top of page

മാധവം. 33മാധവം-33 1973 ലെ മറ്റ് ചിത്രങ്ങളിലേയ്ക്കു കടക്കാം.

#ചെണ്ട എഴുപത്തിമൂന്നിലെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് ചെണ്ട. പുതുമയുള്ളൊരു പ്രണയകഥ. ഈ കഥയിലെ നായകൻ ചെണ്ടയാണ്. നായിക നൃത്തം. സഹനടികളും നടന്മാരും ഏറെയുണ്ട്. മദ്ദളം , ചിലങ്ക , ഉടുക്ക് , കൊമ്പും കുഴലും, ഇലത്താളം അങ്ങിനെ നീണ്ടു പോകുന്നു ആ പട്ടിക. കേരളത്തിന്റെ തനതായ താളവാദ്യങ്ങൾ !! പക്ഷേ ചെണ്ടയ്ക്കു ജീവൻ നൽകുന്നത് അപ്പുവാണ്.(മധു ). നൃത്തത്തിനു ആകാരസൗന്ദര്യം കൊടുത്തിരിക്കുന്നത് സുമതിയാണ് (ശ്രീവിദ്യ). മധുസാറിന്റെ അഭിനയജീവിതത്തിലെ മികച്ച ഒരു കഥാപാത്രങ്ങളിലൊന്നാണ് അപ്പു. പ്രശസ്തനായ ഒരു ചെണ്ടവാദ്യകലാകാരനെ അവതരിപ്പിക്കുക എന്ന വെല്ലുവിളി അദ്ദേഹം അനായാസമായി നിർവഹിച്ച ചിത്രം. ശ്രീവിദ്യയുടെ അഭിനയമികവുംകൂടിയായപ്പോൾ മലയാളസിനിമയിലെ മികച്ച വിജയം നേടിയ മധു-ശ്രീവിദ്യ ജോഡികളുടെ അവിസ്മരണീയമായൊരു ചിത്രമായി ‘ചെണ്ട’ മാറി. ബി ഇ രാമനാഥന്റേതാണ് കഥ. തോപ്പിൽഭാസിയുടെ തിരക്കഥയും സംഭാഷണവും. മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ എ വിൻസെന്റിന്റെ സംവിധാനംകൂടിയായപ്പോൾ ചെണ്ട എന്ന മികച്ച ചിത്രം പിറന്നു. മധുസാറിനെയും ശ്രീവിദ്യയെയും കൂടാതെ മലയാളത്തിലെ അന്നത്തെ പ്രധാന താരങ്ങളൊക്കെ അഭിനയിച്ച ചിത്രമാണ് ചെണ്ട. ഭരതന്റെ കലാസംവിധാനവും എസ് എ നായരുടെ പരസ്യകലയും ‘ചെണ്ട’യെ ശ്രദ്ധേയമാക്കി.

ഇതിലെ, ദേവരാജൻമാസ്റ്റർ സംഗീതസംവിധാനം നിർവഹിച്ച, ആറ് മനോഹരഗാനങ്ങൾ എഴുതിയിരിക്കുന്നതു് നാല് ഗാനരചയിതാക്കളാണ്. മോഹന രാഗത്തിൽ ചിട്ടപ്പെടുത്തി മാധുരി പാടിയ “പഞ്ചമിത്തിരുനാൾ, മദനോത്സവത്തിരുനാൾ..” എന്ന ഗാനം രചിച്ചുകൊണ്ട് ഭരണിക്കാവ് ശിവകുമാർ എന്ന ഗാനരചയിതാവിന്റെ രംഗപ്രവേശം ഈ സിനിമയിലൂടെയായിരുന്നു. “പഞ്ചതന്ത്രം കഥകൾ” മലയാളത്തിൽ വായിച്ചിട്ടുള്ളവരൊക്കെ ഓർക്കുന്ന ഒരു പേരാണ് ‘സുമംഗല’. സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട് എഴുതിയിട്ടുള്ള ഏക സിനിമാഗാനം ചെണ്ടയിലേതാണ്: “അക്കരെയക്കരെ അമ്പല മുറ്റത്ത- ശോക മരമൊന്നു നില്പൂ” എന്നു തുടങ്ങുന്ന മാധുരി പാടിയ ഗാനം. “നൃത്യതി നൃത്യതി ബ്രഹ്മപദം നക്ഷത്ര നവഗ്രഹ ഹംസപദം” എന്നു തുടങ്ങുന്ന കല്യാണി രാഗത്തിലുള്ള ഗംഭീരമായ ഗാനം എഴുതിയത് വയലാർ രാമവർമ്മയാണ്. ബാക്കി മൂന്നുഗാനങ്ങൾ - മൂന്നും മറ്റുഗാനങ്ങളെപ്പോലെ മനോഹരവും ഗംഭീരവും – എഴുതിയത് പി ഭാസ്കരനാണ്. മുഖവുരയൊന്നും വേണ്ടാത്ത ആ ഗാനങ്ങൾ: “സുന്ദരിമാർ കുലമൗലികളേ പന്തടിച്ചു കളിക്കുക നാം.. “ (മാധുരി) – നീലാംബരി രാഗം

“താളത്തിൽ താളത്തിൽ താരമ്പൻ കൊട്ടുന്ന മേളത്തിൽ ചിലങ്കകൾ കിലുങ്ങീ.. “ (മാധുരി) – രാഗം : മദ്ധ്യമാവതി

“ചാരുമുഖീ ഉഷ മന്ദം മാരലീലാ ലോലയായി..” (യേശുദാസ്) – രാഗം: സൗരാഷ്ട്രം.

മികച്ച കഥയും തിരക്കഥയും സംവിധാനവും, അതുപോലെ മികച്ച ഗാനങ്ങളും അഭിനയമികവും, ചെണ്ടയെ അക്കൊല്ലത്തെ മികച്ചൊരു ചിത്രമാക്കിമാറ്റി.

#സ്വപ്നം എഴുപത്തിമുന്നിലെ ശ്രദ്ധേയവും വേറിട്ടതുമായൊരു ചിത്രമായിരുന്നു ബാബു നന്തൻ‌കോട് സംവിധാനംചെയ്ത സ്വപ്നം. എട്ട് സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ ആദ്യചിത്രമാണ് സ്വപ്നം. പ്രശസ്ത ഫോട്ടോഗ്രാഫറും ചലച്ചിത്രകാരനുമായ ശിവൻ നിർമ്മിച്ച ആദ്യ ചിത്രമാണിത്. പ്രശസ്ത സാഹിത്യകാരൻ പി കേശവദേവ് 1967 ൽ ഒരു വാരികയിൽ എഴുതിയ തുടർനോവലിന് തോപ്പിൽഭാസിയാണ് തിരക്കഥയും സംഭാഷണവും രചിച്ചത്. ബംഗാളിനടിയായ നന്ദിതാബോസ് ആദ്യമായി മലയാളത്തിൽ നായികയായ ഈ ചിത്രത്തിൽ മധുസാറിനൊപ്പം സുധീറും പ്രധാനവേഷത്തിലെത്തി. വാണിജയറാം എന്ന ഗായിക മലയാളത്തിലേയ്ക്കെത്തുന്നത് ഈ ചിത്രത്തിലെ “സൗരയുഥത്തിൽ വിടർന്നോരു കല്യാണ- സൗഗന്ധികമാണീ ഭൂമി. അതിൻ സൗവർണ്ണ പരാഗമാണോമനേ നീ അതിൻ സൗരഭമാണെന്റെ സ്വപ്നം..സ്വപ്നം..” എന്നു തുടങ്ങുന്ന ഒ എൻ വി എഴുതിയ അതിമനോഹരമായ ഗാനം ആലപിച്ചുകൊണ്ടാണ്. ഇതുപോലെ മനോഹരമായ ഒരു ഗാനം പാടിക്കൊണ്ട് മലയാളത്തിലേയ്ക്കു വരാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് ഒരിയ്ക്കൽ വാണിജയറാം പറയുകയുണ്ടായി. ഒ എൻ വി – സലിൽചൗധരി കൂട്ടുകെട്ടിൽപ്പിറന്ന അതിമനോഹരങ്ങളായ അഞ്ചു നിത്യഹരിത ഗാനങ്ങളാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. മറ്റൂ ഗാനങ്ങൾ: “മാനേ മാനേ വിളികേൾക്കൂ..വിളികേൾക്കൂ..” (യേശുദാസ്) “മഴവിൽക്കൊടി കാവടിയഴകുവിടർത്തിയ..” (ജാനകി) “നീ വരൂ കാവ്യ ദേവതേ, നീലയാമിനീ..” (യേശുദാസ്) “ശാരികേ, എൻ ശാരികേ..” (ജാനകി) 1973 ൽ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സിനിമറ്റോഗ്രാഫിക്ക് അശോക് കുമാറിനും മികച്ച ഗാനരചയിതാവിന് ഒ എൻ വി കുറുപ്പിനും ഉൾപ്പടെ നാല് അവാർഡുകൾ ഈ ചിത്രം നേടിയതായി കാണുന്നു. (മറ്റ് രണ്ട് അവാർഡുകൾ ആർക്കാണെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല, ക്ഷമിക്കുക!) അക്കൊല്ലം ഈ ചിത്രം മത്സരിച്ചത് എം ടി യുടെ നിർമ്മാല്യത്തിനും പി എൻ മേനോന്റെ ഗായത്രിയ്ക്കമൊപ്പമാണെന്ന് ഓർക്കണം! കേശവദേവിന്റെ നോവൽ ഹിറ്റായിരുന്നു, ഈ ചിത്രത്തിലെ ഗാനങ്ങളും. നാല് സംസ്ഥാന അവാർഡുകളും നേടി. എന്നിട്ടും ‘സ്വപ്നം’ ബോക്സോഫീസിൽ വിജയമായില്ല.

#മഴക്കാറ് ചെമ്പരത്തിയ്ക്കും ചായത്തിനുംശേഷം മലയാളനാട് വാരികയുടെ ഉടമ എസ് കെ നായർ നിർമ്മിച്ച ചിത്രമാണ് മഴക്കാറ്. പ്രശസ്തകഥാകൃത്ത് ജി വിവേകാനന്ദന്റെ കഥയ്ക്ക് തോപ്പിൽഭാസി തിരക്കഥയും സംഭാഷണവുമെഴുതി പി എൻ മേനോൻ സംവിധാനംചെയ്ത ചിത്രമാണിത്. എസ് കെ നായരുടെ ആദ്യരണ്ടു ചിത്രങ്ങളുടേയും സംവിധായകൻ പി എൻ മേനോൻ തന്നെയായിരുന്നുവെന്ന് ഓർക്കണം. മധുസാർ പ്രഭാകരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ചെമ്പരത്തി ശോഭന, കനകദുർഗ്ഗ, ബാലൻ കെ നായർ, കുതിരവട്ടം പപ്പു തുടങ്ങിയ പ്രമുഖതാരനിരതന്നെ അഭിനയിച്ചു. വയലാർ - ദേവരാജൻ ദ്വയത്തിന്റെ മനോഹരമായ നാലു പാട്ടുകളാണ് ഈ ചിത്രത്തിലുള്ളത്. അതിൽ പ്രധാനം – കല്യാണിരാഗത്തിൽ ചിട്ടപ്പെടുത്തി യേശുദാസ് പാടിയ “പ്രളയപയോധിയിൽ ഉറങ്ങിയുണർന്നൊരു പ്രഭാമയൂഖമേ കാലമേ” എന്ന വയലാർ മാജിക് നിറഞ്ഞ ഗാനമാണ്.

പി ജയചന്ദ്രനും മാധുരിയും ചേർന്നുപാടിയ “മണിനാഗത്തിരുനാഗ യക്ഷിയമ്മേ..”,

ശങ്കരാഭരണ രാഗത്തിൽ ചിട്ടപ്പെടുത്തി എം ജി രാധാകൃഷ്ണനും സംഘവും പാടിയ “വൈക്കത്തപ്പനും ശിവരാത്രി വടക്കുംനാഥനും ശിവരാത്രി”,

മാധുരി പാടിയ “അനസൂയേ, പ്രിയംവദേ..”എന്നിവയാണ് മറ്റ് ഗാനങ്ങൾ.

ഇനിയുമുണ്ട് 1973ൽ എണ്ണംപറഞ്ഞ ചിത്രങ്ങൾ… അവയുടെ വിശേഷങ്ങളും ചിത്രങ്ങളുമായി മടങ്ങിവരുംവരെ കാത്തിരിക്കുക. നമുക്കീ യാത്ര തുടരാം.

വര, എഴുത്ത് : പ്രദീപ് @Pradeep Purushothaman

#മാധവം #Madhavam

bottom of page