top of page

മാധവം . 56മാധവം. 56

വർഷം :1991 1963 ൽ തന്റെ ചലച്ചിത്രയാത്ര ആരംഭിച്ച് 28 വർഷങ്ങളിലൂടെ 280 ചിത്രങ്ങൾ പിന്നിട്ടശേഷം ആദ്യമായി മധുസാറിന്റെ മലയാളചലച്ചിത്രമില്ലാത്ത വർഷമായിരുന്നു 1991. പക്ഷേ അദ്ദേഹം തമിഴിൽ രജനീകാന്തിനൊപ്പം ഒരു സൂപ്പർഹിറ്റ് ചലച്ചിത്രത്തിൽ അഭിനയിച്ച വർഷമാണിത്.

#ധർമ്മ_ദുരൈ (തമിഴ്)

തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി സംവിധായകനായ രാജശേഖറാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. 1989 ൽ കന്നഡയിലിറങ്ങിയ ‘ദേവ’ എന്ന സിനിമയുടെ റീമേയ്ക്ക് ആണ് ഈ ചിത്രം. ഹിന്ദിയിൽ രജനീകാന്ത് നായകനായി ‘ത്യാഗി’ എന്ന പേരിൽ റീമേയ്ക്ക് ചെയ്തിട്ടുണ്ട്. ‘കൈദി അണ്ണയ്യ’എന്നപേരിൽ ഈ ചിത്രം തെലുങ്കിലേയ്ക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ബോക്സോഫീസിൽ 175 ദിവസം തുടർച്ചയായി ഓടി സൂപ്പർഹിറ്റ് ആയ സിനിമയാണിത്. ഈ ചിത്രത്തിന്റെ നൂറാംദിന ആഘോഷങ്ങൾ നടക്കുന്ന ദിവസമാണ് സംവിധായകൻ രാജശേഖർ ഒരു വാഹനാപകടത്തിൽ മരണമടഞ്ഞതു്.

കഥ എം ഡി സുന്ദർ.

തിരക്കഥ പഞ്ചു അരുണാചലം. ഗാനരചയിതാവും നിർമ്മാതാവും സംവിധായകനുമൊക്കെയായ പഞ്ചു അരുണാചലം തമിഴ് കവി, ഗാനരചയിതാവ്, കണ്ണദാസന്റെ അനന്തിരവനാണ്. 200 ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ച ഇദ്ദേഹമാണ് ഇളയരാജ എന്ന സംഗീതസംവിധായകനെ ആദ്യമായി സിനിമാരംഗത്ത് അവതരിപ്പിച്ചത്.

രജനീകാന്ത്, നിഴൽകൾ രവി, ചരൺരാജ്, ഗൗതമി തുടങ്ങിയവരാണ് മധുസാറിനൊപ്പം ഈ ചിത്രത്തിലുള്ളത്. രജനീകാന്ത് അവതരിപ്പിച്ച നായകകഥാപാത്രമായ ധർമ്മദുരൈയുടെ പിതാവ് പാണ്ടിദുരൈ തേവർ എന്ന ശക്തമായ കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്.

ഗംഗൈ അമരൻ എഴുതിയ ഒരു ഗാനവും പഞ്ചു അരുണാചലം രചിച്ച നാലുഗാനങ്ങളുമാണ് ഈ ചിത്രത്തിലുള്ളത്. സംഗീതസംവിധാനം ഇളയരാജ. ഗായകർ - യേശുദാസ്, എസ് പി ബാലസുബ്രഹ്മണ്യം, മനോ, എസ് ജാനകി, സ്വർണ്ണലത.

1992 ലെ ചിത്രങ്ങൾ 1992 ൽ മൂന്ന് മികച്ച ചിത്രങ്ങളിലാണ് മധുസാറിന്റെ സാന്നിദ്ധ്യമുള്ളത്.

#കുഞ്ഞിക്കുരുവി

വിനയൻ സംവിധാനം ചെയ്ത ചിത്രം. ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം ഇവയെല്ലാം വിനയൻ‌തന്നെയാണ്. മധു, നെടുമുടി, നഹാസ് ഷാ, ജഗതി ശ്രീകുമാർ, ഗീത എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

ബിച്ചു തിരുമല എഴുതി മോഹൻ സിത്താര സംഗീതം നൽകിയ രണ്ടു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. ഈ ഗാനങ്ങളുടെ ഓഡിയോ കാസറ്റ് ഇറങ്ങിയത് ‘അമ്മയുടെ സ്വന്തം കുഞ്ഞുമേരി’ എന്ന പേരിലാണെന്നത് ഒരു കൗതുകമാണ്.

#ചമ്പക്കുളം_തച്ചൻ

ശ്രീനിവാസൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി കമൽ സംവിധാനം ചെയ്ത ചിത്രമാണ് ചമ്പക്കുളം തച്ചൻ. 1992 ലെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണിത്.

മധുസാർ അവതരിപ്പിച്ച തച്ചൻ തമ്പായി എന്ന കഥാപാത്രം അവിസ്മരണീയമാണ്. മുരളി, നെടുമുടിവേണു എന്നിവരുടെ അഭിനയവും ഗംഭീരമായ ചിത്രം. മോനിഷ, കെ ആർ വിജയ, ജഗതി ശ്രീകുമാർ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്. കുട്ടനാട്ടിലെ വള്ളപ്പണിക്കാരായ തച്ചന്മാരുടെ കഥ പറഞ്ഞ ചിത്രം.

ഈ ചിത്രത്തെ ശ്രദ്ധേയമാക്കിയ മറ്റൊരു ഘടകം ഇതിലെ ഗാനങ്ങളാണ്. ബിച്ചു തിരുമല എഴുതി രവീന്ദ്രൻ സംഗീതം നൽകിയ നാലുഗാനങ്ങൾ മികച്ച ഹിറ്റ്ഗാനങ്ങളാണ്.

“ചമ്പക്കുളം തച്ചനുന്നുംപിടിപ്പിച്ച..” (യേശൂദാസ്, എം ജി ശ്രീകുമാർ) “ചെല്ലം ചെല്ലം സിന്ദൂരം..” (യേശൂദാസ്, ചിത്ര) “മകളേ, പാതി മലരേ..) (യേശൂദാസ്, ലതിക ) രാഗം :ആഭേരി (ഈ ഗാനം കെ എസ് ചിത്രയും പാടിയിട്ടുണ്ട്) “ഒളിക്കുന്നുവോ, മിഴിപ്പൂക്കളിൽ…” (യേശുദാസ്) രാഗം : ആഭേരി

#കുടുംബസമേതം

ഇലഞ്ഞിമറ്റം രാജശേഖരന്റെ കഥയ്ക്ക് കലൂർ ഡെന്നിസ് തിരക്കഥയും സംഭാഷണവുമെഴുതി ജയരാജ് സംവിധാനം ചെയ്ത ചിത്രം.

മധു, മനോജ് കെ ജയൻ, ശ്രീവിദ്യ, സുകുമാരി, മോനിഷ എന്നിവർ അഭിനയിച്ച ചിത്രം. ഈ ചിത്രത്തിലെ രാഘവപ്പണിക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മധുസാറിന് 1992 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.

കൂടാതെ മികച്ച രണ്ടാമത്തെ ചിത്രത്തിന് നിർമ്മാതാവിനും സംവിധായകനും അവാർഡുകൾ ലഭിച്ചു. കലൂർ ഡെന്നിസിന് മികച്ച തിരക്കഥയ്ക്കുള്ള അവാർഡും ഈ ചിത്രത്തിലൂടെ ലഭിച്ചു.

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി ജോൺസൺ സംഗീതം നൽകിയ അഞ്ചുഗാനങ്ങളും, ‘പാഹിമാം ശ്രീ രാജരജേശ്വരി’ എന്ന കീർത്തനവും ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഗാനങ്ങൾ : “ഊഞ്ഞാലുറങ്ങി..” (യേശൂദാസ്) രാഗം : ഹംസധ്വനി, ചാരുകേശി (ഈ ഗാനം മിൻമിനിയും പാടിയിട്ടുണ്ട് “നീലരാവിലിന്നുനിന്റെ..” (യേശുദാസ്, മിൻമിനി) ശ്രീരാഗം “കമലാംബികേ രക്ഷമാം..” (യേശുദാസ്) രാഗം :കീരവാണി “പാർത്ഥസാരഥിം ഭാവയേ..” (യേശുദാസ്) ചക്രവാകം “ഗോകുലം തന്നിൽ വസിച്ചീടുന്ന..” (മാധുരിയും സംഘവും) “പാഹിമാം ശ്രീ രാജരാജേശ്വരി..” (യേശുദാസ്, ബോംബെ ജയശ്രീ) ജനരഞ്ജിനി.

1992 ലെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് കുടുംബസമേതം.

ഈ യാത്ര നമുക്ക് വീണ്ടും തുടരാം. 1993 ലെ ചിത്രങ്ങളുമായി വരുന്നതുവരെ കാത്തിരിക്കുക..

വര, എഴുത്ത് : പ്രദീപ് #മാധവം #Madhavam

bottom of page