മാധവം. 32മാധവം-32

സംഭവബഹുലമായ 1972 നുശേഷം 1973ലേയ്ക്ക് കടക്കുകയാണ് നമ്മൾ. 1973 ഉം ഓർക്കേണ്ട വർഷംതന്നെ!

മധുസാർ തന്റെ അഭിനയജീവിതത്തിൽ 100 ചിത്രങ്ങൾ പൂർത്തിയാക്കുന്ന വർഷം! മികച്ച സിനിമകളും കഥാപാത്രങ്ങളും അദ്ദേഹത്തെ തേടിവന്ന വർഷം! ഒരു തമിഴ് ചിത്രമുൾപ്പടെ 16 ചിത്രങ്ങളിൽ അഭിനയിച്ച വർഷം!

ഈ വർഷം തുടങ്ങുന്നത് മികച്ച ഒരു ചിത്രത്തോടെയാണ്. തകഴിയുടെ വിഖ്യാതമായ #‘ഏണിപ്പടികൾ’ എന്ന നോവലിന്റെ ചലച്ചിത്ര രൂപാന്തരമാണിത്. പ്രഗത്ഭന്മാർ അണിനിരന്ന ചിത്രം. കേരളം മുഴുവൻ നിറഞ്ഞുനിന്ന നാടകസമിതിയായ കെ പി എ സി ചലച്ചിത്രനിർമ്മാണരംഗത്തേയ്ക്ക് കടന്ന സിനിമ. കെ പി എ സി ഫിലിംസിന്റെ ബാനറിൽ പ്രശസ്തനായ കാമ്പിശ്ശേരി കരുണാകരൻ നിർമ്മിച്ച ചിത്രം. ഈയൊരു ചിത്രത്തിനു മാത്രമേ കാമ്പിശ്ശേരി നിർമ്മാതാവായിരുന്നിട്ടുള്ളൂ. കെ പി എ സി ഫിലിംസ് 1974 ൽ രണ്ടു ചിത്രങ്ങൾകൂടി നിർമ്മിച്ചിട്ടുണ്ട്.

കേരളം രാജഭരണത്തിൽനിന്ന് ജനായത്തഭരണത്തിലേക്ക് മാറുന്ന കാലത്തെ ചരിത്രത്തെ കൂട്ടുപിടിച്ച് അന്നത്തെ ഭരണവ്യവസ്ഥകളിലെ മാറ്റവും ഭരണതലത്തിലെ ഉദ്യോഗസ്ഥരുടെ ഉയർച്ചതാഴ്ചകളും പ്രതിപാദിച്ച് തകഴി എഴുതിയ നോവലാണ് ‘ഏണിപ്പടികൾ’. അതിലെ മുഖ്യകഥാപാത്രമായ കേശവപിള്ളയെയാണ് മധുസാർ അവതരിപ്പിച്ചത്. ചരിത്രത്തോടൊപ്പം നടക്കുന്ന കഥാപാത്രം. രാജഭരണകാലത്തെ ഉഗ്രപ്രതാപികളായ സർക്കാർ ഉദ്യോഗസ്ഥരും ദിവാൻ ഭരണത്തിനെതിരെ അന്നത്തെ തിരുവിതാംകൂറിൽനടന്ന പ്രക്ഷോഭങ്ങളും ദിവാന്റെ നേരെയുള്ള ആക്രമണവും ഒടുവിൽ ഐക്യകേരളപ്പിറവിയോടെ കേരളസംസ്ഥാനം ജനായത്തഭരണത്തിലേയ്ക്ക് മാറുന്നതുമൊക്കെ ഈ ചിത്രത്തിൽ പ്രതിപാദ്യവിഷയമാകുന്നു. തകഴിയുടെ നോവലിന് തികഞ്ഞ സത്യസന്ധതയോടെ കെ പി എ സി ചലച്ചിത്രരൂപം നൽകിയിരിക്കുന്നു എന്നാണ് നിരൂപകമതം. തകഴിയുടെ വിഖ്യാതമായ കഥയ്ക്ക് തോപ്പിൽഭാസി തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം നിർവഹിച്ചു. മധുസാറിനോടൊപ്പം ശാരദയും ജയഭാരതിയുമുൾപ്പടെ അന്നത്തെ പ്രമുഖതാരങ്ങളൊക്കെ അഭിനയിച്ചിട്ടൂണ്ട്, ഈ ചിത്രത്തിൽ. ആകാശവാണിയിലെ പ്രശസ്തകലാകാരി ടി പി രാധാമണിയാണ് ശാരദ അവതരിപ്പിച്ച കഥാപാത്രത്തിനു ശബ്ദം നൽകിയിരിക്കുന്നത്. ഇരയിമ്മൻ തമ്പിയും ജയദേവകവിയുമെഴുതിയ രണ്ട് പ്രശസ്തഗാനങ്ങളോടൊപ്പം വയലാർ എഴുതിയ നാലുഗാനങ്ങളും ഈ ചിത്രത്തിലുണ്ട്. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.

വയലാറെഴുതിയ ഗാനങ്ങളിൽ യേശുദാസ് പാടിയ ‘ഒന്നാം മാനം പൂമാനം’ എന്ന ഹിറ്റ് ഗാനവും പി ലീലയും സംഘവും പാടിയ ‘പങ്കജാക്ഷൻ കടൽവർണ്ണൻ..’ എന്നു തുടങ്ങുന്ന മനോഹരഗാനവും ഉൾപ്പെടുന്നു.

ഇരയിമ്മൻ തമ്പിയുടെ പ്രശസ്തമായ ‘പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദ രസത്തെ..’ എന്ന ഗാനം ദേവരാജൻ മാസ്റ്റർ കാംബോജി രാഗത്തിൽ ചിട്ടപ്പെടുത്തി മാധുരിയുടെ ആലാപനത്തിലൂടെ അനശ്വരമാക്കി. ജയദേവ കവിയുടെ ‘യാഹി മാധവ, യാഹി കേശവ’ എന്ന ഗാനം മോഹനരാഗത്തിൽ മാധുരി ആലപിച്ചു. കലാസംവിധാനം ഭരതൻ നിർവഹിച്ചു. ഇതെല്ലാംകൂടി ‘ഏണിപ്പടികൾ’ എന്ന ചിത്രത്തെ 1973 ലെ മികച്ച ചിത്രങ്ങളിലൊന്നാക്കി.

#തിരുവാഭരണം മധുസാറിന്റെ ചിത്രങ്ങളുടെ ലിസ്റ്റിൽ നൂറാമത്തെ ചിത്രമാണ് ‘തിരുവാഭരണം.’

പോലീസാകാൻ വീട്ടുകാർ എതിർത്തതിനെത്തുടർന്ന് നാടകരംഗത്തേക്ക് തിരിയുകയും പിന്നീട് മലയാളത്തിലെ പ്രശസ്തനായൊരു സംവിധായകനാവുകയും ചെയ്ത ആലപ്പുഴക്കാരൻ നമ്പ്യാതുശ്ശേരിൽ വർക്കി ജോണിനെ അറിയുമോ? 1952 ൽ ‘വിശപ്പിന്റെ വിളി’ എന്ന ചിത്രത്തിൽ വില്ലനെ അവതരിപ്പിച്ചുകൊണ്ട് സിനിമാരംഗത്തേയ്ക്കുവന്ന അദ്ദേഹത്തിന്റെ ‘ജോൺ’ എന്ന പേര് സിനിമയ്ക്ക് ചേർന്നതല്ലെന്നുതോന്നി കുഞ്ചാക്കോ നിർദ്ദേശിച്ചതനുസരിച്ച് സാക്ഷാൽ തിക്കുറിശ്ശിതന്നെയാണ് ഇദ്ദേഹത്തിന് ‘ശശികുമാർ’ എന്ന് പേരുകൊടുത്തത്. പിന്നീട് ശശികുമാർ കഥാകൃത്തായി, സഹസംവിധായകനായി, സംവിധായകനായി, ‘ഹിറ്റ്മേക്കർ ശശികുമാറാ’യിയത് ചരിത്രം! പിൽക്കാലത്ത് ശ്രദ്ധേയരായ ക്രോസ്ബെൽറ്റ് മണി, പി.ജി. വിശ്വംഭരൻ, തമ്പി കണ്ണന്താനം തുടങ്ങിയവരൊക്കെ ശശികുമാറിന്റെ ശിഷ്യരായി ചലച്ചിത്രമേഖലയിലേയ്ക്ക് കടന്നുവന്നവരാണ്. ജെ. ശശികുമാർ - ശ്രീകുമാരൻ തമ്പി - എം.കെ അർജുനൻ മാസ്റ്റർ ത്രയം എഴുപതുകളിലും എൺപതുകളിലും തീർത്ത സംഗീതവസന്തം ഇന്നും പുതുമയോടെ നിലനിൽക്കുന്നുണ്ട്. 21 ചിത്രങ്ങൾക്ക് കഥയും, 12 ചിത്രങ്ങൾക്ക് തിരക്കഥയും, 2 ചിത്രങ്ങൾക്ക് സംഭാഷണവുമെഴുതുകയും 126 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത അദ്ദേഹത്തെ വർഷങ്ങൾക്കിപ്പുറം, ഇന്ത്യൻ സിനിമാചരിത്രത്തിലെതന്നെ ഏറ്റവും മികച്ച ചലച്ചിത്രസംവിധായകരിൽ ഒരാളായി കണക്കാക്കുന്നു. മലയാളസിനിമയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് 2012 -ൽ സർക്കാർ അദ്ദേഹത്തിന് ജെ. സി. ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു. ‘തിരുവാഭരണം’ ശശികുമാർ കഥാരചനയും സംവിധാനവും നിർവ്വഹിച്ചു. നാടകരംഗത്ത് അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന ജഗതി എൻ കെ ആചാരി തിരക്കഥയും സംഭാഷണവുമെഴുതി. ഹാസ്യത്തിനു മുൻതൂക്കം നൽകിയ സിനിമയാണിതെന്ന് വേണമെങ്കിൽ പറയാം. അതോടൊപ്പം ബോക്സോഫീസ് വിജയത്തിനുള്ള പതിവു ചേരുവകളും. കാട്ടിനുള്ളിൽ പണ്ട് കുഴിച്ചിട്ട തിരുവാഭരണമടങ്ങുന്ന പെട്ടിതേടിയുള്ള ചിലരുടെ യാത്രയും അതോടനുബന്ധിച്ചുണ്ടാവുന്ന സംഭവങ്ങളുമാണ് പ്രമേയം.മധുസാറിനോടൊപ്പം പ്രേംനസീറും അന്നത്തെ ഒട്ടുമിക്ക താരങ്ങളും ഈ ചിത്രത്തിലുണ്ട്. ശ്രീകുമാരൻ തമ്പി എഴുതി ആർ കെ ശേഖർ സംഗീതം നൽകിയ അഞ്ചു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.

#ഉദയം ഏറ്റുമാനൂർ ചന്ദ്രശേഖരൻ നായരുടെ കഥയ്ക്ക് ശ്രീകുമാരൻ തമ്പി തിരക്കഥയും സംഭാഷണവുമെഴുതി പി ഭാസ്കരൻ സംവിധാനം ചെയ്ത ചിത്രം. ഇതിലെ രാജശേഖരൻ എന്ന നായക കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിക്കുന്നത്. ഇതിൽലെ അഞ്ചു ഗാനങ്ങളിൽ മൂന്നെണ്ണം ശ്രീകുമാരൻ തമ്പിയും രണ്ടെണ്ണം പി ഭാസ്കരനും എഴുതി. സംഗീതം ദക്ഷിണാമൂർത്തി.

പ്രശസ്തമായ ഗാനങ്ങൾ: “എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ..” രാഗം :സിന്ധുഭൈരവി, രചന: ശ്രീകുമാരൻ തമ്പി, ആലാപനം: യേശുദാസ്

“കലയുടെ ദേവി കരുണാമയി..” രാഗം :ബേഗഡ, രചന : ശ്രീകുമാരൻ തമ്പി, ജാനകിയും അമ്പിളിയും ചേർന്നു പാടിയത്.

“എന്റെ മകൻ കൃഷ്ണനുണ്ണി, കൃഷ്ണാട്ടത്തിനു പോകേണം..” രാഗം : ശുദ്ധസാവേരി, രചന : പി ഭാസ്കരൻ, ജാനകി പാടിയത്.

“ചാലേ ചാലിച്ച ചന്ദന ഗോപിയും നീലക്കാർവർണ്ണവും നീൾമിഴിയും..” രാഗം : ദേവഗാന്ധാരം, രചന : പി ഭാസ്കരൻ, ജാനകി പാടിയത്.

“കരളിന്റെ കടലാസിൽ..” രചന : ശ്രീകുമാരൻ തമ്പി, ഗായകൻ : ജയചന്ദ്രൻ

#മനുഷ്യപുത്രൻ പ്രശസ്ത കഥാകൃത്ത് കെ ജി സേതുനാഥ് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് ബേബി, ഋഷി എന്നീ രണ്ട് സംവിധായകർ ചേർന്നാണ്. പിൽക്കാലത്ത് ‘ലിസ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ബേബിയുടെ റിലീസ് ചെയ്ത ആദ്യ ചിത്രമാണ് മനുഷ്യപുത്രൻ. പ്രശസ്ത എഴുത്തുകാരൻ എം എൻ കാരശ്ശേരി ആദ്യമായി കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ‘നിഴലേ നീ സാക്ഷി’ ആയിരുന്നു ബേബി ആദ്യം സംവിധാനം ചെയ്ത ചിത്രം. ആ ചിത്രം റിലീസ് ആയില്ല. മധുസാറിന്റെ ‘സിന്ദൂരച്ചെപ്പ്’ എന്ന ചിത്രത്തിന്റെ സഹസംവിധായകൻ ആയിരുന്നു ഋഷി. അദ്ദേഹത്തിന്റെ ആദ്യ സംവിധാനസംരംഭമാണ് ‘മനുഷ്യപുത്രൻ’. അദ്ദേഹം സംവിധായകനായ ഏക ചിത്രവുമാണിത്. മധു, വിൻസെന്റ്, ജയഭാരതി തുടങ്ങിയ താരങ്ങൾ അഭിനയിച്ചു.

ഇതിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ജി ദേവരാജനാണു്. ഗാനങ്ങൾ: “അമ്മേ കടലമ്മേ ..” രചന: വയലാർ, ആലാപനം: മാധുരി

“സ്വർഗ്ഗസാഗരത്തിൽനിന്നും..” രാഗം:ശുദ്ധസാവേരി, രചന : വയലാർ, പാടിയത്: യേശുദാസ്

“കടലിനു പതിനേഴു വയസ്സായി..” രചന: ഗൗരീശപട്ടം ശങ്കരൻ നായർ (അദ്ദേഹമെഴുതിയ ഏക ചലച്ചിത്രഗാനമാണിത്.) പാടിയത് : മാധുരി

#പോലീസ് അറിയരുത് പ്രശസ്ത നടനും രചയിതാവുമായ ഗോവിന്ദൻ കുട്ടി കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രം. നിർമ്മാണവും സംവിധാനവും എം. എസ്. സെന്തിൽകുമാർ (അദ്ദേഹത്തിന്റെ ഏക നിർമ്മാണ-സംവിധാന സംരംഭം.) ഒരു കുറ്റാന്വേഷണകഥയാണിത്.

മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ദക്ഷിണാമൂർത്തി കൂട്ടുകെട്ടിന്റെ രണ്ട് ഗാനങ്ങൾ എസ് ജാനകി പാടിയിരിക്കുന്നു.

#സൗന്ദര്യപൂജ പാറശ്ശാല ദിവാകരൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി, അഭിനേതാവും തിരക്കഥാകൃത്തും സംവിധായകനുമായ ബാലകൃഷ്ണൻ പൊറ്റക്കാട് എന്ന ബി കെ പൊറ്റക്കാട് സംവിധാനം നിർവഹിച്ച ചിത്രം. ഗാനരചന മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ശ്രീകുമാരൻ തമ്പി സംഗീതം എം എസ് ബാബുരാജ്. അഞ്ച് ഗാനങ്ങളിൽ “അമ്പലക്കുന്നിലെ മലങ്കുറത്തി” (സുശില), “ആപാദചൂഢം പനിനീര്..” (യേശുദാസ്) , “അസ്തമയ ചക്രവാളം.”(യേശുദാസ് – രാഗം: ആഹിർ ഭൈരവ്) ഇവ് മികച്ചുനിൽക്കുന്നു.

മധുസാറിന്റെ 1973ലെ 16 ചിത്രങ്ങളിൽ ആറെണ്ണത്തെക്കുറിച്ചുമാത്രമേ ഇന്ന് പറയാനായുള്ളൂ. ബാക്കി പത്തു ചിത്രങ്ങളിൽ പ്രധാനപ്പെട്ട ചില ചിത്രങ്ങളുണ്ട്. അവയെപ്പറ്റി നമുക്ക് വരും ഭാഗങ്ങളിൽ പറയാം. യാത്ര തുടരാനായി കാത്തിരിക്കുക.. അതുവരെ വിട!

വര, എഴുത്ത് : പ്രദീപ് Pradeep Purushothaman #മാധവം #Madhavam