top of page

മാധവം. 5


മാധവം. 5

നീലവെളിച്ചം.. അതായിരുന്നു ആ കഥയുടെ പേര്.

ആ കഥയിലൊരിടത്തിങ്ങനെ പറഞ്ഞു പോകുന്നുണ്ട്, "വെള്ളചുമരുകളും മുറിയും നീല വെളിച്ചത്തിൽ മുങ്ങി നിൽക്കുന്നു. വെളിച്ചം, വിളക്കിൽ നിന്നും രണ്ടിഞ്ചു നീളത്തിൽ ഒരു നീല നാളം. ഞാൻ അത്ഭുതസ്തബ്ധനായി അങ്ങിനെ നിന്നു. മണ്ണെണ്ണയില്ലാത്ത, അണഞ്ഞുപോയ വിളക്ക് എങ്ങിനെ ആരാൽ കൊളുത്തപ്പെട്ടു? ഭാർഗ്ഗവീനിലയത്തിൽ ഈ നീലവെളിച്ചം എവിടെനിന്നുണ്ടായി?

കഥയിലെ ഭാർഗ്ഗവീനിലയത്തെ തിരക്കഥയിൽ വിവരിച്ചതിങ്ങനെയാണ്. 'നിലാവുള്ള രാത്രി, നീല വിശാലമായ ആകാശം, പ്രപഞ്ചം അത്ഭുതസ്തബ്ധമായി രൂപ രഹിതമായ കിനാവിൽ മുഴുകി നിൽക്കുകയായി. ഒന്നും ഒരിലപോലും അനങ്ങുന്നില്ല. ഭയാനകമായ നിറഞ്ഞ നിശ്ശബ്ദത. ഉയർന്ന കൽമതിലുകളാൽ ചുറ്റപ്പെട്ട വലിയ ഒരു പറമ്പു നിറയെ വൃക്ഷങ്ങൾ. നടുക്കൊരു ചെറിയ രണ്ടു നില മാളിക. അതിൽ വെളിച്ചമില്ല, ജനാലകളെല്ലാം അടഞ്ഞു കിടക്കുന്നു. ഇലപ്പടർപ്പുകളുടെ ഇടയിലൂടെ ദൂരെ റോഡിൽ തെളിഞ്ഞു നിൽക്കുന്ന വിളക്കുകൾ. അവ്യക്തതതയുടെ മൂകമായ ഇരുളിൽ #ഭാർഗ്ഗവീനിലയം.

അതേ കഥയും തിരക്കഥയും ബേപ്പൂർ സുൽത്താൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ തന്നെ. ബഷീർ അദ്ദേഹത്തെ തന്നെയാണീ ചിത്രത്തിൽ വരച്ചു കാണിക്കുന്നത്. കഥയെഴുതാൻ ഒരു പ്രേതഭവനത്തിൽ എത്തിച്ചേരുന്നതും പ്രേതവുമായി മാനസികമായി അടുക്കുന്നതും പ്രേതത്തിന്റെ കൂടി സഹായത്തോടെ കഥ പൂർത്തീകരിക്കുന്നതും സത്യം വെളിവാകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

ടി കെ പരീകുട്ടിയെ കുറിച്ചും അദ്ദേഹത്തിന്റെ ചന്ദ്രതാരാ പ്രൊഡക്ഷൻസിനെ കുറിച്ചും മുൻ എഴുത്തിൽ സൂചിപ്പിച്ചിരുന്നുവല്ലോ. 1954 ലാണ് ദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട നീലക്കുയിൽ എന്ന ചിത്രവുമായവർ സിനിമാ നിർമ്മാണ രംഗത്തേക്ക് എത്തപ്പെടുന്നത്. ആ സിനിമയുടെ പത്താം വാർഷികത്തിൽ ആ സിനിമയ്ക്കൊപ്പമോ അതിലും മേന്മയുള്ളതോ ആയ ഒരു ചിത്രം നിർമ്മിക്കണമെന്ന മോഹവുമായി ടി കെ പരീകുട്ടി വൈക്കം മുഹമ്മദ് ബഷീറിനെ സമീപിക്കുകയുണ്ടായി. ആ കൂടിക്കാഴ്ച്ചയിൽ നിന്നാണ് തന്റെ നീലവെളിച്ചം എന്ന കഥ ഭാർഗ്ഗവീനിലയമെന്ന ചിത്രമാക്കാൻ തീരുമാനിക്കുന്നത്. അങ്ങിനെ നീലക്കുയിലിന്റെ ഛായാഗ്രഹണം നിർവ്വഹിച്ച എ വിൻസന്റിനെ സംവിധാന ചുമതല ഏൽപ്പിക്കുന്നു. ഇനിയുള്ള തുടർ എഴുത്തുകളിൽ ഓർമ്മിക്കാൻ ഒരു പേരുകൂടി, വിൻസെന്റ് മാഷ്

ഇനിയുള്ള തുടർ എഴുത്തുകളിൽ മാഷിന്റെ പല സിനിമകളും നമുക്ക് ചർച്ച ചെയ്യേണ്ടതായി വരും. ഇന്നിലെ പുതു സിനിമകളിൽ പ്രത്യക്ഷമാകുന്ന രണ്ടു പേരുകളുണ്ട്, ജയനൻ വിൻസെന്റും, അജയൻ വിൻസെന്റും. ഇരുവരും മാഷിന്റെ മക്കളാണ്.

ഒരുപാട് പ്രത്യേകതകളും വിശേഷങ്ങളും നിറഞ്ഞ ചിത്രമാണ് ഭാർഗ്ഗവീനിലയം. അതെല്ലാം പൂർണ്ണമായ തോതിൽ വിവരിക്കുവാൻ സ്ഥലപരിമിതി മൂലം സാധിക്കത്തിൽ ഖേദിക്കുന്നു.

മലയാള സിനിമയിലെ ആദ്യ പ്രേതകഥയെന്നാണ് ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ആൾതമാസമില്ലാതെ, കാടും പടർപ്പും കയറിയ വീടുകളെ 'ഭാർഗ്ഗവീനിലയം'പോലെ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. പ്രേതങ്ങൾക്ക് വെളുത്ത സാരി നിലവിൽ വന്നത് ഈ ചിത്രത്തോടെയാണെന്നു പറയാം. പിന്നീടു വന്ന മിക്ക പ്രേത ചിത്രങ്ങളിലും പ്രേതങ്ങൾ വേഷത്തിലും ഭാവത്തിലും എന്തിന്, ചലനത്തിൽ പോലും ഈ ചിത്രത്തെ പിന്തുടരുന്നുണ്ട്.

പേരില്ലാതെ സിനിമ മുഴുക്കെ ഒരു നായകൻ കടന്നുപോയപ്പോൾ ഈ സിനിമ കൊണ്ടു തന്നെ ജീവിതകാലം മുഴുക്കെ പേരുകിട്ടിയ മറ്റൊരു നടനുമുണ്ടായിരുന്നു വെന്നതാണ് യാഥാർഥ്യം. അതേ മധുസാറായിരുന്നു ആ പേരില്ലാത്ത നടൻ. പേരുകിട്ടിയ ആളെ നിങ്ങളറിയും. പത്മദളാക്ഷൻ. അങ്ങിനെപറഞ്ഞാൽ ചെലപ്പോ മനസ്സിലാകില്ല, എന്നാൽ പിന്നെ കുതിരവട്ടം പപ്പു എന്നു പറയാം

ഈ സിനിമയിലെ കഥാപാത്രത്തിന്റെ പേരായിരുന്നു കുതിരവട്ടം പപ്പു എന്നുള്ളത്. ആ ബഷീറിയൻ ടച്ചുള്ള പേരിലാണ് പപ്പുവേട്ടനെന്നും അറിയപ്പെട്ടത്.

ഇങ്ങനെ കഥാപാത്രമായി വന്ന്, ആ പേരിലൂടെ അറിയപ്പെടുന്നവർ ചുരുക്കമാണ്. മണിയൻപിള്ളയും കീരിക്കാടനുമൊക്കെ കഥാപാത്രം പേരായി വന്നവരാണ്.

ബൃഹത്തായ നോവലുകൾ ഒത്തിരി സിനിമകളായി പരിണമിച്ചിട്ടുണ്ടെങ്കിലും ചെറുകഥകൾ അപൂർവ്വമാണ്. ഇത്തരുണത്തിൽ, ഈ ജനുവരിയിൽ യിൽ മറ്റൊരു പ്രതിഭയെ ഓർത്തു പോകുകയാണ്. പി. പത്മരാജൻ എന്ന പകരം വയ്ക്കാനില്ലാത്ത പ്രതിഭയെ. ഒന്നരപേജിൽ മാത്രം ഒതുങ്ങിനിന്ന അദ്ദേഹത്തിന്റെ തന്നെ ചെറുകഥയെ രണ്ടു മണിക്കൂറിലധികം വികസിപ്പിച്ചു സിനിമയാക്കിയതിന് നമ്മൾ സാക്ഷികളാണ്. അതായിരുന്നു അപരൻ എന്ന സിനിമ. ഇതിവിടെ ഓർത്തുപോകാൻ രണ്ടു കാരണങ്ങളുണ്ട്, അതിലൊന്ന് ആ ചിത്രത്തിലും സുപ്രധാന വേഷത്തിൽ മധുസാർ ഉണ്ടായിരുന്നുവെന്നുള്ളതാണ്. മറ്റൊന്ന് ആ കഥയിലെ ഇരട്ട കഥാപാത്രങ്ങൾക്കും പേരില്ലായിരുന്നു വെന്നതാണ്. ഇംഗ്ളീഷ് അക്ഷരമാലയിലെ J എന്നും M എന്നുമായിരുന്നു അവർ അറിയപ്പെട്ടിരുന്നത്.

ഈ സാദൃശ്യമൊന്നുകൊണ്ടും ഇങ്ങിനെയൊരു ജനുവരി മാസത്തിലാണ് പപ്പേട്ടൻ പടിയിറങ്ങിപോയതെന്നതുകൊണ്ടും ഇതിൽ, ഈ എഴുത്തിൽ ആ പ്രതിഭയേയും ചേർത്തു നിർത്തുന്നു.

ഇനി വീണ്ടും സിനിമയിലേക്ക്. മധു സാറിനൊപ്പം പ്രേം നസീറും വിജയ നിർമ്മലയുമായിരുന്നു ഭാർഗ്ഗവീനിലയത്തിൽ. രണ്ടുപേരും ഗിന്നസ് ബുക്കിൽ ഇടം നേടിയവർ. നാല്പത്തി ഏഴോളം ചിത്രങ്ങളാണ് വിജയ നിർമ്മല സംവിധാനം ചെയ്തിട്ടുള്ളത്.

മുൻ എഴുത്തിൽ പറഞ്ഞുപോയ പോലെ ഈ സിനിമയുടെ കഥയും ഞാൻ പറയുന്നില്ല. വളരെ രസകരവും സംഭവബഹുലവുമായ ഒന്നാണിത്. മനോഹരമായ തിരക്കഥ. ബഷീറിയൻ ശൈലി പൂർണ്ണമായും ചേർത്തു വച്ച ചിത്രം. ആ ഓരോ സംഭാഷണ ശൈലിക്കും അനുസൃതമായി ഏറെ ചാരുതയോടായിരുന്നു മധു സാറിന്റെ അഭിനയവും.

ഇനി ഇതിൽ എടുത്തുപറയേണ്ടുന്നത് ഗാനങ്ങൾ തന്നെയാണ്. മുൻ എഴുത്തിലെ സിനിമകൾ പോലെ തന്നെ ഭാസ്കരൻ മാഷ്-ബാബുക്ക കൂട്ടുകെട്ട് തന്നെയായിരുന്നു. ഒൻപത് പാട്ടുകളാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്.

ദാസേട്ടൻ ഇതുവരെ പാടിയിട്ടുള്ള മൊത്തം ഗാനങ്ങളിൽ ഏറ്റവും മികച്ച പത്തെണ്ണം തിരഞ്ഞെടുത്താൽ അതിലൊന്ന് ഈ ചിത്രത്തിലെയാകും.

'താമസമെന്തേ വരുവാൻ, പ്രണസഖീ'

ഒരിക്കൽ ഭാവഗായകൻ ജയചന്ദ്രൻ പറയുകയുണ്ടായി, ഇരിങ്ങാലക്കുട കോന്നിയിൽ 27 തവണ ഈ ചിത്രം ഈ പാട്ടു കേൾക്കുവാനായി മാത്രം കണ്ടുവത്രെ.

അതേ, അന്ന് ഇരിഞ്ഞാലക്കുടയിൽ രണ്ടു തീയറ്ററുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, കോന്നിയും പ്രഭാതും.. പിന്നീട് കോന്നി പേരുമാറ്റി സിന്ധു വായി..

/അറബികടലൊരു മണവാളൻ കരയോ നല്ലൊരു മണവാട്ടി/

/ഏകാന്തതയുടെ അപാര തീരം/

/വാസന്തപഞ്ചമി നാളിൽ വരുമെന്നൊരു കിനാവു കണ്ടു/

/പൊട്ടാത്തപൊന്നിൻ കിനാവു /

/പൊട്ടിത്തകർന്ന കിനാവു/

തുടങ്ങി മുഴുവൻ പാട്ടുകളും ഇന്നും മലയാളികൾ ഓർത്തു വച്ചിട്ടുള്ളതും പലപ്പോഴും അറിയാതെ മൂളലിൽ ചേർത്തു നിർത്തുന്നതുമാണ്.

1964 ലെ മുഴുവൻ ചിത്രങ്ങളും സവിസ്തരം പറഞ്ഞുപോകുവാൻ ആഗ്രഹമുണ്ടെങ്കിലും വിസ്താരഭയം മൂലം ഏതാനും വാക്കുകളിൽ ഒതുക്കി നിർത്തേണ്ടി വന്നതിൽ ഖേദിക്കുന്നു.

#കുട്ടികുപ്പായം:

മൊയ്തു പടിയത്തിന്റെ കഥയ്ക്ക് സംവിധാന മിഴിവേകിയത് എം. കൃഷ്ണൻ നായരായിരുന്നു. മികച്ച പാട്ടുകളായിരുന്നു സിനിമയുടെ മാറ്റ് കൂട്ടിയത്. ഒരു കൊട്ട പൊന്നുണ്ടല്ലോ എന്നു തുടങ്ങുന്ന ഗാനവും വെളുക്കുമ്പം കുളിക്കുവാൻ പോകുന്ന വഴിവക്കിൽ എന്നു തുടങ്ങുന്ന ഗാനവും മലയാളിക്ക് മറക്കുവാനാകില്ല. ഭാസ്കരൻ മാഷ്-ബാബുക്ക കൂട്ടികെട്ടായിരുന്നു ഗാനം ഒരുക്കിയത്. മധു സാറിനൊപ്പം പ്രേം നസീറും ഷീലയുമാണ് പ്രധാന രംഗത്തുണ്ടായിരുന്നത്.

#മണവാട്ടി:

ഇടയകന്യകേ പോകുക നീ..

ഒരു കാലത്ത്, ഗാനമേളകളിൽ ആദ്യ ഗാനമായിരുന്നുവിത്. ഇന്നും ദാസേട്ടന്റെ ഗാനമേളകളിൽ ഈ ഗാനം കഴിഞ്ഞേ മറ്റൊരു പാട്ടുള്ളൂ.. അതീ ചിത്രത്തിലെയാണ്. ഒപ്പം അഷ്ടമുടി കായലിലെ എന്നു തുടങ്ങുന്ന ഗാനവും. തീരുന്നില്ല, ഏതാണ്ട് എട്ടോളം ഗാനങ്ങളായിരുന്നു ഈ ചിത്രത്തിൽ. കെ എസ് സേതുമാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മധു സാറിനെ കൂടാതെ സത്യൻ മാഷും ഷീലയുമായിരുന്നു. ദേവരാജൻ-വയലാർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മുഴുവൻ പാട്ടുകളും അതി ഗംഭീരങ്ങളായിരുന്നു. #ആദ്യകിരണങ്ങൾ:

പറപ്പുറത്തിന്റെ ഇതേപേരിലുള്ള നോവലിന് തോപ്പിൽ ഭാസി തിരക്കഥയെഴുതി പി. ഭാസ്കരൻ സംവിധാനം ചെയ്ത ചിത്രമാണ് ആദ്യകിരണങ്ങൾ. പന്ത്രണ്ടോളം ഗാനങ്ങളാണ് ഈ ചിത്രത്തെ സമ്പന്നമാക്കിയത്.

ഭാരതമെന്നാൽ എന്നു തുടങ്ങുന്ന ഗാനം ഇന്നും ജനമനസ്സുകളിൽ തങ്ങിനിൽക്കുന്നു. അതുപോലെ മറ്റൊന്നാണ് കിഴക്കു ദിക്കിലെ ചെന്തെങ്കിൽ എന്നു തുടങ്ങുന്ന ഗാനവും. കെ. രാഘവൻ മാഷും പി ഭാസ്കരൻ മാഷും കസറുകയായിരുന്നു ഇതിലെ ഗാനങ്ങളിലൂടെ.. മധു സാറിനൊപ്പം സത്യൻ അംബിക എന്നിവരായിരുന്നു അരങ്ങിൽ..

മധു സാറിന്റെ 1964 സിനിമകൾ അവസാനിക്കുമ്പോൾ നമ്മെ കാത്തിരിക്കുന്നത് മറ്റൊരു സിനിമാ വസന്തമാണ്, 1965 ലെ സിനിമകൾ

അതി ഗംഭീരമാണ് 65. പ്രിയരെല്ലാം കാത്തിരിക്കുമല്ലോ

വര : പ്രദീപ് Pradeep Purushothaman എഴുത്ത് : അനിൽ Anil Zain

#മാധവം #Madhavam

bottom of page