top of page

മാധവം.37


August 04, 2021

മാധവം. 37

മാധവം. 37 1974 പോലെതന്നെ 1975 ഉം മധു എന്ന സംവിധായകന്റെ, ഒപ്പം നിർമ്മാതാവിന്റെ, വർഷമാണ്. ഏഴു ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചപ്പോൾ അതിൽ രണ്ടു ചിത്രം നിർമ്മിച്ച് സംവിധാനം ചെയ്തു. #അക്കൽദാമ എഴുപത്തിയഞ്ചിൽ മധുസാർ സംവിധാനം ചെയ്ത് നിർമ്മിച്ച ആദ്യ ചിത്രം ‘അക്കൽദാമ’ യായിരുന്നു. ‘അക്കൽദാമ’ എന്നത് ബൈബിളിൽ യൂദാസുമായി ബന്ധപ്പെട്ട സ്ഥലമാണ്. ഒരു പുരോഹിതനെ ചുറ്റിപ്പറ്റിയുള്ള കഥയായതിനാലാവണം സിനിമയ്ക്ക് ആ പേര് സ്വീകരിച്ചത്. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് നാടകകാരനും സാംസ്കാരികപ്രവർത്തകനുമായ പി ആർ ചന്ദ്രനാണ്. രണ്ട് സിനിമകൾക്കേ അദ്ദേഹം കഥയും തിരക്കഥയും സംഭാഷണവും രചിച്ചിട്ടുള്ളൂ. മറ്റേ ചിത്രം ഇതേകൊല്ലംതന്നെ മധുസാർ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച ‘കാമം, ക്രോധം, മോഹം’ ആണ്. കൊട്ടാരക്കര ശ്രീധരൻ നായരും മധുസാറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നായികയായി ശ്രീവിദ്യ വേഷമിട്ടു. ഗാനങ്ങൾ എഴുതിയത് മൂന്നുപേരാണ് -ബിച്ചു തിരുമല, ഏറ്റുമാനൂർ സോമദാസൻ, ഭരണിക്കാവ് ശിവകുമാർ എന്നിവർ. സംഗീതം ശ്യാം. നാലു ഗാനങ്ങളിൽ, “നീലാകാശവും മേഘങ്ങളും..” (ബിച്ചു തിരുമല, ബ്രഹ്മാനന്ദൻ), “അക്കൽദാമതൻ താഴ്‌വരയിൽ..” (ഭരണിക്കാവ് ശിവകുമാർ, ബ്രഹ്മാനന്ദനും ജാനകിയും ചേർന്നു പാടിയത്) “ഒരു പൂന്തണലും മുന്തിരിയും..”(ഏറ്റുമാനൂർ സോമദാസൻ, പാടിയത് :യേശുദാസും മാധുരിയും), ഇവ ശ്രദ്ധേയമായവ. 75 ലെ വിജയചിത്രങ്ങളിലൊന്നാണ് ‘അക്കൽദാമ’. #സ്വർണ്ണമത്സ്യം ശ്രീകുമാരിയുടെ കഥയിൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ കഥയും തിരക്കഥയും ഗാനങ്ങളുമെഴുതി ബി കെ പൊറ്റെക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് സ്വർണ്ണമത്സ്യം. മധു, ജയഭാരതി, രാണിചന്ദ്ര എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി രംഗത്തെത്തിയത്. എം എസ് ബാബുരാജ് സംഗീതം നൽകിയ അഞ്ചുഗാനങ്ങളിൽ “തുലാവർഷമേഘമൊരു പുണ്യതീർത്ഥം..” എന്നു തുടങ്ങുന്ന, ആഭേരി രാഗത്തിൽ ചിട്ടപ്പെടുത്തി യേശുദാസ് പാടിയ, ഗാനം മികച്ചുനിൽക്കുന്നു. #സമ്മാനം സി വി ശ്രീധർ കഥയെഴുതി തോപ്പിൽഭാസി തിരക്കഥയും സംഭാഷണവുമെഴുതി ശശികുമാർ സംവിധാനം ചെയ്ത ചിത്രമാണ് സമ്മാനം. സി വി ശ്രീധർ ഒരു ചിത്രത്തിനുകൂടിയേ കഥയെഴുതിയിട്ടുള്ളൂ. അത് അക്കാലത്തെ ഹിറ്റ് ചിത്രമായ ‘ഹൃദയം ഒരു ക്ഷേത്രം’ ആണ്. പ്രേംനസീർ, ജയഭാരതി, മധു, സുജാത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രഘു എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്. ഇതിലെ അഞ്ചു ഗാനങ്ങൾ വയലാർ എഴുതി ദക്ഷിണാമൂർത്തി സംഗീതം നൽകി. ഇതിൽ ചക്രവാകം രാഗത്തിൽ ചിട്ടപ്പെടുത്തിയ, വാണി ജയറാമിന്റെ ഹിറ്റുഗാനങ്ങളിലൊന്നായ, “എന്റെ കൈയിൽ പൂത്തിരി..” എന്ന ഗാനവും ഉൾപ്പെടുന്നു. #സ്വാമി അയ്യപ്പൻ പി സുബ്രഹ്മണ്യം സംവിധാനം ചെയ്ത ‘സ്വാമി അയ്യപ്പൻ’ ഒരു ഹിറ്റ് സിനിമയായിരുന്നു. അതിൽ ഒരു അതിഥിതാരമായി, മധു എന്ന നടനായി, മധുസാർ രംഗത്തെത്തി. ഈ ചിത്രത്തിന് 1975 ൽ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലനടൻ (മാസ്റ്റർ രഘു), മികച്ച ഛായാഗ്രഹണം (മസ്താൻ), ജനപ്രിയ ചിത്രം എന്നിങ്ങനെ മൂന്ന് അവാർഡുകൾ ലഭിച്ചു. വയലാറും, ശ്രീകുമാരൻ തമ്പിയും രചിച്ച് ദേവരാജൻ സംഗീതം നൽകിയ പ്രശസ്തമായ 11 ഹിറ്റ് ഗാനങ്ങളാണ് ഈ ചിത്രത്തിൽ. ‘ഹരിവരാസനം’ മദ്ധ്യമാവതി രാഗത്തിൽ ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തി ജനപ്രിയമായത് ഈ ചിത്രത്തിലൂടെയാണ്. വയലാറിന്റെ എക്കാലത്തെയും മികച്ച ഭക്തിഗാനമായ “ശബരിമലയിൽ തങ്കസൂര്യോദയം” ഇതിലെ ഗാനങ്ങളിലുൾപ്പെടുന്നു. #ഓമനക്കുഞ്ഞ് തുറവൂർ മൂർത്തിയുടെ കഥ. തിരക്കഥയും സംഭാഷണവും കെ പി കൊട്ടാരക്കര. സംവിധാനം എ ബി രാജ്. ഇതിന്റെ നിർമ്മാതാവും കെ പി കൊട്ടാരക്കരതന്നെ. ശ്രീകുമാരൻ തമ്പിയുടെ മികച്ച മൂന്നു ഗാനങ്ങളാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. സംഗീതം : എം കെ അർജ്ജുനൻ “പൊന്നും ചിങ്ങമേഘം വാനിൽ പൂക്കളം പോലാടി വെള്ളിരഥമേറി വന്നു വെണ്ണിലാവു പാടി പൊന്നും ചിങ്ങമേഘം വാനിൽ പൂക്കളം പോലാടി വെള്ളിരഥമേറി വന്നു വെണ്ണിലാവു പാടി…” എന്ന ഗാനം പി സുശീല ഒറ്റയ്ക്കും, യേശുദാസും ബ്രഹ്മാനന്ദനും സംഘവും ചേർന്നും പാടിയിട്ടുണ്ട്. “ഭഗവദ്ഗീതയും സത്യഗീതം ബൈബിൾ വചനവും ത്യാഗഗാനം പരിശുദ്ധ ഖുറാനും സ്നേഹകാവ്യം എല്ലാ നദികളും കടലിൽ ചേരും എല്ലാ മതങ്ങളും ദൈവത്തെ തേടും ദൈവത്തെ തേടും - ദൈവത്തെ തേടും ഈശ്വരനെ ഞങ്ങൾ കണ്ടൂ ഈ കൊച്ചുകൺകളിൽ കരുണതൻ കവിത കേട്ടൂ കിളിക്കൊഞ്ചലിൽ ഈ കിളിക്കൊഞ്ചലിൽ..” ഈ മനോഹരഗാനം യേശുദാസ്, കെ പി ചന്ദ്രഭാനു, ജോളി ഏബ്രഹാം എന്നിവർ ചേർന്ന് പാടിയിരിക്കുന്നു. “സ്വപ്നത്തിലിന്നലെയെൻ സ്വർണ്ണവള കിലുങ്ങീ സ്വപ്നത്തിലിന്നലെയെൻ സ്വർണ്ണവള കിലുങ്ങീ നിദ്രതൻ വേദിക ഇളകി മുല്ലമലർക്കുടിൻ മുത്തണിവാതിലിൽ മുട്ടിവിളിച്ചവൻ നീയോ -നീയോ - നീയോ – നീയോ” എന്ന വാണീ ജയറാമിന്റെ ഹിറ്റ് ഗാനം. #സിന്ധു കഥ, തിരക്കഥ, സംഭാഷണം : ശ്രീകുമാരൻ തമ്പി സംവിധാനം : ശശികുമാർ. പ്രേംനസീർ, മധു, ലക്ഷ്മി, വിധുബാല തുടങ്ങിയ താരങ്ങൾ അഭിനയിച്ചചിത്രം. രാജശേഖരൻ എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്. ശ്രീകുമാരൻ തമ്പി, എം കെ അർജുനൻ കൂട്ടുകെട്ടിന്റെ അതിപ്രശസ്തമായ അഞ്ചു ഗാനങ്ങളാണ് ഈ ചിത്രത്തിൽ. ശ്രീകുമാര തമ്പിയുടെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ “ചെട്ടികുളങ്ങര ഭരണി നാളിൽ..” (യേശുദാസ്) ഖരഹരപ്രിയ രാഗത്തിൽ ചിട്ടപ്പെടുത്തി ജയച്ചന്ദ്രനും സുശീലയും ചേർന്ന് ആലപിച്ച “ചന്ദ്രോദയം കണ്ടു കൈകൂപ്പി നിൽക്കും..” “എൻ ചിരിയോ പൂത്തിരിയായ് “ (യേശുദാസ്, വാണീജയറാം) “തേടിത്തേടി ഞാനലഞ്ഞു..” (യേശുദാസ്) രാഗം : മാണ്ട് “ജീവനിൽ ദുഃഖത്തിനാറാട്ട്..” (സുശീല) രാഗം : ചക്രവാകം. ഇവയാണ് ഗാനങ്ങൾ. #കാമം, ക്രോധം, മോഹം മധുസാറിന്റെ ബഹുമുഖപ്രതിഭ തെളിയിച്ച മറ്റൊരു ചിത്രം. 1975 ൽ അദ്ദേഹം സംവിധാനം ചെയ്ത് നിർമ്മിച്ച രണ്ടാമത്തെ ചിത്രം. ഈ ചിത്രവും ശ്രദ്ധേയമായി. പേരു മുതൽ തുടങ്ങുന്ന പുതുമ! നേരത്തേ സൂചിപ്പിച്ചപോലെ പി ആർ ചന്ദ്രന്റെ രണ്ടാമത്തെയും അവസാനത്തേതുമായ കഥ-തിരക്കഥ-സംഭാഷണം. ഈ ചിത്രം ‘എ’ സർട്ടിഫിക്കറ്റോടുകൂടിയാണ് തിയേറ്ററുകളിലെത്തിയത്. അക്കാലത്ത് ‘എ’ സർട്ടിഫിക്കറ്റ് ചിത്രങ്ങൾ വളരെ വിരളമായിരുന്നു. ഉടനീളം സസ്പെൻസ് നിലനിർത്തിയ ഒരു ചിത്രം. ഇതിലെ വിൻസെന്റ് (വിന്നി) എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്. അദ്ദേഹത്തെക്കൂടാതെ ജയഭാരതി, നന്ദിതാബോസ്, ശോഭ, കൊട്ടാരക്കര തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചു. മധുസാറിന്റെ ചിത്രങ്ങളിൽ പിന്നീട് സ്ഥിരം സാന്നിദ്ധ്യമായിമാറിയ ടി പി മാധവൻ ആദ്യമായി വേഷമിട്ട സിനിമകൂടിയാണിത്. ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ ശ്യാം ആണ്. അഞ്ചുഗാനങ്ങളിൽ രണ്ടെണ്ണം ബിച്ചു തിരുമലയും രണ്ടെണ്ണം ഭരണിക്കാവ് ശിവകുമാറും രചിച്ചു. ശേഷിക്കുന്ന ഒരു ഗാനം “അലുവാ മെയ്യാളേ, വിടുവാ ചൊല്ലാതെ” എന്ന, പട്ടം സദനും അമ്പിളിയും ചേർന്നുപാടിയ, ഒരു ഹാസ്യഗാനമാണ്. ഈ ഗാനം രചിച്ചത് ബിച്ചു തിരുമലയും ഭരണിക്കാവ് ശിവകുമാറും ചേർന്നാണെന്നതാണ് രസകരം. ഭരണിക്കാവ് ശിവകുമാർ രചിച്ചവ : “സ്വപ്നം കാണും പെണ്ണേ..” (യേശുദാസ്, സുജാത) “ഓടക്കുഴൽ വിളി ഒഴുകിയൊഴുകിവരും” എന്ന ഒറ്റ ലളിതഗാനംകൊണ്ട് ജനപ്രീതിനേടുകയും ആകാശവാണിയുടെ ബി 1 ഗ്രേഡ് ആർട്ടിസ്റ്റ് ആവുകയും ചെയ്ത സുജാതയുടെ, സിനിമാപിന്നണിഗായിക എന്ന നിലയ്ക്കുള്ള, ആദ്യ ഗാനമാണിത്. “രാജാർദ്ര ഹംസങ്ങളോ “ (യേശുദാസ്, സുശീല) ബിച്ചു തിരുമലയുടെ രചനകൾ: “ഉന്മാദം ഗന്ധർവ്വ സംഗീതസായാഹ്നം സംഗീതം നാദബ്രഹ്മത്തിൻ സങ്കേതം..” (യേശുദാസ്, അമ്പിളി) “രാജാധിരാജന്റെ വളർത്തുപക്ഷി രാമായണംകഥ പാടും പക്ഷി..” (അമ്പിളി, സുജാത, ബിച്ചു തിരുമല) മധു എന്ന നടനും, സംവിധായകനും, നിർമ്മാതാവും മലയാളസിനിമയിൽ ശക്തമായ സാന്നിദ്ധ്യമുറപ്പിച്ചാണ് 1975 കടന്നുപോവുന്നത്. 1976 ൽ ഹിറ്റ് സിനിമയുടെ സംവിധായകനും നിർമ്മാതാവുമായതിനോടൊപ്പം മലയാളത്തിൽ ചരിത്രംകുറിച്ച ചില ചിത്രങ്ങളിലെ അഭിനേതാവായും മധുസാർ തിളങ്ങിനിന്ന വർഷമാണ്. അതിനെപ്പറ്റി അറിയാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുക.. ഈ യാത്ര നമുക്കൊരുമിച്ച് തുടരാം.. വര, എഴുത്ത് : പ്രദീപ് Pradeep Purushothaman #മാധവം #Madhavam

bottom of page