top of page

മാധവം.42


മാധവം. 42 ======

1978…. 23 ചിത്രങ്ങൾ! ഇന്ന് നമുക്ക് അത്ഭുതം തോന്നിയേക്കാവുന്ന എണ്ണം! ഈ ഇരുപത്തിമൂന്നിൽ മികച്ച, എണ്ണംപറഞ്ഞ, കുറേ ചിത്രങ്ങൾ! ഐ വി ശശിയെന്ന സംവിധായകൻ ജ്വലിച്ചുനിന്ന വർഷം! കഴിഞ്ഞ ഭാഗം പറഞ്ഞുനിർത്തിയപോലെ മലയാളസിനിമയിലെ മറ്റൊരു പ്രതിഭയുടെ ഉദയം – സംവിധായകനായി തുടങ്ങി സിനിമയുടെ സർവമേഘലകളും കൈയടക്കിയ സാക്ഷാൽ ബാലചന്ദ്രമേനോൻ. വരും ഭാഗങ്ങളിൽ ആ വിവരങ്ങൾ നമുക്ക് പങ്കുവയ്ക്കാം.

സിനിമകളിലേയ്ക്ക് പ്രവേശിക്കാം..

#ജലതരംഗം ഡോക്ടർ ബാലകൃഷ്ണൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി പി ചന്ദ്രകുമാർ സംവിധാനം ചെയ്ത സിനിമയാണിത്. ഇതിലെ ചന്ദ്രൻ എന്ന പ്രധാന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്. വിൻസെന്റ്, ഷീല, ജയഭാരതി, അടൂർഭാസി തുടങ്ങിയ ഒരു താരനിരയുണ്ട് ഈ ചിത്രത്തിൽ. ഡോ. ബാലകൃഷ്ണൻ, സത്യൻ അന്തിക്കാട് എന്നിവരെഴുതി എ ടി ഉമ്മർ സംഗീതം നൽകിയ നാലുഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.

#കൈതപ്പൂ ജോർജ്ജ് ഓണക്കൂർ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രം. സംവിധാനം – രഘുരാമൻ. ഈയൊരു ചിത്രം മാത്രമേ അദ്ദേഹത്തിന്റേതായി കാണുന്നുള്ളൂ. ഉമാ ആർട്ട് സ്റ്റുഡിയോയിലെ രണ്ടാമത്തെ ചിത്രമാണിത്.

ബാബു എന്ന കഥാപാത്രമായാണ് മധുസാർ ഈ ചിത്രത്തിലെത്തുന്നത്. റാണിചന്ദ്ര, സുധീർ, ജയൻ, കുതിരവട്ടം പപ്പു മുതലായ താരങ്ങളും ഈ ചിത്രത്തിലുണ്ട്. ബിച്ചു തിരുമല എഴുതി, ശ്യാം സംഗീതം നൽകിയ അഞ്ചുഗാനങ്ങളാണ് ഇതിലുള്ളത്.

“മലയാളമേ മലയാളമേ മലകളും പുഴകളും മണിപ്രവാളങ്ങളും മനസ്സിനെ രസിപ്പിക്കുംമലയാളമേ”

“സരിഗമപാടുന്ന കുയിലുകളേ നീലക്കുയിലുകളേ..” എന്നീ ഗാനങ്ങൾ ഇതിലുൾപ്പെടുന്നു.

#അഗ്നി പ്രശസ്ത സാഹിത്യകാരൻ സി രാധാകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് അഗ്നി. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചതും അദ്ദേഹംതന്നെയാണ്.

മധു, വിധുബാല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുലൈമാൻ എന്ന കഥാപാത്രമായാണ് മധുസാർ എത്തുന്നത്.

ഇതിൽ എടുത്തുപറയേണ്ടത് ശകുന്തള രാജേന്ദ്രൻ രചിച്ച നാലുഗാനങ്ങളാണ്. ഒരു ചിത്രത്തിനുകൂടിയേ (പുഷ്യരാഗം) അവർ ഗാനങ്ങളെഴുതിയിട്ടുള്ളൂ. അഗ്നിയിലെ നാലുഗാനങ്ങളും മാപ്പിളപ്പാട്ട് ശൈലിയിലുള്ള നാടൻശീലുകളിൽ എഴുതിയവയാണ്. സംഗീതം എ ടി ഉമ്മർ.

ആ ഗാനങ്ങളെല്ലാം പ്രശസ്തമായവയാണ്:

“സുൽത്താന്റെ കൊട്ടാരത്തിൽ കള്ളൻ കേറി.. പൊന്നും മുത്തും വാരി..” (സുശീല)

“കാറ്റു പറഞ്ഞ് മയേം പറഞ്ഞ് പൊയേം പറഞ്ഞ് എത്താതൊക്കൂലാ പോയിച്ചേരാതൊക്കൂലാ..” (യേശുദാസ്)

“മുല്ലപ്പൂമണം വീശും മൊഞ്ചത്തിപ്പുതുമാരി കൈതപ്പൂങ്കാറ്റു വരുന്നേ മൈലാഞ്ചിച്ചോപ്പു വരുന്നേ ഇതാ വരുന്നേ ഇതാ വരുന്നേ ഇതാ ഇതാ പുറപ്പെടുന്നേ..” (ജാനകിയും സംഘവും)

“തൊണ്ണന്‍ പോക്കരു പൊണ്ണന്‍ പോക്കരു കൊച്ചീപ്പോയിപ്പിച്ചയെടുത്തൊരു പോക്കരുമൂപ്പരു പെണ്ണുകെട്ടി കണ്ണുകെട്ടി പൊട്ടിപ്പെണ്ണിനു ചട്ടികിട്ടി പൊട്ടച്ചട്ടീല്‍ പൊന്നുകിട്ടി മിന്നുകിട്ടി പൊന്നുകിട്ടി ടിട്ടിട്ടിട്ടീട്ടീ..ടിടിട്ടിട്ടിട്ടീട്ടീ..” (യേശുദാസ്)

ഇത്രയും മനോഹരഗാനങ്ങളുടെ രചയിതാവ് പിന്നീട് പുഷ്യരാഗം എന്ന സിനിമയ്ക്കുവേണ്ടി രണ്ടുഗാനങ്ങൾകൂടി മാത്രമേ എഴുതിയുള്ളൂ എന്നത് കൗതുകകരമാണ്!

#റൗഡി രാമു സുനിത പ്രൊഡക്‌ഷൻസ് നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥ എഴുതിയ ‘സുനിത’ അതിന്റെ അമരക്കാരനായ അരോമ മണി എന്ന എം മണിതന്നെയാണ്. ‘ഉറക്കം വരാത്ത രാത്രി’ എന്ന സിനിമയുടെ കഥയും ഈ ‘സുനിത’തന്നെ! തിരക്കഥയും സംഭാഷണവും ചേരി വിശ്വനാഥ്. അദ്ദേഹത്തെപ്പറ്റി നേരത്തെ പറഞ്ഞിരുന്നത് ഓർക്കുമല്ലോ. സംവിധാനം എം കൃഷ്ണൻ‌നായർ. മധുസാറിന്റെ സ്റ്റുഡിയോ ആയ ഉമാ ആർട്ട് സ്റ്റുഡിയോയിലാണ് ഈ ചിത്രം ചിത്രീകരിച്ചത്. അവിടെ ചിത്രീകരിക്കുന്ന മൂന്നാമത്തെ ചിത്രം.

അന്നത്തെ ഫോർമുല ചിത്രങ്ങളിലൊന്നാണ് റൗഡി രാമുവും. സകല ദുർഗ്ഗുണങ്ങളുമുള്ള ഒരു മുതലാളി. അതിനെ എതിർക്കുന്ന സുന്ദരിയായ മകൾ. മുതലാളിയുടെ കൊള്ളരുതായ്മയ്ക്കെതിരെ പ്രതികരിക്കുന്ന യുവാവ്. അയാളെ റൗഡിയെന്ന് മുദ്രകുത്തുന്നു. അയാളെ കേസുകളിൽ കുടുക്കുന്ന മുതലാളി! മുതലാളിക്കെതിരെ പഞ്ചായത്തിൽ മത്സരിച്ച് ജയിക്കുന്ന യുവാവ്. പ്രതികാരം തീർക്കാൻ റൗഡിയുടെ പെങ്ങളെ മുതലാളി തട്ടിക്കോണ്ടുപോവുന്നു. തുടർന്ന് ഉഗ്രസംഘട്ടനങ്ങൾ.. പതിവുപോലെ മുതലാളിയുടെ മകൾ റൗഡിയെ പ്രേമിക്കുന്നു.. മധു, ശാരദ, ജയഭാരതി, ജോസ്‌പ്രകാശ് തുടങ്ങി വമ്പൻ താരനിര..

ബിച്ചു തിരുമല എഴുതി ശ്യാം സംഗീതം നൽകിയ നാലു ശ്രദ്ധേയമായ ഗാനങ്ങളാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

“നളദമയന്തിക്കഥയിലെ അരയന്നംപോലെ കുണുങ്ങിക്കുണിങ്ങിപ്പോവും പെണ്ണേ പൂമിഴിയാളെ..” (യേശുദാസ്)

“മഞ്ഞിൻ തേരേറി, ഓ.. കുളിരണ് കുളിരണ്..” (ജാനകി, വാണിജയറാം)

“ഗാനമേ പ്രേമഗാനമേ ഇന്നേതു മാരരഞ്ജിനി തൻ വീണയിൽ..” (യേശുദാസ്, വാണി ജയറാം)

“നേരംപോയ്‌ നേരംപോയ്‌ നട കാളേ വേഗം വെയില്‍ മാനത്തെത്താറായ് പൂട്ടണമീ കണ്ടം” (യേശുദാസും സംഘവും)

#ഈ_മനോഹര_തീരം പ്രശസ്തകഥാകൃത്ത് പാറപ്പുറത്ത് കഥയും തിരക്കഥയും സംഭാഷണവുമെഴുതി ഐ വി ശശി സംവിധാനംചെയ്ത ചിത്രമാണിത്. മധുസാറിനൊപ്പം ജയൻ, ഉമ്മർ, ജയഭാരതി, വിധുബാല എന്നിവരും അഭിനയിച്ച ചിത്രം.

ബിച്ചു തിരുമല – ദേവരാജൻ ടീമിന്റെ മികച്ച നാലു ഗാനങ്ങളാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.

ബിച്ചു തിരുമലയുടെ മികച്ച രചനകളിലൊന്നായ “യാമശംഖൊലി വാനിലുയർന്നു സോമശേഖരബിംബമുയർന്നു നെറുകയിൽ തൊഴുകൈ താഴികക്കുടമേന്തി ദേവാലയംപോലും ധ്യാനിച്ചുനിന്നു” (യേശുദാസ്) രാഗം : മോഹനം

മറ്റു ഗാനങ്ങൾ: “പൂവുകളുടെ ഭരതനാട്യം..” (മാധുരി) രാഗം: ശുദ്ധധന്യാസി

“കടമിഴിയിതളാൽ കളിയമ്പെറിയും..” (യേശുദാസ്)

“പച്ചക്കിളി പവിഴ പാൽ വർണ്ണമേ..” (യേശുദാസ്, മാധുരി) അക്കൊല്ലം ജനപ്രീതിനേടിയ ചിത്രങ്ങളിലൊന്നാണ് ‘ഈ മനോഹര തീരം.’

#കന്യക ഹിറ്റ്മേക്കർ ശശികുമാർ കഥയെഴുതി സംവിധാനം ചെയ്ത സിനിമ. ഗാനരചയിതാവും തിരക്കഥാകൃത്തുമായ എം ആർ ജോസാണ് തിരക്കഥയും സംഭാഷണവും. ഗാനങ്ങൾ രചിച്ചത് പാപ്പനംകോട് ലക്ഷ്മണനും സംഗീതം അർജ്ജുനൻമാഷും. അഞ്ച് ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

#സൊസൈറ്റി_ലേഡി എസ് എൽ പുരം സദാനന്ദൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി എ ബി രാജ് സംവിധാനം ചെയ്ത ചിത്രം. ശ്രീധരൻ എന്ന മുഖ്യകഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ മധുസാർ അവതരിപ്പിച്ചത്. അദ്ദേഹത്തെ കൂടാതെ ഉമ്മർ,ശാരദ, വിധുബാല, ജനാർദ്ദനൻ തുടങ്ങി നീണ്ട ഒരു താരനിരയുണ്ട് ഈ ചിത്രത്തിൽ. മങ്കൊമ്പ് ഗോപാലകൃഷ്ണൻ - കെ ജെ ജോയ് കൂട്ടുകെട്ടിന്റെ നാലു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

#സ്നേഹത്തിന്റെ_മുഖങ്ങൾ കഥ, തിരക്കഥ, സംഭാഷണം : എസ് എൽ പുരം സദാനന്ദൻ. സംവിധാനം : ഹരിഹരൻ പ്രേംനസീറും മധുസാറും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. ഇവരെക്കൂടാതെ വിൻസെന്റ്, ജയഭാരതി, സീമ, കനകദുർഗ്ഗ തുടങ്ങി മറ്റുതാരങ്ങളും.

മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതി എം എസ് വിശ്വനാഥൻ സംഗീതം നൽകിയ അഞ്ചു ഗാനങ്ങളിൽ പി സുശീലയുടെ മികച്ച ഗാനങ്ങളിലൊന്നായ “ഗംഗയിൽ തീർത്ഥമാടിയ കൃഷ്ണശില..” എന്ന ഗാനവുമുൾപ്പെടുന്നു.

1978 ലെ 23 ചിത്രങ്ങളിൽ എട്ടെണ്ണത്തെപ്പറ്റിയേ നമുക്ക് ഈ ഭാഗത്ത് പറയാനായുള്ളൂ. ബാക്കിയുള്ള ചിത്രങ്ങളിൽ മലയാള സിനിമാ ചരിത്രത്തിൽ അടയാളപ്പെടുത്തിയ, വഴിമാറിനടന്ന, ചില ചിത്രങ്ങളുമുണ്ട്.. അവയ്ക്കായി നമുക്ക് കാത്തിരിക്കാം, അടുത്ത ഭാഗത്തിനായി. വീണ്ടും കാണാം, നമുക്കീ യാത്ര തുടരാം..

വര, എഴുത്ത് : പ്രദീപ് Pradeep Purushothaman #മാധവം #Madhavam

bottom of page