മാധവം.4


മാധവം.4

1963 നു ശേഷം 64 ലേക്കെത്തുമ്പോൾ മധുസാറിന്റെ അതി ഗംഭീരങ്ങളായ അഞ്ചു ചിത്രങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. ഒറ്റയെഴുത്തിൽ ഈ അഞ്ചു ചിത്രങ്ങളേയും ഒതുക്കുകയെന്നത് നീതി കേടാണ്. അതുകൊണ്ടുതന്നെ രണ്ടു ഭാഗങ്ങളായി തിരിച്ചെഴുതാം എന്നാണ് ചിന്ത.

പ്രദീപ് മാഷിന്റെ ഈ ചിത്രത്തിലേക്കൊന്നു നോക്കൂ.. എന്തു ചേലാണ് ആ ചിത്രത്തിന്.. എന്തു തേജസാണ് ആ മുഖത്തിന്.. 1964 ൽ പുറത്തിറങ്ങിയ #തച്ചോളിഒതേനൻ എന്ന ചിത്രത്തിലെ പയ്യമ്പിള്ളി ചന്തുവാണിത്

ബ്ലാക്ക്‌ ആൻഡ് വൈറ്റിൽ ഇറങ്ങിയ ആ ചിത്രത്തിലെ ചന്തുവിന് നിറങ്ങൾ കൊണ്ടൊരു ആദരവാണ് ഈ വരയിലൂടെ നൽകിയിരിക്കുന്നത്.

#തച്ചോളിഒതേനൻ

മിത്തും യാഥാർത്ഥ്യവും കൂടി കുഴഞ്ഞു കിടക്കുന്ന വടക്കൻ പാട്ടുകളിൽ നിന്നുമുള്ള ഒരേടാണ് തച്ചോളി ഒതേനൻ. നിറഞ്ഞ അഭ്യാസിയും, വീരശൂര പരാക്രമിയുമായ തച്ചോളി ഒതേനന്റെ ചങ്ങാതിയായിരുന്നു പയ്യമ്പിള്ളി ചന്തു. പൊന്നിയം കളരിയിൽ ചിണ്ടൻ നമ്പ്യാരുമായുള്ള പയറ്റിൽ ഒതേനനു പൂഴിക്കടകൻ വിദ്യയോതി ചിണ്ടന്റെ തല തെറിപ്പിച്ചതിന്റെ സൂത്രധാരൻ, അതുകൂടിയാണ് പയ്യമ്പിള്ളി ചന്തു.

എസ് എസ് രാജൻ എന്ന സംവിധായകനാണ് തച്ചോളി ഒതേനൻ അഭ്രപാളിയിൽ ആക്കിയത്. മലയാളി പ്രേക്ഷകന് അന്നാ സംവിധായകൻ അന്യനായിരുന്നില്ല. പൊൻകുന്നം വർക്കിയുടെ സ്നേഹസീമ എന്ന നോവൽ അതേപേരിൽ സിനിമയാക്കി ദേശീയപുരസ്‌കാരം നേടിയ വ്യക്തിയായിരുന്നു ശ്രീ എസ് എസ് രാജൻ. ഈ സംവിധായകന്റെ പേരും മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്, കാരണം ഇനി വരുന്ന പല സിനിമകളിലും ഈ പേര് ആവർത്തിക്കപ്പെടുന്നുണ്ട്.

1964 ലെ ആദ്യ മാസത്തിൽ പുറത്തിറങ്ങിയ തച്ചോളി ഒതേനന് ഏറെ പ്രത്യേകതകൾ ഉണ്ടായിരുന്നു. മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് സിനിമായായാണ് തച്ചോളി ഒതേനനെ വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞയെഴുത്തിലെ മൂടുപടം സിനിമ യുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച പലരും ഈ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും തുടർന്നുവെന്നതാണ് വിസ്മയകരമായ കാര്യം

ചിത്രം നിർമ്മിച്ചത് ടി കെ പരീകുട്ടി തന്നെ. കൊച്ചിക്കാരനായ പരീകുട്ടിയെ കുറിച്ച് മുൻ എഴുത്തിൽ പരാമർശിച്ചിരുന്നു. അദ്ദേഹത്തെ ഓർത്തു വയ്ക്കണമെന്നും പറഞ്ഞിരുന്നു. കാരണം ഇനിയുള്ള പല എഴുത്തുകളിലും ആ പേരു കടന്നു വരും. കേരളത്തിൽ ആദ്യമായി 70MM തീയറ്റർ സ്ഥാപിച്ചത് ഇദ്ദേഹമാണ്, കൊച്ചിയിലെ സൈന തീയറ്റർ.. ഇന്നത്തെ കോക്കേഴ്‌സ്

1954 ൽ ദേശീയ പുരസ്‌കാരം നേടിയ നീലക്കുയിൽ എന്ന ചിത്രം നിർമ്മിച്ചാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. കഴിഞ്ഞ സിനിമ മൂടുപടത്തിന്റെയും നിർമ്മാതാവ് അദ്ദേഹം തന്നെയായിരുന്നു. 1964 ൽ അദ്ദേഹം രണ്ടു ചിത്രങ്ങളാണ് നിർമ്മിച്ചത്. അതിൽ ആദ്യത്തെ ചിത്രമായിരുന്നു തച്ചോളി ഒതേനൻ.

ഈ ചിത്രത്തിന്റെ സഹ സംവിധായകൻ സാക്ഷാൽ അടൂർ ഭാസിയായിരുന്നു.

മൂടുപടം പോലെ ഈ സിനിമയിലും സത്യനും മധുവും അംബികയുമായിരുന്നു. ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജരും ശ്രീ പി എ ബക്കറായിരുന്നു.

ചന്ദ്രതാര തന്നെയായിരുന്നു ബാനർ.

ഇനി സംഗീതത്തിലേക്ക് വന്നാലോ, അതതിലും രസകരമാണ്. മുൻ സിനിമകൾ പോലെ ഈ ചിത്രവും സംഗീതസാന്ദ്രമായിരുന്നു. പത്തോളം ഗാനങ്ങളാണ് ഒതേനനിൽ നിറഞ്ഞു നിന്നത്. അതെല്ലാം പിറന്നതോ, ഭാസ്‌കരൻ മാഷ്-ബാബുക്ക കൂട്ടുകെട്ടിൽ നിന്നും തന്നെ

അഞ്ജനകണ്ണെഴുതി ആലിലതാലിചാർത്തി അറപ്പുറവാതിലിൽഞാൻ കാത്തിരുന്നു..

ഇന്നും മലയാളിയുടെ മൂളലിൽ ഈ പാട്ടിനെ ഒഴിച്ചു നിർത്തുവാൻ കഴിയുമോ? ഒരുപക്ഷേ ഈ ഒരൊറ്റ പാട്ടു മാത്രം മതി നിരവധി പേജുകളിൽ വാക്കുകളായി പടരാൻ. മുൻപേ പറഞ്ഞ പോൽ വിസ്താരഭയം കൊണ്ടതിൽ നിന്നും പയ്യെ തെന്നി മാറുകയാണ്.

അതുപോലെതന്നെയൊന്നായിരുന്നു

കന്നിനിലാവത്ത് കസ്തൂരി പൂശുന്ന കൈതേ കൈതേ കൈനാറി

ഇതോടൊപ്പം ഒരു പാട്ടുകൂടി ചേർത്തു വയ്ക്കുന്നു. പി ലീലയും സംഘവും പാടി ആടി തിമിർത്ത കൊട്ടും ഞാൻ കേട്ടില്ല കൊഴലും ഞാൻ കേട്ടില്ലാ

ഇതുമാത്രമല്ല, ഈ സിനിമയിലെ മറ്റു ഗാനങ്ങളൊക്കെ തന്നെ മലയാളി മൂളലിൽ മാഞ്ഞുപോകാത്ത ഗാനങ്ങൾ തന്നെയാണ്.

ഈ കുറിപ്പ് എഴുതി തുടങ്ങിയപ്പോൾ 1964 ലെ പാതി ചിത്രങ്ങളെങ്കിലും എഴുതി തീർക്കണം എന്നാണ് കരുതിയത്. പക്ഷേ ഈ ഒരൊറ്റ സിനിമയിൽ ഇത്രമേൽ എഴുതുവാനുള്ള ഹേതു പ്രദീപ് മാഷിന്റെ ഈ മനോഹര ചിത്രം തന്നെയാണ്. അതുകൊണ്ട് മാഷിനോട്‌ ഒരഭ്യർത്ഥനയുണ്ട്, പടത്തിന്റെ ചേലൊന്നു കുറച്ചാൽ എഴുത്തിന്റെ വേഗത കൂടും

അറുപത്തി നാലിലെ മറ്റു സിനിമാ എഴുത്തുകൾക്കായി കാത്തിരിക്കുമല്ലോ..

അതി ഗംഭീര സിനിമകളാണ് അറുപത്തി നാല് നമുക്കായി ഒരുക്കിയിരിക്കുന്നത്.. ആ സിനിമകളുമായി എത്തും വരെ തത്കാലം വിട

വര: പ്രദീപ് Pradeep Purushothaman എഴുത്ത് : അനിൽ Anil Zain

#മാധവം #madhavam