മാധവം. 50


മാധവം. 50

മധുസാറിനൊപ്പം മലയാള സിനിമയുടെ ഓരംചേർന്നുള്ള ഈ യാത്ര ഇതോടെ 50 ഭാഗങ്ങൾ പൂർത്തിയാക്കുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ, അഭിനയമുഹൂർത്തങ്ങളിലൂടെ ഒരു യാത്ര എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ സംരംഭം അൻപതാം ഭാഗത്തെത്തുമ്പോൾ, യഥാർത്ഥത്തിൽ ഇത് ആവശ്യപ്പെടുന്ന ഗൗരവവും, ആഴവും പരപ്പും അമ്പരപ്പിക്കുന്നതാണ്! ഇത് ഒരു വ്യക്തിയുടെ അഭിനയജീവിതമോ ചരിത്രമോ മാത്രമല്ലാതെ മലയാള ചലച്ചിത്രലോകത്തിന്റെ മൊത്തം ചരിത്രവും നാൾവഴികളുമായി മാറുന്ന അത്ഭുതകരമായ അനുഭവം! ഒരു വ്യക്തിതന്നെ ചരിത്രത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന വിസ്മയകരമായ കാഴ്ചകൾ!

ഈ തിരിച്ചറിവോടുകൂടിയാണ് മാധവം അൻപതാംഭാഗം നിങ്ങൾക്കായി ഞങ്ങൾ സമർപ്പിക്കുന്നത്.

ഇന്ന് നമ്മളെത്തിനിൽക്കുന്നത് 1983ലെ പതിനഞ്ചു ചിത്രങ്ങളിലേയ്ക്കാണ്. നമുക്കവയിലേയ്ക്കു കടക്കാം.

#എന്നെ_ഞാൻ_തേടുന്നു ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സൈലം ആലുവയാണ്. (എഴുപത് – എൺപതുകളിലെ യുവാക്കൾക്ക് സൈലം ആലുവ മിക്കവാറും പരിചിതനായിരിക്കും). അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണിത്.

സംവിധാനം പി ചന്ദ്രകുമാർ. ഈ ചിത്രത്തിൽ മധുസാർ അച്ഛൻ മാധവമേനോൻ, മകൻ ഗോപിനാഥമേനോൻ എന്നിങ്ങനെ രണ്ട് വേഷങ്ങളിലെത്തുന്നു. കഥയുടെ പ്രധാനഘട്ടത്തിൽ മറവിയിലാണ്ടുപോകുന്ന മകന്റെ അന്വേഷണങ്ങളും കഥാന്ത്യത്തിലെ അപ്രതീക്ഷിതമായ വെളിപ്പെടുത്തലുകളിലൂടെ ഉണ്ടാവുന്ന വഴിത്തിരിവുകളുമാണ് ഈ ചിത്രത്തിലെ പ്രതിപാദ്യം.

ബിച്ചുതിരുമലയുടെ മികച്ച ഗാനങ്ങളിലൊന്നായ “മായാ പ്രപഞ്ചങ്ങൾ, മനസ്സിൽ മണലാരണ്യങ്ങൾ..” ഉൾപ്പടെ രണ്ടുഗാനങ്ങൾക്ക് എ ടി ഉമ്മർ സംഗീതം നൽകിയിരിക്കുന്നു.

#ആധിപത്യം ഒരു സമ്പൂർണ്ണ ശ്രീകുമാരതൻ തമ്പി ചിത്രം. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനങ്ങൾ ഇവയെല്ലാം അദ്ദേഹത്തിന്റേതുതന്നെ. പ്രേംനസീറും മധുവുമുൾപ്പടെ അന്നത്തെ പ്രമുഖ താരങ്ങളെല്ലാം അഭിനയിച്ച ഒരു മൾട്ടിസ്റ്റാർ ചിത്രം. സുലൈമാൻ എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്.

എൽ ഭൂമിനാഥൻ ആദ്യമായി സ്വതന്ത്രചിത്രസംയോജകനായ ചിത്രമാണിത്. നാലുഗാനങ്ങൾക്ക് സംഗിതസംവിധാനം നിർവഹിച്ചത് ശ്യാം ആണ്.

#അങ്കം എവർഷൈൻ പ്രൊഡക്‌ഷൻസിനുവേണ്ടി ജോഷി സംവിധാനം ചെയ്ത ഈ മൾട്ടിസ്റ്റാർ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങൾ ഇവ പാപ്പനംകോട് ലക്ഷ്മണന്റേതാണ്. പ്രേംനസീർ, മധു എന്നിവരുൾപ്പടെ അന്നത്തെ പ്രമുഖ അഭിനേതാക്കളെല്ലാം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ഡി വൈ എസ് പി ലോറൻസ് എന്ന കഥാപാത്രത്തെയാണ് മധുസാർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സംഗീതസംവിധാനം ശങ്കർ ഗണേശ്. ഗായകർ ജയചന്ദ്രൻ, വാണീ ജയറാം.

#രതിലയം രവി വിലങ്ങൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രമാണ് രതിലയം. രവി വിലങ്ങൻ എന്ന പേര് പലർക്കും അത്ര സുപരിചിതമായിരിക്കില്ല. എന്നാൽ 1979ൽ പുറത്തിറങ്ങിയ ‘കണ്ണുകൾ’ എന്ന ചിത്രത്തിൽ യേശുദാസ് പാടിയ രണ്ടു ഗാനങ്ങൾ മിക്കവർക്കും സുപരിചിതമായിരിക്കും.

“ഈശ്വരാ, ജഗദീശ്വരാ മമ ശബരിഗിരീശര പാഹിമാം..” എന്ന ഗാനവും

“വാതാലയേശന്റെ തിരുവാകച്ചാർത്തുകണ്ടൂ വൈശാഖനാളിൽ ഞാൻ മടങ്ങിടുമ്പോൾ..” എന്ന ഗാനവും.

ഈ മനോഹരഗാനങ്ങളുടെ രചയിതാവ് രവി വിലങ്ങനാണ്.

‘രതിലയം’ പി ചന്ദ്രകുമാറാണ് സംവിധാനം ചെയ്തത്.

ഈ ചിത്രത്തിന്റെ നിർമ്മാതാവ മധുസാർതന്നെയാണ്. ഉമാ സ്റ്റുഡിയോയിലാണ് ഈ ചിത്രം ചിത്രീകരിച്ചതും. സിൽക്ക് സ്മിത ഒരു പ്രധാനവേഷത്തിൽവന്ന ചിത്രമാണിത്. മധുസാർ ‘മമ്മൂട്ടി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു, ഗായകൻ കെ ജി മാർക്കോസിന്റെ ആദ്യകാല ഗാനങ്ങളിൽ രണ്ടെണ്ണം ഈ ചിത്രത്തിലുണ്ട്. പൂവച്ചൽ ഖാദർ എഴുതിയ നാലുഗാനങ്ങളിൽ മൂന്നെണ്ണത്തിന് എം ജി രാധാകൃഷ്ണനും ഒരെണ്ണത്തിന് എ ടി ഉമ്മറും ഈണം നൽകി.

എ ടി ഉമ്മർ ഈണം നൽകിയ “മൈലാഞ്ചിയണിയുന്ന മദനപ്പൂവേ..” എന്ന ഗാനം ആലപിച്ചത് ശ്രീവിദ്യയാണ്.

#പിൻ‌നിലാവ് സി. രാധാകൃഷ്ണന്റെ കഥയ്ക്ക് തോപ്പിൽഭാസി തിരക്കഥയും സംഭാഷണവുമെഴുതി പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത ചിത്രം. എഞ്ചിനീയർ കേശവപ്പണിക്കർ എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്. ശ്രീവിദ്യ, സുകുമാരി, മമ്മൂട്ടി, മോഹൻലാൽ, സോമൻ, മുകേഷ്, പൂർണ്ണിമജയറാം തുടങ്ങിയ താരനിര ഈ ചിത്രത്തിലുണ്ട്. യൂസഫലി കേച്ചേരിയുടെ വരികൾക്ക് ഇളയരാജ സംഗീതം നൽകിയ മൂന്നു ഗാനങ്ങളുണ്ട് ഈ ചിത്രത്തിൽ.

#അറബിക്കടൽ ജെ ശശികുമാർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അറബിക്കടൽ. സേവ്യർ മുതലാളി എന്ന കഥാപാത്രത്തെയാണ് മധുസാർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അദ്ദേഹത്തെക്കൂടാതെ രതീഷ്, ശ്രീവിദ്യ, മോഹൻലാൽ, മേനക തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിലുണ്ട്. പൂവച്ചൽ ഖാദർ എഴുതി എം കെ അർജ്ജുനൻ സംഗീതം നൽകിയ നാലു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

#സംരംഭം മധുസാറൂം ബാലൻ കെ നായരും രസകരമായ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് സംരംഭം. പ്രിയദർശൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രമാണിത്. സംവിധാനം ചെയ്തത് ബേബി. സാധാരണ പ്രിയദർശൻ ചിത്രങ്ങളിലെ ചേരുവകളൊക്കെയുള്ള സിനിമ. ചിത്രത്തിലുടനീളം ബാലൻ കെ നായരും മധുസാറും ഒരുമിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. വില്ലനായി ജോസ് പ്രകാശും കൂടെ അദ്ദേഹത്തിന്റെ മുതലക്കുഞ്ഞുങ്ങളും.. പൂവച്ചൽ ഖാദർ - കെ ജെ ജോയ് കൂട്ടുകെട്ടിന്റെ മൂന്നു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

#മോർച്ചറി നിർമ്മാതാവുകൂടിയായ പുഷ്പരാജൻ കഥയെഴുതി ഡോ.പവിത്രൻ തിരക്കഥയും സംഭാഷണവുമെഴുതി, ബേബി സംവിധാനംചെയ്ത ചിത്രമാണ് ‘മോർച്ചറി’.

മധുസാറിനൊപ്പം പ്രേംനസീറുൾപ്പടെ അന്നത്തെ പ്രമുഖതാരങ്ങളെല്ലം അണിനിരന്ന ചിത്രമാണിത്. അഡ്വക്കേറ്റ് കൃഷ്ണദാസ് എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്.

1977ൽ കോട്ടയം മെഡിക്കൽകോളേജ് മോർച്ചറിയിൽ നടന്ന ഒരു മരണത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചത്. രാത്രിയിൽ ഒറ്റയ്ക്ക് മോർച്ചറിയിൽ പോകാമോ എന്ന വെല്ലുവിളി സ്വീകരിച്ച് ഒരു മെഡിക്കൽ വിദ്യാർത്ഥി കാവൽക്കാരനെ വെട്ടിച്ച് മോർച്ചറിയിൽ പ്രവേശിക്കുന്നു. ഒരു മൃതദേഹത്തിന്റെ ചുണ്ടിലൊരു സിഗററ്റ് വച്ചിട്ടുണ്ടാവും. തെളിവിനായി അത് എടുത്തുകൊണ്ടുവരണം എന്നായിരുന്നു പന്തയം. ടോർച്ച് വെളിച്ചത്തിൽ ആ വിദ്യാർത്ഥി ഓരോ മൃതദേഹവും നോക്കി. ചുണ്ടിൽ സിഗററ്റുള്ള മൃതദേഹം കണ്ടെത്തി. അതെടുക്കാൻ തുനിഞ്ഞതും മൃതദേഹം ഒന്നനങ്ങി. നിമിഷനേരംകോണ്ട് വായതുറന്ന് സിഗരറ്റ് ഉള്ളിലാക്കി. വിദ്യാർത്ഥി ഞെട്ടിത്തരിച്ച് നിലത്തുവീണു. ആ ആഘാതത്തിൽ മരിക്കുകയും ചെയ്തു. സംഭവം വലിയ കോളിളക്കമുണ്ടാക്കി. അവസാനം കുറ്റവാളിയെ കണ്ടെത്തി. ചുണ്ടിൽ സിഗരറ്റുംവച്ച് സഹപാഠിയെ പേടിപ്പിക്കാൻ മൃതദേഹമായി അവിടെ കിടന്നത് വിദ്യാർത്ഥിയുമായി പന്തയംവച്ച സുഹൃത്താണെന്ന് അന്വേഷണത്തിൽ തെളിയുകയും അദ്ദേഹത്തിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് ശിക്ഷിക്കുകയും ചെയ്തു. ഈ സംഭവമാണ് ഈ ചിത്രത്തിനാധാരം.

പൂവച്ചൽ ഖാദർ എഴുതി, കെ ജെ ജോയ് സംവിധാനം ചെയ്ത് യേശുദാസ് പാടിയ രണ്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

“അമൃതസരസ്സിലെ അരയന്നമേ നീ..” എന്ന ഗാനമാണ് ഇതിലൊന്ന്.

#കൊടുങ്കാറ്റ് ഈ ചിത്രത്തിന്റെ കഥാകൃത്ത് സലിം മുഹമ്മദ് ഘൗഷ് ആണെന്നുപറഞ്ഞാൽ മിക്കവർക്കും ആളെ മനസ്സിലായേക്കില്ല. നടനും കഥാകൃത്തും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായ ആ ബഹുമുഖപ്രതിഭ വി എം സി ഹനീഫ എന്ന കൊച്ചിൻ ഹനീഫയാണത്.

തിരക്കഥയും സംഭാഷണവും പാപ്പനംകോട് ലക്ഷ്മണൻ. പ്രേംനസീറും, മധുവും, മമ്മൂട്ടിയുമൂൾപ്പടെ മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖതാരങ്ങളും അണിനിരന്ന ഈ ചിത്രത്തിന്റെ സംവിധായകൻ ജോഷിയാണ്.

പൂവച്ചൽ ഖാദറെഴുതി കെ ജെ ജോയ് സംവിധാനംചെയ്ത മൂന്നു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

#യുദ്ധം കെ പി കൊട്ടാരക്കര കഥയും തിരക്കഥയുമെഴുതി നിർമ്മിച്ച ഈ മൾട്ടിസ്റ്റാർ ചിത്രം സംവിധാനം ചെയ്തത് ശശികുമാറാണ്. സംഭാഷണമെഴുതിയത് കലൂർ ഡെന്നിസാണ്.

പ്രേംനസീറും മധുസാറൂമുൾപ്പടെ പ്രമുഖ താരങ്ങളെല്ലാം അഭിനയിച്ച ചിത്രമാണിത്. അന്നത്തെ ഫോർമുല ചിത്രങ്ങളിലൊന്ന്.

പൂവച്ചൽ ഖാദർ എഴുതി ശങ്കർ ഗണേശ് സംഗീതം നൽകിയ മൂന്നു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.

#പാലം ഹസ്സൻ കഥയെഴുതി നിർമ്മിച്ച ചിത്രം. ആലപ്പി ഷെറീഫ് തിരക്കഥയും സംഭാഷണവുമെഴുതി. എം. കൃഷ്ണൻ‌നായരാണ് സംവിധായകൻ.

മധുസാറിനൊപ്പം രതീഷ്, ശ്രീവിദ്യ, സ്വപ്ന മുതലായ താരങ്ങളും അഭിനയിച്ചിട്ടുണ്ട്. മുന്നു ഗാനങ്ങൾ. ഗാനരചന പൂവച്ചൽ ഖാദർ, സംഗീതം എ ടി ഉമ്മർ.

കണ്ണൂർ സലിം എന്ന ഗായകന്റെ ആദ്യ ചിത്രമാണിത്. ഗാനം : “ഓ മൈ ഡാർലിങ്ങ്..” ( നായകൻ എന്ന ചിത്രത്തിൽ ആകാശമെവിടെ .. കണ്ടില്ല.. എന്ന ഗാനം ആലപിച്ചത് ഇദ്ദേഹമാണ്) 10 സിനിമാഗാനങ്ങൾ ആലപിച്ചിട്ടൂള്ള അദ്ദേഹം ഒട്ടേറെ ഭക്തിഗാന ആൽബങ്ങൾക്ക് സംഗീതം നൽകി ആലപിച്ചിട്ടുണ്ട്.

#നാണയം ടി ദാമോദരൻ - ഐ വി ശശി ടീമിന്റെ മറ്റൊരു ഹിറ്റ് ചിത്രമാണ് നാണയം. കഥ, തിരക്കഥ, സംഭാഷണം – ടി ദാമോദരൻ, സംവിധാനം – ഐ വി ശശി.

മധു, ശ്രീവിദ്യ, ഉമ്മർ, മോഹൻലാൽ, മമ്മൂട്ടി, ജനാർദ്ദനൻ, സീമ, പൂർണ്ണിമ ജയറാം തുടങ്ങിയ താരങ്ങൾ അഭിനയിച്ച ചിത്രം.

പൂവച്ചൽ ഖാദറിന്റെ വരികൾക്ക് ശ്യാം സംഗീതം പകർന്ന നാലുഗാനങ്ങൾ. ഇതിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന “പോം, പോം, ഈ ജീപ്പിന്നു മദമിളകി..”, “ഘനശ്യാമ വർണ്ണാ കണ്ണാ..”, “മാൻ കിടാവേ വാ..” എന്നീ ഗാനങ്ങൾ ശ്രദ്ധേയം. #പാസ്‌പോർട്ട് പ്രേംനസിർ-മധു നായകജോഡികളൂടെ ഒരു ചിത്രംകൂടി. കഥ പുഷ്പരാജൻ, തിരക്കഥയും സംഭാഷണവും പാപ്പനംകോട് ലക്ഷ്മണൻ. സംവിധാനം തമ്പി കണ്ണന്താനം. തമ്പി കണ്ണന്താനം സ്വതന്ത്രസംവിധായകനായ വർഷമാണ് 1983. പാസ്പോർട്ട് അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണ്. ആദ്യചിത്രം 1983ൽത്തന്നെ പുറത്തിറങ്ങിയ താവളം ആണ്. പ്രേംനസീർ, മധു എന്നിവരോടൊപ്പം ശ്രീവിദ്യയും ടി ജി രവിയും ബാലൻ കെ നായരും പ്രധാന വേഷങ്ങളിലെത്തുന്നു.

പൂവച്ചൽ ഖാദറെഴുതി കെ ജെ ജോയ് സംഗീതം നൽകിയ ഒരു ഗാനമാണ് ഈ ചിത്രത്തിലുള്ളത്.

#ആന ‘ഒറ്റവെടി ജബ്ബാർ’ എന്ന വ്യത്യസ്തമായ ആനവേട്ടക്കാരൻ കഥാപാത്രത്തെ മധുസാർ അവതരിപ്പിച്ച ചിത്രമാണ് ആന. അശ്വതി തിരുനാൾ കഥയെഴുതി തിരക്കഥയും സംഭാഷണവും രചിച്ച ഏക ചിത്രമാണിത്. മധുസാറിനെ കൂടാതെ, കെ പി സോമൻ, ക്യാപ്റ്റൻ രാജു, ശ്രീവിദ്യ, സുകുമാരി, ജഗതി തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്.

സത്യൻ അന്തിക്കാടെഴുതി ജെറി അമൽദേവ് സംഗീതം നൽകിയ “പൂമരങ്ങൾ പീലിവീശി” എന്ന ഗാനം യേശുദാസിനും സുജാതയ്ക്കുമൊപ്പം സായി ഗീത എന്ന ഒരു പുതിയ ഗായികയുംചേർന്നാണ് പാടിയിരിക്കുന്നത്.

#ബന്ധം നടൻ മോഹൻ നിർമ്മിച്ച ചിത്രം. കഥ സലിം – ജാവേദ്. തിരക്കഥ, സംഭാഷണം : പാപ്പനംകോട് ലക്ഷ്മണൻ ചിത്രസംയോജകൻ, കഥാ- തിരക്കഥാകൃത്ത്, ക്യാമറ അസ്സോസിയേറ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവന്ന വിജയാനന്ദിന്റെ ആദ്യസംവിധാന സംരംഭം.

മധുസാറിനൊപ്പം പ്രേംനസീർ, ലക്ഷ്മി, ഉമ്മർ, ബാലൻ കെ നായർ, കവിയൂർപൊന്നമ്മ തുടങ്ങിയ താരങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ബിച്ചു തിരുമല രചിച്ച് ശ്യാം സംഗീതം നൽകിയ മൂന്നുഗാനങ്ങളിൽ രണ്ടെണ്ണം നിർമ്മാതാവും നടനുമായ മോഹൻ ആലപിച്ചിരിക്കുന്നു.

മധുസാറിന്റെ, 1983 ലെ പതിനഞ്ച് സിനിമകളിലൂടെയാണ് ഈ അൻപതാം ഭാഗത്തിൽ നമ്മൾ കടന്നുപോയത്. 1984 ൽ മധുസാറിന്റേതായി വ്യത്യസ്തതയാർന്ന പതിനാലു ചിത്രങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്.

50 നാഴികക്കല്ലുകൾ താണ്ടിയ ഈ യാത്ര നമുക്ക് വീണ്ടും തുടരാം.. അതിനായി കാത്തിരിക്കുക. ഒരു വ്യക്തി ചരിത്രം രചിക്കുന്നതും, സ്വയം ചരിത്രമാവുന്നതും അനുഭവിച്ചറിയാം, ആ ചരിത്രത്തോടൊപ്പം നടക്കാം. കാത്തിരിക്കുക.

വര, എഴുത്ത് : പ്രദീപ്

#മാധവം #Madhavam