മാധവം. 47


മാധവം. 47 1980ലേയ്ക്കു പ്രവേശിക്കുമ്പോൾ മധുസാറിന്റെ പത്ത് ചിത്രങ്ങളാണ് നമ്മളെ കാത്തിരിക്കുന്നത്.


#മുത്തുച്ചിപ്പികൾ ഹരിഹരൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സംഭാഷണം എഴുതിയത് കെ ടി മുഹമ്മദ് ആണ്.

മധുസാർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ഗോപി എന്നാണ്. അദ്ദേഹത്തെക്കൂടാതെ സോമൻ, ശ്രീവിദ്യ, സത്താർ തുടങ്ങിയ താരനിരയും ഈ ചിത്രത്തിലുണ്ട്.

എ പി ഗോപാലൻ എഴുതി കെ ജെ ജോയ് സംഗീതം നൽകിയ അഞ്ചു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.


#തീക്കടൽ പ്രശസ്ത സംവിധായകനായ ഫാസിൽ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രമാണ് തീക്കടൽ. ഈ ചിത്രം നിർമ്മാണവും സംവിധാനവും നവോദയ അപ്പച്ചനാണ്.

പ്രേം നസീര്‍ ,മധു,സുകുമാരന്‍ ,രവികുമാർ,ബഹദൂർ ,കുതിരവട്ടം പപ്പു,ശ്രീവിദ്യ, അംബിക,രതീഷ് ,പറവൂര്‍ ഭരതന്‍,അടൂര്‍ പങ്കജം,രൂപ ,ആലപ്പി അഷ്റഫ്,തൊടുപുഴ വാസന്തി എന്നിങ്ങനെ വലിയൊരു താരനിരയുള്ള മൾട്ടിസ്റ്റാർ ചിത്രമാണിത്. ഡോക്ടർ ദിവാകരൻ എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്.

രണ്ട് ഗാനരചയിതാക്കളും രണ്ട് സംഗീത സംവിധായകരും ഈ ചിത്രത്തിനുണ്ട് എന്നത് ഒരു പ്രത്യേകതയാണ്. ഗാനരചന നിർവഹിച്ചത് ബിച്ചു തിരുമലയും എ പി ഗോപാലനുമാണ്. ഗുണസിങും കുമരകം രാജപ്പനുമാണ് സംഗീതസംവിധായകർ. നാടകഗാനസംവിധാനരംഗത്ത് പ്രശസ്തനായിരുന്ന കുമരകം രാജപ്പനും, പശ്ചാത്തലസംഗീതരംഗത്ത് പ്രവർത്തിച്ചിരുന്ന ഗുണസിങ്ങും ആദ്യമായി സംഗീത സംവിധായകരായത് ഈ ചിത്രത്തിലൂടെയാണ്. അഞ്ചു ഗാനങ്ങളിൽ ബിച്ചു തിരുമലയുടെ “അടിച്ചങ്ങു പൂസായി..” (ഗുണസിങ്, യേശുദാസ്), “ചെപ്പും പന്തും മുത്തും പളുങ്കുമായ്..” (ഗുണസിങ്, യേശുദാസും സുശീലയും)

എ പി ഗോപാലൻ എഴുതിയ “പൊന്നുരുക്കീ തട്ടണു മുട്ടണു..” (കുമരകം രാജപ്പൻ, സുശീല) എന്നീഗാനങ്ങൾ ഏറെ പ്രശസ്തമാണ്.


#അമ്പലവിളക്ക് ശ്രീകുമാരൻ‌തമ്പി കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനരചന എന്നിവ നിർവഹിച്ച ചിത്രമാണ് അമ്പലവിളക്ക്. മധു, ശ്രീവിദ്യ, ശശി, ശോഭന തുടങ്ങിയ വലിയൊരു താരനിരയും ഈ ചിത്രത്തിലുണ്ട്. ഗോപി എന്ന പ്രധാനകഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിക്കുന്നത്.

ദക്ഷിണാമൂർത്തി സംഗീതം നൽകിയ മൂന്നു ഹിറ്റ് ഗാനങ്ങൾ-

“മഞ്ഞപ്പട്ടു ഞൊറിഞ്ഞൂ നീലവാനം..” (വാണിജയറാം) “പകൽസ്വപ്നത്തിൽ പവനുരുക്കും.. “(യേശുദാസ്, വാണീജയറാം) “വരുമോ വീണ്ടും തൃക്കാർത്തികകൾ..” (യേശുദാസ്) രാഗം: സിന്ധുഭൈരവി.


#അകലങ്ങളിൽ_അഭയം കലൂർ ഡെന്നിസിന്റെ കഥയ്ക്ക് ജോൺപോൾ തിരക്കഥയും സംഭാഷണവുമെഴുതി ജേസി സംവിധാനം ചെയ്ത ചിത്രം. ജഡ്ജി രഘുരാമൻ എന്ന കേന്ദ്രകഥാപാത്രത്തെയാണ് മധുസാർ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. അദ്ദേഹത്തോടൊപ്പം സുകുമാരൻ, സോമൻ, ശാരദ, ഷീല, അംബിക തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്.

ആർ കെ ദാമോദരൻ എഴുതി ദേവരാജൻ സംഗീതം നൽകിയ മൂന്നു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. മാധുരി പാടിയ “തിരുവൈക്കത്തപ്പാ ശ്രീമഹാദേവാ..” എന്ന ഗാനം അതിലൊന്നാണ്.


#രജനീഗന്ധി മാനി മുഹമ്മദ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി എം കൃഷ്ണൻ‌നായർ സംവിധാനം ചെയ്ത ചിത്രമാണ് രജനീഗന്ധി. പ്രധാന കഥാപാത്രമായ ഡോക്ടർ ഗോപിയെ മധുസാർ അവതരിപ്പിച്ചപ്പോൾ ജോസ്, രവികുമാർ, ലക്ഷ്മി, ശോഭന മുതലായവർ മറ്റ് കഥാപാത്രങ്ങളായെത്തി. യൂസഫലി കേച്ചേരി, ദേവരാജൻ കൂട്ടുകെട്ടിന്റെ മൂന്നുഗാനങ്ങളിൽ യേശുദാസ് പാടിയ “ഇതാണു ജീവിത വിദ്യാലയം..” എന്നു തുടങ്ങുന്ന ഗാനം ഹിറ്റായി.

മധുസാർ അഭിനയിച്ച ഇരുനൂറാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.


#ഇതിലേവന്നവർ പി എ ബക്കറിന്റെ “ചുവന്നവിത്തുകൾ”, “സംഘഗാനം” എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ സലാം കാരശ്ശേരിയാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത്. പി ചന്ദ്രകുമാറാണ് സംവിധായകൻ.

മധു, സുകുമാരൻ, സോമൻ, ഷീല, അംബിക തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഇതിലെ രാജശേഖരൻ, ഇൻസ്പെക്ടർ രാജൻ എന്നീ രണ്ടു കഥാപാത്രങ്ങളായി മധുസാർ ഇരട്ടവേഷം ചെയ്തിരിക്കുന്നു. ഗാനരചന : സത്യൻ അന്തിക്കാട്, സംഗീതം : ശ്യാം. ഗാനങ്ങൾ: “ഇതിലേ ഇനിയും വരൂ..” (യേശുദാസ്) “പഞ്ചരത്ന പ്രഭതൂകും..” (വാണീജയറാം) “ശാന്തമായ് പ്രേമസാഗരം ..”(ജയചന്ദ്രൻ) “വരുമോ മലർവനികളിൽ വരുമോ ..”(വാണീജയറാം)


#മീൻ ടി ദാമോദരൻ - ഐ വി ശശി ടീമിന്റെ ഹിറ്റ് ചിത്രങ്ങളിലൊന്ന്. കഥ, തിരക്കഥ, സംഭാഷണം : ടി ദാമോദരൻ സംവിധാനം : ഐ വി ശശി.

ഒരു മൾട്ടിസ്റ്റാർ ചിത്രം. ജയൻ, മധു, ശ്രീവിദ്യ, അംബിക, സീമ എന്നീ താരങ്ങളുൾപ്പടെ വൻ താരനിരയുള്ള ചിത്രം.

യൂസഫലി -ദേവരാജൻ കൂട്ടുകെട്ടിന്റെ രണ്ട് ഹിറ്റ് ഗാനങ്ങൾ: “ഉല്ലാസപ്പൂത്തിരികൾ കണ്ണിലണീഞ്ഞവളേ..” (യേശുദാസ്) രാഗം : ദർബാരികാനഡ “സംഗീതമേ, നിൻ പൂഞ്ചിറകിൽ…”(യേശുദാസ്) രാഗം: കീരവാണി


#സ്വന്തമെന്ന_പദം ഒരു ശ്രീകുമാരൻ‌തമ്പി ചിത്രം – കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനങ്ങൾ. അഭിനേതാക്കൾ : മധു,ജോസ് ,രവീന്ദ്രന്‍,ശങ്കരാടി ,എസ് അംബിക,ശ്രീവിദ്യ,സുകുമാരി എന്നിവർ ശ്യാം സംഗീതം നൽകിയ അഞ്ചു ഗാനങ്ങളിൽ ജയചന്ദ്രനും വാണീജയറാമും ചേർന്നു പാടിയ “നിറങ്ങളിൽ നീരാടുന്ന ഭൂമി..” എന്ന ഗാനം ഏറെ പ്രശസ്തം.


#ദീപം ജോസഫ് മാടപ്പള്ളി കഥയും തിരക്കഥയും സംഭാഷണവുമെഴുതി. തോരണം(1988) എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജോസഫ് മാടപ്പള്ളി. പി ചന്ദ്രകുമാറാണ് സംവിധായകൻ. മധു, ജയൻ, സത്താർ, ശ്രിവിദ്യ, സീമ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സത്യൻ അന്തിക്കാട് -ശ്യാം കൂട്ടുകെട്ടിൽപ്പിറന്ന അഞ്ചു ഗാനങ്ങൾ.


#വൈകി_വന്ന_വസന്തം ഉമാ ആർട്സിനുവേണ്ടി 1980 ൽ മധുസാർ നിർമ്മിച്ച ഏക ചിത്രമാണിത്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം : ബാലചന്ദ്രമേനോൻ. അദ്ദേഹത്തിന്റെ അഞ്ചാമത്തെ ചിത്രം.

മധു, ശ്രീവിദ്യ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീകുമാരൻ‌തമ്പി എഴുതി ശ്യാം സംഗീതം നൽകിയ അഞ്ചു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

1980 ലെ ചിത്രങ്ങളിലൂടെ നമ്മൾ കടന്നുപോയ്ക്കഴിഞ്ഞു. പത്ത് ചിത്രങ്ങളിൽ മധുസാർ വേഷമിടുകയും അതിലൊരു ചിത്രം നിർമ്മിക്കുകയും ചെയ്ത വർഷം.

1981 ൽ പതിമൂന്നു ചിത്രങ്ങളാണുള്ളത്. അവയുടെ വിശേഷങ്ങളുമായി മടങ്ങിവരുംവരെ കാത്തിരിക്കുക. ഈ യാത്ര നമുക്ക് തുടരേണ്ടതുണ്ട്.. നമുക്കൊരുമിച്ച് യാത്രതുടരാം..

വര, എഴുത്ത് : പ്രദീപ് #മാധവം #Madhavam