top of page

മാധവം. 30


മാധവം. 30

#ചെമ്പരത്തി മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ചെമ്പരത്തി. പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി പി എൻ മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് ചെമ്പരത്തി. മലയാളനാട് വാരികയുടെ സ്ഥാപകനായ എസ് കെ നായരാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്.

1972 ലെ സംസ്ഥാന ചലചിത്ര അവാർഡുകളിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനും, മികച്ച സംഗീതസംവിധായകന് ജി ദേവരാജനും അവാർഡുകൾ നേടിക്കൊടുത്തു ‘ചെമ്പരത്തി’.

ഈയിടെ അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ ആണ് ഇതിലെ നിശ്ചലഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതു്.

ഈ സിനിമയുടെ പേരിൽ പിന്നീട് മലയാളസിനിമയിൽ അറിയപ്പെട്ട ചെമ്പരത്തി ശോഭനയാണ് ഇതിലെ നായിക. റോജരമണി എന്ന ശോഭന 1966 ൽ അഞ്ചാമത്തെ വയസ്സിൽ ‘ഭക്തപ്രഹ്ലാദ’ എന്ന തെലുങ്കുസിനിമയിലൂടെ ബാലതാരമായി അഭിനയം തുടങ്ങി. ഈ ചിത്രത്തിലെ അഭിനയത്തിന് ബാലതാരത്തിനുള്ള ദേശീയപുരസ്കാരം നേടി. മലയാളത്തിൽ 1971ൽ ബി കെ പൊറ്റെക്കാടിന്റെ ‘പൂമ്പാറ്റ’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ബാലതാരമായി തുടക്കം. ഈ സിനിമയിൽ പ്രശസ്തതാരം ശ്രീദേവിയും ശോഭനയോടൊപ്പം ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ശോഭനയുടെ പേരിന്റെ ഭാഗമായ ചെമ്പരത്തി, മലയാളത്തിലെ അവരുടെ മൂന്നാമത്തെ ചിത്രമാണു്. പതിമൂന്നാമത്തെ വയസ്സിൽ നായികയായി, ചെമ്പരത്തിയിലൂടെ. തെലുങ്കിലെ നടനായ ചക്രപാണിയെ (ഇപ്പോൾ ഇ ടിവി ഒറിയ യുടെ തലവൻ) വിവാഹം ചെയ്തശേഷം സിനിമാഭനിയം നിർത്തിയ റോജരമണി, രണ്ടുകൊല്ലത്തിനുശേഷം ഡബ്ബിങ് ആർട്ടിസ്റ്റായി തിരിച്ചുവന്നു. അക്കാലത്തെ പ്രശസ്ത താരങ്ങളായ സുഹാസിനി, മീന, രാധ, രാധിക, പൂർണ്ണിമ ജയറാം, രമ്യാകൃഷ്ണൻ, റോജ, വിജയശാന്തി, ശിൽപാഷെട്ടി, ദിവ്യഭാരതി, നഗ്മ, ഖുഷ്ബു എന്നിങ്ങനെയുള്ള താരങ്ങൾക്കായി 400 ലധികം സിനിമകളിൽ ശബ്ദം കൊടുത്തു. മകൻ തരുൺകുമാർ അഭിനേതാവാണ്. മലയാളത്തിൽ മൂന്നു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

വയലാർ രാമവർമ്മ – ജി ദേവരാജൻ കൂട്ടുകെട്ടിൽപ്പിറന്ന, മലയാളത്തിലെ സൂപ്പർഹിറ്റുകളായ ഗാനങ്ങളുൾപ്പടെ അഞ്ചു ഗാനങ്ങളാണ് ഇതിലുള്ളത്. മലയാളത്തിലെ ഏറ്റവും മികച്ചഗാനങ്ങളിലൊന്നായ, വയലാർ ഇന്ദ്രജാലം നിറഞ്ഞുനിൽക്കുന്ന മനോഹരകവിത, ഹമീർകല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തിയ ക്ലാസ്സിക് സിനിമാഗാനം – “ചക്രവർത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നൂ പുഷ്പപാദുകം പുറത്തുവച്ചു നീ നഗ്നപാദയായകത്തു വരൂ..” വയലാറിന്റെ ഈ ഗാനം പുഷ്പപാദുകത്തോടെതന്നെ ആസ്വാദകരുടെ മനസ്സിലെ ശില്പഗോപുരത്തിൽ എന്നന്നേയ്ക്കുമായി അഷ്ടബന്ധമിട്ട് ഉറപ്പിയ്ക്കപ്പെട്ടു! ഈ ഗാനം യേശുദാസും മാധുരിയും വെവ്വേറെ പാടി. സിനിമയിൽ മൂന്നുതവണ ആവർത്തിക്കുന്നുണ്ട്.

മറ്റൊന്ന് സിനിമയുടെ അതിർത്തിയും ഭേദിച്ച് ജനഹൃദയങ്ങളിലേയ്ക്ക് ചേക്കേറിയ, എക്കാലത്തെയും മികച്ച അയ്യപ്പഭക്തിഗാനം. ശ്യാമരാഗത്തിന്റെ വശ്യയതയിൽ, ഇന്നും ഭക്തമാനസങ്ങളെ ലഹരിയിലാറാടിക്കുന്ന ഭക്തിഗാനം: “ശരണമയ്യപ്പ, സ്വാമിശരണമയ്യപ്പ ശബരിഗിരിനാഥാ, സ്വാമീശരണമയ്യപ്പ…”

പിന്നെ മാധുരിയുടെ രണ്ട് ഹിറ്റ് ഗാനങ്ങൾ: “കുണുക്കിട്ട കോഴി കുളക്കോഴി.. കുന്നിൻ ചരുവിലെ വയറ്റാട്ടീ..”

“അമ്പാടിതന്നിലൊരുണ്ണീ അഞ്ജനക്കണ്ണനാമുണ്ണീ..” എന്നിവ.

കൂടാതെ “പൂവേ പൊലി പൂവേ..” എന്നു തുടങ്ങുന്ന, മാധുരിയും സംഘവും പാടിയ, ഒരുഗാനവും ഈ ചിത്രത്തിലുണ്ട്.

കലാസംവിധായകനായി ഭരതന്റെ രണ്ടാമത്തെ ചിത്രം.

മലയാളത്തിലെ അക്കാലത്തെ ഒരു ബോക്സോഫീസ് ഹിറ്റ് ആയിരുന്നു ചെമ്പരത്തി.

#സ്നേഹദീപമേ മിഴിതുറക്കൂ കോവിഡ് കാലത്ത് ഒരു സാന്ത്വനംപോലെ പ്രചരിച്ചപാട്ടാണ് “ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴിതുറക്കൂ..” ഒരു ചെറുത്തുനില്പിനുള്ള താങ്ങായി, സാന്ത്വനമായി, ഈ ഗാനത്തെ ലോകം മുഴുവൻ ഏറ്റെടുത്തു.

1972 ൽ വിഖ്യാത ബംഗാളി സാഹിത്യകാരൻ താരാശങ്കർ ബന്ദോപാദ്ധ്യായയുടെ കഥയെ അടിസ്ഥാനമാക്കി എസ് എൽ പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവുമെഴുതി പി ഭാസ്കരൻ സംവിധാനം ചെയ്ത ‘സ്നേഹദീപമേ മിഴിതുറക്കൂ’ എന്ന ചിത്രത്തിലെ ഗാനമാണിതു്. പി ഭാസ്കരൻ ഗാനരചനയും പുകഴേന്തി സംഗീതസംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിലെ ഗാനങ്ങളിലൊന്ന്! അര നൂറ്റാണ്ടിനുമുമ്പെഴുതിയ ഒരു ഗാനം വർത്തമാനകാലത്തിന്റെ ആശയും സാന്ത്വനവുമാവുന്ന ഒരപൂർവ്വ സംഭവത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നതു്. പ്രസിദ്ധ പാട്ടെഴുത്തുകാരൻ രവിമേനോന്റെ വാക്കുകൾ ശ്രദ്ധിക്കാം :

“പിറന്നുവീണ് അരനൂറ്റാണ്ടിനിപ്പുറം സ്വന്തം സംഗീതസൃഷ്ടികളിലൊന്ന് ജന്മനാട്ടിൽ ഇത്രയേറെ ആഘോഷിക്കപ്പെടുന്ന അത്ഭുതകരമായ കാഴ്ചകണ്ട് അകലെ ആകാശസീമകളിലെങ്ങോ ഇരുന്ന് പുകഴേന്തിയുടെ (ഭാസ്കരൻ മാഷിന്റെയും) ആത്മാവ് പുഞ്ചിരിക്കുന്നുണ്ടാവും. “മുട്ടുകുത്തിനിന്നും പൂജാമുറിയിൽ തൊഴുതുനിന്നും ചമ്രം പടിഞ്ഞിരുന്നുമൊക്കെ പാടാവുന്ന ഒരു പാട്ടാവണം ഇത്. ആർക്കും പാടാവുന്ന ലളിതമായ ഒരു പ്രാർത്ഥനാഗീതം.” സ്നേഹദീപത്തിന്റെ വരികൾ എഴുതിക്കൊടുക്കുമ്പോൾ ഭാസ്കരൻ മാഷ് പുകഴേന്തിയോട് പറഞ്ഞു. വിശ്രുത ബംഗാളി എഴുത്തുകാരൻ താരാശങ്കർ ബന്ദോപാദ്ധ്യായയുടെ കഥയെ അവലംബിച്ചെടുത്ത പടമായിരുന്നതിനാലാവണം, രചയ്ക്ക് മാഷ് ആധാരമാക്കിയത് ഇഷ്ടകവിയായ സാക്ഷാൽ രവീന്ദ്രനാഥ ടാഗോറിന്റെ വിഖ്യാതമായ ഒരു ബംഗാളി കവിതയാണു് – പരമഹംസ യോഗാനന്ദ ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്ത ‘Light the lamp of thy love’. മനസ്സിലെ അന്ധകാരം നീക്കി സ്നേഹത്തിന്റെ ദീപം തെളിയിക്കുക എന്ന ആശയമേ ആ കവിതയിൽനിന്ന് എടുത്തിട്ടുള്ളൂ ഭാസ്കരൻ മാഷ്. ബാക്കിയെല്ലാം മാഷിന്റെ ഭാവനയിൽനിന്നുയിർകൊണ്ട വരികളും ഇമേജറികളുമാണു്!”

ഭാസ്കരൻ മാഷിന്റെ ആ ആഗ്രഹം പൂർണ്ണമായും ഉൾക്കൊണ്ട് പുകഴേന്തി യമുനാകല്യാണിയുടെ മനോഹാരിതയിൽ ഒരുക്കിയെടുത്തതാണ് “ലോകം മുഴുവൻ സുഖം പകരാനായ്..”എന്ന ഈ അനശ്വരഗാനം. ചിത്രത്തിൽ ഇത് രണ്ടുതവണ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഒന്ന് എസ് ജാനകി സോളോ ആയും മറ്റൊന്ന് എസ് ജാനകിയോടൊപ്പം ബ്രഹ്മാനന്ദൻ, ബി വസന്ത, രവീന്ദ്രൻ മാഷ് എന്നിവർചേർന്ന സംഘഗാനമായും.

ഈ ഗാനം കൂടാതെ അഞ്ചുഗാനങ്ങൾകൂടിയുണ്ട്. അതിലൊന്ന് “നിന്റെ മിഴികൾ, നീല മിഴികൾ എന്നെയിന്നലെ ക്ഷണിച്ചു..”(യേശുദാസ്) എന്ന മനോഹരഗാനം.

മറ്റുള്ളവ: “ചൈത്രമാസത്തിലെ..”(യേശുദാസ്) “നിന്റെ ശരീരം കാരാഗൃഹം..”(യേശുദാസ്) “നാടകം തീർന്നു ശൂന്യമീ വേദിയിൽ..” (ജാനകി) “രോഗങ്ങളില്ലാത്ത രോഗം വന്നാൽ..”(യേശുദാസും സംഘവും)

മധുസാർ കൃഷ്ണൻ നമ്പൂതിരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ ശാരദ, കെ പി ഉമ്മർ, അടൂർഭാസി തുടങ്ങിയ അന്നത്തെ പ്രമുഖതാരങ്ങളെല്ലാം അഭിനയിച്ചിട്ടുണ്ട്.

#പുത്രകാമേഷ്ടി മധുസാർ ഇരട്ടവേഷങ്ങളിലഭിനയിച്ച ആദ്യ ചിത്രം. (കേശവൻ നായർ, കരുണാകരൻ ഐ പി എസ് എന്നീവേഷങ്ങൾ).

കടവൂർ ചന്ദ്രൻപിള്ള കഥ, തിരക്കഥ, സംഭാഷണം എഴുതി, ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത ചിത്രം. ഒരു എന്റർടെയിനർ ചിത്രത്തിനുവേണ്ട എല്ലാ ചേരുവകളും ചേർന്ന ഒരു ചിത്രം.

കടവൂർ ചന്ദ്രൻപിള്ള കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ഏക ചിത്രമാണിത്. 1983 ൽ പി ചന്ദ്രകുമാർ സംവിധാനം ചെയ്ത ആന എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

വയലാർ - ദക്ഷിണാമൂർത്തി കൂട്ടുകെട്ടിന്റെ അഞ്ചുഗാനങ്ങളിൽ ബ്രഹ്മാനന്ദന്റെ ഹിറ്റ് ഗാനങ്ങളിലൊന്നായ “ചന്ദ്രികാചർച്ചിതമാം രാത്രിയോടോ..” എന്ന മനോഹരഗാനവും ഉൾപ്പെടുന്നു.

#ലക്ഷ്യം ഷേർളി കഥയിൽ ജിപ്സൺ തിരക്കഥയും സംഭാഷണവും സംവിധാനവും നിർമ്മാണവും നിർവഹിച്ച ചിത്രമാണു് ലക്ഷ്യം. ഷേർളിയും ജിപ്സണും ചേർന്നാണ് ഇതിലെ ഗാനങ്ങളും എഴുതിയത്. ഷേർളി ജേസിയുടെ തുറമുഖം എന്ന ചിത്രത്തിനുകൂടി കഥയെഴുതി. കന്യാകുമാരി എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു. എം കെ അർജ്ജുനൻ സംഗീതം നൽകിയ ഈ ചിത്രത്തിലെ അഞ്ചു ഗാനങ്ങളിൽ നാലെണ്ണം ഷേർളിയും ഒരെണ്ണം സംവിധായകൻ ജിപ്സണും എഴുതി. ജിപ്സൺ മറ്റേതെങ്കിലും ചിത്രം ചെയ്തതായി കാണുന്നില്ല.

സത്യൻ, മധു, ജയഭാരതി, രാഗിണി തുടങ്ങി വലിയൊരു താരനിരയുണ്ട് ഈ സിനിമയിൽ. വർഗീസ് കാട്ടിപ്പറമ്പൻ എന്ന നാടകനടൻ പ്രസാദ് എന്ന പേരിൽ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

#തീർത്ഥയാത്ര പ്രശസ്ത സാഹിത്യകാരൻ വി ടി നന്ദകുമാറിന്റെ ആദ്യ സിനിമയാണിത്. അദ്ദേഹത്തിന്റെ ‘ദൈവത്തിന്റെ മരണം’ എന്ന നോവലിന്റെ ചലച്ചിത്രരൂപാന്തരം. അദ്ദേഹതന്നെ തിരക്കഥയും സംഭാഷണവുമെഴുതി എ വിൻസെന്റ് സംവിധാനം ചെയ്ത ചിത്രം. ‘രണ്ടു പെൺകുട്ടികൾ’ഉൾപ്പടെ പത്ത് സിനിമകൾക്ക് വി ടി നന്ദകുമാർ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയിട്ടുണ്ട്. അക്കാലത്ത് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു തീർത്ഥയാത്ര. മധുവും ശാരദയും പ്രധാനവേഷങ്ങളിലെത്തി.

പി ഭാസ്കരൻ - എ ടി ഉമ്മർ ടീമിന്റെ മികച്ച ഗാനങ്ങളാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ഗാനങ്ങൾ : “മാരിവില്ലുപന്തലിട്ട ദൂരചക്രവാളം.. “(യേശുദാസ്)

എന്നുമെന്നുമോർമ്മിക്കുന്നൊരു വിരഹഗാനം: “അനുവദിക്കൂ ദേവീ അനുവദിക്കൂ..”(യേശുദാസ്) ശിവരഞ്ജിനി രാഗത്തിൽ ചിട്ടപ്പെടുത്തിയത്

രണ്ട് ഭക്തിഗാനങ്ങൾ: “കൊല്ലൂരിലും കൊടുങ്ങല്ലൂരിലും..”(സുശീല) “അംബികേ, ജഗദംബികേ, സുരവന്ദിതേ ശരണം..”(ബി വസന്ത, മാധുരി, കവിയൂർ പൊന്നമ്മ)

“ചന്ദ്രകലാധരനു കൺകുളിർക്കാൻ..” (സുശീല) “തീർത്ഥയാത്ര, തീർത്ഥയാത്ര..” (പി ലീല) ജയചന്ദ്രനും സംഘവും ഈ ഗാനം പാടിയിട്ടുണ്ട്.

മധു -ശാരദ ജോടികളുടെ മികച്ച ചിത്രങ്ങളിലൊന്നാണു് തീർത്ഥയാത്ര. ഈ ചിത്രത്തിലെ അഭിനയം കവിയൂർ പൊന്നമ്മയ്ക്ക് 1972 മികച്ച സഹനടിക്കുള്ള അവാർഡ് നേടിക്കൊടുത്തു.

1972 ലെ പതിനാറു ചിത്രങ്ങളിൽ പതിനഞ്ചെണ്ണത്തെപ്പറ്റിയും പറഞ്ഞുകഴിഞ്ഞു, ഇനി ഒരു ചിത്രം ബാക്കിയുണ്ട്. നേരത്തേ പറഞ്ഞപോലെ മലയാളസിനിമയുടെ ചരിത്രം മാറ്റിയെഴുതി, ഗതി തിരിച്ചുവിട്ട ചിത്രം.. മലയാള സിനിമയെ ലോകസിനിമയിലേക്ക് വളരുവാൻ പ്രാപ്തമാക്കിയ ചിത്രം.. മലയാളികളുടെ ആസ്വാദനതലത്തെ വേറൊരു തലത്തിലേക്ക് വളർത്തിയ ചിത്രം.. ആ ചിത്രം ഏതെന്നറിയാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുക.

മാധവം അതിന്റെ യാത്രയുടെ മുപ്പത് നാഴികക്കല്ലുകൾ പിന്നിട്ടിരിക്കുന്നു. ഈ യാത്രയിൽ ഒപ്പംകൂടിവർക്കും, തുടർന്നുകൊണ്ടേയിരിക്കുന്നവർക്കും പ്രത്യേക നന്ദി! അടുത്ത ഭാഗത്തിനായി കാത്തിരിക്കാം… യാത്ര തുടരാം..

വര, എഴുത്ത് : പ്രദീപ് Pradeep Purushothaman #മാധവം #Madhavam

bottom of page