top of page

മാധവം.51


മാധവം. 51


അൻപത്തൊന്നാം ഭാഗത്തിൽ നമ്മൾ കടന്നുപോവുന്നത് മധുസാർ 1984 ൽ ഭാഗഭാക്കായ പന്ത്രണ്ടു ചിത്രങ്ങളിലൂടെയാണ്. നേരെ അവയിലേയ്ക്ക് കടക്കാം.


#ജീവിതം

ബസന്ത് ആദ്യമായി തിരക്കഥയെഴുതിയ ചിത്രമാണ് ജീവിതം. സംഭാഷണവും അദ്ദേഹത്തിന്റേതുതന്നെ. ഈ ചിത്രത്തിനുശേഷം രണ്ടുചിത്രങ്ങൾക്കുകൂടി അദ്ദേഹം തിരക്കഥയെഴുതി. ഈ ചിത്രങ്ങളുടെയെല്ലാം സംവിധായകൻ ജീവിതത്തിന്റെ സംവിധായകനായ കെ വിജയനാണ്. സത്യൻ എന്നായിരുന്നു വിജയന്റെ യഥാർത്ഥപേര്. 1960കളോടെ സിനിമാമോഹവുമായി മദിരാശിയിലെത്തിയ സത്യന് വിജയൻ എന്ന പേര് നൽകിയത് സാക്ഷാൽ എം ബി ശ്രീനിവാസനാണ്. നൂറോളം തമിഴ് ചിത്രങ്ങളിലും ഏതാനും മലയാളചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. തമിഴിൽ 68 ചിത്രങ്ങളും മലയാളത്തിൽ 10 ചിത്രങ്ങളും സംവിധാനം ചെയ്തു. തമിഴ് ചിത്രങ്ങളിൽ 35 എണ്ണത്തിലും ശിവാജിഗണേശനായിരുന്നു നായകൻ.


രാജൻ മേനോൻ എന്ന കഥാപാത്രത്തെയാണ് മധുസാർ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ജോസ് പ്രകാശ്, ബാലൻ കെ നായർ, ശങ്കർ, കെ ആർ വിജയ, ഉണ്ണിമേരി, സ്വപ്ന തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


പൂവച്ചൽ ഖാദർ എഴുതി ഗംഗൈ അമരൻ സംഗീതം നൽകിയ അഞ്ചു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. യേശുദാസ്, ജയച്ചന്ദ്രൻ, സുശീല, വാണിജയറാം എന്നിവരാണ് ഗായകർ.

ഇളയരാജയുടെ സഹോദരനായ ഗംഗൈ അമരൻ ദക്ഷിണേന്ത്യൻ ചലച്ചിത്രഗാനരംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സംഗീതസംവിധായകനാണ്. വർണ്ണപ്പകിട്ട് എന്ന മലയാളചലച്ചിത്രത്തിനായി ഒരു ഗാനം രചിക്കുകയും (“ഒക്കേല, ഒക്കേല..”), മിഴിയോരങ്ങളിൽ എന്ന ചിത്രത്തിനായി “മധുവാണി, കളവേണി..” എന്നു തുടങ്ങുന്ന ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട്.

അദ്ദേഹം സംവിധാനം നിർവഹിച്ച ഗാനങ്ങളിൽ കൂടുതൽ ഉപയോഗിച്ചിരിക്കുന്നത് ഹംസധ്വനി രാഗമാണ്.


#മനസ്സേ_നിനക്കു_മംഗളം

വിജയ് ബാബു തിരക്കഥയും സംഭാഷണവും നിർവഹിച്ച ഏക ചിത്രമാണിത്. കഥ സംവിധായകനായ എ ബി രാജിന്റേതാണ്.

1951 മുതൽ 1986 വരെ ചലച്ചിത്രരംഗത്ത് സജീവമായിരുന്ന ആലപ്പുഴ സ്വദേശിയായ എ ബി രാജിന്റെ യഥാർത്ഥപേര് രാജ് ആന്റണി ഭാസ്കർ എന്നാണ്. 1951 ൽ വഹാബ് കാശ്മീരി എന്ന സുഹൃത്തിനോടൊപ്പം ശ്രീലങ്കയിലേയ്ക്കു പോയ എ ബി രാജ് അവിടത്തെ സംസ്കാരവും ജീവിതരീതികളും പഠിച്ച് സിംഹളീസ് സിനിമയുടെ ഭാഗമായി മാറി. 10 സിംഹളീസ് ചിത്രങ്ങളും മലയാളത്തിൽ 49 ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. ഡേവിഡ് ലീനിന്റെ പ്രശസ്ത ഹോളീവുഡ് ചിത്രമായ “ബ്രിഡ്ജ് ഇൻ ദി റിവർ ക്വയി” യുടെ സഹസംവിധായകനായിരുന്നു അദ്ദേഹം. പ്രശസ്ത സംവിധായരായ ഹരിഹരൻ, ഐ വി ശശി, ചന്ദ്രകുമാർ, രാജശേഖരൻ ഇവർ ഇദ്ദേഹത്തിന്റെ ശിഷ്യരാണ്. തെന്നിന്ത്യൻ ഭാഷാചിത്രങ്ങളിലെ നായികയായിരുന്ന ശരണ്യ എ ബി രാജിന്റെ മകളാണ്.


മധുസാറിന്റെ അഡ്വക്കേറ്റ് വിശ്വനാഥൻ എന്ന കഥാപാത്രത്തിനൊപ്പം പ്രേംനസീർ, മേനക, റാണി പത്മിനി, ശുഭ എന്നിവരും ഈ ചിത്രത്തിലുണ്ട്.


പൂവച്ചൽ ഖാദർ എഴുതി രവീന്ദ്രൻ സംഗീതം നൽകിയ മൂന്നുഗാനങ്ങളുണ്ട് ഈ ചിത്രത്തിൽ.


യേശുദാസും ജാനകിയും ചേർന്നുപാടിയ “ചിരിയിൽ ഞാൻ കേട്ടു, ഗീതം, സംഗീതം” (പന്തുവരാളി രാഗം),

യേശുദാസ് പാടിയ “ശോഭനം, മോഹനം..” (ഹിന്ദോള രാഗം) എന്നീ ഗാനങ്ങൾ ഇതിൽപ്പെടുന്നു,


#ചക്കരയുമ്മ

എസ് എൻ സ്വാമി എന്ന പ്രശസ്തനായ കഥ- തിരക്കഥാകൃത്ത് ആദ്യമായി സിനിമയിലെത്തുന്നത് ഈ സിനിമയ്ക്ക് കഥയെഴുതിക്കൊണ്ടാണ്. ഇതിന് തിരക്കഥയും സംഭാഷണവുമെഴുതിയത് കലൂർ ഡെന്നിസാണ്. സാജനാണ് സംവിധായകൻ.


ജനപ്രിയ കുടുംബചിത്രങ്ങളുടെ സംവിധായകനായ സാജനും അന്ന് തരംഗമായി മാറിയിരുന്ന ബേബി ശാലിനിയും അക്കാലത്തെ ഒരു വിജയ ഫോർമുലയായിരുന്നു. ആ ജനുസ്സിൽപ്പെട്ട ചിത്രങ്ങളിലൊന്നാണ് ചക്കരയുമ്മ.


മധുസാറിനൊപ്പം ശ്രീവിദ്യ, മമ്മൂട്ടി, എം ജി സോമൻ, കാജൽ കിരൺ, ജഗതി, ബേബി ശാലിനി തുടങ്ങിയ പ്രമുഖതാരങ്ങളൊക്കെ ഈ ചിത്രത്തിലുണ്ട്.


പൂവച്ചൽ ഖാദർ എഴുതി ശ്യാം സംവിധാനം ചെയ്ത നാലു ഗാനങ്ങളിൽ

“വാസരം തുടങ്ങി..” (യേശുദാസ്, സുശീല)

“നാലുകാശും കൈയിൽ വച്ച്..”(കൃ‌ഷ്ണചന്ദ്രൻ, ജഗതി, ബേബി ശാലിനി) എന്നീ ഗാനങ്ങളാണ് ശ്രദ്ധിക്കപ്പെട്ടത്.


#ആരോരുമറിയാതെ

1980 മുതൽ സിനിമകൾക്ക് കഥയെഴുതിത്തുടങ്ങിയ കമലിന്റെ നാലാമത്തെ കഥയാണിത്. 1980 ൽ പി ചന്ദ്രകുമാർ സംവിധാനം ചെയ്ത കാവൽമാടം എന്ന ചിത്രത്തിന് കഥയെഴുതിക്കൊണ്ടാണ് കൊടുങ്ങല്ലൂരുകാരൻ കമാലുദ്ദീൻ, കമൽ എന്ന ചലച്ചിത്രകാരനായി മാറുന്നത്. 1981 പടിയൻ സംവിധാനം ചെയ്ത ത്രാസം എന്ന ചിത്രത്തിനായി കഥയും തിരക്കഥയുമെഴുതി. തുടർന്ന് 1983 ൽ പി എൻ മേനോൻ സംവിധാനം ചെയ്ത കടമ്പ എന്ന ചിത്രത്തിന്റെ കഥയെഴുതി. അതേ ചിത്രത്തിന്റെ സഹസംവിധായകനായി. തുടർന്ന് പി എൻ മേനോന്റെയും ഭരതന്റെയും കെ എസ് സേതുമാധവന്റെയൂംകൂടെ സഹസംവിധായകനായി പ്രവർത്തിച്ചശേഷം 1986 ൽ മിഴിനീർപ്പൂവുകൾ എന്ന ചിത്രത്തിലൂടെ സംവിധായകനായി. തുടർന്ന് ശ്രദ്ധേയമായ 45 സിനിമകൾ സംവിധാനംചെയ്യുകയും മലയാളത്തിലെ മുൻ‌നിര സംവിധായകരിലൊരാളായി മാറുകയും ചെയ്തത് ചരിത്രം. ആരോരുമറിയാതെ എന്ന ചിത്രത്തിലും അദ്ദേഹ സഹസംവിധായകനായിരുന്നു.


ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവുമെഴുതിയത് ജോൺപോൾ ആണ്. സംവിധാനം കെ എസ് സേതുമാധവൻ. ലളിതസുന്ദരങ്ങളായ കഥകളെ മനോഹരമായ സിനിമകളാക്കിമാറ്റാം എന്നതിന് ഒരുദാഹരണമാണ് ആരോരുമറിയാതെ.


മധുസാറിനൊപ്പം അന്നത്തെ പ്രമുഖതാരങ്ങളായ ഭരത് ഗോപി, നെടുമുടി വേണു, കരമന ജനാർദ്ദനൻ‌നായർ, മമ്മൂട്ടി, ശങ്കർ, സുഹാസിനി, സുകുമാരി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചു.


വൈസ്ചാൻസലർസ്ഥാനം പ്രതീക്ഷിച്ചിരിക്കുന്ന പ്രൊഫ. പണിക്കർ എന്ന കഥാപാത്രമായാണ് മധുസാർ എത്തുന്നത്.


കാവാലം എഴുതിയ മൂന്നു മനോഹരഗാനങ്ങൾക്ക് ശ്യാം സംഗീതം നൽകി.


ഏതാണ്ട് പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം കമുകറ പുരുഷോത്തമൻ ഗായനായി തിരിച്ചെത്തിയ ചിത്രമാണിത്. “ആ ചാമരം..” എന്നു തുടങ്ങുന്ന ആ ഗാനം സി ഒ ആന്റോയോടും സംഘത്തോടുമൊപ്പമാണ് അദ്ദേഹം ആലപിച്ചത്.


ഉണ്ണിമേനോന്റെ മികച്ച ഗാനങ്ങളിലൊന്നായ “മൂടൽമഞ്ഞിൽ മൂവന്തി..” എന്ന ഗാനമാണ് മറ്റൊന്ന്.


“കായാമ്പൂ കോർത്തുതരും..” എന്ന ഗാനം യേശുദാസും ലതികയും ചേർന്നു പാടി.


ലളിതവും നർമ്മമധുരവുമായൊരു സിനിമയെന്ന നിലയിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റി ഈ ചിത്രം.


#ആറ്റൂവഞ്ചി_ഉലഞ്ഞപ്പോൾ

1974 ൽ ഹരിഹരൻ സംവിധാനം ചെയ്ത രാജഹംസം എന്ന ചിത്രം മുതൽ കോട്ടയം സ്വദേശി തോമസ്‌കുട്ടി 13 ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം സംവിധാനസഹായിയായിരുന്നു. 1982 ൽ ‘എന്റെ മോഹങ്ങൾ പൂവണിഞ്ഞു’ എന്ന ചിത്രത്തിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായി. ഭദ്രൻ എന്ന സംവിധായകന്റെ പിറവി അങ്ങനെയാണ്. തുടർന്ന് 13 ശ്രദ്ധേയമായ ചിത്രങ്ങൾകൂടി! 1995 ൽ സംവിധാനം ചെയ്ത ‘സ്ഥടികം’ ഭദ്രന്റെയും മോഹൻലാലിന്റെയും ചലച്ചിത്രജീവിതത്തിൽ വഴിത്തിരിവായി - ‘സ്ഥടികം ജോർജ്ജ്’ എന്നപേരിൽ പിന്നീട് അറിയപ്പെട്ട അഭിനേതാവിന്റെയും!

തിലകന്റെയും സിൽക്ക് സ്മിതയുടേയും അവിസ്മരണീയമായ വേഷങ്ങൾ!


ഭദ്രന്റെ മൂന്നാമത്തെ ചിത്രമാണ് ‘ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ’. ചെല്ലമ്മ ജോസഫ് കഥയെഴുതിയ ഏക ചിത്രമാണിത്. തിരക്കഥയും സംഭാഷണവും കെ ടി മുഹമ്മദ്.


പുതിയങ്കം മുരളിയാണ് ഗാനരചയിതാവ്. ഭദ്രന്റെ ആദ്യചിത്രമായ ‘എന്റെ മോഹങ്ങൾ പൂവണിഞ്ഞു’ ന് ഗാനമെഴുതിക്കൊണ്ടാണ് തുടക്കം. അതിലെ “ആഷാഢമേഘങ്ങൾ നിഴലുകളെറിഞ്ഞു” എന്ന ഗാനം ശ്രദ്ധേയമായി. മൊത്തം 28 ഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.


ഈ ചിത്രത്തിലെ രണ്ടുഗാനങ്ങൾക്ക് ശ്യാം സംഗീതം നൽകി യേശുദാസ് ആലപിച്ചു.


#ഇത്തിരിപ്പൂവേ_ചുവന്നപൂവേ

കേരളത്തിൽ എഴുപതുകളിലും എൺപതുകളിലും നക്സലൈറ്റ് പ്രസ്ഥാനത്തിലേയ്ക്ക് ഒരുപാട് യുവാക്കൾ ആകർഷിക്കപ്പെട്ടിരുന്നു. അതിനെ ആസ്പദമാക്കി തിക്കൊടിയന്റെ കഥയ്ക്ക് ജോൺപോൾ തിരക്കഥയും ടി ദാമോദരൻ സംഭാഷണവുമെഴുതി ഭരതൻ സംവിധാനം ചെയ്ത ചിത്രമാണിത്.

ഭരതന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ് ‘ഇത്തിരിപ്പൂവേ ചുവന്നപൂവേ’


റഹ്മാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ മധുസാറിനൊപ്പം കെ ആർ വിജയ, മമ്മൂട്ടി, ശോഭന, നെടുമുടി എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.


ഓ എൻ വി കുറുപ്പ് എഴുതിയ രണ്ടു ഗാനങ്ങളും കാവാലം രചിച്ച ഒരു തെരുവുനാടകവുമാണ് ഈ ചിത്രത്തിലുള്ളത്.


രവീന്ദ്രൻ സംഗീതസംവിധാനം നിർവഹിച്ച രണ്ടുഗാനങ്ങളും ശ്രദ്ധേയമായവയാണ്.


ദർബാരികാനഡ രാഗത്തിലുള്ള “ഓമനത്തിങ്കൾക്കിടാവോ..” എന്ന ഗാനം ജാനകി അതിമനോഹരമായി ആലപിച്ചിരിക്കുന്നു.

നാട്ട രാഗത്തിലുള്ള “പൊൻ പുലരൊളി പൂ വിതറിയ..” എന്ന ഗാനം യേശുദാസും ലതികയുംചേർന്ന് ആലപിച്ചു.


തെരുവുനാടകത്തിലെ ഗാനങ്ങൾ അവതരിപ്പിച്ചത് ബ്രഹ്മാനന്ദനോടോപ്പം ഭരതനും രവീന്ദ്രനുംചേർന്നാണ്.


1984 സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ ഭരതന് കലാസംവിധാനത്തിനും കെ ആർ വിജയയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുമുള്ള അവാർഡുകൾ നേടിക്കൊടൂത്തു ഈ ചിത്രം.


1984 ലെ ആറു ചിത്രങ്ങളിലൂടെ നാം യാത്രചെയ്തു.

ശേഷിക്കുന്ന ആറു ചിത്രങ്ങളിലൂടെയുള്ള യാത്ര അടുത്തഭാഗത്തിലാവാം.

അതിനായി കാത്തിരിക്കുക.

നമുക്കൊരുമിച്ച് ഈ യാത്രതുടരാം.


#മാധവം

#Madhavam


വര, എഴുത്ത് : പ്രദീപ്

#മാധവം

#Madhavam

bottom of page