top of page

മാധവം. 8


മാധവം. 8

'കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനെ അടങ്ങുകില്ലാ'

അയാൾ പാടി, അത്രമേൽ ദുഃഖാർദ്രനായി. ആ പാട്ടുകേട്ട് കടലമ്മപോലും കരഞ്ഞിട്ടുണ്ടാകും. അത്രമേൽ നൊമ്പരമായിരുന്നു ആ വിരഹഗാനത്തിന്. മൊത്തം മലയാളിയെയും കരയിച്ച, ഇന്നും കേട്ടാൽ കരഞ്ഞുപോകുന്ന ആ ഗാനത്തെ കുറിച്ചും അതിന്റെ പിന്നിലെ കഥകളെകുറിച്ചുമാണ് ഇന്നിലെ എഴുത്ത്.

#മാധവം

മധുസാറിന്റെ സിനിമാ ജീവിതം അടയാളപ്പെടുത്തുന്ന #മാധവം എന്ന ഈ തുടർകുറുപ്പിൽ 1966 സിനിമാ കാലഘട്ടത്തിലേക്ക് കടന്നുപോകുമ്പോൾ ആ വർഷത്തെ ആറു സിനിമകളിൽ കൂടുതൽ എഴുത്തിനായി തിരഞ്ഞെടുക്കുന്നത് എനിക്കിന്നും, ഒരുപക്ഷേ മലയാളിക്കെന്നും പ്രിയപ്പെട്ട സിനിമയായ #ചെമ്മീൻ തന്നെയാണ്.

എനിക്കു ലഭിച്ച ഒരു ഭാഗ്യമായി കൂടി ഈ #ചെമ്മീൻ എഴുത്തിനെ ഞാൻ കാണുന്നു. ഇത്രമേൽ പ്രിയപ്പെട്ട സിനിമ അരനൂറ്റാണ്ടു പിന്നിടുമ്പോൾ അതീയിടത്തിൽ കൂടി ഗഹനമായി പറഞ്ഞുപോകുകയെന്നത് ഏറെ സന്തോഷജനകമാണ്.

ഇനി നമുക്ക് സിനിമാ വിശേഷത്തിലേക്ക് വരാം.

അതിനുമുൻപ് ഒരു കാര്യം കൂടി. എന്നെ ഇത്രമേൽ വിസ്മയിപ്പിച്ചത് പ്രദീപ് മാഷിന്റെ ഈ വരയാണ്. ഓരോ സിനിമ എഴുത്തിനും മുന്നേ ഞാനാ സിനിമ ഒന്നുകൂടി കാണുകയും പലതും മനസ്സിൽ കുറിക്കുകയും ചെയ്യാറുണ്ട്. തുടർന്നാണ് എഴുത്ത്.

പതിവുപോലെ എഴുത്തിനായി ഈ സിനിമ കണ്ടതിനുശേഷം മാഷിന്റെ ഈ ചിത്രം കണ്ടപ്പോൾ സിനിമാ സ്ക്രീനിൽ നിന്നും എനിക്കു മുന്നിലേക്ക് പരീകുട്ടി ഇറങ്ങി വന്നതായാണ് തോന്നിയത്. ആ ഭാവതീവ്രത ഇത്ര ഭംഗിയോടെ വരച്ചിടുമ്പോൾ എനിക്കെങ്ങനെ ഒഴുക്കൻ മട്ടിൽ എഴുതിപോകാനാകും?

അതുകൊണ്ടുതന്നെ ഈ എഴുത്ത് അൽപ്പം നീണ്ടുപോയേക്കാം.


1957 ലെ കേന്ദ്രസാഹിത്യപുരസ്‌കാരം നേടിയ നോവലാണ് #തകഴി യുടെ #ചെമ്മീൻ.

നിലവിലെ സമ്പ്രദായിക എഴുത്തു രീതികളിൽ നിന്നും വിഭിന്നമായ ശൈലിയിൽ രൂപം കൊണ്ട കഥയിൽ മനുഷ്യജീവിതത്തിലെ ഒട്ടുമിക്ക ഭാവങ്ങളും ഉൾകൊണ്ടിരുന്നു.

ചെമ്മീന്റെ ആദ്യപ്രതി വായനയിൽ തന്നെ ഇതിനൊരു അഭ്രമുഖം ഉണ്ടെന്നു മനസ്സിലാക്കിയ സംവിധായകനായിരുന്നു തൃശൂർ ജില്ലയിലെ ചേറ്റുവക്കാരൻ കൂടിയായ ശ്രീ #രാമുകാര്യാട്ട്. മധുസാറിന്റെ ആദ്യചിത്രങ്ങളിൽ ഒന്നായ #മൂടുപടം എന്ന ചിത്രത്തിന്റെ സംവിധായകൻ.

ഇനി സിനിമ വന്ന വഴിയിലൂടൊന്നു കടന്നുപോയി നോക്കാം.


#ചെമ്മീൻ സിനിമയാക്കണമെന്ന മോഹം തന്റെ സുഹൃത്തുകൂടിയായ വൈദ്യനാഥയ്യരോടാണ് രാമുകര്യാട്ട് പങ്കുവയ്ക്കുന്നത്. രാമുകാര്യാട്ടിന്റെ കഴിവിൽ പരിപൂർണ്ണ വിശ്വാസം ഉള്ളതിനാൽ തന്നെ ഇരുവരും നേരെ അലപ്പുഴയ്ക്കു വച്ചുപിടിക്കുന്നു, സാക്ഷാൽ തകഴിയെ കാണുന്നു, ഉദ്യമം അറിയിക്കുന്നു. മൂലകൃതിയിൽ യാതൊരു മാറ്റവും വരുത്തരുതെന്ന നിബന്ധനയാൽ തകഴി സമ്മതിക്കുന്നു, വൈദ്യനാഥയ്യരുടെ മകൾ കൺമണിയുടെ പേരിൽതന്നെ ബാനർ രജിസ്റ്റർ ചെയ്യുന്നു. ഒപ്പം കൺമണി ഫിലിംസിന് തകഴി കരാറാൽ സിനിമ ചെയ്യാൻ പൂർണ്ണാനുമതി കൊടുക്കുകയും ചെയ്യുന്നു.

ശേഷം വൈദ്യനാഥയ്യരോട് രാമുകാര്യാട്ട് ചെമ്മീന്റെ കഥ പറയുന്നു. പക്ഷേ പൂർണ്ണ കേൾവിക്കുശേഷം എന്തോ അദ്ദേഹം സിനിമാ നിർമ്മാണത്തിൽ നിന്നും പിന്മാറുന്നു.


രാമുകാര്യാട്ട് നിരാശനായില്ല. മറ്റൊരു നിർമ്മാതാവിനെ തിരഞ്ഞുകൊണ്ടേയിരുന്നു. അന്വേഷിപ്പിൻ കണ്ടെത്തും എന്നല്ലേ.. കാത്തിരിപ്പു വെറുതെയായില്ല. ഒരു പൊടിമീശക്കാരൻ നിർമ്മാതാവായെത്തി. കേവലം പത്തൊൻപത് വയസ്സു പ്രായം മാത്രമുള്ള മട്ടാഞ്ചേരിക്കാരനായ #ബാബുഇസ്മയിൽ സേട്ടെന്ന, #ബാബുസേട്ട് എന്ന, ഈ ഒരൊറ്റ സിനിമയിലൂടെ ഈ സിനിമയുടെ ബാനറിന്റെ പേരുകൂടി തന്റെ പേരിനൊപ്പം ചേർക്കപ്പെട്ട, പിന്നീട് ആ പേരിൽ തന്നെ ഇന്നും അറിയപ്പെടുന്ന സാക്ഷാൽ ശ്രീ #കണ്മണിബാബു

ഒരുവേള നിങ്ങളിൽ ചിലരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചു കാണില്ലേ, എങ്ങിനെയാണ് ഈ ബാബുസേട്ടിന് കണ്മണി ബാബുവെന്നു പേരു വന്നതെന്നും പ്രത്യക്ഷത്തിൽ മറ്റൊരു ബന്ധവും തോന്നാത്ത കണ്മണി ഫിലിംസ് എങ്ങിനെ പിറന്നെന്നും..


ആദ്യം സിനിമയുടെ സിർമ്മാണ തുടക്കത്തിനായി ഒരു ചെറിയ സാമ്പത്തിക സഹായക്കാരൻ എന്ന നിലയിലാണ് തുടങ്ങിയതെങ്കിലും പിന്നീട് പരിപൂർണ്ണമായും ആ സിനിമയുടെ നിർമ്മാതാവായി മാറുകയായിരുന്നു ബാബുസേട്ട്.

കൊച്ചിയിലെ സമ്പന്ന കുടുംബത്തിൽ പിറന്ന ബാബുസേട്ടിന്റേതായി ഏഴുരാത്രികൾ എന്ന മറ്റൊരു ചിത്രം കൂടിവരികയുണ്ടായി. അതിന്റെയും സംവിധാന ചുമതല രാമുകാര്യാട്ടിനു തന്നെയായിരുന്നു.

ഒത്തിരി സിനിമാ തീയറ്ററുകൾ, അതും മികച്ചവ, കൊണ്ട്‌ അനുഗ്രഹീതമായ ഇടമാണ് എറണാകുളം. അതിൽ തന്നെ പഴയകാലത്തെ ഏറ്റവും മനോഹരമായ തീയറ്റർ ആയിരുന്നു കവിത തീയറ്റർ. ആ തീയറ്ററിലിരുന്നു സിനിമ അസ്വദിക്കുന്നതിനൊരു പ്രത്യേക സുഖമുണ്ടായിരുന്നു. അത്രയും മനോഹരമായ തീയറ്ററിന്റെ ഉടമ മറ്റാരുമല്ല, ഈ ബാബുസേട്ടു തന്നെ.


വീണ്ടും ചെമ്മീനിലേക്ക്. അങ്ങിനെ രാമുകാര്യാട്ടും ബാബുസേട്ടും ഈ സിനിമയുമായി മുന്നോട്ടു പോകുവാൻ തീരുമാനിക്കുന്നു.

ഇനി സിനിമയുടെ സാങ്കേതിക വിഷയങ്ങളിലേക്കും അഭിനേതാക്കളിലേക്കുമുള്ള യാത്രയിലാണ് നമ്മൾ, അവരിരുവർക്കുമൊപ്പം.

നമുക്കും ചിന്തിക്കാം, ആരാകണം ഇത്രയും സുന്ദരനും തരളിത ഹൃദയനുമായ കൊച്ചുമുതലാളി? കൊച്ചുമുതലാളിയുടെ മനം കവർന്ന കറുത്തമ്മ? കാരിരിമ്പിന്റെ കരുത്തുള്ള പളനി? ക്രൗര്യം നിറഞ്ഞ കണ്ണുകളും അതിനേക്കാൾ ക്രൂരമായ മനസ്സോടുകൂടിയ ചെമ്പൻകുഞ്ഞ്?


പോരാ, ഇത്രയുകാലം കൂടുതലും സ്റ്റുഡിയോ സെറ്റുകൾക്കുള്ളിൽ പണിതെടുത്ത സിനിമയെ പുറംപകിട്ടിലേക്ക് മാറ്റപ്പെടേണ്ടിയിരിക്കുന്നു. കടലിന്റെ പശ്ചാത്തലത്തിൽ.. കടലിന്റേയും ആകാശത്തിന്റേയും ഭംഗി ചോരാതെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേർക്കപ്പെടണമെങ്കിൽ നിറപ്പകിട്ടോടെതന്നെ പൂർണ്ണമായും ഒപ്പിയെടുക്കേണ്ടിയിരിക്കുന്നു. കറുപ്പിലും വെളുപ്പിലും മാത്രം സിനിമകണ്ടു ശീലിച്ച മലയാളിക്ക് വിസ്മയമായി ചെമ്മീനിലൂടെ ഒരു വർണ്ണ ചിത്രം തന്നെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു.


പോരാ, ഇത്രയും മനോഹരമായ നോവലിന് അഭ്രാവിഷ്കാരം നൽകുമ്പോൾ അതിന്റെ ജീവൻ എന്നു പറയുന്നത് തിരക്കഥയാണ്. അത്രമേൽ ചാരുതയോടെ സംഭാഷണം തയ്യാറാക്കേണ്ടിയിരിക്കുന്നു. നോവലിന്റെ നോവാംശം ഒന്നുപോലും വിട്ടുപോകാതെ നിർമ്മിക്കപ്പെടുന്ന തിരക്കഥ-സംഭാഷണത്തോട് കിടപിടിക്കുന്ന മനോഹര ഗാനങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനെ ചിട്ടപ്പെടുത്താൻ ഈ മികവുകൾക്കൊപ്പം നിൽക്കുന്ന വിരലുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു. അവ അത്രയും സുന്ദരമായി പാടുവാൻ തക്കവണ്ണമുള്ള ശബ്ദം കണ്ടെത്തേണ്ടിയിരിക്കുന്നു..

എന്നുവേണ്ട ഇന്ത്യൻ സിനിമയിൽ ഒരുപക്ഷേ ലോകസിനിമയിൽ തന്നെ ശ്രദ്ധപറ്റാവുന്ന ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ് രാമുകാര്യാട്ടും ബാബുസേട്ടും..

ഒപ്പം നമ്മളും...

അക്കാലത്തേക്ക്, ആ സിനിമയുടെ തുടക്കത്തിലേക്കു ഞാനും പ്രദീപ് മാഷും മധു സാറും തിരിച്ചു നടക്കുകയാണ്.. ഞങ്ങൾക്കൊപ്പം ആ തിരിഞ്ഞു നോട്ടത്തിലേക്ക് സഹൃദയരായ നിങ്ങളെ ഓരോരുത്തരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു

ഈ സിനിമ ചരിത്രത്തിൽ തന്നെ അടയാളപ്പെടുത്തുന്ന ഒരേടായതുകൊണ്ടുതന്നെ ഈ എഴുത്തു നീണ്ടുപോകും. വായനക്കാരുടെ സൗകര്യത്തിനായി ഇതിനെ രണ്ടു ഭാഗങ്ങളായി തിരിക്കുകയാണ്.

തുടർഭാഗത്തിനായി കാത്തിരിക്കുമല്ലോ..

വര : പ്രദീപ് Pradeep Purushothaman എഴുത്ത് : അനിൽ Anil Zain

#മാധവം #Madhavam

bottom of page