top of page

മാധവം.31


മാധവം-31 കഴിഞ്ഞ ഭാഗത്തിൽ 1972 ലെ ഒരു ചിത്രമൊഴിച്ച് ബാക്കിയുള്ളവയെപ്പറ്റിയെല്ലാം നമ്മൾ സംസാരിച്ചുകഴിഞ്ഞു. അവശേഷിക്കുന്ന ഒരു ചിത്രത്തെപ്പറ്റിമാത്രമാണ് ഇന്നു നാം സംസാരിക്കുന്നത്. ഈയൊരു ചിത്രത്തിനുവേണ്ടി ഒരുഭാഗം മൊത്തമായി നീക്കിവയ്ക്കുന്നതിന് കാരണമുണ്ട്. ആ ചിത്രം ഏതെന്നറിയുമ്പോൾ കാരണം നിങ്ങൾക്ക് വ്യക്തമാവും.

ആ ചിത്രം അടൂർ ഗോപാലകൃഷ്ണന്റെ രണ്ടാമത്തെ ചിത്രമായ ‘സ്വയംവരം’ ആണെന്ന് കേൾക്കുമ്പോൾ കാര്യങ്ങൾ വ്യക്തമാകുമല്ലോ.

എന്തുകൊണ്ട് സ്വയംവരം? 123 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം തിരുത്തിയെഴുതിയത് മലയാളത്തിന്റെ സിനിമാചരിത്രത്തെയും മലയാളിയുടെ ചലച്ചിത്രാസ്വാദന നിലവാരത്തെയുമാണ്. അൻപതുകൊല്ലത്തിനിപ്പുറവും ‘സ്വയംവരം’ സൃഷ്ടിച്ച അലയൊലികൾ മലയാളസിനിമയിൽ നിലനിൽക്കുന്നു എന്നതാണ് യാഥാർത്ഥ്യം. മലയാള സിനിമയുടെ ദിശമാറിയുള്ള പ്രയാണത്തിന് ചവിട്ടുപടിയായ ചിത്രം. കൂടുതൽ പരീക്ഷണങ്ങളും വൈവിദ്ധ്യങ്ങൾക്കായുള്ള അന്വേഷണവും തുടങ്ങാനും തുടരാനും പിന്നീടുവന്ന തലമുറയെ പ്രാപ്തമാക്കിയ ചിത്രം. മലയാളസിനിമയെ നവസിനിമയെന്നും പഴയകാലസിനിമയെന്നും വേർതിരിച്ച അതിർവരമ്പായ ചിത്രം. അങ്ങനെ ഓർത്തെടുത്താൽ ഒരുപാടൊരുപാട് കാര്യങ്ങൾ!

ഒരു ദിവസം പെട്ടെന്നുതോന്നി പൊട്ടിവിരിഞ്ഞതല്ല ഈ ചിത്രം. ഇതിനുപിന്നിൽ ഒരുപാട് തയ്യാറെടുപ്പുകൾ, ഒരുപാട് വ്യക്തികൾ, അവരുടെ പരിശ്രമങ്ങൾ ഒക്കെയുണ്ട്. അതിനായി നമുക്ക് കുറച്ചു പുറകോട്ടുപോവേണ്ടിവരും – 1960 കളിലേയ്ക്ക്!

നാടകത്തിന്റെയോ ബാലെയുടേയോ ഒരു തുടർച്ചയായിരുന്നു മലയാളസിനിമ. നാടകീയരംഗങ്ങൾ, നാടകത്തെയോർമ്മിപ്പിക്കുന്ന രംഗസംവിധാനങ്ങളും സംഭാഷണവും സംഗീതവും. കാണികൾ സ്റ്റേജിനുമുന്നിലിരിക്കുന്നതിനു പകരം തിരശ്ശീലയ്ക്ക് മുന്നിലിരുന്നു. നെടുങ്കൻ ഡയലോഗുകൾ, അതിനാടകീയ രംഗങ്ങൾ, ഗാനങ്ങൾ, നൃത്തങ്ങൾ, ഇടതടവില്ലാത്ത പശ്ചാത്തലസംഗീതം അങ്ങനെ വെള്ളിത്തിരയിലെ നാടകമായി മുന്നേറിക്കൊണ്ടിരുന്നു, മലയാളസിനിമ.

ഇതിനൊരു മാറ്റം വേണമെന്ന് ലോകസിനിമകളിലെ മുന്നേറ്റങ്ങൾ കാണുകയും ആസ്വദിക്കുകയും ചെയ്തിരുന്ന, അന്നത്തെ തലമുറയിലെ, ചില ചെറുപ്പക്കാർക്കു തോന്നി. അത്തരം സിനിമകൾ മലയാളത്തിലുണ്ടാവണമെങ്കിൽ അത് ആസ്വദിക്കാൻ കഴിയുന്ന ഒരു പ്രേക്ഷകസമൂഹം വളർന്നുവരേണ്ടതുണ്ടെന്ന് അവർക്ക് ബോദ്ധ്യമായി. അതിനുള്ള എളുപ്പവഴിയായി അവർ കണ്ടെത്തിയ മാർഗ്ഗമാണ് ഫിലിം സൊസൈറ്റിയും അതിലൂടെ ലോകസിനിമകളെ പ്രേക്ഷകരിലേക്കെത്തിക്കുകയും എന്ന ആശയം.

കേരളമെങ്ങും അലയടിച്ച ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചുകൊണ്ട് 1965 ൽ അടൂർ ഗോപാലകൃഷ്ണന്റെയും കുളത്തൂർ ഭാസ്കരൻ നായരുടേയും നേതൃത്വത്തിൽ ‘ചിത്രലേഖ ഫിലിം സൊസൈറ്റി’ രൂപംകൊണ്ടു. അത് കേരളത്തിലെ സിനിമാചരിത്രത്തിലേയ്ക്കൊരു ഈടുവയ്പുമായി.

ചിത്രലേഖ ഫിലിം സൊസൈറ്റി. മധുര ഗാന്ധിഗ്രാം യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളായിരുന്നു അടൂരും കുളത്തൂരും. മൂന്നു വർഷത്തെ ബിരുദപഠനം കഴിഞ്ഞ് അടൂർ തൊഴിലന്വേഷകനായി തിരുവനന്തപുരത്ത് ലോഡ്ജ് വാസിയാവുന്നു. കുളത്തൂർ ഭാസ്കരൻ നായർ അപ്പൊഴേക്കും വ്യവസായ വകുപ്പിൽ ക്ലർക്കായി ജോലിനേടിയിരുന്നു.

അക്കാലത്തെപ്പറ്റി അടൂർ ഗോപാലകൃഷ്ണൻ പറയുന്നത് കേൾക്കുക : “ആൾക്കാരെ ചെന്നുകണ്ട് കാര്യങ്ങൾ നടത്തിയെടുക്കുന്നതിൽ അദ്ദേഹത്തിന് അനന്യസിദ്ധമായ സാമർഥ്യമുണ്ടായിരുന്നു. അങ്ങനെ ഭാസ്‌കരൻ നായർ മുഖേന കെ. ആർ.ഇലങ്കത്ത്, കെ.സി പിള്ള, എം. എം. ജേക്കബ് തുടങ്ങി ഭാരത് സേവാസമാജത്തിന്റെ മേലധികാരികളെ പരിചയപ്പെടാനും സമാജത്തിന്റെ പേരിൽ ഒരു കേന്ദ്രകലാസമിതി രൂപവത്‌കരിക്കാനും ഇടവന്നു. നാടകമെഴുത്തും സംവിധാനവും എന്റെ ചുമതലയായി. സംഘാടനച്ചുമതല ഭാസ്‌കരൻ നായരും വഹിച്ചു. കരമന ജനാർദനൻ നായർ നായകനും രാജകുമാരി നായികയുമായി ജില്ലയിലെ പലയിടങ്ങളിലും ചെന്ന് നാടകം കളിച്ചു.താമസിയാതെ എനിക്ക് സാംപിൾ സർവേയിൽ ഇൻവെസ്റ്റിഗേറ്ററായി ജോലി ലഭിച്ചു. അതോടെ കൂടുതൽ സൗകര്യങ്ങളോടെ നാടകപ്രവർത്തനം തുടരാനായി.”

1962 ആയപ്പോഴേക്കും അടൂരിന് സാമ്പിൾസർവേയിലെ ജോലി മടുത്തു. യാദൃശ്ചികമായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെപ്പറ്റി അറിയുകയും, അപേക്ഷ അയയ്ക്കുകയും, ടെസ്റ്റ് വിജയിച്ച് അവിടെ പ്രവേശനം നേടുകയും ചെയ്തു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ടാം വർഷ പഠനത്തിനിടയിലാണ് കുളത്തൂർ ഭാസ്കരൻ നായർ പബ്ലിക് റിലേഷൻസ് പഠനത്തിനായി ബോംബെയിലെ ഭാരതീയ വിദ്യാഭവനിലെത്തുന്നത്. അവധി ദിവസങ്ങളിൽ ഇവർ ഒത്തുകൂടി. അത്തരം ഒത്തുകൂടലുകളിലെ ചർച്ചകളിലൂടെയാണ് ഫിലിം സൊസൈറ്റി എന്ന ആശയത്തിലേക്ക് രണ്ടുപേരും എത്തുന്നത്. അതിനായി മൂന്നുലക്ഷ്യങ്ങളുള്ള ഒരു ആക്‌ഷൻപ്ലാനും തയ്യാറാക്കി : 1. മൂന്നുകൊല്ലത്തിനുശേഷം തിരുവനന്തപുരത്ത് ഒത്തുകൂടാനും ആദ്യത്തെ ഫിലിം സൊസൈറ്റി സ്ഥാപിച്ച് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനു തുടക്കമിടാനും തീരുമാനിച്ചു. 2. സിനിമയെക്കുറിച്ചുള്ള സാഹിത്യരചന. 3. സങ്കല്പത്തിലുള്ള, കലർപ്പില്ലാത്ത സിനിമയുടെ നിർമ്മാണം.

സിനിമയെക്കുറിച്ച് ആധികാരിക ലേഖനങ്ങളോടുകൂടിയ ഒരു പ്രസിദ്ധീകരണം പുറത്തിറക്കാനുള്ള ശ്രമം ആരംഭിച്ചു. അതിലേക്ക് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രധാന വ്യക്തികൾ നടത്തിയ ഗസ്റ്റ് ലക്ചറുകൾ എഴുതിയെടുത്തും മറ്റു ലേഖനങ്ങൾ ശേഖരിച്ചും അടൂർ, കുളത്തൂരിന് അയച്ചുകൊടുത്തു. അദ്ദേഹമത് മലയാളത്തിലേയ്ക്ക് മൊഴിമാറ്റി. പ്രസിദ്ധീകരണത്തിനുള്ള ചെലവ് ‘ഫാക്ട്’’ നൽകിയ പരസ്യംകൊണ്ട് സംഘടിപ്പിച്ചു. അങ്ങനെ അടൂർ പഠനം പൂർത്തിയാക്കിവന്ന 1965 ജൂലൈ മാസത്തിൽത്തന്നെ ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനവും സൂവനീറിന്റെ പ്രകാശനവും നടന്നു. തുടർന്ന് ചിത്രനിർമാണം ലക്ഷ്യംവച്ച് ചിത്രലേഖയുടെ പേരിൽത്തന്നെ ഫിലിം കോ-ഓപ്പറേറ്റീവും രജിസ്റ്റർചെയ്തു. കോ-ഓപ്പറേറ്റീവ് എന്ന ആശയം ഭാസ്‌കരൻ നായരുടേതായിരുന്നു. അദ്ദേഹം മുഴുവൻസമയ പ്രവർത്തകനായി ചിത്രലേഖയിൽ ഡെപ്യൂട്ടേഷനിലെത്തി. തുടർന്നുള്ള വർഷങ്ങളിൽ സർക്കാരിന്റെയും ഡിപ്പാർട്ടുമെന്റുകളുടേയും ചില ഡോക്യുമെന്ററികൾ നിർമ്മിച്ചുവെങ്കിലും മനസ്സിലുള്ള സിനിമയെന്ന ആശയം പൂർത്തീകരിക്കാനായില്ല. ആദ്യം ഒരു തിരക്കഥ ഫിലിം ഫിനാൻസ് കോർപ്പറേഷനിൽ (ഇന്നത്തെ നാഷണൽ ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ) സമർപ്പിച്ചെങ്കിലും അതിനു് അനുമതി ലഭിച്ചില്ല. തുടർന്ന് ഏഴുവർഷത്തെ ശ്രമത്തിനൊടുവിൽ സ്വയംവരത്തിന് അനുമതി ലഭിക്കുകയും ഒന്നരലക്ഷം രൂപ വായ്പ അനുവദിക്കുകയും ചെയ്തു. ‘സ്വയംവര’ത്തിന്റെ മൊത്തം നിർമ്മാണച്ചെലവ് രണ്ടരലക്ഷം രൂപയായിരുന്നു. ഡോക്യുമെന്ററിയിൽനിന്നും സമാഹരിച്ച ഒരു ലക്ഷം രൂപകൊണ്ട് നിർമ്മാണം പൂർത്തിയാക്കാനുള്ള തുക കണ്ടെത്തി.

സ്വയംവരം ചരിത്രം കുറിയ്ക്കുന്നു! മലയാളസിനിമയിലെ വസന്തത്തിന്റെ ഇടിമുഴക്കമായി 1972 നവംബർ 24ന് ‘സ്വയംവരം’ തിയേറ്ററുകളിലെത്തി.

“ഇടതടവില്ലാതെ സംഭാഷണം പ്രയോഗിച്ചുകൊണ്ടിരുന്ന രീതിക്ക് വിരുദ്ധമായി വളരെ കുറച്ചു സംഭാഷണം മാത്രമേ സ്വയംവരത്തില്‍ ഉപയോഗിച്ചിട്ടുള്ളൂ. ഇത് തന്നെയാണ് സംഗീതത്തിന്റെയും അവസ്ഥ. ഇടതടവില്ലാതെ പ്രയോഗിക്കപ്പെടുന്ന സാധാരണ പശ്ചാത്തല സംഗീതത്തിനു വിരുദ്ധമായി ദൃശ്യങ്ങള്‍ക്ക് സഹായകമാകുന്ന രീതിയില്‍ മാത്രം. അങ്ങനെ മലയാള സിനിമയുടെ സാങ്കേതിക വികാസത്തില്‍ ചായാഗ്രഹാനത്തിനും സന്നിവേശനത്തിനും പുറമേ ഒരു ഘടകം കൂടി ചേരുകയായിരുന്നു. ശബ്ദലേഖനം. പിന്നീട് മലയാളത്തില്‍ ശബ്ദലേഖന രംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിച്ച ദേവദാസിന്റെ കന്നിചിത്രമായിരുന്നു സ്വയംവരം. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കഥാന്ത്യം ഒരു ഊഹോപോഹത്തിനും ഇടം നല്കാത്തവണ്ണം വിശദവും പഴുതടച്ചതുമായി ചിത്രീകരിക്കാതെ സ്വന്തമായ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ ആസ്വാദകനെ ക്ഷണിക്കുന്നു.” -"മലയാള സിനിമയുടെ കഥ"- വിജയകൃഷ്ണന്‍ [മാതൃഭൂമി ബുക്സ്]

കാണികൾക്ക് അതൊരു പുത്തൻ അനുഭവമായി. അരങ്ങിൽനിന്ന് കഥാപാത്രങ്ങൾ പ്രേക്ഷകരിലേക്ക് ഇറങ്ങിവന്നു. അല്ലെങ്കിൽ പ്രേക്ഷകൻ കഥാപാത്രങ്ങളുടെ ഇടയിലേയ്ക്കെത്തി! ആദ്യ ഷോട്ടിൽ വിശ്വവും സീതയും യാത്രചെയ്യുന്ന ബസ്സിൽ അവരുടെ തൊട്ടടുത്ത സീറ്റിൽ സംവിധായകൻ നമ്മെയിരുത്തി അവരോടൊപ്പം തുടങ്ങുന്ന യാത്ര അവസാനരംഗത്തിലെ താഴിട്ടവാതിലിനുമുന്നിൽ നമ്മെക്കൊണ്ടുനിർത്തി ബാക്കി നമുക്കുവിട്ടുതന്നുകൊണ്ട് അവസാനിപ്പിക്കുമ്പോൾ കഥാപാത്രമേത് പ്രേക്ഷകനേത് എന്ന് തിരിച്ചറിയാനാവാതെ നമ്മളു ചിത്രത്തിന്റെ ഭാഗമായി മാറുന്ന മാന്ത്രികത! സിനിമ, അനുഭവമായി മാറുന്ന അപൂർവമായൊരു നിമിഷം!

അടൂർ ഗോപാലകൃഷ്ണനും പ്രസിദ്ധ സാഹിത്യകാരനായ കെ പി കുമാരനുംചേർന്ന് കഥയും തിരക്കഥയുമെഴുതി. സംഭാഷണവും സംവിധാനവും അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. വാതിൽപ്പുറ ചിത്രീകരണത്തിൽ ആദ്യമായി തത്സമയ ശബ്ദലേഖന സങ്കേതം (Sychronised sound - Sync sound) ഉപയോഗിച്ച ആദ്യമലയാളം സിനിമയാണിത്. അങ്ങനെ സംവിധാനം, സംഗീതം എന്നവയോടൊപ്പം ശബ്ദലേഖനവും സിനിമയുടെ സുപ്രധാനഘടകമായി അംഗീകരിക്കപ്പെട്ടതും ‘സ്വയംവര’ത്തിലൂടെയാണ്. ശബ്ദത്തിനെ ‘ലെയിറ്റ്മോട്ടീഫ്’ (Leitmotif) ആയി ഉപയോഗിച്ച ആദ്യ ഇന്ത്യൻസിനിമയാണ് ‘സ്വയംവരം’. ഒരു കഥാപാത്രത്തിന്റെ പ്രവേശത്തിൽ, അല്ലെങ്കിൽ ഒരു കഥാസന്ദർഭത്തിൽ ഒരു പ്രത്യേക സംഗീതം ആവർത്തിച്ച് കേൾപ്പിക്കുന്നതിനാണ് ലെയ്റ്റ് മോട്ടീഫ് എന്നു പറയുന്നത്. ഈ ചിത്രത്തിൽ ഗാനങ്ങളില്ല. പക്ഷേ പശ്ചാത്തല സംഗീതവും പ്രകൃതിയിലെ ശബ്ദങ്ങളുമെല്ലാം ‘ലെയ്റ്റ് മോട്ടീഫ്’ ആയി അവതരിപ്പിക്കപ്പെടുന്നുണ്ട്. ചില സന്ദർഭങ്ങളിൽ നിശ്ശബ്ദതപോലും സംഗീതമാവുന്നുണ്ട്!!

ഈ ചിത്രത്തിന്റെ ഓഡിയോഗ്രാഫറായ ശ്രീ ദേവദാസിനെപ്പറ്റി പ്രത്യേകം പറയേണ്ടതുണ്ട്. സൗണ്ട് റെക്കോർഡിങ്ങിൽ മാത്രം ഒതുങ്ങിനിന്ന ശബ്ദലേഖനത്തെ ഓഡിയോഗ്രാഫി എന്ന തലത്തിലേക്കുയർത്തിയ വ്യക്തിയാണ് ദേവദാസ്. അദ്ധ്യാപകനായിരുന്നു. 1962 ൽ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ബിരുദാനന്തരം അവിടെത്തന്നെ അദ്ധ്യാപകനായി. ചിത്രലേഖ തുടങ്ങിയപ്പോൾ അതോടൊപ്പം ചേർന്നു. ആദ്യത്തെ കഥാചിത്രമാണ് ‘സ്വയംവരം’. പിന്നിട് അടൂർ, അരവിന്ദൻ തുടങ്ങിയ പ്രഗത്ഭരോടൊപ്പം കുറേ നല്ല ചിത്രങ്ങളുടെ ഭാഗമായി. മൂന്നുതവണ ദേശീയ അവാർഡും അഞ്ചുതവണ സംസ്ഥാന അവാർഡും നേടി. സ്വയംവരം പുറത്തിറങ്ങിയപ്പോൾ അതിലെ ശബ്ദലേഖനം ശ്രദ്ധപിടിച്ചുപറ്റി. അതുവരെയുള്ളതിൽനിന്നും വ്യത്യസ്തമായൊരഭവം. ‘നാഗ്ര’ ശബ്ദലേഖന ഉപകരണം ഉപയോഗിച്ച് ശാരദ ഒഴികെയുള്ളവരുടെ ശബ്ദം ലൈവായി റെക്കോർഡ് ചെയ്യുകയായിരുന്നു. മലയാളസിനിമയിൽ ആദ്യമായാണ് ഈ പരീക്ഷണം. ശാരദയ്ക്കുവേണ്ടി ശ്രീമതി ടി ആർ ഓമന ശബ്ദം നൽകി.

ഗാനങ്ങളില്ലെങ്കിൽ കഥാസന്ദർഭങ്ങൾക്ക് മിഴിവേകുന്ന സംഗീതം നൽകിയത് എം.ബി. ശ്രീനിവാസനാണ്. അത് സിനിമയുടെ മികവിനെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

എടുത്തുപറയേണ്ട മറ്റൊരു സവിശേഷത മങ്കട രവിവർമ്മയുടെ ഛായാഗ്രഹണമാണ്. ഈ ചിത്രത്തോടുകൂടി അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളുടെ സ്ഥിരം ഛായാഗ്രാഹകനായി മാറി, മങ്കട. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് മലയാളത്തിലെ എക്കാലത്തെയും മികച്ച കലാകാരന്മാരായ എം വി ദേവൻ, ആർട്ടിസ്റ്റ് നമ്പൂതിരി, സി എൻ കരുണാകരൻ, എൻ സോമൻ നായർ എന്നിവരാണ്. പോസ്റ്റർ മുതൽ പുതുമ സൃഷ്ടിക്കാൻ ഈ സംഘത്തിനു കഴിഞ്ഞു.

മധുസാറിന്റെ വിശ്വവും ശാരദയുടെ സീതയും അവരുടെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളായി. വൈക്കം ചന്ദ്രശേഖരൻ നായരുൾപ്പടെ അന്നത്തെ പ്രധാന സാഹിത്യകാരന്മാരൊക്കെ ഈ സിനിമയിൽ വന്നുപോവുന്നുണ്ട്. ഭരത് ഗോപിയുടേയും കരമന ജനാർദ്ദനൻ നായരുടേയും ആദ്യസിനിമയെന്ന പ്രത്യേകതയുമുണ്ട്.

സ്വയംവരം 1972 ലെ ദേശീയചലച്ചിത്ര പുരസ്കാരത്തിൽ നാല് അവാർഡുകളും സംസ്ഥാനത്ത് രണ്ട് അവാർഡുകളും നേടി. ദേശീയതലത്തിൽ മികച്ച ചിത്രം, അടൂർ ഗോപാലകൃഷ്ണൻ മികച്ച സംവിധായകൻ, ശാരദ മികച്ച നടി, മങ്കട രവിവർമ്മ മികച്ച ഛായാഗ്രാഹകൻ എന്നീ അവാർഡുകളാണ് ലഭിച്ചത്. സംസ്ഥാനത്ത് മങ്കട രവിവർമ്മ (ഛായാഗ്രഹണം), ദേവദത്തൻ (കലാസംവിധാനം) എന്നിവയാണ് അവാർഡുകൾ. (ദേശീയ തലത്തിൽ അവാർഡ് നേടുമ്പോഴും സംസ്ഥാനത്ത് അവാർഡ് ലഭിക്കാതെ പോവുന്ന സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ എന്ന ഒരു കൗതുകം പലപ്പോഴും നിലനിൽക്കുന്നു!)

അവാർഡുകൾ നേടിയതോടെ ചിത്രം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിൽ ചിത്രം പ്രദർശനവിജയം നേടി. മോസ്കോ ഫിലിം വെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. മധുസാറും അടൂരുമുൾപ്പടെയുള്ളവർ ഈ മേളയിൽ പങ്കെടുത്തു.

‘സ്വയംവരം’ നേടിയ വിജയത്തോടെ 1974 ൽ ചിത്രലേഖ സ്റ്റുഡിയോ തിരുവനന്തപുരത്ത് ആക്കുളത്ത് സ്ഥാപിച്ചു. കൊടിയേറ്റം സിനിമ നിർമ്മിച്ചു. അതിനുശേഷം ചില അഭിപ്രായ വ്യത്യാസങ്ങളാൽ ആ സ്റ്റുഡിയോ നിന്നുപോവുകയാണുണ്ടായത്. ഇപ്പോൾ അത് നേവിയുടെ തിരുവനന്തപുരത്തെ ആസ്ഥാനമാണു്.

മലയാള സിനിമയെപ്പോലെതന്നെ മധുസാറിന്റെ അഭിനയജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി ‘സ്വയംവരം’. അദ്ദേഹംതന്നെ പറയുന്നത് : “അടൂർഗോപാലകൃഷ്ണൻ കഥ പറഞ്ഞുകേട്ടപ്പോൾത്തന്നെ ഇത് വ്യത്യസ്തമായിരിക്കുമെന്ന് എനിക്കുറപ്പായിരുന്നു.” “പ്രേംനസീർ ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നെങ്കിൽ എന്ന് ചിലപ്പോൾ ആഗ്രഹിച്ചിട്ടുണ്ട്. എങ്കിലൊരുപക്ഷേ അദ്ദേഹത്തിന് ഒരു ദേശീയ അവാർഡ് കിട്ടിയേനെ! പക്ഷേ, അദ്ദേഹത്തിനന്ന് വലിയ തിരക്കായിരുന്നു.” അതാണ് മധുസാർ!

അങ്ങനെ മലയാളസിനിമയേയും മധുസാറിന്റെ ചലച്ചിത്രജീവിതത്തേയും നിർണ്ണായകമായി സ്വാധീനിച്ച 1972നെ നമ്മൾ മറികടന്നുപോവുകയാണ്. മലയാളസിനിമയെ സ്വയംവരത്തിനു മുൻപും സ്വയംവരത്തിനുശേഷവും എന്ന് വേർതിരിച്ച വർഷം! പ്രസിദ്ധ സിനിമാനിരൂപകൻ കോഴിക്കോടൻ എഴുതിയപോലെ - “സ്വയംവരം വന്നു! ഇനിയെന്ത്?”

1973 ലെ ചിത്രങ്ങളും ഓർമ്മകളുമായി വീണ്ടും കാണാം.. എഴുപത്തിമൂന്നിലൂടെ ഒരുമിച്ചുള്ള യാത്രയ്ക്കായി കാത്തിരിക്കുക..

വര, എഴുത്ത് : പ്രദീപ് Pradeep Purushothaman

#Madhavam #മാധവം

bottom of page