമലഹാസൻ, രജനീകാന്ത്, പ്രകാശ് രാജ്, വിവേക് തുടങ്ങി ഒട്ടേറെ പ്രശസ്ത നടന്മാരെ സിനിമയിൽ അവതരിപ്പിച്ചത് ഇദ്ദേഹമാണ്. തമിഴിനു പുറമേ തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലും ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയത് ശ്രീകുമാരൻ തമ്പിയും സംവിധാനം പി ഭാസ്കരനുമാണു്. പ്രസാദ് എന്ന ഫുട്ബോൾ കളിക്കാരനെയാണു് മധുസാർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നതു്. അദ്ദേഹത്തോടൊപ്പം പ്രേംനസീർ, ഷീല, ജയഭാരതി തുടങ്ങി ഒരുപാട് താരങ്ങളുമുണ്ട്, ഈ ചിത്രത്തിൽ. നാലു ഗാനങ്ങളിൽ രണ്ടെണ്ണം പി ഭാസ്കരനും മറ്റ് രണ്ടെണ്ണം ശ്രീകുമാരൻ തമ്പിയുമാണ് എഴുതിയത്. എ.ആർ. റഹ്മാന്റെ പിതാവ് ആ കെ ശേഖറാണു് സംഗീതസംവിധാനം. യേശുദാസും എസ് ജാനകിയും പാടിയിരിക്കുന്നു.

#ദേവി പ്രശസ്ത സാഹിത്യകാരൻ കെ സുരേന്ദ്രന്റെ ദേവി എന്ന നോവലിനെ ആസ്പദമാക്കി അദ്ദേഹംതന്നെ സംഭാഷണമെഴുതിയ ചിത്രമാണ് ദേവി. തിരക്കഥയും, സംവിധാനവും കെ എസ് സേതുമാധവൻ. മലയാളത്തിലെ അതിപ്രശസ്തമായ മഞ്ഞിലാസിന്റെ ബാനറിൽ എം ഒ ജോസഫ് നിർമ്മിച്ച ചിത്രമാണിതു്. മലയാളസിനിമയെപ്പറ്റി പറയുമ്പോൾ മഞ്ഞിലാസിനെയും എം ഒ ജോസഫിനെയും പറ്റി പറയാതിരിക്കാനാവില്ലല്ലോ. അത്രയ്ക്ക് പ്രശസ്തമായ ബാനറും നിർമ്മാതാവും! സിനിമ തുടങ്ങുംമുമ്പ് മഞ്ഞിലാസ് എന്ന പേര് ആലേഖനം ചെയ്ത ഇരട്ടക്കുതിരകളുടെ ചിഹ്നം മറക്കാനാവുമോ? (മഞ്ഞിലാസിന്റെ പിന്മുറക്കാർ ‘ഡബിൾഹോഴ്സ്’ ഇപ്പഴും അവരുടെ ബ്രാന്റ് ആയി നിലനിർത്തിയിരിക്കുന്നു!) 1968 ൽ സേതുമാധവൻ സംവിധാനം ചെയ്ത മലയാറ്റൂരിന്റെ ‘യക്ഷി’ യിൽ തുടങ്ങി 1985 ൽ ആലപ്പി അഷ്റഫ് സംവിധായകനായ ‘പാറ’ വരെ 25 എണ്ണം പറഞ്ഞ ചിത്രങ്ങൾ! മിക്കവയും മലയാളത്തിലെ പ്രശസ്തമായ എഴുത്തുകാരുടെ കൃതികളെ ആസ്പദമാക്കിയവ. ഈ ഇരുപത്തിയഞ്ച് ചിത്രങ്ങളിൽ ആദ്യത്തെ പതിനാലെണ്ണവും സംവിധാനം ചെയ്ത കെ എസ് സേതുമാധവനെ മഞ്ഞിലാസിന്റെ സ്ഥിരം സംവിധായകനായി കരുതിപ്പോന്നിരുന്നു.

പ്രേംനസീറും മധുവും ഷീലയും റാണിചന്ദ്രയുമടങ്ങുന്ന വൻ താരനിര ഈ ചിത്രത്തിലുണ്ട്. വയലാറിന്റെ അതിശയിപ്പിക്കുന്ന രചനാവൈഭവും ദേവരാജന്റെ അഭൗമസംഗീതവും ഒത്തുചേർന്ന നാല് അതിമനോഹരഗാനങ്ങളാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

“കറുത്ത സൂര്യനുദിച്ചു, കടലിൽ വീഞ്ഞു തിളച്ചു മണ്ണിന്റെ മുടി നരച്ചു, മലയിൽ കഞ്ചാവു പുക പരന്നൂ..” (യേശുദാസ്) വയലാറല്ലാതെ ആരെഴുതും, ഇങ്ങനെ?

“ചന്ദ്രകിരണം ചാലിച്ചെടുത്തൊരു സ്വർണ്ണതിലകം ചാർത്തി പാടാനെത്തി ഭഗവാനുറങ്ങും പാലാഴിക്കരയിൽ -ഞാനീ പാലാഴിക്കരയിൽ..” പി സുശീലയുടെ മറക്കാനാവാത്ത ഗാനങ്ങളിലൊന്ന്!

“പുനർജ്ജന്മം, ഇതു പുനർജ്ജന്മം പോകൂ, പോകൂ വേദാന്തമേ നിന്റെ പൊയ്മുഖം കണ്ടു ഞാൻ മടുത്തു..” (ജയചന്ദ്രൻ, മാധുരി) - വയലാർ പ്രതിഭ!

“സാമ്യമകന്നോരുദ്യാനമേ കല്പകോദ്യാനമേ, നിന്റെ കഥകളിമുദ്രയാം കമലദളത്തിലെൻ ദേവിയുണ്ടോ, ദേവി..” (യേശുദാസ്) മലയാളത്തിലെ ഏറ്റവും മികച്ച മെലഡി ഗാനങ്ങളിലൊന്ന്. ഖരഹരപ്രിയ രാഗത്തിലാണ് ദേവരാജൻമാഷ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നതു്.

#മനുഷ്യബന്ധങ്ങൾ മലയാളത്തിൽ മുപ്പത്തിനാലു സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള തിരുവനന്തപുരം സ്വദേശി വേലായുധൻ നായരാണു് ഈ സിനിമ സംവിധാനം ചെയ്തതെന്ന് പറയുമ്പോൾ നിങ്ങൾ ഒരുപക്ഷേ, നിങ്ങൾ നെറ്റിചുളിച്ചേക്കും. കാരണം, അദ്ദേഹത്തെ ആ പേരിലല്ല മലയാളസിനിമയിൽ അറിയപ്പെടുന്നത്. അദ്ദേഹം സംവിധാനംചെയ്ത രണ്ടാമത്തെ സിനിമ പ്രശസ്തനായ എൻ എൻ പിള്ളയുടെ ‘ക്രോസ്ബെൽറ്റ്’ എന്ന നാടകത്തിന്റെ സിനിമാരൂപാന്തരമായിരുന്നു. ആ ചിത്രം ഹിറ്റായതോടെ സിനിമയുടെ പേരും അദ്ദേഹത്തിന്റെ പേരിനോട് സ്ഥിരമായി ചേർക്കപ്പെട്ടു – ക്രോസ്ബെൽറ്റ് മണി. ഒരുപക്ഷേ സിനിമയുടെ പേര് സ്വന്തം പേരിന്റെ ഭാഗമായ അദ്യത്തെ മലയാളസിനിമാപ്രവർത്തകൻ! തിരക്കഥാകൃത്തും നിർമ്മാതാവുമൊക്കെയായിരുന്ന എം കെ മണിയുടെ കഥയ്ക്ക് തോപ്പിൽഭാസി തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രമാണിത്. ഇതിന്റെ നിർമ്മാണവും എം കെ മണിതന്നെയായിരുന്നു. പ്രേംനസീർ, ഷീല, ജയഭാരതി, അടൂർഭാസി, പി ജെ ആന്റണി മുതലായ പ്രമുഖതാരങ്ങളും അഭിനയിച്ച ഈ ചിത്രത്തിൽ മധുസാർ അവതരിപ്പിച്ചത് മാധവൻ കുട്ടി എന്ന കഥാപാത്രത്തെയാണു്.

#പുള്ളിമാൻ പ്രശസ്ത സാഹിത്യകാരനായ എസ് കെ പൊറ്റക്കാട് 1945ൽ എഴുതിയ ‘പുള്ളിമാൻ’ എന്ന കഥയുടെ ചലച്ചിത്രരൂപാന്തരം. പ്രശസ്ത നാടകകൃത്തായ തിക്കൊടിയനാണു് ഇതിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയതു്. ഇരുപത്തിനാലു ചിത്രങ്ങൾക്ക് ഛായാഗ്രാഹകനായ ഇ എൻ ബാലകൃഷ്ണൻ സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളിൽ രണ്ടാമത്തേതാണു് പുള്ളിമാൻ. ഇതിലെ ദേവയ്യൻ എന്ന പ്രധാന കഥാപാത്രത്തെയാണു് മധുസാർ അവതരിപ്പിച്ചത്.

കുടകിന്റെ മനോഹരമായ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയാണിതു്. എം എസ് ബാബുരാജ് -ശ്രീകുമാരൻ തമ്പി ടീമിന്റെ അഞ്ച് ഗാനങ്ങളിൽ യേശുദാസിന്റെ സുവർണ്ണഗാനങ്ങളിലൊന്നായ “ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ..” എന്ന ഗാനവും ജാനകിയുടെ മികച്ചഗാനങ്ങളായ “വൈഡൂര്യരത്നമാല ചാർത്തി..”, “ആയിരം വർണ്ണങ്ങൾ വിടരും..” എന്നീഗാനങ്ങളും ഉൾപ്പെടുന്നു.

പുള്ളിമാൻ ഒരുപക്ഷേ മലയാളത്തിലെ ആദ്യകാലസിനിമകളിലൊന്നാവേണ്ടതായിരുന്നു. 1950 കളുടെ ആദ്യം കണ്ടമത്ത് ശ്രീധരൻ നായർ എന്നൊരു നിർമ്മാതാവ് ‘പുള്ളിമാൻ’ സിനിമയാക്കാൻ തീരുമാനിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കുകയും സാമ്പത്തികപ്രശ്നങ്ങളെത്തുടർന്ന് ഉപേക്ഷിക്കുകയും ചെയ്തു. അറുപതുകളിൽ പി ഭാസ്കരൻ പുള്ളിമാൻ സിനിമയാക്കാൻ ശ്രമം നടത്തി. ചെന്നൈ(മദ്രാസ്)യിലുള്ള ജി റാവു നിർമ്മാണമേറ്റെടുത്ത്, പി ഭാസ്കരനെ സംവിധാനവും ഗാനരചനയും നടത്താൻ ഏല്പിച്ചു. ബാബുരാജിനെ സംഗീതസംവിധായകനായി തീരുമാനിക്കുകയും ചെന്നൈയിൽ ഒരു സ്റ്റുഡിയോ നിശ്ചയിക്കുകയും ചെയ്തു. എന്നാൽ നിർമ്മാണം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് നിർമ്മാതാവ് സാമ്പത്തികപ്രശ്നങ്ങളാൽ പിന്മാറി!പിന്നീട് രണ്ട് ദശകങ്ങൾക്കുശേഷം പുള്ളിമാൻ കളർസിനിമയായിവന്നപ്പോൾ സംഗീതസംവിധായകനായി ബാബുരാജ്തന്നെ വന്നത് കൗതുകകരമായൊരു കാര്യം!

#വിദ്യാർത്ഥികളേ ഇതിലേ, ഇതിലേ 1971 ൽ അടൂർ ഗോപാലകൃഷ്ണൻ എന്ന സംവിധായകൻ തുടക്കംകുറിച്ചെങ്കിൽ 1972 ൽ മറ്റൊരു സംവിധായകപ്രതിഭയുടെ ഉദയം മലയാളസിനിമ കണ്ടു- മലയാളികളുടെ സിനിമാസങ്കല്പങ്ങളെ മാറ്റിയെഴുതിയ ജോൺ ഏബ്രഹാം! അദ്ദേഹത്തിന്റെ ആദ്യ സിനിമയാണ് ‘വിദ്യാർത്ഥികളേ ഇതിലേ, ഇതിലേ’. ഈ പ്രതിഭയുടേയും ആദ്യചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാൻ മധുസാറിനുതന്നെയാണ് നിയോഗമുണ്ടായത്.

ഏറെ പുതുമകളും കൗതുകങ്ങളും നിറഞ്ഞ സിനിമയാണിത്. നിർമ്മാതാവിന്റെ പേര് ‘മിന്നൽ’ എന്നാണു് കാണുന്നത്. എം.ഉദുമാന്‍മുഗൈദീന്‍ എന്ന വ്യക്തിയാണത്. വേറെ സിനിമകളൊന്നും നിർമ്മിച്ചതായി കാണുന്നുമില്ല.

ജോൺ ഏബ്രഹാമിന്റേതുതന്നെയാണ് കഥ.(അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും അങ്ങനെതന്നെയായിരുന്നു.) കഥയും പ്രമേയവും പുതുമനിറഞ്ഞതായിരുന്നു. ഈ ചിത്രത്തിൽ മാത്രം തിരക്കഥയും സംഭാഷണവും എം. ആസാദ് ആയിരുന്നു.(ബാക്കി ജോൺതന്നെ).

ആസാദിനെപ്പറ്റി പറയേണ്ടതുണ്ട്. ഏറെ പ്രതിഭയുണ്ടായിട്ടും, അത് തെളിയിച്ചിട്ടും, സിനിമയുടെ മായാലോകത്ത് പിടിച്ചുനിൽക്കാനാവാതെ തിരസ്കൃതനും പരാജിതനുമാവേണ്ടിവന്ന വേദനിപ്പിക്കുന്ന കഥ !

കൊല്ലം എസ് എൻ കോളേജ് വിദ്യാർത്ഥിയായിരിക്കെ മുൾക്കിരീടം എന്നൊരു നാടകം എഴുതി അവതരിപ്പിച്ച് ശ്രദ്ധേയനായി. ഒരുപാട് അമച്വർക്ലബ്ബുകൾ ആ നാടകം അവതരിപ്പിച്ചു. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ തിരക്കഥ ബിരുദത്തിനുചേർന്നശേഷം അദ്ദേഹം എഴുതിയ അനേകം ലേഖനങ്ങൾ എം ടി യുടെ ശ്രദ്ധയിൽപ്പെടുകയും മാതൃഭൂമിയിൽ ലോകസിനിമകളെപ്പറ്റി എഴുതാൻ ക്ഷണിക്കുകയും ചെയ്തു. മാതൃഭൂമിയിലൂടെ അനേകം വിദേശസിനിമകളെ അദ്ദേഹം മലയാളികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് തിരക്കഥയിൽ ഒന്നാംറാങ്കം സ്വർണ്ണമെഡലുമായി ബിരുദം പൂർത്തിയാക്കി. എം ടി യുടെ നിർമ്മാല്യത്തിനുവേണ്ടി രവിമേനോന്റെയും സുമിത്രയുടേയും നിരവധി രംഗങ്ങൾ ഷൂട്ടു ചെയ്തത് ആസാദായിരുന്നു.

മൂന്നു ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി (വിദ്യാർത്ഥികളെ ഇതിലേ, ഇതിലേ; പാതിരാവും പകൽ വെളിച്ചവും; വെളുത്തപക്ഷി) മൂന്ന് മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്തു (അതിൽ രണ്ടെണ്ണം എം ടിയുടേത് : പാതിരാവും പകൽവെളിച്ചവും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ). എം.ടി തിരക്കഥയും സംഭാഷണവുമെഴുതിയിട്ടും പ്രേംനസീറും ജയഭാരതിയുമൊക്കെയുണ്ടായിട്ടും പാതിരാവും പകൽവെളിച്ചവും പ്രതീക്ഷിച്ച വിജയം നേടിയില്ല. മമ്മൂട്ടിയുടെ ആദ്യചിത്രമാണ് വിൽക്കാനുണ്ട് സ്വപ്നങ്ങൾ. ഇതും എംടിയുടെ കഥയും തിരക്കഥയിലുമുള്ള സിനിമയായിരുന്നു. കേരളത്തിലും ഗൾഫിലുമായി ചിത്രീകരിച്ച ഈ ചിത്രം സാമ്പത്തികപ്രതിസന്ധിമൂലം പലതവണ മുടങ്ങി. പിന്നീട് ഏറെ പരിമിതികളോടെ പൂർത്തിയാക്കി പ്രദർശനത്തിനെത്തിയെങ്കിലും സാമ്പത്തികമായി വിജയമാവാതിരുന്നത് ആസാദിനെ പരിക്ഷീണനാക്കി. ഒരു വമ്പൻചിത്രമായിട്ടുകൂടി സംവിധായകൻ എന്ന നിലയ്ക്ക് ആസാദിനു ലഭിച്ച പ്രതിഫലം 100 രൂപയും വർക്കലയ്ക്കുള്ള ഒരു ട്രെയിൻടിക്കറ്റുമായിരുന്നത്രേ!*സുഹൃത്തുക്കളുടെ സഹായത്തോടെ 1981ൽ നിർമ്മാണമാരംഭിച്ച്, ആസാദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ച വെളുത്തപക്ഷി പാതിവഴിയിൽ മുടങ്ങി. തുടർച്ചയായ പരാജയങ്ങളും പീഡനങ്ങളും സാമ്പത്തിക പരാധീനതകളുംകാരണം 1981 ൽ അദ്ദേഹം സ്വജീവൻ ഉപേക്ഷിക്കുകയാണുണ്ടായത്. മലയാളസിനിമയ്ക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്ന ഒരു പ്രതിഭ അങ്ങനെ അവഗണനയുടേയും പരാജയത്തിന്റെയും വഴിയിലൂടെ വിസ്മൃതിയിൽ മാഞ്ഞു! ഏറ്റവും വേദനിപ്പിക്കുന്ന ഒരു കാര്യം ഉത്തരായണം ആസാദ് സംവിധാനം ചെയ്യണമെന്നും താൻ അതിന്റെ സഹസംവിധായകൻ ആവാമെന്നുമാണ് അരവിന്ദൻ തീരുമാനിച്ചിരുന്നത്! അരവിന്ദനെപ്പോലൊരു സംവിധായകന് ആസാദിന്റെ കഴിവിൽ അത്രമേൽ വിശ്വാസമുണ്ടായിരുന്നിരിക്കണം! അങ്ങനെ നടന്നിരുന്നെങ്കിൽ ഒരുപക്ഷേ, ആസാദിന്റെ ജീവിതത്തിലും മലയാളസിനിമയുടെ ചരിത്രത്തിലും അതൊരു വഴിത്തിരിവായേനെ! ചരിത്രം പരാജിതരുടേതുകൂടിയാണു്! ആസാദിന് സ്മരണാഞ്ജലി!

വയലാർ - എം ബി എസ് കൂട്ടുകെട്ടിന്റെ മൂന്നുഗാനങ്ങൾ. അതിൽ “വെളിച്ചമേ നയിച്ചാലും..” എന്ന, ജാനകി ആലപിച്ച പ്രാർത്ഥനാനിർഭരമായ ഗാനം മികച്ചു നിൽക്കുന്നു. “നളന്ദാ, തക്ഷശില..” എന്നഗാനം യേശുദാസും ജാനകിയും വെവ്വേറെ രണ്ടു ഗാനങ്ങളായി പാടിയിരിക്കുന്നു. എടുത്തുപറയേണ്ടതാണ് മൂന്നാമത്തെ ഗാനം. അതൊരു യുഗ്മഗാനമാണ്. ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ ചിരി - അടൂർഭാസിയും, തമിഴിന്റെ ഒരിയ്ക്കലും പകരംവയ്ക്കാനില്ലാത്ത ചിരി - മനോരമയും! “ചിഞ്ചിലം ചിലുചിലു ചിഞ്ചിലം ചിലുചിലു ചിങ്കാരപ്പൂങ്കുറത്തീ, നിന്റെ അമ്മാംകുടത്തിൽ തേനോ പാലോ..” എന്നഗാനമാണത്!

1972 ലെ ആറു സിനിമകളെപ്പറ്റിയേ ഇതുവരെ നമ്മൾ പറഞ്ഞുള്ളൂ. ബാക്കി പത്ത് ചിത്രങ്ങളെക്കുറിച്ച് അടുത്ത രണ്ടു ഭാഗങ്ങളിൽ പറയാം.. അവയിൽ ഏറെ ശ്രദ്ധേയമായ ചില ചിത്രങ്ങളുണ്ട്. അവയുമായി വീണ്ടും കാണുംവരെ കാത്തിരിക്കുക.. നമുക്കൊരുമിച്ച് യാത്രതുടരാം…

വര, എഴുത്ത് : പ്രദീപ് Pradeep Purushothaman

#മാധവം #Madhavam

*അവലംബം : m3db.com, malayalasangeetham.com, Hinduonline


bottom of page