top of page

മാധവം. 58മാധവം. 58

അൻപത്തിയെട്ടാം ഭാഗത്തിൽ മധുസാർ 1995 മുതൽ 1998 വരെ അഭിനയിച്ച പത്തു ചിത്രങ്ങളെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. 1995 ൽ അദ്ദേഹം മികച്ച ഒരു ചിത്രത്തിന്റെ നിർമ്മാതാവുകയും ചെയ്തു.

വർഷം 1995

#മിനി മധുസാർ നിർമ്മിച്ച ശ്രദ്ധേയമായ ഒരു ചിത്രമാണ് മിനി. ഇതിൽ അദ്ദേഹം അഭിനയിച്ചിട്ടില്ല. സഹസംവിധായകനും കഥാകൃത്തുമായ ഇസ്കന്തർ മിർസയാണ് ഇതിന്റെ കഥയും തിരക്കഥയും രചിച്ചത്. സംവിധാനം പി ചന്ദ്രകുമാർ.

ആരതി ഘനശ്യാം, കുക്കുപരമേശ്വരൻ, ചന്ദ്രഹാസൻ എന്നിവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ.

മികച്ച ഫാമിലി വെൽഫെയർ ചിത്രത്തിനുള്ള 1995 ലെ ദേശീയപുരസ്കാരം ഈ ചിത്രം നേടി. ആരതി ഘനശ്യാമിന് മികച്ച ബാലനടിക്കുള്ള സംസ്ഥാന, ഫിലിംക്രിട്ടിക്സ്, അവാർഡുകൾ ഈ ചിത്രം നേടിക്കൊടുത്തു.

#സിംഹവാലൻ_മേനോൻ

ഹൃഷികേശ് മുഖർജിയുടെ പ്രശസ്തമായ ‘ഗോൽമാൽ’ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേയ്ക്ക് ആണ് ഈ ചിത്രം. ശൈലേഷ് ദുബൈ യുടേതാണ് ഈ ചിത്രത്തിന്റെ കഥ. യോദ്ധ ഉൾപ്പടെ കുറേയധികം ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ ശശിധരൻ ആറാട്ടുവഴിയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചത്. വിജിതമ്പിയാണ് സംവിധായകൻ.

ഈ ചിത്രത്തിലെ ഹാസ്യരസപ്രധാനമായ ഗോകുലത്തിൽ ഗംഗാധര ഗൗരീദാസമേനോൻ എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്.

ജഗദീഷ്, ഉർവശി, ജഗതി, സിദ്ദിക്ക്, ജഗന്നാഥൻ, ജഗന്നാഥവർമ്മ, സുകുമാരി തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഗിരീഷ് പുത്തഞ്ചേരി എഴുതി എസ് പി വെങ്കിടേഷ് സംഗീതം നൽകിയ മൂന്നു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.

#സമുദായം ശ്രീമൂലനഗരം വിജയന്റെ കഥ. ‘വീണപൂവ്’ എന്ന ചിത്രത്തിന്റെ കഥയെഴുതിയ രവി കൃഷ്ണനാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചത്. അമ്പിളിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.

മധുസാറിനെക്കൂടാതെ വിന്ദൂജമേനോൻ, മാതു, അശോകൻ, കലാഭവൻ മണി, ബൈജു തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിലുണ്ട്.

ഈ ചിത്രത്തിന് ഒ എൻ വി കുറുപ്പ് രണ്ടുഗാനങ്ങളും പി ഭാസ്കരൻ ഒരു ഗാനവും രചിച്ചു. ദേവരാജനാണ് സംഗീതസംവിധാനം.

#പ്രായിക്കര_പാപ്പാൻ ഷാജി പാണ്ടവത്ത് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രമാണ് പ്രായിക്കര പാപ്പാൻ. 5 ചിത്രങ്ങൾക്ക് കഥയെഴുതിയിട്ടുണ്ട് ഷാജി പാണ്ടവത്ത്. ജയരാജിന്റെ ലൗഡ് സ്പീക്കർ എന്ന സിനിമയുടെ സഹസംവിധായകനുമായിരുന്നു. തന്റെ ആദ്യസംവിധാന സംരംഭമായ ‘കാക്കത്തുരുത്ത്’ പുറത്തിറങ്ങൂന്നതിനുമുമ്പ് 2021 ൽ അദ്ദേഹം മരണമടഞ്ഞു.

ടി എസ് സുരേഷ്ബാബുവാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. 1979 ൽ ശ്രീകുമാരൻ തമ്പിയുടെ പുതിയ വെളിച്ചം എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് റജി എന്ന ടി എസ് സുരേഷ്ബാബുവിന്റെ സിനിമാപ്രവേശം. തുടർന്ന് പി ജി വിശ്വംഭരന്റെ സഹായിയായും പ്രവർത്തിച്ചു. ആദ്യ ചിത്രം 1984 ൽ ഇറങ്ങിയ ‘ഇതാ ഇന്നു മുതൽ’ ആണ്. ‘കോട്ടയം കുഞ്ഞച്ചൻ’, ‘ഉപ്പുകണ്ടം ബ്രദേഴ്സ്’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഇദ്ദേഹമാണ്.

മുരളി പ്രായിക്കര പാപ്പാനായി എത്തുന്ന ഈ ചിത്രത്തിൽ മധുസാർ മൂപ്പൻ എന്ന കഥാപാത്രമാവുന്നു. ഗീത, ജഗദീഷ്, ചിപ്പി എന്നിവരും ഈ ചിത്രത്തിലുണ്ട്.

ബിച്ചു തിരുമല എഴുതി എസ് പി വെങ്കിടേഷ് സംഗീതം നൽകിയ മൂന്നു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. ജഗദീഷ്, ചിത്ര എന്നിവർ ചേർന്നുപാടിയ ‘കൊക്കും പൂഞ്ചിറകും’ എന്നു തുടങ്ങുന്ന ഗാനം ഈ ചിത്രത്തിലേതാണ്.

#മാന്ത്രികന്റെ_പ്രാവുകൾ കഥാകൃത്തും സിനിമാനിരൂപകനും സംവിധായകനുമായ വിജയകൃഷ്ണൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ മാന്ത്രികന്റെ പ്രാവുകൾ’. മികച്ച സിനിമാഗ്രന്ഥത്തിന് നാലുതവണ സംസ്ഥാനപുരസ്കാരവും ഒരുതവണ ദേശീയപുരസ്കാരവും വിജയകൃഷ്ണൻ നേടിയിട്ടുണ്ട്.

വാസുദേവൻ മാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മധുസാറിനൊപ്പം ശിവജിയും കനകലതയും മാസ്റ്റർ പ്രശാന്തും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ കലാസംവിധാനം പ്രശസ്ത ചിത്രകാരനും സംവിധായകനുമായ നേമം പുഷ്പരാജ് ആണ്.

1996 ൽ മധുസാറിന്റേതായ ചിത്രങ്ങളൊന്നും രേഖപ്പെടുത്തിക്കാണുന്നില്ല. 1996 ലെ ചില ചിത്രങ്ങൾ പുറത്തിറങ്ങിയത് 1997 ൽ ആയതുകൊണ്ടാവണം.

വർഷം.1997

#വർണ്ണപ്പകിട്ട് നിർമ്മാതാവായ ജോക്കുട്ടന്റെ കഥയ്ക്ക് ബാബു ജനാർദ്ദനൻ തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രമാണ് വർണ്ണപ്പകിട്ട്. 20 ചിത്രങ്ങൾക്ക് കഥയും 24 ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതിയിട്ടുണ്ട് ബാബു ജനാർദ്ദനൻ. ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണിത്. സാധാരണ ഐ വി ശശി ചിത്രങ്ങളിലെ എല്ലാ ചേരുവകളും ചേർന്ന ചിത്രം.

പാലമറ്റത്ത് ഇട്ടിച്ചൻ എന്ന ശക്തമായ കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിക്കുന്നത്. മോഹൻലാൽ, മീന, ജഗദീഷ്, ദിലീപ്, ദിവ്യാ ഉണ്ണി, ജനാർദ്ദനൻ, സോമൻ തുടങ്ങി ഒരുപാട് താരനിരയുള്ള ചിത്രം.

ഗിരീഷ് പുത്തഞ്ചേരി, ജോസ് കല്ലുകുളം, ഗംഗൈ അമരൻ എന്നിവരെഴുതിയ അഞ്ചു ഗാനങ്ങൾക്ക് വിദ്യാസാഗർ സംഗീതം നൽകിയിരിക്കുന്നു.

#ദി_ഗുഡ്_ബോയ്സ് കെ പി സുനിൽ കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത ചിത്രം. മധു, ജഗതി, കലാഭവൻ മണി ,ഹരിശ്രീ അശോകൻ,സുധീഷ്,ജനാർദ്ദനൻ,മാണി സി കാപ്പൻ,ദീപാഞ്ജലി ,ജെ പള്ളാശ്ശേരി എന്നിവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ.

പ്രശസ്ത ബോളിവുഡ് സംഗീതസംവിധായകൻ ബാപ്പി ലാഹിരി യാണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയത്.

ഗാനരചന – ഗിരീഷ് പുത്തഞ്ചേരി.

#മോക്ഷം പ്രേംനസീറിന്റെ അഞ്ഞൂറാമത്തെ ചിത്രമായ ‘കരിപുരണ്ട ജീവിതങ്ങൾ’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായിമാറിയ ബേപ്പൂർമണിയാണ് ഈ ചിത്രത്തിന്റെ കഥയെഴുതി സംവിധാനം ചെയ്തത്.

ഈ ചിത്രത്തിൽ മാഷ് എന്ന കഥാപാത്രത്തെയാണ് മധുസാർ അവതരിപ്പിച്ചത്. കൂടാതെ മാമ്മുക്കോയ, തൊടുപുഴ വാസന്തി, വി കെ ശ്രീരാമൻ, മാസ്റ്റർ നിഥിൻ മുതലായവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

കെ ജയകുമാർ എഴുതി ബൈജു അഞ്ചൽ സംഗീതം നൽകി ലക്ഷ്മി രംഗൻ പാടിയ ഒരു ഗാനമാണ് ഈ ചിത്രത്തിലുള്ളത്.

1997 ലെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ഈ ചിത്രം നേടി.

വർഷം 1998

#ഹർത്താൽ വി കെ വിഷ്ണുദാസിന്റെ കഥ. തിരക്കഥയും സംഭാഷണവും പി എസ് കുമാർ. സംവിധാനം – നടനും, ഗാനരചയിതാവും തിരക്കഥാകൃത്തുമായ കല്ലയം കൃഷ്ണദാസ്.

‘തങ്ങളുപ്പാപ്പ’ എന്ന ആത്മീയനേതാവിനെയാണ് ഈ ചിത്രത്തിൽ മധുസാർ അവതരിപ്പിച്ചത്. വിജയരാഘവൻ, വാണി വിശ്വനാഥ്, ശ്രീരാമൻ, ദേവൻ മുതലായവരും ഈ ചിത്രത്തിലുണ്ട്.

#സമാന്തരങ്ങൾ ഏറെ ശ്രദ്ധേയമായ ബാലചന്ദ്രമേനോൻ ചിത്രം. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, സംഗീതം, നിർമ്മാണമുൾപ്പടെ ബാലചന്ദ്രമേനോൻ നിർവഹിച്ചു. മികച്ച നടനുള്ള സംസ്ഥാന, ദേശീയ, ഫിലിംഫെയർ പുരസ്കാരങ്ങൾ ബാലചന്ദ്രമേനോന് ലഭിച്ച ചിത്രം.

1997 ലെ മികച്ച കുടുംബക്ഷേമ ചിത്രമായി ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്രമന്ത്രിയുടെ റോളിലാണ് ഈ ചിത്രത്തിൽ മധുസാർ എത്തുന്നത്.

രാജേഷ് രാജൻ എന്ന പുതുമുഖ അഭിനേതാവിനെ ഈ ചിത്രത്തിൽ അവതരിപ്പിച്ചു. പ്രീത പിന്നണി ഗായികയായ ആദ്യ ചിത്രവും സമാന്തരങ്ങളാണ്.

എസ് രമേശൻ നായരാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ എഴുതിയത്.

#ആഘോഷം ബാബു പള്ളാശ്ശേരി കഥയും തിരക്കഥയുമെഴുതി, ജെ പള്ളാശ്ശേരി സംഭാഷണം എഴുതി, ടി എസ് സജി സംവിധാനം ചെയ്ത ചിത്രം.

ഐസക്ക് പൊന്നൂക്കാരൻ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ മധുസാർ അവതരിപ്പിച്ചത്. മനോജ് കെ ജയൻ, നരേന്ദ്രപ്രസാദ്, സുവർണ്ണ മാത്യൂസ്, സായ് കുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഗിരീഷ് പുത്തഞ്ചേരി എഴുതി സാംജി ആറാട്ടുപുഴ സംഗീതം നൽകിയ മൂന്നു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

ഇതുവരെ മധുസാറിന്റെ മുന്നൂറിലധികം ചിത്രങ്ങളിലൂടെ നാം യാത്രചെയ്തുകഴിഞ്ഞു. 1999 മുതലുള്ള ചിത്രങ്ങളുമായി വീണ്ടും വരാം. കാത്തിരിക്കുക. ഈ യാത്ര നമുക്ക് തുടരേണ്ടതുണ്ട്, കൂടെയുണ്ടാവുക!

വര, എഴുത്ത് : പ്രദീപ് #മാധവം #Madhavam

bottom of page