top of page

മാധവം. 41


മാധവം. 41

1977 ലെ മറ്റു ചിത്രങ്ങളിലേയ്ക്കു കടക്കാം.


#നീതിപീഠം കാക്കനാടനും നാഗവള്ളിയും ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതി ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പീറ്റർ, ശങ്കരൻ എന്നീ രണ്ടു കഥാപാത്രങ്ങളെയാണ് മധുസാർ അവതരിപ്പിക്കുന്നത്. ജി ദേവരാജൻ സംഗീതം നൽകിയ നാലു ഗാനങ്ങളിൽ ഒരെണ്ണം ഭരണിക്കാവ് ശിവകുമാറും മറ്റ് മൂന്നെണ്ണം യൂസഫലി കേച്ചേരിയും എഴുതി. ഇതിൽ യൂസഫലി എഴുതി യേശുദാസ് പാടിയ: “ദൈവം മനുഷ്യനായ പിറന്നാൽ ജീവിതമനുഭവിച്ചറിഞ്ഞാൽ തിരിച്ചുപോവും മുമ്പ് ദൈവം പറയും മനുഷ്യാ നീയാണെന്റെ ദൈവം..” (രാഗം : ശിവരഞ്ജിനി)

“പുലർകാലം പുലർകാലം ജീവിതത്തിൻ പൊൻ പുലർകാലം കളങ്കമറിയാത്ത കറ തെല്ലും കലരാത്ത കമനീയ കൌമാരകാലം” (രാഗം : മദ്ധ്യമാവതി)

എന്നീ ഗാനങ്ങൾ ഏറെ പ്രശസ്തമായി.

ഷീലയാണ് ഈ ചിത്രത്തിലെ നായിക.


#യുദ്ധകാണ്ഡം തോപ്പിൽഭാസി കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത മികച്ചൊരു ചിത്രമാണിത്. ഇതിലെ പ്രസാദ് എന്ന കഥാപാത്രമായാണ് മധുസാർ എത്തിയത്.

ഈ ചിത്രത്തിലെ ഏഴു മനോഹരഗാനങ്ങൾ ഒ എൻ വി – രാഘവൻ മാസ്റ്റർ കൂട്ടുകെട്ടിൽ പിറന്നവയാണ്. അതിൽ മലയാളത്തിലെ അമരത്വം വരിച്ച ഗാനങ്ങളിലൊന്നും ഉൾപ്പെടുന്നു:

“ശ്യാമസുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണു നീ ധ്യാനലീനമിരിപ്പൂ ഞാൻ ധ്യാനലീനമിരിപ്പൂ ഞാൻ ഗാനമെന്നെ മറക്കുമോ എന്റെ ഗാനമെന്നിൽ മരിക്കുമോ..” ഈ ഗാനം എങ്ങനെ മരിക്കും??

#കാവിലമ്മ ജഗതി എൻ കെ ആചാരി കഥയും തിരക്കഥയും സംഭാഷണവുമെഴുതി എൻ ശങ്കരൻ നായർ സംവിധാനം ചെയ്ത ചിത്രത്തിലെ ഡോക്ടർ ബാലചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്. ഷീലയാണ് ഈ ചിത്രത്തിലെ നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്. ഏഴു ഗാനങ്ങൾ ഒ എൻ വി എഴുതി ദേവരാജൻ മാഷ് സംഗീതം നൽകി. “വാർഡു നമ്പർ ഏഴിലൊരു വല്ലാത്ത രോഗി..” എന്ന സി ഒ ആന്റോ പാടിയ ഹാസ്യഗാനം പ്രശസ്തമാണ്.


#ഇതാ_ഇവിടെവരെ 1977 ധീരമായ ചില പരീക്ഷണങ്ങളുടെയും മലയാള സിനിമയെ വഴിതിരിച്ചുവിട്ട പുതുമകളുടെയും വർഷമായിരുന്നെന്ന് നേരത്തേ പറഞ്ഞിരുന്നല്ലോ. അങ്ങനെയൊരു ചിത്രമാണ് ഇതാ ഇവിടെവരെ. പദ്മരാജൻ എന്ന പ്രതിഭ സിനിമയ്ക്കുവേണ്ടി കഥ പറഞ്ഞുതുടങ്ങിയത് ഈ ചിത്രത്തിലാണ്. 1975 ൽ പ്രയാണം എന്ന ഭരതൻ സിനിമയ്ക്കുവേണ്ടി തിരക്കഥയും സംഭാഷണവുമെഴുതിയാണ് പദ്മരാജൻ എന്ന കഥാകാരന്റെ സിനിമാപ്രവേശം. പക്ഷേ ഈ ചിത്രത്തിന്റെ കഥ ഭരതന്റേതുതന്നെയായിരുന്നു. ‘ഇതാ ഇവിടെവരെ’ യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ പദ്മരാജന്റേതാണ്.സംവിധാനം അന്നത്തെ തിളക്കമാർന്ന സംവിധായകനായ ഐ വി ശശിയും. ‘ഇതാ ഇവിടെവരെ’ മലയാളത്തിൽ അന്നുവരെയുണ്ടായിരുന്ന നായക – പ്രതിനായക സങ്കല്പങ്ങളെ തകിടം മറിച്ചു. പദ്മരാജൻ എന്ന കഥാകൃത്തും തിരക്കഥാകൃത്തും സംവിധായകനിലേയ്ക്ക് വളർന്നപ്പോൾ പിന്നീടുവന്ന 18 ചിത്രങ്ങളിലൂടെ മലയാളത്തിലെ എല്ലാ സങ്കല്പങ്ങളെയും ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ തകിടം മറിച്ചത് പിന്നീടത്തെ ചരിത്രം!

ഒരാൾ നൂറു ശതമാനം നായകനും നൂറു ശതമാനം വില്ലനുമാവില്ലെന്ന സത്യം വിളിച്ചുപറഞ്ഞ സിനിമയാണ് ‘ഇതാ ഇവിടെവരെ’ ഒരു വേള നായകനാര്, പ്രതിനായകനാര് എന്ന് പ്രേക്ഷകരെ ശങ്കിപ്പിച്ച ചിത്രം. നായകനോടൊപ്പം നിൽക്കണോ പ്രതിനായകനോടൊപ്പം നിൽക്കണോ എന്ന് കുഴക്കിയ മാജിക്. അത്തരം മാജിക് തന്റെ ചിത്രങ്ങൾ മുഴുവനും നിറച്ചുവയ്ക്കാൻ പദ്മരാജനെന്ന പ്രതിഭയ്ക്കു കഴിഞ്ഞു. പ്രണയം, പ്രതികാരം, രതി, വിരഹം ഇതിനൊക്കെ പുതിയ ഭാഷ്യങ്ങളും സൗന്ദര്യസങ്കല്പങ്ങളും ചമച്ച ഒരു ചലച്ചിത്രകാരൻ വേറെയുണ്ടോ എന്ന് സംശയമാണ്.

മധു എന്ന നടനെ സംബന്ധിച്ചിടത്തോളം ധീരമായ ഒരു കാൽവയ്പായിരുന്നു അത്! ഇമേജുകളെ തച്ചുടയ്ക്കുകയാണ് ഒരു നടനെന്ന നിലയിൽ താൻ ചെയ്യാൻ ശ്രമിക്കുന്നതെന്ന് മധുസാർ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതായോർക്കുന്നു. അതുകൊണ്ടാണ് സ്വയം സംവിധാനം ചെയ്ത ചിത്രത്തിൽ വില്ലനായി അഭിനയിച്ചുകൊണ്ട് അദ്ദേഹമത് തെളിയിക്കുകയും ചെയ്തത്. ‘ഇതാ ഇവിടെ വരെ’ യിലെ പൈലിയും അതുപോലൊരു വിഗ്രഹഭഞ്ജനം നിർവഹിക്കുന്നു. ഒരു നടനെ സംബന്ധിച്ച് വെല്ലുവിളിയാവുന്ന കഥാപാത്രം. മധു എന്ന നടന്റെ വിജയമായിരുന്നു ഈ കഥാപാത്രം.

അങ്ങനെ മലയാളസിനിമാ ചരിത്രത്തിലേയ്ക്കും പൈലി എന്ന കഥാപാത്രം ഈ ചിത്രത്തോടൊപ്പം നടന്നുകയറി!

യൂസഫലി-ദേവരാജൻ ടീമിന്റെ മികച്ച അഞ്ചു ഗാനങ്ങൾ.

അവയിൽ യേശുദാസ് പാടിയ “വെണ്ണയോ വെണ്ണിലാവുറഞ്ഞതോ..” (രാഗം : ഹരികാംബോജി)

മാധുരി പാടിയ “എന്തോ ഏതോ എങ്ങിനെയോ..”

“രാസലീല, രാസലീല രതിമന്മഥലീല..” (യേശുദാസും സംഘവും)

എന്നീ ഗാനങ്ങൾ മികച്ചുനിൽക്കുന്നു.

മറ്റു ഗാനങ്ങൾ: “നാടോടിപ്പാട്ടിന്റെ നാട്..” (യേശുദാസും മാധുരിയും സംഘവും)

ശീർഷകഗാനമായ “ഇതാ, ഇതാ, ഇവിടെവരെ..” (യേശുദാസ്)

1977 ലെ ഏറ്റവും ശ്രദ്ധേയമായ ചിത്രം എന്ന് ‘ഇതാ ഇവിടെ വരെ’ യെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു.

ഈ ചിത്രത്തിൽ ഒരു ചെറു വേഷം അവതരിപ്പിക്കാനെത്തിയ ജയൻ ഐ വി ശശിയുടെ സുഹൃത്തായി മാറുകയും ‘അങ്ങാടി’ എന്ന തന്റെ ചിത്രത്തിലൂടെ ഐ വി ശശി ജയനെ ജനപ്രിയ നായകനാക്കി മാറ്റുകയും മാറ്റുകയും ചെയ്തത് മറ്റൊരു ചരിത്രം!

സുപ്രിയ എന്ന ബാനറും ഹരിപോത്തൻ എന്ന നിർമ്മാതാവും കഥാകാരനായും പിന്നീട് സംവിധായകനായും പത്മരാജനും, സംവിധായകൻ ഐ വി ശശിയും പിന്നീടുള്ള വർഷങ്ങളിൽ മലയാളസിനിമയിലുയർത്തിയ തരംഗങ്ങളുടെ തുടക്കമായിരുന്നു ഈ ചിത്രം. ഒപ്പം, മധു എന്ന നടൻ താരതമ്യങ്ങളില്ലാത്ത ഉയരം കീഴടക്കിയ ചിത്രവും!


#ആരാധന 1977ൽ മധുസാർ സംവിധാനം നിർവഹിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ആരാധന. മികച്ച കഥകളും, മികച്ച സാഹിത്യകാരന്മാരെയും തന്റെ സിനിമകളിൽ പങ്കുചേർക്കുന്ന അദ്ദേഹത്തിന്റെ പതിവ് ഇവിടെയും തുടർന്നു.

പ്രശസ്ത തെലുങ്ക് സാഹിത്യകാരി യദ്ദനപുഡി സുലോചനാറാണിയുടെ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചത്. മലയാളത്തിലെ പ്രശസ്ത കഥാകാരൻ ജോർജ്ജ് ഓണക്കൂർ തിരക്കഥയു സംഭാഷണവുമെഴുതി.

ഇതിന്റെ നിർമ്മാണം നിർവഹിച്ചത് പ്രശസ്ത നടി ശാരദയും അവരുടെ അമ്മ ടി സത്യാദേവിയും ചേർന്ന് ശ്രീ ശാരദാ സത്യാ കമ്പൈൻസിന്റെ ബാനറിലാണ്. ഇവർ നിർമ്മിക്കുന്ന രണ്ടാമത്തെ മലയാളചിത്രമാണിത്. ആദ്യചിത്രം വളരെ ശ്രദ്ധ നേടിയ ‘ഭദ്രദീപം’ ആയിരുന്നു.

സംവിധായകൻ നായകനും, നിർമ്മാതാവ് നായികയുമായ ചിത്രം!

ഇനിയുമുണ്ട് പ്രത്യകതകൾ. മധുസാറിന്റെ സ്വന്തം സ്റ്റുഡിയോ ആയ ‘ഉമാ ആർട്ട് സ്റ്റുഡിയോ’യിൽ ആദ്യമായി ചിത്രീകരിച്ച സിനിമയാണിത്. തുടർന്ന് 1983 വരെ 17 ചിത്രങ്ങൾ ഈ സ്റ്റുഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.

ബിച്ചുതിരുമല എഴുതി കെ ജെ ജോയ് സംഗീതം നൽകിയ നാലുഗാനങ്ങളിൽ യേശുദാസും ജാനകിയും ചേർന്നുപാടിയ “താളം താളത്തിൽ താളമിടും..”, “ആരാരോ, ആരിരാരോ, അച്ഛന്റെ മോളാരാരോ..” എന്നീ ഗാനങ്ങൾ ഓർമ്മയിൽ തങ്ങിനിൽക്കുന്നു.


#ആ_നിമിഷം ആലപ്പി ഷെറീഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് ‘ആ നിമിഷം’. അതിവേഗം നായികപദവിയിലേയ്ക്കുയർന്നുകൊണ്ടിരുന്ന ശ്രീദേവിയെ നായികയാക്കി നിർമ്മിച്ച ചിത്രമാണിത്. ഈ ചിത്രത്തിൽ പ്രഭാകരൻ എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്.

യൂസഫലി-ദേവരാജൻ കൂട്ടുകെട്ടിൽപ്പിറന്ന ഏഴുഗാനങ്ങൾ!

അവയിൽ ശ്രദ്ധേയമായവ, യേശുദാസ് പാടിയ മൂന്നു ഗാനങ്ങൾ:

“മനസ്സേ നീയൊരു മാന്ത്രികനോ..” “അയലത്തെ ജനലിലൊരമ്പിളി വിടർന്നു..” “മലരേ മാതള മലരേ…”


#ശാന്ത_ഒരു_ദേവത “പാശമലർ” എന്ന തമിഴ് സൂപ്പർഹിറ്റ് ചിത്രത്തിന്റെ റീമേയ്ക്ക് ആണ് ഈ ചിത്രം. തിരക്കഥയും സംഭാഷണവും കെ പി കൊട്ടാരക്കര. സംവിധാനം എം കൃഷ്ണൻ‌ നായർ. മധു, കെ ആർ വിജയ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മധുസാർ അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര് രാജൻ.

നാലു ഗാനങ്ങൾ. ശ്രീകുമാരൻ തമ്പി എഴുതി എം കെ അർജ്ജുനൻ സംഗീതം നൽകി.

“നിലവിളക്കിൻ തിരിനാളമായ് വിടർന്നു..” (വാണിജയറാം) രാഗം:ബിലഹരി

“കൊച്ചുസ്വപ്നങ്ങൾതൻ കൊട്ടാരംപൂകി..” (യേശുദാസ്) രാഗം: ശുദ്ധസാവേരി

“ഓമനപ്പൂമുഖം താമരപ്പൂവ്” (സുശിലയും യേശുദാസും വെവ്വേറെ പാടിയും, യേശുദാസും വാണിജയറാമും യുഗ്മഗാനമായി പാടിയും മൂന്നുതവണ ഈ ഗാനം ആവർത്തിക്കുന്നുണ്ട്.)

“മധുവിധു രാത്രികൾ, മധുരമന്ദാകിനികൾ..” (ജയചന്ദ്രൻ, വാണിജയറാം)


#വിടരുന്ന_മൊട്ടുകൾ നീലാ സ്റ്റുഡിയോയുടെ കഥാവിഭാഗത്തിന്റെ കഥ, തിരക്കഥയും സംഭാഷണവും നാഗവള്ളി ആർ എസ് കുറുപ്പ്, സംവിധാനം പി സുഗ്രഹ്മണ്യം.

കുട്ടികൾക്കുവേണ്ടിയുള്ള ഈ സിനിമയിൽ അന്നത്തെ ബാലതാരമായിരുന്ന ബേബി സുമതിയാണ് നായികയായി അഭിനയിച്ചത്. സ്കൂൾകുട്ടികളുടെ കഥപറയുന്ന ഈ സിനിമയിൽ സ്കൂൾ ഹെഡ്മാസ്റ്ററായ സത്യശീലൻസാറിനെയാണ് മധുസാർ അവതരിപ്പിച്ചത്. പിന്നീട് പ്രശസ്ത സംവിധായകനായി മാറിയ ജോഷി ഈ ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു. ശ്രീകുമാരൻ തമ്പിയെഴുതി ദേവരാജൻ സംഗീതം നൽകിയ മൂന്നുഗാനങ്ങളും ബങ്കിം ചന്ദ്ര ചാറ്റർജിയുടെ വന്ദേമാതരവും ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.


#റൗഡി_രാജമ്മ പി സുബ്രഹ്മണ്യം സംവിധാനം ചെയ്ത ചിത്രമാണിത്. മറ്റു വിവരങ്ങൾ ലഭ്യമല്ല. മധുസാറിനൊപ്പം ജയപ്രഭ എന്ന നടിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇൻസ്പെക്ടർ ശങ്കറായാണ് മധുസാർ ഈ ചിത്രത്തിലെത്തുന്നത്.

1977 മുതൽ 1993 വരെ 11 മലയാളചിത്രങ്ങളിൽ ജയപ്രഭ വേഷമിട്ടിട്ടുണ്ട്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ജയപ്രഭ ഒരു മികച്ച കുച്ചിപ്പുടി നർത്തകിയാണ്. 2012ൽ പുറത്തിറങ്ങിയ, പി ബാലചന്ദ്രന്റെ, ‘ഇവൻ മേഘരൂപൻ’ എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.

1977ലെ ചിത്രങ്ങൾ കഴിയുമ്പോൾ, മലയാളസിനിമയുടെ പുതിയൊരു വഴിത്തിരിവും, അതിലും ഒരു പ്രധാനപങ്കുവഹിച്ച് മലയാളസിനിമാചരിത്രത്തിൽ മായാത്ത അടയാളപ്പെടുത്തലുകൾ തുടരുന്ന മധുസാറിനെയുമാണ് നമ്മൾ കാണുന്നത്..

1978 ൽ നമ്മെ കാത്തിരിക്കുന്നത് മധുസാറിന്റെ മികച്ച അഭിനയവർഷങ്ങളിലൊന്നാണ് – 23 ചിത്രങ്ങൾ! അവയിൽ ഐ വി ശശി-പത്മരാജൻ ടീം ജ്വലിപ്പിച്ചുനിർത്തിയ അഗ്നി പടർന്നുകയറിയ ചിത്രങ്ങൾ! കൂടാതെ, മലയാളസിനിമയിൽ പുതിയൊരു പ്രതിഭയുടെ അരങ്ങേറ്റവും! സംഭവബഹുലമാണ് 1978. ആ വിവരങ്ങൾക്കായി കാത്തിരിക്കാം. ഈ യാത്ര നമുക്ക് തുടരാം…


വര, എഴുത്ത് : പ്രദീപ് Pradeep Purushothaman

#മാധവം #Madhavam

bottom of page