മാധവം. 55


മാധവം. 55

ഈ ഭാഗത്തിൽ 1989 ലും 1990 ലും മധുസാർ ഭാഗഭാക്കായ 11 ചിത്രങ്ങളിലൂടെയാണ് നമ്മുടെ യാത്ര.

വർഷം : 1989 #മുദ്ര മമ്മൂട്ടി നായകനായി ലോഹിതദാസ് – സിബി മലയിൽ കൂട്ടുകെട്ടിന്റെ മൂന്നാമത്തെ ചിത്രമാണ് മുദ്ര. കഥ, തിരക്കഥ, സംഭാഷണം : ലോഹിതദാസ്. സംവിധാനം : സിബി മലയിൽ. മമ്മൂട്ടി അവതരിപ്പിച്ച രാമഭദ്രൻ എന്ന ജുവനൈൽ ഹോം സുപ്രണ്ടിന്റെ വളർത്തച്ഛനായ ഐ ജി ജോസഫ് ചാക്കോ എന്ന കഥാപാത്രമായാണ് മധുസാർ ഈ ചിത്രത്തിലെത്തുന്നത്. നടനും സംവിധായകനുമായ മഹേഷിന്റെ ആദ്യ ചിത്രമാണിത്.

കൈതപ്രം എഴുതി മോഹൻ സിതാര സംഗീതം നൽകിയ രണ്ടുഗാനങ്ങളിൽ എം ജി ശ്രീകുമാർ പാടിയ “പുതുമഴയായ് പൊഴിയാം..” എന്ന യമുനാകല്യാണി രാഗത്തിലുള്ള ഗാനം മനോഹരമാണ്.

#നാടുവാഴികൾ എസ് എൻ സ്വാമി കഥയും തിരക്കഥയും സംഭാഷണവുമെഴുതി ജോഷി സംവിധാനംചെയ്ത ചിത്രമാണ് നാടുവാഴികൾ. എസ് എൻ സ്വാമിയുടെ കഥയുടെ ചടുലതയുള്ള ഒരു ജോഷിച്ചിത്രം. മോഹൻലാൽ, രൂപിണി, സിതാര തുടങ്ങിയ വമ്പൻ താരനിരയും ആക്‌ഷനും സസ്പെൻസുമെല്ലാം നിറഞ്ഞ ഈ ചിത്രത്തിൽ അനന്തൻ എന്ന സുപ്രധാന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്.

ഷിബു ചക്രവർത്തി രചിച്ച് ശ്യാം സംഗീതം നൽകിയ മൂന്നു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ദിനേശും ഉണ്ണിമേനോനും ചേർന്നുപാടിയ “രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ..” എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധേയമായി.

#ദേവദാസ് ബംഗാളി സാഹിത്യകാരനായ ശരത്ചന്ദ്ര ചതോപാദ്ധ്യായയുടെ അതിപ്രശസ്ത നോവലാണ് ദേവദാസ്. 1928 ൽ ഇറങ്ങിയ നിശ്ശബ്ദചിത്രം മുതൽ 2013 ബംഗ്ലാദേശിയിൽ ഇറങ്ങിയ ചിത്രംവരെ പല ഭാഷകളിലായി 16 പതിപ്പുകൾ ദേവദാസിന് ഇറങ്ങിയിട്ടുണ്ട്.

മലയാളത്തിൽ ഈ ചിത്രത്തിന് തോപ്പിൽഭാസി തിരക്കഥയും സംഭാഷണവുമെഴുതി ക്രോസ്ബെൽറ്റ് മണിയാണ് സംവിധാനം ചെയ്തത്.

വേണു നാഗവള്ളിയും പാർവതിയും പ്രധാന കഥാപാത്രങ്ങളായെത്തിയ ഈ ചിത്രത്തിൽ ഉണ്ണിത്താൻ എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്.

പി ഭാസ്കരൻ എഴുതിയ അഞ്ചു ഗാനങ്ങളിൽ രണ്ടെണ്ണത്തിന് മോഹൻ സിതാരയും മൂന്നെണ്ണത്തിന് രാഘവൻമാഷും സംഗീതം നൽകി.

രാഘവൻ മാഷിന്റെ സംഗീതത്തിൽ യേശൂദാസും അരുന്ധതിയും ചേർന്നുപാടിയ യമുനാകല്യാണി രാഗത്തിലുള്ള “സ്വപ്നമാലിനി തീരത്തുണ്ടൊരു കൊച്ചു കല്യാണ മണ്ഡപം..” എന്ന മനോഹരഗാനം ഈ ചിത്രത്തിലേതാണ്. #ജാതകം മണി ഷൊർണ്ണൂരിന്റെ കഥയ്ക്ക് ലോഹിതദാസ് തിരക്കഥയും സംഭാഷണവുമെഴുതി. പത്മരാജന്റെ സംവിധാനസഹായിയായിരുന്ന സുരേഷ് ഉണ്ണിത്താൻ സ്വതന്ത്രസംവിധായകനായ ആദ്യചിത്രമാണിത്.

ആർ സോമശേഖരൻ എന്ന സംഗീതസംവിധായകന്റെ രണ്ടാമത്തെ ചിത്രം. 1982 ൽ ‘ഇതും ഒരു ജീവിതം’ എന്ന ചിത്രത്തിന് സംഗീതം നൽകിക്കൊണ്ടാണ് ആർ സോമശേഖരൻ സംഗീതസംവിധായകനാവുന്നത്. വിദേശത്ത് ജോലിചെയ്തിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ സംഗീതസംവിധാനജീവിതത്തിൽ നീണ്ട ഇടവേളകളുണ്ടായി. ‘കിരിടം’ എന്ന ചിത്രത്തിലെ സംഗീതസംവിധാനം അദ്ദേഹം ചെയ്യേണ്ടതായിരുന്നു. വിദേശത്തെ ജോലികാരണം അത് തടസ്സുപ്പെട്ടു. മൊത്തം 17 ഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. രണ്ട് ഗാനങ്ങൾ പാടിയിട്ടുമുണ്ട്. 2022 ആഗസ്റ്റ് 22 നാണ് അദ്ദേഹം അന്തരിച്ചത്. ആദരാഞ്ജലികൾ!

ഈ ചിത്രത്തിലെ മൂന്നു ഗാനങ്ങൾ എഴുതിയത് ഒ എൻ വി കുറുപ്പ് ആണ്. യേശൂദാസ് പാടിയ “പുളിയിലക്കരയോലും പുടവചുറ്റി..” (രാഗം : ഖരഹരപ്രിയ) എന്ന ഗാനമാണ് ഏറെ ശ്രദ്ധേയമായത്.

മറ്റുഗാനങ്ങൾ :

“അരളിയും കദളിയും..” (കെ എസ് ചിത്ര) രാഗം : കല്യാണി “നീരദജലനയനേ..” (കെ എസ് ചിത്ര) രാഗം: ഹിന്ദോളം

#ചാണക്യൻ ജോസ് പി മാളിക്കം കഥയെഴുതിയ ഏക ചിത്രമാണ് ചാണക്യൻ.

ജോൺ ഇടത്തട്ടിൽ എന്ന സാബ് ജോൺ ആദ്യമായി തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രം.. ഹൈവേ, സൂര്യമാനസം, ഗുണ (തമിഴ്) മുതലായ വ്യത്യസ്തമായ കുറേ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് സാബ് ജോൺ.

ടി കെ രാജീവ്കുമാറിന്റെ ആദ്യ സംവിധാനസംരംഭമാണ് ചാണക്യൻ. വളരെ വ്യത്യസ്തതകളുള്ള ഒരു ത്രില്ലർ ചിത്രമായിരുന്നു ഇത്. കമലഹാസനും ജയറാമും തിലകനും മത്സരിച്ചഭിനയിച്ച ചിത്രം. ഇതിലെ നായിക ഹിന്ദി നടിയായ ഊർമ്മിള മതോണ്ട്കർ ആണ്. ഈ ചിത്രത്തിൽ ഡി ഐ ജി ഗോപാലകൃഷ്ണപിള്ള എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്.

കുറച്ച് തീം മ്യൂസിക്കുകൾ മാത്രമാണ് ഗാനത്തിനു പകരം ഈ ചിത്രത്തിലുള്ളത്. സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും മോഹൻ സിതാര.

#ഒരു_സായാഹ്നത്തിന്റെ_സ്വപ്നം ജോൺ പോൾ കഥയും തിരക്കഥയും സംഭാഷണവുമെഴുതി ഭരതൻ സംവിധാനം ചെയ്ത ചിത്രം. മധുസാറിനൊപ്പം സുഹാസിനി, തിക്കുറിശ്ശി, മുകേഷ്, ജഗതി, നെടുമുടി തുടങ്ങിയ താരനിരയുള്ള ചിത്രം.

ഓ എൻ വി എഴുതി ഔസേപ്പച്ചൻ സംഗീതം നൽകിയ നാലു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. #ന്യൂസ് ഈ ചിത്രത്തിന്റെ കഥയും സംവിധാനവും ഷാജി കൈലാസ്. തിരക്കഥയും സംഭാഷണവും നടൻ ജഗദീഷ്.

ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ മധുസാറിനെ കൂടാതെ സുരേഷ്ഗോപി, ലിസി, രഞ്ജിനി തുടങ്ങിയ താരങ്ങൾ അഭിനയിച്ചു.

കൈതപ്രം എഴുതി രാജാമണി സംഗീതം നൽകിയ ഒരു ഗാനമാണ് ഈ ചിത്രത്തിലുള്ളത്. “താരമേ വെള്ളിപ്പൂ നുള്ളി..” (എം ജി ശ്രീകുമാർ, സ്വർണ്ണലത) രാഗം : ഷൺമുഖപ്രിയ

1990 ലെ സിനിമകൾ

#വീണ_മീട്ടിയ_വിലങ്ങുകൾ കൊച്ചിൻ ഹനീഫ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ചിത്രം.

മധു, സുകുമാരന്‍ , ജയഭാരതി, ഉർവ്വശി, റഹ് മാന്‍, ജോസ് , ജോസ് പ്രകാശ് , മാള അരവിന്ദൻ, പ്രതാപചന്ദ്രൻ, ഗണേഷ് കുമാർ, മോനിഷ , കെ ആർ സാവിത്രി, കെ പി എ സി സണ്ണി, വത്സല മേനോന്‍, എം എസ് തൃപ്പൂണിത്തുറ, ജഗന്നാഥവർമ്മ, കൊച്ചിന്‍ ഹനീഫ എന്നിവരാണ് ഈ ചിത്രത്തിലഭിനയിച്ചത്. ആരാച്ചാർ വേലപ്പൻ എന്ന കഥാപാത്രത്തെയാണ് മധുസാർ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.

പൂവച്ചൽ ഖാദർ, അൻ‌വർ സുബൈർ, സനിൽ എന്നിവരെഴുതി ശ്യാം സംഗീതം നൽകിയ മൂന്നു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

#സാമ്രാജ്യം ജോമോൻ കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതിയത് ഷിബു ചക്രവർത്തിയാണ്.

മധുസാർ ഐ ജി ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ മമ്മൂട്ടി, ശ്രീവിദ്യ, സത്താർ, വിജയരാഘവൻ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

ഗാനങ്ങളൊന്നുമില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഇളയരാജയാണ്.

#നമ്മുടെ_നാട് നിർമ്മാതാവായ പി വി ആർ കുട്ടിമേനോൻ കഥയെഴുതി പാപ്പനംകോട് ലക്ഷ്മണൻ തിരക്കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് കെ സുകുമാരനാണ്.

മധു, വിൻസെന്റ്, ജയഭാരതി, ഉർവശി, വിജയരാഘവൻ, കുതിരവട്ടം പപ്പു തുടങ്ങിയവരാണ് അഭിനേതാക്കാൾ.

ഓ എൻ വി എഴുതി വിദ്യാധരൻ സംഗീതം നൽകിയ നാലുഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

#ലാൽ_സലാം കുട്ടനാട്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാലം അവതരിപ്പിച്ച ഈ സിനിമയുടെ കഥ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായ വർഗ്ഗീസ് വൈദ്യന്റെ മകൻ ചെറിയാൻ കല്പകവാടിയുടേതാണ്. 12 ചിത്രങ്ങൾക്ക് കഥയെഴുതിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രം വേണുനാഗവള്ളി സംവിധാനം ചെയ്ത ‘സർവകലാശാല’യാണ്. ലാൽ സലാം രണ്ടാമത്തെ ചിത്രവും.

ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം – വേണു നാഗവള്ളി. കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടകാലത്തും പിന്നീട് അധികാരത്തിൽ വന്നപ്പോഴുമുള്ള മൂന്നു സഖാക്കളുടെ ജീവിതമാണ് ഈ ചിത്രം പറയുന്നത്.

മോഹൻലാൽ, മുരളി, ഗീത, ഉർവശി, രേഖ, നെടുമുടി ഇങ്ങനെ നീണ്ട ഒരു താരനിരയുണ്ട് ഈ ചിത്രത്തിൽ. കുട്ടനാട്ടിലെ ഒരു ഭൂപ്രഭുവായ മേടയിൽ ഇട്ടിച്ചൻ എന്ന കഥാപാത്രത്തെയാണ് മധുസാർ ഇതിൽ അവതരിപ്പിച്ചത്.

ഓ എൻ വി കുറുപ്പ് എഴുതി രവീന്ദ്രൻ സംഗീതം നൽകിയ നാലു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

1963 ൽ നിന്നും നമ്മളാരംഭിച്ച ഈ യാത്ര 1990 ൽ എത്തിനിൽക്കുമ്പോൾ മധുസാറിന്റെ ഏതാണ്ട് 280 ചിത്രങ്ങളിലൂടെയും മലയാളസിനിമയുടെ സുപ്രധാനമായ പല നാൾവഴികളിലൂടെയും സഞ്ചരിച്ചുകഴിഞ്ഞു..

ഇനിയും ഈ യാത്രതുടരേണ്ടതുണ്ട്.

1991 മുതലുള്ള ചിത്രങ്ങളുമായി തിരികെവരാം. അതിനായി കാത്തിരിക്കുക. നമുക്കൊരുമിച്ച് ഈ യാത്ര തുടരാം..

വര, എഴുത്ത് : പ്രദീപ് #മാധവം #Madhavam