top of page

മാധവം. 3മാധവം.3 #മാധവം #Madhavam തിരനോട്ടത്തിൽ മധുസാറിനെ കുറിച്ചുള്ള വിശദാംശങ്ങൾ പൂർണ്ണമല്ല. മനപൂർവ്വം അത്രമേൽ ഹ്രസ്വമാക്കിയതാണ്. കാരണം ഈ എഴുത്ത് തുടർന്നു കൊണ്ടേയിരിക്കുന്നതിനാൽ ബഹുമുഖ പ്രതിഭയായ മധുസാറിനെ കുറിച്ചുള്ള കൂടുതൽ അറിവുകൾ പല പല എഴുത്തുകളിലുമായി പയ്യെ പയ്യെ പങ്കുവയ്ക്കാം.

#നിണമണിഞ്ഞകാൽപ്പാടുകൾ എന്ന ചിത്രത്തെ കുറിച്ചു പറഞ്ഞുപോയപ്പോൾ ഒന്നു സൂചിപ്പിച്ചിരുന്നു. ആ ചിത്രത്തോടൊപ്പം തന്നെ അണിയറയിലൊരുങ്ങിയിരുന്ന ചിത്രമായിരുന്നു മൂടുപടമെന്ന്. ആദ്യം പ്രേക്ഷകരിലേക്ക് എത്തിയത് നിണമണിഞ്ഞ കാൽപ്പാടുകൾ ആയിരുന്നുവെന്നതിനാലാണ് മധുസാറിന്റെ ആദ്യ ചിത്രം അതായത്, കൃത്യം രണ്ടു മാസങ്ങൾക്ക് ശേഷം മൂടുപടവും തിരശീലയിലെത്തി.

1963 ൽ മധു സാറിന്റേതായി പുറത്തിറങ്ങിയത് മൂന്നു ചിത്രങ്ങളായിരുന്നു. നിണമണിഞ്ഞ കാൽപ്പാടുകളും, മൂടുപടവും, അമ്മയെ കാണാനും

ഓരോ ചിത്രത്തേയും കുറിച്ചു സവിസ്തരം പറഞ്ഞുപോകണമെന്നുണ്ടെങ്കിലും വിസ്താരഭയം മൂലം ഇനിയുള്ള പല ചിത്രങ്ങളും കേവലം ചെറുവാക്കിൽ മാത്രം ഒതുക്കി പോകുന്നതിൽ പരിഭവം തോന്നരുത്. മൂടുപടം എന്ന ചിത്രത്തെ കുറിച്ചു പരാമർശിച്ചു പോകാതിരിക്കുന്നത് നീതികേടാണ്. ശ്രീ എസ് കെ പൊറ്റക്കാടിന്റെ അതേ പേരിലെഴുതിയ നോവലിന് ശ്രീ കെ ടി മുഹമ്മദ് ചലച്ചിത്ര ഭാഷ്യം നൽകി ശ്രീ രാമു കാര്യാട്ട് അഭ്രപാളിയിലെത്തിച്ച ചിത്രമാണ് മൂടുപടം.

ഈ ചിത്രം നിർമ്മിച്ചത് കൊച്ചിക്കാരനായ ടി കെ പരീകുട്ടിയാണ്. ഈ എഴുത്തിൽ ഈ നിർമ്മാതാവിനെ കൂടി, ചേർത്തു നിർത്തേണ്ടതുണ്ട്. കാരണം അത്രമേൽ മനോഹരങ്ങളായ ചിത്രങ്ങൾ നിർമ്മിക്കുകയും, പല ചിത്രങ്ങൾക്കും ദേശീയ പുരസ്‌കാരം നേടി നമ്മുടെ ഭാഷയേയും സിനിമയേയും രാജ്യം മുഴുക്കെ അറിയിച്ച ആൾ കൂടി എന്ന നിലയിലും ഇനി പരിചയപ്പെടുത്താനിരിക്കുന്ന പല സിനിമകളുടെയും നിർമ്മാതാവ് എന്ന നിലയിലും ഈ എഴുത്തിലൂടെ അദ്ദേഹത്തെ സ്മരിക്കുന്നു, ചേർത്തുനിർത്തുന്നു മധുസാറിന്റെ ആദ്യ ചിത്രം പ്രേം നസീർ സാറിനൊപ്പമായിരുന്നുവെങ്കിൽ രണ്ടാമത്തെ ചിത്രമായിരുന്ന മൂടുപടം സത്യൻ മാഷിനൊപ്പമെന്നതിൽ മധുസാറിന്റെ പ്രാഗത്ഭ്യം തന്നെയാണ് വിളിച്ചോതുന്നത്. ഈ ചിത്രത്തിലും അംബിക (മുൻകാല) തന്നെയായിരുന്നു നായികയും. ഹിന്ദു-മുസ്‌ലിം മൈത്രിയുടെ കഥയായിരുന്നു മൂടുപടം, ഒരുപക്ഷേ ഈ കലുഷിത കാലഘട്ടത്തിൽപോലും പ്രസക്തിയുള്ള ചിത്രം.

ആ ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജരായിരുന്നയാൾ പിന്നീട് മലയാളസിനിമയിലെ പ്രഗത്ഭനായ സംവിധായകാനായി മാറുകയും മനോഹരങ്ങളായ ചിത്രങ്ങൾ മലയാളിക്കേകുകയും ചെയ്തു. ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട മണിമുഴക്കവും, കബനീനദി ചുവന്നപ്പോഴും, ചാപ്പയും, ചാരവും, ചുവന്ന വിത്തുകളുമൊക്കെ പ്രേക്ഷകരിലേക്കെത്തിച്ച ശ്രീ പി.എ. ബക്കറായിരുന്നു ആ പ്രൊഡക്ഷൻ മാനേജർ

ഇന്നും ഓരോ മലയാളിയുടെ ചുണ്ടിലും മായാതെ മറയാതെ മൂളിപോകുന്ന ആ ഗാനം, #തളിരിട്ടകിനാക്കൾതൻ.... അതേ, പ്രിയ ഗായിക എസ്. ജാനകി പാടിയ ആ ഗാനം, അത് മൂടുപടത്തിലെതായിരുന്നു.. കൂടാതെ ഈ പുതു കാലഘട്ടത്തിലെ പുതു ചിത്രത്തിൽ പോലും മലയാളി കേട്ട ആ പഴയ ഗാനം, മ്മ്‌ടെ മെഹബൂബ്‌ ഭായിയുടെ #എന്തൊരുതൊന്തരവ് എന്നു തുടങ്ങുന്ന ഗാനവും ഈ ചിത്രത്തിലെ തന്നെ. #പണ്ടെന്റെമുറ്റത്ത് എന്ന മനോഹര ഗാനമടക്കം ഏതാണ്ട് പത്തോളം അതി ഗംഭീരമായ പാട്ടുകൾകൊണ്ടു സമ്പുഷ്ടമായിരുന്നു മൂടുപടം. ഈ ഗാനങ്ങൾ ഒരുക്കിയതോ, പലയാള സംഗീത ലോകത്തെ പ്രഗത്ഭരായ ബാബുരാജെന്ന ബാബുക്കയും, ഭാസകരൻ മാഷും ഒപ്പം യൂസഫലികേച്ചേരിയും

1963 ന്റെ ഒടുക്കത്തിൽ മധുസാറിന്റേതായി പുറത്തുവന്ന മൂന്നാം സിനിമയെ കുറിച്ചു കൂടി പറഞ്ഞീകുറിപ്പവസാനിപ്പിക്കാം. അതു പറയുന്നതിന് മുൻപ്, അന്നൊക്കെ മലയാള സിനിമയിൽ വിസ്മയമായ സിനിമാ ഗാനങ്ങളെ കുറിച്ചോർക്കണം. ഒരു സിനിമയിൽ തന്നെ എട്ടും പത്തും ഗാനങ്ങളുണ്ടായിരുന്നു.

അക്കാലഘട്ടത്തിലൊക്കെ നാട്ടിലെ ഓരോ കല്യാണങ്ങൾക്കും തെങ്ങിന് മുകളിൽ മൈക്ക് കെട്ടി പെട്ടിപ്പാട്ടുവയ്ക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഓരോ കല്യാണവും ഓരോ ഉത്സവങ്ങളായിരുന്നു. ഇന്നും പഴയ ചില ഗാനങ്ങൾ കേൾക്കുമ്പോൾ പഴയ കാല മനസ്സുകളിൽ ചിലരുടെ കല്യാണമായിരിക്കും ആദ്യം ഓർമ്മയിലെത്തുക.

ഇത്രയും പറയാൻ കാരണം മധു സാറിന്റെ മൂന്നാം സിനിമയായ അമ്മയെ കാണാൻ എന്ന ചിത്രത്തിലെ പാട്ടുകൾ കൂടിയാണ്.

11 പാട്ടുകൾ കൂടിയാണ് ആ ചിത്രത്തെ അത്രമേൽ മനോഹരമാക്കിയത്. പി.ഭാസ്കരൻ മാഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആ ചിത്രത്തിലും സത്യൻ മാഷും മധു സാറും തന്നെയായിരുന്നു പ്രധാന കഥാപാത്രങ്ങൾ. പഴയകാല നടി അംബിക തന്നെയായിരുന്നു നായികയും.

ഈ ചിത്രത്തിലെ ഗാനങ്ങൾ മുഴുക്കെ ചിട്ടപ്പെടുത്തിയത് കെ രാഘവൻ മാഷായിരുന്നു. മാഷിന്റെ വിരലുകളിൽ വിരിഞ്ഞ അതിലെ പല ഗാനങ്ങളും ഇന്നിലും ഏറ്റവും പുതിയ തലമുറയിലെ കുരുന്നുകൾ പോലും മൂളി നടക്കുന്നുവെന്നത് ആ ഗാനങ്ങളുടെ അത്രമേലുള്ള പ്രസക്തി തന്നെയാണ് പ്രകടമാകുന്നത്

അതിൽത്തന്നെ എടുത്തുപറയേണ്ട ഗാനമായിരുന്നു എസ് ജാനകി പാടി അതി മനോഹരമാക്കിയ #ഉണരുണരൂ എന്നു തുടങ്ങുന്ന ഗാനം. മലയാളത്തിൽ എക്കോ എഫക്ട് എന്ന രീതി ഇല്ലാതിരുന്നിട്ടും തോണിയിൽ പുഴയുടെ മദ്ധ്യത്തിരുന്നു നായിക പാടുമ്പോൾ ആ മാറ്റൊലികൂടി പാട്ടിൽ ലയിപ്പിച്ച മാഷിന്റെ വൈഭവം പറഞ്ഞുപോകാതെ വയ്യ. #കൊന്നപ്പൂവേ #മധുരപ്പതിനേഴുകാരി ഇങ്ങിനെ ഇനിയുമിനിയുമെത്രയോ ഗാനങ്ങൾ.

ഇന്നും മലയാളി മനസ്സുകളിൽ തങ്ങി നിൽക്കുന്ന പല ഗാനങ്ങളിലും മധു സാറും ഭാഗഭാക്കായിരുന്നുവെന്നതിൽ അദ്ദേഹത്തിന് അഭിമാനിക്കാം, ഒപ്പം ഈ പ്രതിഭയ്ക്കൊപ്പം ഈ കാലഘട്ടത്തിലൂടെ കടന്നു പോകുന്നതിൽ നമുക്കും

1963 മാത്രമേ കഴിഞ്ഞിട്ടുള്ളൂ, 1964 ഇതിനേക്കാൾ കേമമാണ്, സിനിമകൊണ്ടും, സംഗീതമടക്കം പല മേഖലകളും വാർത്തകൾ കൊണ്ടും.

അടുത്ത എഴുത്തിനും, പുതു വരയ്ക്കുമായി കാത്തിരിക്കുമല്ലോ...

#മാധവം തുടർന്നു കൊണ്ടേയിരിക്കും, പുഴയൊഴുകും പോലെ

വര : പ്രദീപ് Pradeep Purushothaman എഴുത്ത് : അനിൽ Anil Zain

bottom of page